സ്വര്‍ണവില 71,000 കടന്നു; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1600 രൂപ

സ്വര്‍ണവില 71,000 കടന്നു; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1600 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 840 രൂപ വര്‍ധിച്ചതോടെ ആദ്യമായി 71000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് 71,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് ഉയര്‍ന്നത്. 8920 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില രണ്ട് ദിവസത്തിനുള്ളില്‍ താഴ്‌ന്നെങ്കിലും വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഇന്നലെ മാത്രം 760 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

കാറിന് സൈഡ് കൊടുത്തില്ല, ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി തൊപ്പി; കസ്റ്റഡിയിൽ

കാറിന് സൈഡ് കൊടുത്തില്ല, ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി തൊപ്പി; കസ്റ്റഡിയിൽ

കോഴിക്കോട്: ‌സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗര്‍ തൊപ്പിയെ ( മുഹമ്മദ് നിഹാൽ) വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പൊലീസ് വിട്ടയച്ചത്. സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവം. തര്‍ക്കത്തിനിടെ തൊപ്പി ഇവര്‍ക്ക് നേരേ എയര്‍ പിസ്റ്റള്‍ ചൂണ്ടിയെന്നാണ് ആരോപണം.

എന്നാല്‍ പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന മൂന്നു പേരെയും വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ശരത് എസ് നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വടകര – കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു തൊപ്പി.

ഇവരുടെ കാർ സ്വകാര്യ ബസുമായി ഉരസി. ബസ് സൈഡ് കൊടുത്തില്ലെന്നും മറികടക്കുന്നതിനിടെ ഉരസിയെന്നും ആരോപിച്ച് തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാൻഡിലെത്തി സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞു വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാൽ ബസ് ജീവനക്കാർ പരാതി ഇല്ലെന്ന് അറിയിച്ചതോടെ സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടില്ല.

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ തുടര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ തുടര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ക്രമക്കേടു നടന്നെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്എഫ്‌ഐഒ) അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രതിസ്ഥാനത്തുള്ള, മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്കു സമന്‍സ് അയയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കാണ് സ്റ്റേ. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതെന്ന, സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. രണ്ടു മാസത്തേക്കു തുടര്‍ നടപടി നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കോടതി സ്വീകരിച്ചത്. കേസിലെ പതിനൊന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മകളുമായ വീണ തൈക്കണ്ടിയില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സമന്‍സ് അയക്കാനിരിക്കെയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് കേസില്‍ 13 പ്രതികളാണുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാംപ്രതി. കമ്പനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച് വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ്എഫ്‌ഐഒ ചുമത്തിയത്.

സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം.

‘പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ അമ്മ’; ദിവ്യ മടങ്ങി, കുറ്റപ്പെടുത്തലുകളില്ലാത്ത ലോകത്തേക്ക്

‘പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ അമ്മ’; ദിവ്യ മടങ്ങി, കുറ്റപ്പെടുത്തലുകളില്ലാത്ത ലോകത്തേക്ക്

കൊല്ലം: മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. ദിവ്യ ജോണിയെക്കുറിച്ച് അങ്ങനെയാണ് ആദ്യം വന്ന വാര്‍ത്ത. പിന്നീട് ദിവ്യ സ്വന്തം ജീവിതം തുറന്നു പറഞ്ഞപ്പോള്‍, കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മയോടുള്ള വെറുപ്പ് സഹതാപമായി മാറി. അതിലുപരി പ്രസവാനന്തരം സ്ത്രീകള്‍ കടന്നുപോവുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന മെഡിക്കല്‍ അവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ദിവ്യ നിമിത്തമായി. ഇപ്പോള്‍ പരാതികളും കുറ്റപ്പെടുത്തലുകളുമില്ലാത്ത ലോകത്തേക്കു വിട വാങ്ങിയിരിക്കുകയാണ് ഈ കുണ്ടറ കാഞ്ഞിരംകോട് സ്വദേശി, അതും കാത്തിരുന്ന ജോലി കൈപ്പിലാകും മുമ്പേ.

ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ദിവ്യ കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ദിവ്യ പിഎസ്‌സി പരീക്ഷയില്‍ മികച്ച റാങ്കോടെ മലപ്പുറം ജില്ലയിലെ എല്‍പി യുപി അധ്യാപക തസ്തികയില്‍ നിയമനത്തിന് കാത്തിരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിസി അടക്കം നിരവധി തസ്തികയുടെ ലിസ്റ്റിലും ഉള്‍പ്പെട്ടു.

കേരള സര്‍വകലാശാലയില്‍നിന്ന് ഗണിതത്തില്‍ മികച്ച റാങ്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയ ദിവ്യയ്ക്ക് 2019ല്‍ അമ്മ മരിച്ചതോടെ ചെറിയ മാനസ്സിക പ്രശ്‌നങ്ങളുണ്ടായിരുന്നു. 2020ല്‍ വിവാഹിതയായ ദിവ്യ 2021ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തെ തുടര്‍ന്നുണ്ടായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടര്‍ന്ന് നൂലുകെട്ട് ചടങ്ങിന്റെയന്ന് ആത്മഹത്യാശ്രമം നടത്തി. രണ്ടുമാസം കഴിഞ്ഞ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചു. ഉടന്‍ മാനസ്സിക നില വീണ്ടെടുത്ത് കുഞ്ഞിനെ രക്ഷിച്ചെങ്കിലും തൊട്ടടുത്ത നിമിഷം വീണ്ടും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയമായ ഇവര്‍ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് അടുത്തിടെ വീണ്ടും ആത്മഹത്യാശ്രമം നടത്തിയത്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തെങ്കിലും കഴിഞ്ഞ ദിവസം ഹൃദയസ്തംഭനമുണ്ടായി. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് 19ന് പരിഗണിക്കാനിരിക്കെയാണ് മരണം.

സ്വര്‍ണവില 71,000 കടന്നു; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1600 രൂപ

പുതിയ ഉയരം കുറിച്ച് സ്വര്‍ണ വില; പവന് ഒറ്റയടിക്ക് 760 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 760 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 70,520 രൂപയാണ്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8815 രൂപ.

ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില രണ്ട് ദിവസനുള്ളില്‍ താഴന്നെങ്കിലും വിണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലുമെത്തിയിരുന്നു. എന്നാല്‍ ഈ റെക്കോര്‍ഡും പിന്നിട്ട് വില കുതിക്കുകയാണ്.

ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

തുടര്‍ച്ചയായ കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

തുടര്‍ച്ചയായ കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

തൃശൂര്‍: കാട്ടാന ആക്രമണങ്ങളില്‍ രണ്ട് ആദിവാസികള്‍ മരിച്ചതില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് 12മണിക്കൂര്‍ ജനകീയ ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ല. ഒട്ടേറെ വിനോദസഞ്ചാരികള്‍ വരുന്ന സമയമായതിനാല്‍ പ്രതിഷേധം സമാധാനപരമായിരിക്കും. അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമമാക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, സര്‍ക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയെന്നടക്കുമള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹര്‍ത്താല്‍.

അതിരപ്പിള്ളിയില്‍ രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അടിച്ചില്‍ തൊടി ഉന്നതി സ്വദേശി സെബാസ്റ്റ്യന്‍ , ശാസ്താം പൂവം ഊരിലെ സതീഷ് അംബിക ,എന്നിവരാണ് കൊല്ലപ്പെട്ടത്.മൂന്നുപേരും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സമയത്താണ് കാട്ടാന ആക്രമണം നേരിട്ടത്.