കയറിയപ്പോലെ തിരിച്ചിറങ്ങി സ്വര്‍ണവില; പവന് 2200 രൂപയുടെ ഇടിവ്

കയറിയപ്പോലെ തിരിച്ചിറങ്ങി സ്വര്‍ണവില; പവന് 2200 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി. പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന്് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

2024 ഒക്ടോബര്‍ മുതല്‍ യുവതിയുടെ ശമ്പളം സുകാന്ത് തട്ടിയെടുത്തു; ഐബിയില്‍ നിന്നും പിരിച്ചു വിട്ടിട്ടില്ലെന്ന് അഭിഭാഷകന്‍

2024 ഒക്ടോബര്‍ മുതല്‍ യുവതിയുടെ ശമ്പളം സുകാന്ത് തട്ടിയെടുത്തു; ഐബിയില്‍ നിന്നും പിരിച്ചു വിട്ടിട്ടില്ലെന്ന് അഭിഭാഷകന്‍

കൊച്ചി: തിരുവനന്തപുരത്ത് വനിതാ ഐബി ഓഫീസര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ പങ്ക് സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മരിച്ച 24 കാരിയായ ഐബി ഉദ്യോഗസ്ഥയുടെ മുഴുവന്‍ ശമ്പളവും സുകാന്ത് തട്ടിയെടുത്തിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. വിവാഹ വാഗ്ദാനം നല്‍കി, 2024 ഒക്ടോബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, ശമ്പളം ബാങ്കില്‍ ക്രെഡിറ്റ് ആയാല്‍ തൊട്ടു പിറ്റേന്ന് തന്നെ മുഴുവന്‍ പണവും സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. സുകാന്തും മരിച്ച ഐബി ഉദ്യോഗസ്ഥയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് സുകാന്തില്‍ നിന്നും യുവതി കടുത്ത സമ്മര്‍ദ്ദവും മാനസിക പീഡനവുമാണ് അനുഭവിച്ചിരുന്നതെന്ന്, ഐബി ഉദ്യോഗസ്ഥരുടെ സുഹൃത്തുക്കള്‍, റൂം മേറ്റ്‌സ് തുടങ്ങി 30 ഓളം സാക്ഷികളുടെ മൊഴികളില്‍ നിന്ന് വ്യക്തമായതായി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം പേട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംകുമാറാണ് ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജ വിവാഹ വാഗ്ദാനം നല്‍കി സുകാന്ത്, ഐബി ഉദ്യോഗസ്ഥയായ യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍, യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുകാന്തിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2024 ഏപ്രില്‍-മെയ് മാസത്തില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന പരിശീലന ക്യാമ്പിനിടെയാണ് സുകാന്തും യുവതിയും തമ്മില്‍ സൗഹൃദത്തിലാകുന്നത്. പരിശീലനത്തിന് പിന്നാലെ, സുകാന്തിന് കൊച്ചിയില്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും, യുവതിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലും നിയമനം ലഭിച്ചു. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ സുകാന്ത് യുവതിയെ ശാരീരിക ബന്ധത്തിന് ഇരയാക്കുകയായിരുന്നു. ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. തുടര്‍ന്ന് 2024 ജൂലൈ നാലിന് യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ വെച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയായി. ഇതിനു പിന്നാലെ പ്രണയബന്ധം യുവതി വീട്ടുകാരെ അറിയിച്ചു.

വീട്ടുകാര്‍ സമ്മതം മൂളിയതോടെ, തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പലതവണ സുകാന്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ ബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറി. ഇതോടെ യുവതി വിഷാദത്തിന് അടിമപ്പെട്ടുവെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുകാന്തിന് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും, യുവതിയുടെ വലിയൊരു തുക അടിച്ചുമാറ്റിയെടുത്തെന്നും ഐബി ഉദ്യോഗസ്ഥയുടെ വീട്ടുകാര്‍ കോടതിയെ അറിയിച്ചു. വിവാഹത്തിന് തങ്ങള്‍ എതിര്‍ത്തിരുന്നുവെന്ന സുകാന്തിന്റെ വാദം പച്ചക്കള്ളമാണെന്നും വീട്ടുകാര്‍ കോടതിയില്‍ വ്യക്തമാക്കി.

തങ്ങളുടെ മകളുടെ സ്വപ്‌നങ്ങളെ സുകാന്ത് തകര്‍ത്തു. മകളുടെ മരണം വിധിയല്ല, മറിച്ച് സുകാന്ത് കരുതിക്കൂട്ടി നടപ്പാക്കിയ ക്രൂരതയാണെന്നും യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. അതേസമയം, കേസിലെ പ്രതിയായ സുകാന്തിനെ ഐബിയില്‍ നിന്നും പിരിച്ചു വിട്ടിട്ടില്ലെന്ന് അയാളുടെ അഭിബാഷകനായ സി പി ഉദയഭാനു അറിയിച്ചു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സുകാന്ത് സസ്‌പെന്‍ഷനിലാണ്. എന്നാല്‍ ഇതുവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അഡ്വ. ഉദയഭാനു വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍

കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകര ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. എന്‍ രാമചന്ദ്രനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ഇടപ്പള്ളി സ്വദേശിയായ എന്‍ നാരായണ മേനോന്റെ മകനാണ്‌. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പതിനാറുപേരുടെ പട്ടികയിലാണ് മലയാളിയുടെ പേര് ഉള്ളത്.

