ബ്രേക്കിട്ട് സ്വര്‍ണവില; 70,000ന് മുകളില്‍ തന്നെ

ബ്രേക്കിട്ട് സ്വര്‍ണവില; 70,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. വിഷുദിനമായ ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കൂടിയതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത്. നാലുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 70,000 കടന്നത്. വ്യാഴാഴ്ച മാത്രം ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്.

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ജാതി തീണ്ടല്‍ മാറി; രയര മംഗലത്ത് നാലമ്പലത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം

ജാതി തീണ്ടല്‍ മാറി; രയര മംഗലത്ത് നാലമ്പലത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ പ്രസിദ്ധമായ പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്ര നാലമ്പലത്തില്‍ ഇനി മുതല്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം. ജാത്യാചാരത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിച്ച് ഞായറാഴ്ച വൈകീട്ട് എല്ലാ ജാതി വിഭാഗത്തില്‍പ്പെട്ടവരും പ്രവേശിച്ചപ്പോള്‍ പിറന്നത് പുതു ചരിത്രമാണ്.

പിലിക്കോട് നിനവ് പുരുഷ സഹായ സംഘം അടുത്തിടെ നാലമ്പല പ്രവേശനത്തിനായി പ്രത്യേകം പ്രമേയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്നു ദേവസ്വം മന്ത്രിക്കും മലബാര്‍ ദേവസ്വം ബോര്‍ഡിനും ക്ഷേത്രം ട്രസ്റ്റിനും തന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

നൂറ്റാണ്ടുകളായി ഈ ക്ഷേത്രത്തില്‍ നമ്പൂതിരി, വാര്യര്‍, മാരാര്‍ തുടങ്ങിയ ഉന്നത കുല ജാതിക്കാര്‍ക്ക് മാത്രമായിരുന്നു പ്രവേശനവുണ്ടായിരുന്നത്. ഉത്സവകാലത്ത് നായര്‍, മണിയാണി വിഭാഗക്കാര്‍ക്കും പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ മറ്റു ജാതിക്കാര്‍ക്കൊന്നും ക്ഷേത്ര പ്രവേശനമുണ്ടായിരുന്നില്ല.

ഞായറാഴ്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 16 പേരടങ്ങളുന്ന പുരുഷ സംഘം നാലമ്പല പ്രവേശനത്തില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ വിശ്വാസികളെല്ലാം അകണെത്തി തൊഴുത് പ്രസാദവും വാങ്ങിച്ചു. ‘എല്ലാവിശ്വാസികള്‍ക്കും പ്രവേശനത്തിനായി കുറച്ച് വര്‍ഷം മുമ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ജാതിഭേദമില്ലാതെ വിശ്വാസികളുടെ ചിരകാല ആഗ്രഹമായിരുന്നു നാലമല പ്രവേശം. അതാണ് ഇവിടെ സാധ്യമായതെന്നും ജനകീയ സമിതി ചെയര്‍മാന്‍ ഉമേശ് പിലിക്കോട് പിടിഐ യോട് പറഞ്ഞു.

പെരിന്തല്‍മണ്ണയില്‍ യുവാവിനെ കുത്തിക്കൊന്നു; അയല്‍വാസി പിടിയില്‍

പെരിന്തല്‍മണ്ണയില്‍ യുവാവിനെ കുത്തിക്കൊന്നു; അയല്‍വാസി പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്. ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തേയും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ മരിച്ചനിലയില്‍

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ മരിച്ചനിലയില്‍

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലിരുന്ന 17കാരന്‍ മരിച്ച നിലയില്‍. ഒബ്‌സര്‍വേഷന്‍ റൂമില്‍ താമസിപ്പിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

റൂമില്‍ പതിനേഴുകാരന്‍ ഒറ്റയ്ക്കായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പതിനേഴുകാരന്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പൊലീസ് അറിയിച്ചു.

കണ്ണനെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി; ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം നടത്തി ആയിരങ്ങള്‍

കണ്ണനെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി; ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം നടത്തി ആയിരങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടത്തി ആയിരങ്ങള്‍. ഇന്ന് പുലര്‍ച്ചെ 2.45നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ആരംഭിച്ചത്. വിഷുക്കണി ദര്‍ശനം അവസാനിച്ച 3.45 വരെയുള്ള ഒരു മണിക്കൂര്‍ നേരത്ത് ആയിരങ്ങളാണ് കണ്ണനെ കണ്ട് ദര്‍ശന സായൂജ്യം നേടിയത്.

