സെപ്തംബറോടെ കേരളത്തിലെ ട്രെയിനുകളുടെ വേഗത കൂടും; ലൂപ് ലൈനുകളെ പ്രധാന പാതയുടെ നിലവാരത്തിലാക്കും

സെപ്തംബറോടെ കേരളത്തിലെ ട്രെയിനുകളുടെ വേഗത കൂടും; ലൂപ് ലൈനുകളെ പ്രധാന പാതയുടെ നിലവാരത്തിലാക്കും

കേരളത്തിലോടുന്ന ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി റെയില്‍വേ. ലൂപ്പ് ലൈനുകളെ പ്രധാന ട്രാക്കുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് റെയില്‍വെയുടെ തീരുമാനം. ഈ സാങ്കേതിക നവീകരണം സെപ്തംബറോടെ പൂര്‍ത്തിയാകും. 31 സ്‌റ്റേഷനുകളില്‍ ഇതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. നിലവിലെ ശരാശരി വേഗത മണിക്കൂറില്‍ 80 കിലോ മീറ്ററാണ്.

എന്താണ് ലൂപ് ലൈന്‍?

പ്രധാന പാളത്തില്‍നിന്ന് സ്‌റ്റേഷനിലേക്ക് തിരിഞ്ഞ് കയറുന്ന പാതയാണ് ലൂപ്പ് ലൈന്‍. ലൂപ്പ് ലൈന്‍ പ്രധാനമായും സ്റ്റേഷന്‍ അധികാര പരിധിയിലാണ് ലഭ്യമാകുന്നത്. ഒറ്റവരി പാതയില്‍ എതിര്‍ ദിശയില്‍ ഓടുന്ന രണ്ട് ട്രെയിനുകളെ മുറിച്ച് കടക്കാനും ഇത് ഉപയോഗിക്കുന്നു.പ്രധാന ലൈനില്‍ നിന്ന് ലൂപ്പ് ലൈനുകളിലേക്ക് ട്രെയിനുകള്‍ കടത്തിവിടുന്ന കറന്റ് സ്വിച്ചുകള്‍ കട്ടിയുള്ള വെബ് സ്വിച്ചുകള്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കും. ഇതിലൂടെ ലൂപ്പ് ലൈനുകളില്‍ മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് ഓടാനും പ്രധാന ലൈനുകളിലേക്ക് തിരികെ പോകാനും കഴിയും. ട്രാക്ക്, റോളിങ് സ്‌റ്റോക്ക്, സിഗ്നലിംഗ്‌സ ട്രാഫിക് സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് റെയിലുകള്‍ 60 കിലോഗ്രാം വിഭാഗത്തിലേക്ക് ഉയര്‍ത്തല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം പൂര്‍ത്തിയായി.

തിരുവനന്തപുരവും കൊല്ലവും ഉള്‍പ്പടെ വലിയ സ്റ്റേഷനുകളില്‍ പ്രധാന പ്ലാറ്റ്‌ഫോമുകള്‍ പ്രധാന പാതകളുടെതന്നെ ഭാഗമാണ്. കായംകുളം, മാവേലിക്കര, ഓച്ചിറ, വര്‍ക്കല, കഴക്കൂട്ടം തുടങ്ങി നിരവധി സ്‌റ്റേഷനുകളില്‍ ലൂപ് ലൈനിലൂടെയാണ് പ്രധാന പ്ലാറ്റ്‌ഫോമില്‍ എത്തുക. പല സ്‌റ്റേഷനുകളിലും പാത ഇരട്ടിപ്പിക്കലോടെ പ്രധാന പ്ലാറ്റ്‌ഫോം ലൂപ് ലൈനിലേക്ക് മാറ്റിക്കഴിഞ്ഞു.

വടകരയില്‍ വന്‍ വാഹനാപകടം; നാല് മരണം

വടകരയില്‍ വന്‍ വാഹനാപകടം; നാല് മരണം

കോഴിക്കോട്: വടകരയില്‍ ദേശീയ പാതയില്‍ വാഹനാപകടം. നാല് മരണം. വടകര മൂരാട് പാലത്തിന് സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂര്‍ ഭാഗത്തേക്ക് പോയ കാറും ഇതേ ദിശയിലേക്ക് പോയിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ആണ് ടെംപോ ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ മുന്ന് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിന്‍ ലാല്‍, രഞ്ജി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായ മറ്റൊരു പുരുഷനാണ് ഗുരുതരമായി പരിക്കേറ്റ വ്യക്തി.

ദേശീയ പാതയുടെ പണി പൂര്‍ത്തിയായ ഭാഗത്താണ് അപകടം. പമ്പില്‍ നിന്നും ഇന്ധനം നിറച്ച് ദേശീയ പാതയിലേക്ക് തിരിഞ്ഞ കാറില്‍ വേഗത്തിലെത്തിയ ടെംപോ ട്രാവലര്‍ ഇടിച്ചു കയറുകയറുകയായിരുന്നു. ട്രാവലറില്‍ സഞ്ചരിച്ച എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ എല്ലാവരും വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിപ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

അമ്മ – പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

അമ്മ – പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഒരു ജൻമം മതിയാകില്ല.