ഇന്നലെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. വിദേശത്തുനിന്ന് മകള്‍ എത്തിയതോടെ അവധി ആഘോഷിക്കാനായി രാമചന്ദ്രന്‍, ഭാര്യ ഷീല, മകള്‍ അമ്മു, ഇവരുടെ രണ്ടുമക്കള്‍ എന്നിവര്‍ കശ്മീരിലേക്ക് പോകുകയായിരുന്നു. കുടുംബം സുരക്ഷിതരാണെന്നാണ് വിവരം. പ്രവാസിയായ രാമചന്ദ്രന്‍ രണ്ടുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. കൊച്ചിയിലെ നാവിക സേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളും ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയാണ് വിനയ്.

ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കശ്മീരിലെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ശ്രീനഗറിലെത്തിയ അമിത് ഷാ സ്ഥിതി ഗതികള്‍ വിലയിരുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭഅതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.

ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ”കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ തിരിച്ചടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താന്‍ ഉടന്‍ ഞാന്‍ ശ്രീനഗറിലേക്ക് പോകും.’ അമിത് ഷാ അറിയിച്ചു.അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്കു അടുത്തു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതര്‍ മേഖലയിലേക്ക് ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്.

അതേസമയം, ആക്രമണം നടത്തിയത് ചില പാകിസ്ഥാന്‍ ഭീകരരാണെന്ന് ബിജെപി നേതാവ് രവീന്ദര്‍ റെയ്‌ന പറഞ്ഞു. പഹല്‍ഗാമം ഭീകരാക്രമണത്തില്‍ അപലപിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തി.

മൂന്നാറില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടവും കാട്ടുപോത്തും

മൂന്നാറില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടവും കാട്ടുപോത്തും

തൊടുപുഴ: മൂന്നാറില്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തി കാട്ടാനകൂട്ടവും കാട്ടുപോത്തും. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. എമാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാനകൂട്ടം റോഡിലിറങ്ങി.

മൂന്നാറില്‍ വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന സാഹചര്യം തുടരുകയാണ്. കാട്ടുപോത്തും കാട്ടാനകൂട്ടവുമെല്ലാം യഥേഷ്ടം ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് ആവര്‍ത്തിക്കപ്പെടുകയാണ്. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്.

എസ്റ്റേറ്റില്‍ അടിക്കടി കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടാകുന്നത് ആളുകളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് തുടര്‍ച്ചയായി കാട്ടുപോത്ത് എത്തുന്ന സാഹചര്യമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.മാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപമാണ് കാട്ടാനകൂട്ടം റോഡിലിറങ്ങിയത്. അഞ്ചോളം ആനകളായിരുന്നു കൂട്ടത്തില്‍ ഉണ്ടായിരുന്നത്. റോഡില്‍ കാട്ടാനകള്‍ നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സമുണ്ടായി. കഴിഞ്ഞ കുറെ നാളുകളായി ഈ ഭാഗത്ത് കാട്ടാന ശല്യം കുറഞ്ഞിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ ഈ പ്രദേശത്തേക്ക് കാട്ടാന കൂട്ടം വീണ്ടും എത്തിയിട്ടുള്ളത്.

ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (24/04/2025) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 464 ( Sthree Sakthi SS 464) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയിൽ വിറ്റ SO 964505 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ പാലക്കാട് വിറ്റ SN 939593 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

SN 964505

SP 964505

SR 964505

SS 964505

ST 964505

SU 964505

SV 964505

SW 964505

SX 964505

SY 964505

SZ 964505

3rd Prize Rs.5,000/-

0452 0587 0905 0961 1148 1457 1644 1943 2039 2857 2860 4172 4843 5463 6792 7383 8065 9544

4th Prize Rs.2,000/-

2135 2796 4688 7863 7926 8188 8201 8402 9836 9999

5th Prize Rs.1,000/-

0868 1696 1946 2031 2220 2513 3484 4689 4795 4935 5255 5534 5994 6092 6673 7391 8003 8117 8126 9686

6th Prize Rs.500/-

0196 0282 0392 0429 0762 0870 1243 1251 1473 1507 1666 1701 1768 1900 2139 2216 2632 2693 2873 2902 3004 3416 3445 3528 4324 4375 4855 4881 4929 5208 5916 6085 6131 6266 6928 7116 7169 7313 7599 7900 7930 7961 8012 8057 8104 8161 8673 8869 9072 9614 9638 9667

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.