സ്വര്‍ണവില 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 2200 രൂപ; ഗ്രാം വില 10,000 കടക്കുമോ?

സ്വര്‍ണവില 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 2200 രൂപ; ഗ്രാം വില 10,000 കടക്കുമോ?

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 74000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. 74,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 275 രൂപയാണ് വര്‍ധിച്ചത്. 9290 രൂപ ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഉടന്‍ തന്നെ ഗ്രാം വില 10000 കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഈ മാസം 12നാണ് സ്വര്‍ണവില 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപയാണ് വര്‍ധിച്ചത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇത്തവണയും തൃശൂര്‍ പൂരം വിളംബരത്തിന് എറണാകുളം ശിവകുമാര്‍

ഇത്തവണയും തൃശൂര്‍ പൂരം വിളംബരത്തിന് എറണാകുളം ശിവകുമാര്‍

തൃശ്ശൂര്‍: തൃശൂര്‍ പൂരം വിളംബരത്തിന് ഇത്തവണയും കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തന്നെ. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന കൊമ്പന്‍ തെക്കേ ഗോപുരനട തുറന്നിടുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. ബോര്‍ഡ് അംഗങ്ങളുടെയും ഘടകകക്ഷേത്ര പ്രതിനിധികളുടെയും യോഗത്തിന്റെതാണ് തീരുമാനം. മേയ് അഞ്ചിനാണ് പൂര വിളംബരം. ആറിനാണ് തൃശൂര്‍ പൂരം.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് ശിവകുമാര്‍ പൂരത്തിന് വിളമ്പരമേകുന്നത്. നേരത്തെ ഗജവീരന്‍മാരിലെ സൂപ്പര്‍ താരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നിര്‍വഹിച്ചുപോന്നിരുന്ന ദൗത്യമായിരുന്നു ഇത്. രാമചന്ദ്രന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയതോടെ ഈ നിയോഗം ശിവകുമാറിലേക്കെത്തിയത്. കൊച്ചിന്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാര്‍.

‘സിനിമാക്കാരുമായി ബന്ധമുണ്ട്; ലഹരി ഇടപാടില്ല’; പ്രതികള്‍ 24വരെ കസ്റ്റഡിയില്‍

‘സിനിമാക്കാരുമായി ബന്ധമുണ്ട്; ലഹരി ഇടപാടില്ല’; പ്രതികള്‍ 24വരെ കസ്റ്റഡിയില്‍

ആലപ്പുഴ: ചലിച്ചിത്ര മേഖലയില്‍ പരിചയക്കാരുണ്ടെന്നും എന്നാല്‍ ലഹരി ഇടപാടില്ലെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലിമ സുല്‍ത്താന. 2 കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു തസ്ലീമ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. അതേസമയം, കഞ്ചാവ് കേസില്‍ മൂന്ന് പ്രതികളെയും ആലപ്പുഴ അഡിഷനല്‍ ജില്ലാ ആന്റ് സെഷന്‍ കോടതി എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു.

24 വരെയാണ് കസ്റ്റഡി കാലാവധി. ഹൈക്കോടതിയില്‍ നിന്നുള്ള അഭിഭാഷകനു വക്കാലത്ത് നല്‍കാന്‍ തസ്ലിമ അപേക്ഷിച്ചെങ്കിലും വക്കാലത്ത് ഫയല്‍ ചെയ്യാതെ വാദിക്കാനാകില്ലെന്നു കോടതി അറിയിച്ചു. കേസിലെ മൂന്നാം പ്രതിയും തസ്‌ലിമയുടെ ഭര്‍ത്താവുമായ സുല്‍ത്താന്‍ അക്ബര്‍ അലിക്ക് കേസില്‍ ബന്ധമില്ലെന്നു പ്രതിഭാഗം വാദിച്ചു. അക്ബര്‍ അലി ലഹരിവസ്തു വില്‍ക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ഒന്നാംപ്രതിയുടെ ഭര്‍ത്താവ് ആണെന്നതിനാല്‍ മാത്രം തെളിവുകള്‍ ഇല്ലാതെ പ്രതിചേര്‍ത്തതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരുന്നതെങ്കിലും ഒന്നാം പ്രതിയെ കോടതിയില്‍ എത്തിക്കാന്‍ വൈകിയതു കാരണം കസ്റ്റഡി സമയം കുറയുന്നതു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 24നു വൈകിട്ട് 4 വരെ കസ്റ്റഡി അനുവദിച്ചത്. മൂന്നു പ്രതികളും ജാമ്യത്തിനു നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഇതു പരിഗണിക്കും.