എന്നാൽ തിരക്കേറിയ ജീവിതയാത്രയിൽ അമ്മക്കായി മാറ്റിവക്കാനും സ്നേഹസമ്മാനങ്ങൾ നൽകാനും ഒരു ദിവസം. മാതൃദിനത്തിന്റെ ലക്ഷ്യം അതാണ്. അമേരിക്കയാണ് ലോകത്ത് ആദ്യമായി മാതൃദിനം ആചരിച്ചത്. പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും മാതൃദിനം ആഘോഷിക്കാൻ തുടങ്ങി.

പെറ്റമ്മയോട് മാത്രമല്ല, സ്നേഹവാത്സല്യങ്ങളോടെ കരുതലോടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നവരേയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവർക്ക് കൂട്ടാകുന്നവരേയും മാതൃദിനത്തിൽ ഓർക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ അമ്മമാരുടെയും മുത്തശ്ശിമാരുടെയും സ്‌നേഹവും പരിചരണവും ത്യാഗവും തിരിച്ചറിഞ്ഞ് അവരെ ബഹുമാനിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസമാണിത്.
എല്ലാ തെറ്റുകളും പൊറുത്ത്, ക്ഷമയോടെ താങ്ങും തണലുമായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന കാലത്ത് ഈ മാതൃദിനം ഒരു ഓർപ്പെടുത്തൽ കൂടിയാണ്. വാർധക്യത്തിന്റെ നിസ്സഹായതയിൽ മാതാപിതാക്കളം നമുക്ക് കരുതലോടെ പരിപാലിക്കാം. സ്നേഹത്തോടെ ചേർത്തുനിർത്താം.

കാലവര്‍ഷം മറ്റന്നാള്‍ ആന്‍ഡമാനിലെത്തും, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

കാലവര്‍ഷം മറ്റന്നാള്‍ ആന്‍ഡമാനിലെത്തും, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവര്‍ഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്.

ചൊവ്വാഴ്ചയോടെ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കഴിഞ്ഞ വര്‍ഷം മെയ് 31 നായിരുന്നു കാലവര്‍ഷം തുടങ്ങിയത്. കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തൃശൂര്‍ ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

‘ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ വേണം’, നാവിക സേനയ്ക്ക് കോൾ, കേസെടുത്ത് പൊലീസ്

‘ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ വേണം’, നാവിക സേനയ്ക്ക് കോൾ, കേസെടുത്ത് പൊലീസ്

കൊച്ചി: പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം. കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തെ ലാൻഡ് ഫോണിലേക്ക് വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ഇപ്പോഴത്തെ ലൊക്കേഷൻ എവിടെയാണെന്ന് അന്വേഷിച്ചു.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഫോൺ കോൾ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും രാഘവനെന്നാണ് പേരെന്നും വിളിച്ചയാൾ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നാവിക സേന ഹാർബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇതിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അവയവദാനത്തെക്കുറിച്ചറിയാം, രജിസ്റ്റര്‍ ചെയ്യാം…

അവയവദാനത്തെക്കുറിച്ചറിയാം, രജിസ്റ്റര്‍ ചെയ്യാം…

കോഴിക്കോട്: മരണാനന്തരം അവയവം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കി കേരള സ്റ്റേറ്റ് ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ). ആധാര്‍ നമ്പറുമായി എത്തിയാല്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

നേരിട്ടെത്താന്‍ പ്രയാസമുള്ളവര്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് https://notto.abdm.gov.in/register എന്ന ലിങ്കില്‍ കയറിയും രജിസ്റ്റര്‍ ചെയ്യാനാകും. മരണാനന്തര അവയവദാനത്തിന് സമഗ്ര പ്രോട്ടോക്കോള്‍ തയാറാക്കിയ ആദ്യ സംസ്ഥാനമായ കേരളം മുന്നോട്ടുവെക്കുന്ന മികച്ച മാതൃകയാണ് കെ-സോട്ടോ.

പൊതുജനങ്ങള്‍ക്ക് അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്റര്‍ഫേസും അവയവങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രോഗികള്‍ക്ക് അവര്‍ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഹോസ്പിറ്റല്‍ ലോഗിനുമുണ്ട്.അവയവദാനം പ്രോത്സാഹിപ്പിക്കാനും ഈ രംഗത്തെ കച്ചവടങ്ങള്‍ അവസാനിപ്പിക്കുന്നതിനും അവയവദാന മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താനും പോര്‍ട്ടല്‍ സഹായകരമാകും. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സമര്‍പ്പിക്കുന്നതിനും അതിനുള്ള രേഖയായ ഡോണര്‍ കാര്‍ഡ് പ്രിന്റ് ചെയ്‌തെടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്.

അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങള്‍, ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകളും , പ്രധാന പ്രോട്ടോകോളുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയറുകള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കെ-സോട്ടോയുടെ ഭരണപരമായ വിവരങ്ങള്‍, റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ എന്നിവയും വൈബ് സൈറ്റില്‍ ലഭ്യമാണ്.