എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

കാസര്‍കോട്: ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി. തകരട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും അവാര്‍ഡുകള്‍ നല്‍കേണ്ട സ്ഥിതി വന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം കാസര്‍കോട് കാലിക്കടവില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍ഡിഎഫ് ഭരണം കാലോചിതമായി കേരളത്തെ മാറ്റിയെന്നും കേരളം ശപിച്ചുകൊണ്ടിരുന്ന ഭരണത്തിന് 2016നോടെ വിരാമമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ല. ജനത്തിനും സര്‍ക്കാരിനും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കൊണ്ട് കേരളം വലഞ്ഞപ്പോള്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, സഹായിക്കാന്‍ ശ്രമിച്ചവരെ തടയുന്ന നിലയാണുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റേത് നശീകരണ മനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത വികസനവും ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും സർക്കാർ നടപ്പാക്കി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇതിന്റെ അവസ്ഥയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് നാലരലക്ഷം വീടുകളാണ് നിര്‍മ്മിച്ചത്. ഏതു രംഗം എടുത്താലും മാറ്റത്തിന്റെ ചിത്രമേ കാണാനാകൂ. കേരളത്തിലെ മാധ്യമങ്ങള്‍ ഇടതു വിരോധം കാട്ടി കേന്ദ്രസര്‍ക്കാരിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ പിണറായി വിജയന്‍ ചടങ്ങില്‍ എടുത്തുപറഞ്ഞു. നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ രാജന്‍ പറഞ്ഞു. കേരളം എന്ന നാട് ഉണ്ടെന്ന് ഓര്‍ക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്ര ബജറ്റില്‍ ചൂരല്‍മല എന്നൊരു വാക്കുണ്ടായിരുന്നില്ല. വയനാട്ടിലെ അവസാന ദുരന്തബാധിതനെയും കേരളം പുനരധിവസിപ്പിക്കും. ഇത് കേരളസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട് ബേക്കലില്‍ മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയും കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഐപിആര്‍ഡി സെക്രട്ടറി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് സംസ്ഥാനത്തുടനീളം വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങള്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം നടക്കുക.

സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നോട്ട്, പവന് 560 രൂപ കൂടി

സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നോട്ട്, പവന് 560 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9015 രൂപയാണ്.

സ്വര്‍ണവില ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ കുറിക്കുകയാണ്. ഈ മാസം രണ്ടാം വാരം 70,000 തൊട്ട സ്വര്‍ണ വില. ദിവസങ്ങള്‍ക്കകം വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്. പണിക്കൂലിയും നികുതിയും ഒഴിച്ചുള്ള വിലയില്‍ തന്നെ വന്‍മുന്നേറ്റമാണുണ്ടായിരിക്കുന്നത്.

17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഡോ. കെ സദാശിവന്‍ നായര്‍ അന്തരിച്ചു

ഡോ. കെ സദാശിവന്‍ നായര്‍ അന്തരിച്ചു

തൃശൂര്‍: വിഖ്യാത ജന്തുശാസ്ത്രജ്ഞനും പീച്ചി വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. കെ സദാശിവന്‍ നായര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

കാനഡയിലെ പ്രശസ്തമായ ​ഗുൾഫ് യൂണിവേഴ്‌സിറ്റിയില്‍ എന്‍വയോണ്‍മെന്റല്‍ ബയോളജി വിഭാഗം അധ്യാപകനായിരുന്നു. ഡോ. കെ സദാശിവന്‍ നായര്‍ 1976 ലാണ് കെഎഫ്ആര്‍ഐയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്റമോളജി വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ഫോറസ്റ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായി ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നു വീണു; 52 പേര്‍ക്ക് പരിക്ക്

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നു വീണു; 52 പേര്‍ക്ക് പരിക്ക്

കൊച്ചി: കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് താല്‍ക്കാലികമായി നിര്‍മിച്ച ഗ്യാലറി തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 52 എണ്ണം ആയി. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.

അടിവാട് ഹീറോ യങ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിവസമായ ഞായറാഴ്ച രാത്രിയാണ് അപകടം.

ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും തടിയും ഉപയോഗിച്ച് നിര്‍മിച്ച ഗ്യാലറി, ഫൈനല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാത്രി പത്തുമണിയോടെ തകരുകയായിരുന്നു. മത്സരം കാണുന്നതിന് കൂടുതല്‍പേര്‍ ഗ്യാലറിയില്‍ കയറിയതാണ് തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമികവിവരം.