ഞായറാഴ്ച രാത്രി തൃപ്പുകയ്ക്ക് ശേഷം കീഴ്ശാന്തിമാരാണ് കണിയലങ്കരിച്ചത്. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, കണിക്കൊന്ന, മുല്ലപ്പൂ, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വര്‍ണം, നാണ്യം എന്നിവ കൊണ്ടാണ് കണി ഒരുക്കിയത്. അലങ്കാരത്തോടെയുള്ള ശ്രീകൃഷ്ണന്റെ സ്വര്‍ണത്തിടമ്പ് പൊന്‍പീഠത്തിലാണ് ഒരുക്കിയത്. ശ്രീകോവിലിന് പുറത്ത് നമസ്‌കാര മണ്ഡപത്തിലും കണി ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ മേല്‍ശാന്തി കണ്ണനെ കണി കാണിച്ച് ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി.

വിഷു നാളില്‍ കാളന്‍, എരിശേരി, വറുത്തുപ്പേരി, ഇടിച്ചു പിഴിഞ്ഞ പായസം തുടങ്ങിയ വിഭവങ്ങളോടെയാണ് ദേവന് നമസ്‌കാര സദ്യ. വിഷു സദ്യ ഉണ്ണാനും ഗുരുവായൂരില്‍ ആയിരങ്ങള്‍ എത്തും. രാവിലെയും വൈകീട്ടും പെരുവനം സതീശന്‍ മാരാരുടെ മേളത്തോടെ കാഴ്ച ശീവേലി, സന്ധ്യയ്ക്ക് താമരയൂര്‍ അനീഷ് നമ്പീശന്‍, പേരാമംഗലം ശ്രീക്കുട്ടന്‍ മാരാര്‍ എന്നിവരുടെ തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പ് എന്നിവയുമുണ്ടാകും.

കണി കണ്ട് ഉണര്‍ന്ന് വിഷുപ്പുലരി; കാര്‍ഷിക സമൃദ്ധിയെ വരവേറ്റ് കേരളം

കണി കണ്ട് ഉണര്‍ന്ന് വിഷുപ്പുലരി; കാര്‍ഷിക സമൃദ്ധിയെ വരവേറ്റ് കേരളം

കൊച്ചി: മേടമാസമെത്തി. ഇന്ന് കേരളീയര്‍ വിഷു ആഘോഷിക്കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള ഉത്സവങ്ങള്‍.

വീടുകളില്‍ തലേദിവസം തന്നെ കണിക്കൊന്നയും വെള്ളരിയും കൃഷ്ണവിഗ്രഹവുമായി കണി ഒരുക്കിയിരുന്നു. പുലര്‍ച്ച കണികണ്ടുണര്‍ന്നവര്‍ വിഷു ആഘോഷങ്ങളിലേക്ക് കടന്നു. വീടുകളില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കിയും പടക്കം പൊട്ടിച്ചും ബന്ധുമിത്രാദികളുമായി ഒത്തുചേര്‍ന്നുമാണ് ആഘോഷം. കുട്ടികളും മുതിര്‍ന്നവരും പുതിയ വിഷുക്കോടികള്‍ അണിഞ്ഞു.

ഈദിവസം ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ ഒരുകൊല്ലക്കാലം നിലനില്‍ക്കുമെന്നാണ് വിശ്വാസം. മലയാളം കലണ്ടര്‍ പ്രകാരം പുതിയ വര്‍ഷം തുടങ്ങുന്നത് ചിങ്ങം ഒന്നിനാണെങ്കിലും, വിഷുദിനവും ഒരു പുതിയ ആരംഭമായി കരുതിവരുന്നു. വിഷുക്കൈനീട്ടം സ്വീകരിക്കുന്നത് സമ്പത്ത് പ്രദാനം ചെയ്യുമെന്നും വിശ്വാസമുണ്ട്. കേരളത്തിലെ പ്രധാന വിളവെടുപ്പുത്സവങ്ങളിലൊന്ന് കൂടിയാണ് വിഷു.