by Midhun HP News | May 12, 2025 | Latest News, കേരളം
കൊച്ചി: നാവികസേന ആസ്ഥാനത്ത് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ തേടിയ ആള്‍ പൊലീസ് കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാന്‍ എന്നയാളാണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ തന്നെയാണോ വിളിച്ചത് എന്നതടക്കം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ്, പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ഫോണ്‍കോള്‍ ലഭിച്ചത്.
രാഘവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള കോളില്‍, ഐഎന്‍എസ് വിക്രാന്ത് ഇപ്പോള്‍ കൊച്ചിയിലുണ്ടോ, ഇല്ലെങ്കില്‍ ഇപ്പോള്‍ കറന്റ് ലൊക്കേഷന്‍ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ ഉടന്‍ വിവരം പൊലീസിന് കൈമാറി. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയിലേക്കെത്തിയത്.
by Midhun HP News | May 12, 2025 | Latest News, കേരളം
കൊച്ചി: കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം (എന്‍ആര്‍ഐ) പുതിയ ഉയരങ്ങളിലേക്ക്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2025 ജനുവരി-മാര്‍ച്ച് പാദത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി പിന്നിടും. 2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, 2,86,063 കോടി രൂപയാണ് കേരളത്തിലെ പ്രവാസി നിക്ഷേപം. ഇതിന് ശേഷമുള്ള 2025 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ കൂടി പുറത്തുവന്നാല്‍ ഇത് മൂന്ന് ലക്ഷം കോടി പിന്നിട്ടേക്കുമെന്നാണ് വിലയിരുത്തല്‍.
പ്രവാസി നിക്ഷേപങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24,000 കോടിയുടെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊട്ടുമുന്‍പുള്ള വര്‍ഷത്തേക്കാള്‍ 9.4 ശതമാനമാണ് വര്‍ധന. പ്രവാസികള്‍ കുടുംബങ്ങള്‍ക്ക് അയയ്ക്കുന്ന വ്യക്തിഗത പണത്തിന് അപ്പുറത്ത് പരിപാലിക്കപ്പെടുന്ന വിദേശ കറന്‍സി അക്കൗണ്ടുകളാണ് നിക്ഷേപങ്ങളായി കണക്കാക്കുന്നത്. പലിശ നിരക്ക്, വിദേശ വിനിമ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ വഴി പണം കൈമാറ്റം വര്‍ധിച്ചതാണ് നിക്ഷേപ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇത്തരം നിക്ഷേപങ്ങളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. 2014 ലാണ് പ്രവാസി നിക്ഷേപങ്ങള്‍ ഒരു ലക്ഷം കോടി എന്ന നാഴികകല്ല് പിന്നിടുന്നത്. 2020 ഓടെ ഇത് ഇരട്ടിയായി. എന്നാല്‍ കഴിഞ്ഞ ആഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപങ്ങള്‍ അടുത്ത ഒരു ലക്ഷം കോടിയും പിന്നിടുകയായിരുന്നു. ആഗോള വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും പ്രവാസി നിക്ഷേപങ്ങളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 75.71 രൂപയായിരുന്നു. നിലവില്‍ ഇത് 85.45 രൂപയാണ്. 14 ശതമാനമാണ് അഞ്ച് വര്‍ഷത്തിന് ഇടയില്‍ വന്ന വ്യത്യാസം.
കോവിഡ് കാലത്ത് ഇടിഞ്ഞ വിദേശത്ത് നിന്നുള്ള പണമയക്കല്‍ വീണ്ടും ശക്തമായതും മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷം ഏകദേശം 19 ശതമാനം മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയാണ് ഈ ഇനത്തില്‍ ഉണ്ടായിട്ടുള്ളത്. 2020-21 ല്‍ കേരളത്തിന്റെ വിഹിതം 10.2 ശതമാനമായി ആയി കുറഞ്ഞു. 2023-24 ല്‍ ആണ് പിന്നീട് മുന്നേറ്റം ഉണ്ടായത്. ഇക്കാലയളവില്‍ ഇന്ത്യയിലേക്കുള്ള മൊത്തം പണമയയ്ക്കലിന്റെ 19.7 ശതമാനവും കേരളത്തിലായിരുന്നു. 2020-21 കാലത്ത് വന്ന ഇടിവിന്റെ വലിയൊരു പങ്കും ഇവിടെ നികത്തപ്പെട്ടു.