സാരമായി പരിക്കേറ്റ രണ്ടുപേരെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. പരിക്കേറ്റവരില്‍ 45 പേര്‍ കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും രണ്ട് പേര്‍ തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അഞ്ചു പേര്‍ കോതമംഗലം സെന്റ് ജോസഫ്‌സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ? നിര്‍ണായക യോഗങ്ങള്‍ കൊച്ചിയില്‍

ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ? നിര്‍ണായക യോഗങ്ങള്‍ കൊച്ചിയില്‍

കൊച്ചി: ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍. സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മറ്റി യോഗവും ഫിലിം ചേംബറിന്റെ യോഗവും ഇന്ന് ചേരും.സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട ദുരനുഭവത്തില്‍ ഇന്റേണല്‍ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് സിനിമ സംഘടനകള്‍.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. ഐസിയില്‍ ഉയര്‍ന്നുവന്ന തീരുമാനങ്ങള്‍ അടക്കം ചേംബറില്‍ ചര്‍ച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ളവരെ ചേംബര്‍ നടപടികള്‍ അറിയിക്കും. ഇതിനിടെ, വിന്‍സി ഉന്നയിച്ച പരാതിയില്‍ ഷൈന്‍ ടോം ചാക്കോ, അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഇതുവരെ വിശദീകരണം നല്‍കിയില്ല. വിഷയത്തില്‍ അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുന്‍പാകെ വിശദീകരണം നല്‍കാന്‍ ഷൈനിനു നല്‍കിയ സമയം അവസാനിച്ചു. ഷൈനിന്റെ അച്ഛന്‍ മാത്രമാണ് അമ്മ പ്രതിനിധികളുമായി സംസാരിച്ചത്. ഷൈന്‍ മറുപടി നല്‍കാത്ത കാര്യം മൂന്നംഗ സമിതി അഡ്‌ഹോക്ക് കമ്മറ്റി മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യും. കൊച്ചിയില്‍ നടക്കുന്ന ഐസി യോഗം കൂടി പരിഗണിച്ച് സംഘടന അന്തിമ തീരുമാനത്തില്‍ എത്തിയേക്കും.

അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളെ എക്‌സൈസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. റിമാന്‍ഡില്‍ കഴിയുന്ന തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഇവരുടെ സഹായി ഫിറോസ് എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുക. പ്രതികളെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യും. ഇതിനുശേഷം ഇവര്‍ തങ്ങിയിരുന്ന കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. ലഹരി കേസില്‍ കൊച്ചിയില്‍ പിടിയിലായ ഷൈന്‍ ടോം ചാക്കോ, തസ്ലീമയുമായി ബന്ധമുണ്ടെന്ന് മൊഴി നല്‍കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടക്കം എക്‌സൈസ് വ്യക്തത വരുത്തും. കേസുമായി ബന്ധപ്പെട്ട 25ലധികം പേരെയാണ് എക്‌സൈസ് ഇതുവരെ ചോദ്യം ചെയ്തത്.

വളര്‍ത്തുനായ വീട്ടുവളപ്പില്‍ കയറിയതില്‍ തര്‍ക്കം, യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

വളര്‍ത്തുനായ വീട്ടുവളപ്പില്‍ കയറിയതില്‍ തര്‍ക്കം, യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തൃശൂര്‍: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കോടശ്ശേരി മാരാംകോട് സ്വദേശി ഷിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ (69) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സമീപത്തെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിലെ വാഴകൾ നായകൾ നശിപ്പിച്ചിരുന്നു. നായകളുടെ ഉടമസ്ഥതയെ ചൊല്ലി ഇരുവരും തർക്കമുണ്ടായി. ഇതിനിടെ അന്തോണി പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന വാൾ കൊണ്ട് ഷിജുവിനെ വെട്ടുകയായിരുന്നു.

തലയിലും കഴുത്തിലും ദേഹത്തും വെട്ടേറ്റ ഷിജു സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. അവിവാഹിതനായ ഇയാൾ ഒറ്റക്കാണ് താമസം. അമ്മ: പരേതയായ മേരി. സഹോദാരങ്ങൾ: ജിഷോ, ഷിൻ്റോ.