ഇന്ന് ദുഃഖ വെള്ളി; പള്ളികളിൽ പ്രത്യേക പ്രാർഥന

ഇന്ന് ദുഃഖ വെള്ളി; പള്ളികളിൽ പ്രത്യേക പ്രാർഥന

കൊച്ചി: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂർ മല കയറാൻ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമങ്ങൾക്ക് കാർമികത്വം വഹിക്കും.

ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാ‍ർമികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കും.

മനുഷ്യരാശിയുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം കൂടിയാണ് ഇന്ന്. ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ഈ ദിനം പൂർണമായും ദൈവത്തിന് സമർപ്പിക്കുന്നു.

‘ഞാനും സിനിമാ കുടുംബത്തിലെ അംഗമല്ലേ എന്നു ചോദിച്ചയാളാണ് പേരു പുറത്തുവിട്ടത്, ഇത് വിശ്വാസ വഞ്ചന’

‘ഞാനും സിനിമാ കുടുംബത്തിലെ അംഗമല്ലേ എന്നു ചോദിച്ചയാളാണ് പേരു പുറത്തുവിട്ടത്, ഇത് വിശ്വാസ വഞ്ചന’

മലപ്പുറം: തന്റെ പരാതിയില്‍ പറഞ്ഞ നടന്റെ പേര് വെളിപ്പെടുത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തി നടി വിന്‍സി അലോഷ്യസ്. ആര്‍ക്കൊക്കെയാണ് പരാതി നല്‍കിയതെന്ന് തനിക്ക് ബോധ്യമുണ്ട്. എങ്ങനെയാണ് പുറത്തു വന്നതെങ്കിലും, ആരാണ് പുറത്തു വിട്ടതെങ്കിലും അത് ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് ചെയ്തിട്ടുള്ളത്. എനിക്ക് പറയാനുള്ളത് പറഞ്ഞ് മുന്നോട്ടു പോയാല്‍ മതിയെന്ന കാര്യമാണ് ഇപ്പോള്‍ തോന്നുന്നത് എന്നും വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു

പരാതി നല്‍കിയത് അത് സ്വകാര്യമായി സൂക്ഷിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ്. പരാതിയിലെ വ്യക്തിയുടെ പേര് മാധ്യമങ്ങളിലോ പൊതു സമൂഹത്തിലേക്കോ പോയാല്‍, ആ വ്യക്തിയ്ക്ക് അപ്പുറം ആ സിനിമയുടെ ഭാവി, അദ്ദേഹത്തെ വെച്ച് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്ന സിനിമകള്‍, നിര്‍മ്മാതാക്കള്‍ ഇവരെയൊക്കെ ബാധിക്കും. ഊഹിക്കാവുന്നവര്‍ക്ക് അതാരെന്ന് ഊഹിക്കാവുന്നതാണ്.

എന്നാല്‍ വ്യക്തമായ പേരു പറയുമ്പോള്‍, ആ വ്യക്തി അഭിനയിക്കുന്ന സിനിമകളെ, അതില്‍ പ്രവര്‍ത്തിക്കുന്ന നിഷ്‌കളങ്കരായ, നിസ്സഹായരായ കുറേ ആളുകളെ ബാധിക്കും. അതുകൊണ്ടാണ് പേരു പുറത്തു വിടരുതെന്ന് താന്‍ പറഞ്ഞത്. പേര് പുറത്തു വിടുമ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും പരാതി നല്‍കിയ ഫിലിം ചേംബറും എത്രത്തോളമാണ് സിനിമയുടെ അവസ്ഥയെ മനസ്സിലാക്കിയിട്ടുള്ളതെന്ന് അറിയില്ല.

സിനിമയില്‍ അഞ്ചുവര്‍ഷമായിട്ട് നില്‍ക്കുന്ന എന്റെ ബോധം പോലും പേര് ലീക്കാക്കിയവര്‍ക്ക് ഇല്ലേയെന്നേ ചോദിക്കാനുള്ളൂ. കുറ്റകരമായ വ്യക്തിയെ പൊതുസമൂഹത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ എളുപ്പമാണ്. പൊതുസമൂഹം അറിയേണ്ടതുമാണ്. പക്ഷെ ആരും ചിന്തിക്കാത്ത കുറേ ആളുകളുടെ ജീവിതം ഇയാളെ വെച്ച് എടുത്ത സിനിമയിലുണ്ട് എന്ന കാര്യം ഓര്‍ക്കണം. അവരെ നമ്മള്‍ പരിഗണിക്കണം. അതു പരിഗണിക്കാതെ എടുത്ത മോശം നിലപാടായിപ്പോയി എന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.