2025 മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം, 2023-24 ല്‍ 11870 കോടി ഡോളറാണ് (118.7 ബില്ല്യണ്‍) ഇന്ത്യയിലേക്ക് എത്തിയത്. 2010-11 ല്‍ ഈ കണക്ക് 5560 കോടിയായിരുന്നു. ഒന്നര പതിറ്റാണ്ടിനിടെ ഇരട്ടിയിലധികം വര്‍ധനയാണ് ഈ കണക്കില്‍ രേഖപ്പെടുത്തുന്നത്്. പുതിയ കണക്കുകളിലെ 2339 കോടിയും എത്തിയത് കേരളത്തിലേക്കാണ്.
പ്രവാസി നിക്ഷേപങ്ങളില്‍ അമേരിക്കയാണ് മുന്‍പന്തിയില്‍. 27.7 ശതമാനമാണ് ഈ വിഹിതം. 19.2 ശതമാനമാണ് യുഎഇയില്‍ നിന്നുള്ള വിഹിതം. 2016 -17 ല്‍ 26.9 ശതമാനം വിഹിതവുമായി യുഎഇ ആയിരുന്നു മുന്നില്‍. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആകെ വിദേശ നിക്ഷേപ വിഹിതം 37.9 ശതമാനമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ വരവ് കുറയുകയും യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ ഉയരുന്നതുമായ പ്രവണത വരും വര്‍ഷങ്ങളിലും തുടുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിലെ കെ വി ജോസഫ് പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് അവസരം കുറവായതാണ് ഈ ഇടിവിന് കാരണമെന്നും കെവി ജോസഫ് ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളും വിദഗ്ധ തൊഴിലാളികളും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോഴും മലയാളികള്‍ക്ക് ഗള്‍ഫ് നിര്‍ണായകമായി തുടരുമെന്ന് അവര്‍ പൂനെയിലെ ഫ്‌ലെയിം യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദിവ്യ ബാലന്‍ പറയുന്നു.
by Midhun HP News | May 12, 2025 | Latest News, കേരളം
കൊല്ലം: പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ ഇന്നലെ രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെയായിരുന്നു അക്രമം.
ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. അക്രമത്തിനിടയില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
by Midhun HP News | May 12, 2025 | Latest News, കേരളം
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസിൻ്റെ വീട്ടിൽ മഹാരാഷ്ട്ര എടിഎസിൻ്റെ റെയ്ഡ്. ഐ ബി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഇവിടെനിന്നും പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും പിടിച്ചെടുത്തു. റിജാസിനെ കഴിഞ്ഞദിവസം നാഗ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് ഇയാൾ. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് ഇയാൾക്കെതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു. ഈ കേസിൻ്റെ വിശദാംശങ്ങളും മഹരാഷ്ട്ര എടിഎസ് ശേഖരിച്ചു.
by Midhun HP News | May 12, 2025 | Latest News, കേരളം
തിരുവനന്തപുരം : തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി തിങ്കളാഴ്ച. കുടുംബത്തിലെ നാലുപേരെ പ്രതി കേഡൽ ജിൻസൺ കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ വീട്ടിൽ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരാണ് കൊല്ലപ്പെട്ടത്.
by Midhun HP News | May 12, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ പത്താം ക്ലാസ് പരീക്ഷയില്‍ മികവ് തെളിയിച്ചവരില്‍ നേപ്പാള്‍ സ്വദേശിയും. മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി സിദ്ധത്ത് ഛേത്രി എന്ന വിദ്യാര്‍ഥി സംസ്ഥാനത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുന്നു. എറണാകുളം ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സിദ്ധത്ത് ഛേത്രിയുടെ ഉന്നത വിജയത്തില്‍ അധ്യാപകരും അതീവ സന്തോഷത്തിലാണ്.
