by Midhun HP News | May 6, 2025 | Latest News, കേരളം
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍-കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെ, കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാ്? മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകരവരെ), മലപ്പുറം (കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടിവരെ) തീരങ്ങളില്‍ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണ സാധ്യതയുണ്ട്.
തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) തീരങ്ങളില്‍ 0.6 മുതല്‍ 0.9 മീറ്റര്‍ വരെയും ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടിവരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍വരെ), എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ) തീരങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.3 മുതല്‍ 0.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.
by Midhun HP News | May 6, 2025 | Latest News, കേരളം
കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍ ബി രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷനില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ്, രാജഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. രാജഗോപാലിനെ കൂടാതെ, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആര്‍ സുധാകരന്‍ നായര്‍, സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ സുകുമാരന്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.
കുറച്ചുകാലമായി തുടര്‍ന്നു വരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവുമാണ് കോണ്‍ഗ്രസിനോടുള്ള അതൃപ്തിക്ക് കാരണം. ഇനിമുതല്‍ ദേശീയതയിലൂന്നി പ്രവര്‍ത്തനം നടത്തുന്ന ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും എന്‍ ബി രാജഗോപാല്‍ പറഞ്ഞു.
by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണത്തെ പൂരം ചിതറിക്കും. ആര്‍പ്പോ വിളിച്ച് എല്ലാവരും കയറിക്കോയെന്നും തൃശൂര്‍ പൂരത്തിനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ്. തൃശൂരിന്റെ സ്വന്തം എംപിയായ ശേഷമുള്ള ആദ്യ പൂരമാണിത്. മന്ത്രിസ്ഥാനമൊക്കെ ആടയാഭരണമാണ്. സ്ഥാനാര്‍ഥിയായിട്ട് മത്സര രംഗത്ത് നിന്നപ്പോഴും പൂരത്തിന് ആസ്വാദകനായാണ് എത്തിയത്. ഇപ്പോള്‍ ഉത്തരവാദിത്തം കൂടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സാംപിള്‍ വെടിക്കെട്ട് ഒന്നുമല്ല, വരാന്‍ പോകുന്നതേയുള്ളൂ. പൂരത്തെപ്പറ്റി പകുതിയില്‍ കൂടുതലും പറഞ്ഞുകേട്ട അറിവാണ്. മഠത്തില്‍വരവും വെടിക്കെട്ടും മാത്രമാണ് തനിക്ക് ആകെ പരിചയമുള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ അഭിമാന നിമിഷമായി മതസമന്വയം. തൃശൂര്‍ പൂരത്തിന്റെ ഘടക പൂരമായ കിഴക്കുംപാട്ടുകര പനമുക്കുംപ്പിള്ളി ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള പൂരത്തിന് ലൂര്‍ദ്ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സഹ വികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്‌മോന്‍ ചെമ്മണ്ണൂര്‍ തുടങ്ങിയവരും സ്വീകരണച്ചടങ്ങില്‍ പങ്കാളികളായി.
വര്‍ഷംതോറും പതിവുള്ള സ്വീകരണ പരിപാടി ഇക്കുറിയും മുടങ്ങിയില്ല. ദേശക്കാര്‍ക്ക് ദാഹജലവും ആനകള്‍ക്ക് പഴങ്ങളും നല്‍കി. ചടങ്ങുകള്‍ക്ക് ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, തോമസ് കോനിക്കര, ഭക്ത സംഘടനാ, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
by Midhun HP News | May 6, 2025 | Latest News, കേരളം
കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. രണ്ടുദിവസത്തിനിടെ 2160 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂർ പൂരത്തിന്റെ 228 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മേളം കൊട്ടിക്കയറാൻ സ്ത്രീകളും. പൂരത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണെന്ന വിമർശനം നേരത്തെയുണ്ട്. എന്നാൽ ഇത്തവണ ആ വിമർശനത്തിനു മാറ്റം വരികയാണ്. കണിമംഗലം ശാസ്താവ് എഴുന്നള്ളുമ്പോൾ ജിതിൻ കല്ലാട്ട് നയിക്കുന്ന പാണ്ടി മേളത്തിന്റെ മുൻനിരയിൽ ചെണ്ടയുമായി രണ്ട് വനിതകളുമുണ്ടാകും. കുടുംബത്തിന്റെ പിന്തുണയുമായി ചരിത്രമെഴുതാൻ ഒരുങ്ങുകയാണ് അശ്വതിയും അർച്ചനയും.
പുരുഷൻമാർ അടക്കി വാഴുന്ന മേള നിരയിലേക്ക് എത്തുന്ന അർച്ചന ജിതിന്റെ ഭാര്യയാണ്. കഴിഞ്ഞ ഒന്നര വർഷമായി ചെണ്ട അഭ്യസിക്കുന്നു. അശ്വതിയാകട്ടെ 7 വർഷമായി താള വാദ്യങ്ങളുടെ ലോകത്ത് സഞ്ചരിക്കുന്നു.
കുട്ടിക്കാലം മുതൽ തൃശൂർ പൂരം കാണുന്നുണ്ട്. മേളത്തിന്റെ താളവും പൂരത്തോടുള്ള സ്നേഹവും എപ്പോഴും രക്തത്തിലുണ്ട്. കുട്ടിക്കാലത്ത് ചെണ്ട പഠിക്കാൻ തങ്ങൾക്കു അവസരം ലഭിച്ചില്ല. മകൻ ചെണ്ട പഠിക്കാൻ ആരംഭിച്ചപ്പോൾ അവന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി താനും പഠനം ആരംഭിക്കുകയായിരുന്നുവെന്നു അശ്വതി പറഞ്ഞു.
അർച്ചനയും തന്റെ കുട്ടി പഠിക്കാൻ തുടങ്ങിയപ്പോഴാണ് ചെണ്ട പഠനം ആരംഭിച്ചത്. ഭർത്താവായ ജിതിൻ തന്നെയാണ് ഗുരുനാഥൻ. അശ്വതി പഠിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും മേളം പഠിക്കാൻ ശ്രമിക്കണമെന്ന് തോന്നിയതെന്നും അർച്ചന പറയുന്നു.
തൃശൂർ പൂരത്തിനു കൊട്ടാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അശ്വതിയും അർച്ചനയും. പൂരത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ ജിതിനാകട്ടെ ഇരുവരേയും ഒപ്പം കൂട്ടാനായത് അഭിമാനകരമായ നേട്ടമായും കാണുന്നു.
Recent Comments