ഇതാരാണോ ലീക്ക് ചെയ്തത് അവരുടെ പിന്നാലെയൊന്നും താന്‍ പോകാന്‍ പോകുന്നില്ല. പരാതിയുടെ സ്വകാര്യത നഷ്ടപ്പെടുത്തിയത് വളരെ മോശമായിപ്പോയി എന്നു മാത്രമാണ് പറയുന്നത്. സിനിമാസംഘടനകളുടെ വിശ്വാസ്യത നഷ്ടമായി. അത്രയും വിശ്വസിച്ചാണ് പരാതി നല്‍കിയത്. സ്വയമേ ഒരു തീരുമാനമെടുത്ത്, ആരെയും ഉപദ്രവിക്കാതെ മുന്നോട്ടു പോകാമെന്നുള്ള തീരുമാനത്തിലായിരുന്നു. അറിഞ്ഞുകൊണ്ട് താന്‍ നല്‍കിയ പരാതി, അയാള്‍ക്ക് നെഗറ്റിവിറ്റി വരുമ്പോള്‍ ആ സിനിമകളെയൊക്കെ ബാധിക്കും. എത്ര നല്ല സിനിമയാണെങ്കിലും ഒടിടിയോ ചാനലോ എടുക്കാനുണ്ടാകില്ല. അത് മനസ്സിലാക്കാനുള്ള ബോധം പോലും പേര് പുറത്തു വിട്ടവര്‍ക്കില്ലേയെന്ന് വിന്‍സി ചോദിച്ചു.

പേര് പുറത്തു വിടരുതെന്ന് പരാതി നല്‍കിയ സമയത്ത് പറഞ്ഞപ്പോള്‍, ഞാനും സിനിമ ഫാമിലിയിലെ അംഗമല്ലേ, എന്നു ചോദിച്ചയാളാണ് എന്റെ അറിവില്‍ പേര് പുറത്തു വിട്ടിട്ടുള്ളത്. വളരെ മോശമായിപ്പോയി. പൊലീസിനെയോ ആരെയും സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നടപടികള്‍ എടുക്കേണ്ടവര്‍ എടുത്തോട്ടെ. ഇനി എനിക്ക് എന്തു മോശം സംഭവിച്ചാല്‍ പോലും എന്റെ നിലപാടുമായി മുന്നോട്ടു പോകും. അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുകയേ ചെയ്യൂ. പരാതിക്കും എംപവര്‍മെന്റിനും താനില്ലെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വിഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.

പാലക്കാട് നഗരസഭയുടെ വികസന പദ്ധതിക്ക് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ബിജെപിയും എംഎല്‍എയും തമ്മിലുള്ള പോരിന് കാരണം. പദ്ധതിക്ക് ആര്‍എസ്എസ് നേതാവിന്റെ പേരിടാന്‍ അനുവദിക്കില്ലെന്ന് എംഎല്‍എ വ്യക്തമാക്കിയിരുന്നു.

ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. അതിനിടെ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് മാര്‍ച്ചും വ്യക്തി അധിഷ്ഠിതമായ പ്രകോപനപരമായ പ്രസംഗങ്ങളും ഒഴിവാക്കണമെന്ന് പൊലീസ് വിളിച്ച സര്‍വകക്ഷിയോഗം നിര്‍ദേശിച്ചു.