ഹൈക്കോടതിയില്‍നിന്നുള്ള അഭിഭാഷകന്‍ ഒന്നാംപ്രതി തസ്‌ലിമയ്ക്കും രണ്ടാം പ്രതി ഫിറോസിനും വേണ്ടി വക്കാലത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ അഭിഭാഷകനു വക്കാലത്ത് നല്‍കുന്നില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. രണ്ടാം പ്രതിക്കായി ആലപ്പുഴയില്‍ നിന്നുള്ള അഭിഭാഷക ഹാജരായി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജം

തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയത്. മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

നിലവില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജറി, യൂറോളജി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ന്യൂറോസര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങള്‍ക്കുള്ള ഓപ്പറേഷന്‍ തീയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളുമാണ് പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. ഓരോ വിഭാഗത്തിനുമായി 20 ഐസിയു കിടക്കകള്‍ സജ്ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നേരത്തെ തന്നെ ഈ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 5 സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കൊപ്പം അനസ്‌തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റി.

ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് പുതിയ ഓപ്പറേഷന്‍ തീയറ്ററുകളില്‍ അവയവം മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങള്‍ കൂടിയൊരുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഷൈനിനെതിരെ തെളിവ് കിട്ടിയിട്ടില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

ഷൈനിനെതിരെ തെളിവ് കിട്ടിയിട്ടില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ എന്ത് ലഹരിയാണ്, എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണ്, കേസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷൈനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധന വേണമെന്ന സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പൊലീസിനെ കണ്ട് ഷൈന്‍ ഓടിപ്പോകാന്‍ ഉണ്ടായ സാഹചര്യം ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയത് എന്നാണ് ഷൈന്‍ പറയുന്നത്. ഗുണ്ടകള്‍ എന്ന് കരുതിയെങ്കില്‍ പൊലീസിനെ സമീപിക്കാമായിരുന്നു. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമ മേഖലയില്‍ ലഹരിയുടെ സാന്നിധ്യമുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴിയില്‍ ഇതുസംബന്ധിച്ച് പ്രത്യേകമായ പരാമര്‍ശങ്ങള്‍ ഒന്നും തന്നെയില്ല. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. അതുള്‍പ്പെടെ പരിഗണിച്ചുള്ള നടപടികള്‍ ഉണ്ടാകും. ഷൈനിന് എതിരെ കുടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ ഇപ്പോള്‍ നീക്കമില്ല. മയക്കുമരുന്ന് ഇടപാടുകാരന്‍ സജീര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ച് വരികയാണ്. ഷൈനിന്റെ കേസ് പ്രത്യേകമായി മുന്നോട്ട് പോകും. മറ്റ് കേസുകള്‍ അതിന്റെ വഴിക്ക് പുരോഗമിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കുന്നു.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയുടെ അടക്കം മൊഴി ആവശ്യപ്പെട്ട് ഇഡി, കോടതിയില്‍ അപേക്ഷ

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയുടെ അടക്കം മൊഴി ആവശ്യപ്പെട്ട് ഇഡി, കോടതിയില്‍ അപേക്ഷ

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൊഴിപ്പകര്‍പ്പ് തേടി ഇ ഡി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഇതോടെ കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികളിലേക്ക് ഇഡി കടക്കുകയാണ്.

സിഎംആര്‍എല്‍ കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതിയില്‍ അപേക്ഷ നല്‍കി ഇഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പരിശോധിച്ച ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പും വീണ വിജയന്‍ അടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് വീണ്ടും ഇഡി എറണാകുളം സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നു കണ്ടെത്തിയായിരുന്നു സെഷൻസ് കോടതി കുറ്റപത്രം സ്വീകരിച്ചത്. വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത അടക്കം എട്ടു പേരും അഞ്ച് സ്ഥാപനങ്ങളുമാണ് എസ്എഫ്ഐഒ കുറ്റപത്രം അനുസരിച്ച് പ്രതിപ്പട്ടികയിലുള്ളത്. എക്സാലോജിക് കമ്പനിക്ക് 2.70 കോടി രൂപ സിഎംആർഎലിൽനിന്ന് ലഭിച്ചെന്നാണ് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തൽ.