‘വളരെ മിടുക്കനായ വിദ്യാര്‍ത്ഥിയാണ് സിദ്ധത്ത്. ഇതര സംസ്ഥാനത്ത് നിന്നെത്തി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച ‘റോഷ്ണി’ പദ്ധതിയുടെ ഭാഗമായാണ് സിദ്ധത്ത് മലയാളം മെച്ചപ്പെടുത്തിയത്. കുട്ടിയുടെ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഇപ്പോള്‍ നേടിയ മികച്ച വിജയം,’ ഹെഡ്മാസ്റ്റര്‍ റെനി വി കെ പറയുന്നു.
ഒന്നാം ക്ലാസ് മുതല്‍ ഏഴ് വരെ കോടംകുളങ്ങരയിലെ സ്‌കൂളില്‍ പഠിച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായാണ് സിദ്ധത്ത് ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധത്തിന്റെ സഹോദരനും എസ്എസ്എല്‍സിയില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയിരുന്നുവെന്നും അധ്യാപകന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. 14 വര്‍ഷത്തിലേറെയായി കേരളത്തില്‍ താമസിക്കുന്നവരാണ് സിദ്ധത്തും കുടുംബവും. തൃപ്പൂണിത്തുറയിലെ വര്‍മ്മ ആശുപത്രിയില്‍ അറ്റന്‍ഡന്റാണ് സിദ്ധത്തിന്റെ അച്ഛന്‍. അമ്മ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിലെ സ്‌കൂളുകളില്‍ നേപ്പാളില്‍ നിന്നുള്ള 350 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 95 എറണാകുളം ജില്ലയിലെ സ്‌കൂളുകളിലാണുള്ളത്. മാലദ്വീപില്‍ നിന്നുള്ള രണ്ട് പേരും ശ്രീലങ്കസ ഫിലിപ്പൈന്‍സ് സ്വദേശികളായ ഒരോ കുട്ടികളും സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്.
ഇതര സംസ്ഥാനക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജ്യോതി പദ്ധതി നിലവില്‍ വരുന്നതോടെ മറ്റ് ജില്ലകളിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഡാറ്റയും കൃത്യമായി ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളത്ത് 40 സ്‌കൂളുകള്‍ റോഷ്നി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്, ഇത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ മുന്നേറ്റത്തിന് വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇതര സംസ്ഥാനക്കാരുടെ കുട്ടികള്‍ പലപ്പോഴും പഠനം പൂര്‍ത്തിയാക്കാറില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കിടയിലെ കുടിയേറ്റ രീതിയിലുള്ള മാറ്റമാണ് കൊഴിഞ്ഞുപോക്കിന്റെ പ്രശ്‌നത്തിന് കാരണമെന്ന് റോഷ്നി പദ്ധതിയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഡിന് ശേഷം കുടിയേറ്റ തൊഴിലാളികളുടെ രീതികള്‍ മാറി. നേരത്തെ ഒരു വര്‍ഷത്തിലേറെയായി ഒരു സ്ഥലത്ത് താമസിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ സീസണ് അനുസരിച്ച് സ്ഥലങ്ങള്‍ മാറുന്ന രീതിയാണുള്ളത്. ജോലി ലഭ്യതയാണ് ഇത്തരം മാറ്റത്തിന് കാരണം. മാതാപിതാക്കള്‍ താമസം മാറുമ്പോള്‍, കുട്ടികളെയും സ്‌കൂളില്‍ നിന്ന് മാറുന്ന സ്ഥിതിയുണ്ടാകുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Recent Comments