ആവേശമാകാന്‍ ആദ്യ ആക്ഷന്‍ ഹീറോ; ‘ശരപഞ്ജരം’ ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലേക്ക്

ആവേശമാകാന്‍ ആദ്യ ആക്ഷന്‍ ഹീറോ; ‘ശരപഞ്ജരം’ ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലേക്ക്

കൊച്ചി: ജയന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം ശരപഞ്ജരം സിനിമ ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രം 4 കെ മികവോടെ ഈ മാസം 25 നാണ് തിയറ്ററുകളിലെത്തുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത് ജിപി ബാലന്‍ നിര്‍മ്മിച്ച ചിത്രം റോഷിക എന്റര്‍പ്രൈസസ് ആണ് തീയറ്ററിലെത്തിക്കുന്നത്.

പ്രേക്ഷകപ്രീതി നേടിയ ചിത്രം ജയന്‍ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമാണ്.പുതുമയാര്‍ന്ന പ്രമേയവും ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ടും സമ്പന്നമായ ചിത്രത്തില്‍ ജയന്‍, ഷീല, സത്താര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ശങ്കര്‍, ശരത്ത് ബാബു, നെല്ലിക്കോട് ബാസ്‌കരന്‍, പി കെ അബ്രഹാം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 30 ലക്ഷത്തോളം രൂപ ചെലവിട്ടാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നതെന്നും ജയന്റെ മീന്‍ എന്ന സിനിമയും ദൃശ്യമികവോടെ വീണ്ടും ഇറക്കുമെന്നും വിതരണക്കാര്‍ പറഞ്ഞു.

ലഹരി പരിശോധന: പൊലീസ് എത്തിയത് അറിഞ്ഞു, ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി

ലഹരി പരിശോധന: പൊലീസ് എത്തിയത് അറിഞ്ഞു, ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി

കൊച്ചി: പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ രാത്രിയായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.

പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനൽ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് കൈവശമുണ്ടായതിനാലാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുണ്ട്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി. നേരത്തെ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട ഷൈന്‍ ടോം ചാക്കോ അടുത്തിടെയാണ് കുറ്റവിമുക്തനാക്കപ്പെട്ടത്.

മാസപ്പടി കേസ്: റിപ്പോര്‍ട്ടില്‍ പേരുള്ള നേതാക്കള്‍ ആരൊക്കെ?; പട്ടിക മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

മാസപ്പടി കേസ്: റിപ്പോര്‍ട്ടില്‍ പേരുള്ള നേതാക്കള്‍ ആരൊക്കെ?; പട്ടിക മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികളുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി. മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ജസ്റ്റിസുമാരായ അമിത് റാവല്‍, പി എം മനോജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിഎംആര്‍എല്‍ വിവിധ വ്യക്തികള്‍ക്ക് വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ മുഴുവന്‍ വ്യാപ്തിയും പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി എം ആര്‍ അജയന്‍ ആണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റിനായുള്ള ഇടക്കാല ബോര്‍ഡ് CMRL-ല്‍ നിന്ന് പണം സ്വീകരിച്ച നിരവധി വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും, സിബിഐ പോലുള്ള ഒരു കേന്ദ്ര ഏജന്‍സിക്ക് മാത്രമേ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്താന്‍ കഴിയൂ എന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) നടത്തിയ അന്വേഷണത്തില്‍ മകള്‍ വീണയെ പ്രതി ചേര്‍ത്തതിന്റെ വെളിച്ചത്തില്‍, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ ഇതിനകം അന്വേഷണം നടത്തിയിട്ടുണ്ടെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തെ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ററിം ബോര്‍ഡ് ഫോര്‍ സെറ്റില്‍മെന്റ് ഓഫ് ഇന്‍കം ടാക്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പേരുകളുടെ പട്ടിക നിലവിലുണ്ടോ എന്ന് കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. റിപ്പോര്‍ട്ടും പേരുകളുടെ പട്ടികയും മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ തൈക്കണ്ടിയിലും ഉള്‍പ്പെടെ 19 പ്രതികള്‍ക്ക് അവരുടെ ഭാഗം കേള്‍ക്കാന്‍ നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചു. പിവി, ഒസി, ആര്‍സി, കെകെ, ഐകെ എന്നിങ്ങനെ ചുരുക്കപ്പേരിലുള്ള നേതാക്കള്‍ക്ക് പണം നല്‍കിയതായുള്ള രേഖ നേരത്തെ പുറത്തുവന്നിരുന്നു.