by Midhun HP News | May 7, 2025 | Latest News, കേരളം
തൃശൂര്‍: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആന വിരണ്ടതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. നഗരത്തിലെ പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ആന വിരണ്ടോടിയത്. ഇത് അല്‍പസമയത്തേക്ക് സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കി. റവന്യൂ മന്ത്രി കെ രാജന്‍ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. മന്ത്രി ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു
by Midhun HP News | May 7, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 72,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപ വര്‍ധിച്ചു. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 2500 രൂപയാണ് വര്‍ധിച്ചത്.രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂര്‍: പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം വാനില്‍ ഉയര്‍ന്നു. കുടമാറ്റത്തിനായി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചത്. ആദ്യം പാറമേക്കാവാണ് പുറത്തേക്ക് ഇറങ്ങിയത്. തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങിയതോടെയാണ് തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റത്തിന്റെ വര്‍ണവിസ്മയ കാഴ്ചകള്‍ നിറഞ്ഞത്. മേടമാസത്തിലെ ചൂടിലും പൂരനഗരിയില്‍ ആവേശം അലയടിക്കുകയാണ്. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറമേളം കലാശിച്ചതിന് പിന്നാലെയാണ് തെക്കോട്ടിറക്കം ആരംഭിച്ചത്. വടക്കുന്നാഥന്‍ മതില്‍ക്കെട്ടിനു പുറത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം ഇതേസമയത്ത് ആരാധകരെ ആവേശത്തിലാക്കി. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ആയിരുന്നു പ്രമാണം.
തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. കോങ്ങാട് മധു ആയിരുന്നു പ്രമാണി. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേന്തി. പൂരാവേശത്തെ പരകോടിയിലെത്തിച്ചാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. വടക്കുന്നാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രം വലംവച്ച് പാറമേക്കാവ് ഭഗവതി ഇലഞ്ഞി ചോട്ടില്‍ എത്തിയതോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.
by Midhun HP News | May 6, 2025 | Latest News, കേരളം
കൊച്ചി: റാപ്പര്‍ വേടനെ പുലിപ്പല്ലുമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ച റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആര്‍ അതീഷിനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു. അധീഷ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചെങ്കിലും വേടനെപ്പറ്റി മാധ്യമങ്ങളുടെ മുന്നില്‍ അതീഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അതിരുവിട്ടെന്നായിരുന്നു മന്ത്രിക്കു വനം മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. വനംവകുപ്പിലെ പ്രമുഖ സര്‍വീസ് സംഘടനകളിലൊന്നായ കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് അതീഷ്.
സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതിലെ പരിഭ്രമവും പരിചയക്കുറവുമാണ് അതീഷിന്റെ പ്രതികരണം കൈവിട്ടുപോകാന്‍ കാരണമെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്നും വ്യക്തമായ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഒഴിവാക്കണമെന്നും റേഞ്ചേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതീഷിനെതിരെ നടപടിയെടുക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ഭാവിയില്‍ ഉന്നതര്‍ പ്രതികളാകുന്ന കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനോടു വൈമുഖ്യം കാട്ടാന്‍ വഴിയൊരുക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂര്‍: രാജാവ് എപ്പോഴും രാജാവ് തന്നെ. രാമനുപകരം മറ്റൊന്നില്ല. തെക്കേ ഗോപുര നട തുറക്കുന്നതില്‍ നിന്നും മാറ്റിയെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരം കടന്നെത്തിയതോടെ പൂരാവേശം ഉച്ചസ്ഥായിയിലായി. ആര്‍പ്പുവിളിച്ചും ആരവം മുഴക്കിയുമാണ് കാത്തുനിന്ന ആയിരക്കണക്കിന് ആരാധകര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വരവേറ്റത്.
ആരാധകര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് രാമനെ വരവേറ്റത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി പൂര വിളംബരം നടത്തിയിരുന്നത് രാമനായിരുന്നു. ഏഴുവര്‍ഷമായി ഇപ്പോള്‍ അത് നിര്‍വഹിക്കുന്നത് എറണാകുളം ശിവകുമാറാണ്. ഇക്കുറി രാമന്‍ പൂരത്തിന് എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതിയുടെ തിടമ്പേറ്റാനായിരുന്നു നിയോഗം. രാവിലെ എട്ടരയോടെ ചെമ്പൂക്കാവ് ക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടുകൂട്ടാലകള്‍ക്കൊപ്പം ആണ് രാമന്‍ വടക്കുംനാഥനെ വണങ്ങാന്‍ എത്തിയത്. കിഴക്കേ ഗോപുരം വഴി അകത്തു പ്രവേശിച്ചു തെക്കേഗോപുരം വഴി പുറത്തുകടക്കുന്നതായിരുന്നു ചടങ്ങ്. രാമന്‍ എത്തുന്നത് അറിഞ്ഞ് ആയിരങ്ങളാണ് ഗോപുരത്തില്‍ ഇന്നും തടിച്ചു കൂടിയത്.
by Midhun HP News | May 6, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും. പരീക്ഷ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. മെയ് 14 ന് ബോര്‍ഡ് മീറ്റിങ്ങ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 444707 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. 413581 വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്ണിന് യോഗ്യരായ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കും. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. 2025 മെയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.
അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും, അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍ ഇപ്രകാരമാണ്.
ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 2
രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 10
മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും.
Recent Comments