by Midhun HP News | Apr 20, 2025 | Latest News, കേരളം
പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലം മാറ്റും. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ അനിൽകുമാർ, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി, സുമയ്യ, ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു.
അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് വെള്ളിയാഴ്ച മരിച്ചത്. കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.
അഭിരാമിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യത്തിൽ യൂത്ത് കോൺഗ്രസും ആനക്കൂട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.നാലു വയസുകാരൻ അഭിരാമിന്‍റെ സംസ്കാരം നാളെ ഉച്ചയ്ക്ക് കടമ്പനാട്ടെ വീട്ടുവളപ്പിൽ നടക്കും.
by Midhun HP News | Apr 20, 2025 | Latest News, കേരളം
കൊച്ചി: ലഹരി കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉള്‍പ്പെടെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ ലഹരിയുമായി ബന്ധമുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഷൈന്‍ ടോം ചാക്കോയുടെ ചില ഇടപാടുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2000 മുതല്‍ 5000 രൂപ വരെയുള്ള ഇടപാടുകളിലാണ് അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നത്. സമീപകാലത്ത് ഇത്തരത്തില്‍ നടന്ന 14 ഓളം പണമിടപാടുകളെ കുറിച്ച് വിശദമായ പരിശോധിക്കാന്‍ ആണ് പൊലീസ് നീക്കം. പലര്‍ക്കും കടമായി നല്‍കിയ പണം എന്നാണ് ഇടപാടുകളെ ഷൈന്‍ വിശദീകരിക്കുന്നത്. ഇക്കാര്യം പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഫോണും മുടിയുടെ സാമ്പിളുകളും ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പൊലീസ് പരിശോധനയ്ക്കിടെ ഷൈന്‍ ഓടി രക്ഷപ്പെട്ട കൊച്ചിയിലെ ഹോട്ടലില്‍ ഉണ്ടായിരുന്ന താരത്തിന്റെ സഹായിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അഹമ്മദ് മുര്‍ഷാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ വളരെക്കാലമായി മെത്താംഫെറ്റാമൈനും കഞ്ചാവും ഉപയോഗിച്ചിരുന്നതായി സമ്മതിച്ചതായും, ഒരിക്കല്‍ ഒരു ലഹരിവിമുക്ത പരിപാടിയില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തിയതായി കൊച്ചി സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാം പ്രതികരിച്ചിരുന്നു. മൂന്ന് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ സാന്നിധ്യത്തിലാണ് നടനെ ചോദ്യം ചെയ്തത്.
ലഹരി ഉപയോഗിച്ചെന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഷൈന്‍ ടോം ചാക്കോയെ ശനിയാഴ്ച തന്നെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. പുറത്തിറങ്ങിയ ഷൈന്‍ മാധ്യമങ്ങള്‍ മുഖം കൊടുക്കാതെ തിരികെ പോവുകയായിരുന്നു. ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷന്‍ 29 വ്യവസ്ഥ ചെയ്യുന്നു.
by Midhun HP News | Apr 20, 2025 | Latest News, കേരളം
കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും ഉയിര്‍പ്പ് ശുശ്രൂഷകളും നടന്നു. കേരളത്തിലെ പള്ളികളില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ പങ്കാളികളായി.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ നേതൃത്വം നല്‍കി. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തില്‍ ആയിരുന്നു ശുശ്രൂഷ. ഓര്‍ത്തഡോക്‌സ് സഭയിലെ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളിയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കും. ആ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു. പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിര്‍ത്താന്‍ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ലെന്ന സന്ദേശമാണ് ഈസ്റ്റര്‍ മുന്നോട്ടുവെക്കുന്നത്. നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും തുല്യരായി സന്തോഷത്തോടെ വാഴുന്ന നല്ലൊരു നാളെ സ്വപ്നം കാണുന്ന നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം നവകേരളം കെട്ടിപ്പടുക്കാനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ എന്നും ആദ്ദേഹം നേര്‍ന്നു.
പീഡാനുഭവങ്ങള്‍ക്കും കുരിശ് മരണത്തിനും ശേഷമുള്ള ഉയിര്‍പ്പിന്റെ പെരുന്നാളാണ് ഈസ്റ്റര്‍. ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രതീക്ഷയും സ്വപ്നവുമെല്ലാം ക്രിസ്തുവായി മാറുന്നൊരു കാലമാണ് ഉയിര്‍പ്പിന്റെ പെരുന്നാള്‍. മനുഷ്യന്‍ ചെയ്തു കൂട്ടിയ എല്ലാ പാപങ്ങളുടെയും മോചനത്തിനായി മനുഷ്യ പുത്രന്‍ സ്വയം ബലിയര്‍പ്പിച്ച് ക്രൂശിതനായതിന്റെ ഓര്‍മ്മകള്‍ കൂടിയാണിത്. ജീവിതത്തില്‍ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസമാണ് ഈ ഉയിര്‍പ്പിന്റെ പെരുന്നാള്‍ നല്‍കുന്നത്. നിങ്ങള്‍ പ്രത്യാശയുള്ളവരായിരിക്കണം, കാരണം നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നയാള്‍ വിശ്വസ്തനാണ്. എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഈസ്റ്റര്‍ ആശംസ.
by Midhun HP News | Apr 19, 2025 | Latest News, കേരളം
കൊച്ചി: നടൻ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നാര്‍ക്കോട്ടിക് നിയമ പ്രകാരം കേസ്. എന്‍ഡിപിഎസ് നിയമ പ്രകാരം 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് കേസെടുക്കാന്‍ തീരുമാനമായത്.
ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷൻ 29 വ്യവസ്ഥ ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ രാസ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാല്‍ മുറിയില്‍ തട്ടിയത് പൊലീസാണെന്ന് മനസിലാക്കാതെയാണ് ഓടിയത് എന്നായിരുന്നു ഷൈന്‍ ടോം ചാക്കോ വിശദീകരിച്ചത്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണം തടയുന്നതിന് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഗുണ്ടകളാണെന്നും തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്നും കരുതി താന്‍ പേടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടുകയായിരുന്നുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
by Midhun HP News | Apr 19, 2025 | Latest News, കേരളം
കൊച്ചി: കൈവശം ലഹരിവസ്തുക്കള്‍ ഉണ്ടെന്ന സംശയത്തില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇറങ്ങിയോടിയ സംഭവത്തില്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ തട്ടിയത് പൊലീസാണെന്ന് മനസിലായില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണം തടയുന്നതിന് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഗുണ്ടകളാണെന്നും തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്നും കരുതി താന്‍ പേടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടുകയായിരുന്നുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.
തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്ന് കരുതിയാണ് സുരക്ഷിത സ്ഥലം നോക്കി തമിഴ്‌നാട്ടിലേക്ക് പോയതെന്നും താരം പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെയാണ് പൊലീസിന് മുന്നില്‍ ഹാജരായത്. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞതിലും അരമണിക്കൂര്‍ മുന്‍പ് 10 മണിക്ക് അഭിഭാഷകര്‍ക്കൊപ്പം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്.
ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് ഷൈന്‍ ഹാജരായത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഹാജരായി വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഷൈന്‍ ടോം ചാക്കോയുടെ തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. പിന്നാലെ ഇന്ന് വൈകീട്ട് ഹാജരാകും എന്നായിരുന്നു ഷൈനിന്റെ കുടുംബത്തിന്റെ പ്രതികരണം. എന്നാല്‍ നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ഷൈന്‍ ഇന്ന് ഹാജരാകുകയായിരുന്നു.
by Midhun HP News | Apr 19, 2025 | Latest News, കേരളം
കൊച്ചി: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ദിവ്യ എസ് അയ്യര്‍ ഐഎഎസിന്റെ നടപടിയില്‍ രാഷ്ട്രീയ വാക്ക്‌പോര് കനക്കുന്നതിനിടെ സാമുഹ്യമാധ്യങ്ങളില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും അതിരുവിടുന്നു. ദിവ്യ എസ്. അയ്യരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരിനാഥന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടെയാണ് ദിവ്യക്ക് എതിരായ പരാമര്‍ശങ്ങള്‍ നിറയുന്നത്.
ദുഃഖവെള്ളി ദിനത്തില്‍ ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് കമന്റായി പോലും നിരവധി പേരാണ് അതിരുവിട്ട അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. ദിവ്യ എസ് അയ്യര്‍ ശബരിനാഥനെയും തള്ളിപ്പറയുന്ന കാലം വിദൂരത്തല്ലെന്നുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റില്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന നിലയിലാണ് മിക്ക കമന്റുകളും. ശബരിനാഥന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും കമന്റുകള്‍ പറയുന്നു.
ദിവ്യ എസ് അയ്യര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് പാദ സേവ ചെയ്യുന്ന നിലപാടാണ് ദിവ്യ സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നിലപാട് പറയാന്‍ ശബരിനാഥന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് വിട്ട് പുറത്ത് പോകണം എന്നും ചിലര്‍ ഉപദേശിക്കുന്നു. ദിവ്യ എസ് അയ്യര്‍ കുടുംബത്തിന് പ്രാധാന്യം നല്‍കണം എന്ന് ഉപദേശിക്കുന്നവരും കുറവല്ല. കര്‍ത്താവ് ചുമക്കുന്നതിലും വലിയ കുരിശാണ് നിങ്ങള്‍ ചുമക്കുന്നത് എന്ന നിലയിലുള്ള പരിഹാസവും കമന്റുകളായി നിറയുന്നു. ഭാരതീയ ദളിത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ രാപ്പകല്‍ സമരത്തെ കുറിച്ചുള്ള പോസ്റ്റില്‍ പോലും വിമര്‍ശനങ്ങളും അധിക്ഷേപനങ്ങളും നിരവധിയുണ്ട്.
ദിവ്യ എസ് അയ്യരുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് എതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ദിവ്യ സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി സമര്‍പ്പിച്ചത്. എന്നാല്‍, സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസില്‍ നിന്നും വിമര്‍ശനം തുടരുമ്പോളും കെ കെ രാഗേഷിനെ പ്രകീര്‍ത്തിച്ച പോസ്റ്റിലുറച്ച് നില്‍ക്കുകയാണ് ദിവ്യ എസ്. അയ്യര്‍. വിവാദ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിക്കാനോ വിവാദത്തില്‍ വിശദീകരണത്തിനോ ദിവ്യ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന നിലപാടാണ് ദിവ്യ മുന്നോട്ടുവയ്ക്കുന്നത്.
Recent Comments