നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിനി തുളസി യെ അറസ്റ്റു ചെയ്തു.

വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. ബാങ്കോക്കില്‍ നിന്നും വന്ന വിമാനത്തിലായിരുന്നു ലഹരിക്കടത്ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ നിന്നാണ് തായ് എയർലൈൻസിൽ നിന്ന് യുവതിയെ പിടികൂടുന്നത്. ഈ മാസം ഇത് ആറാം തവണയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയം, തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടി; നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍

ഫെയ്‌സ്ബുക്കിലൂടെ പരിചയം, തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടി; നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍

തൃശൂര്‍: ഓണ്‍ലൈന്‍ വഴി തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍. നൈജീരിയക്കാരനായ ഓസ്റ്റിന്‍ ഓഗ്ബയെ ആണ് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

2023 മാര്‍ച്ചിലാണ് കേസിനാധാരമായ സംഭവത്തിന്റെ തുടക്കം. ഫെയ്‌സ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തത്. തൃശൂര്‍ സ്വദേശി ഫെയ്‌സ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടു. സിറിയയില്‍ യുദ്ധം തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ട് തുര്‍ക്കിയില്‍ എത്തിയതാണെന്ന് സ്ത്രീ തൃശൂര്‍ സ്വദേശിയോട് പറഞ്ഞു.

കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും ഈജിപ്തിലെ മിഡില്‍ ഈസ്റ്റ് വോള്‍ട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും, ഇതു തിരിച്ചെടുക്കുന്നതിന് പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. 2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിലായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തൃശൂർ സ്വദേശിയിൽ നിന്നു കൈക്കലാക്കിയത്.

തട്ടിപ്പാണെന്ന് മനസിലായതോടെ തൃശൂര്‍ സ്വദേശി ഒല്ലൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ച് അറിയിച്ചു.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. 2025 ഏപ്രില്‍ 14,15 തീയതികളില്‍ കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രില്‍ 14,15 തീയതികളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വയനാട്ടില്‍ വിവിധയിടങ്ങളില്‍ മഴയും കാറ്റുമാണ്. രണ്ടു മണിയോടെയാണ് വേനല്‍ മഴ ശക്തമായത്. കാലാവസ്ഥ വിഭാഗം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നഗരമധ്യത്തില്‍ യുവതിയെ കടന്നുപിടിച്ചു; പരിശോധിച്ചത് 800 സിസിടിവി ദൃശ്യങ്ങള്‍; ഒടുവില്‍ കോഴിക്കോട് നിന്ന് പിടിയിലായി

നഗരമധ്യത്തില്‍ യുവതിയെ കടന്നുപിടിച്ചു; പരിശോധിച്ചത് 800 സിസിടിവി ദൃശ്യങ്ങള്‍; ഒടുവില്‍ കോഴിക്കോട് നിന്ന് പിടിയിലായി

ബംഗളൂരു നടുറോഡില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തിലക് നഗര്‍ സ്വദേശി സന്തോഷ് ഡാനിയേല്‍ ആണ് കോഴിക്കോട് നിന്ന് പിടിയിലായത്. പത്തുദിവസം മുമ്പ് ബംഗളൂരുവിലെ ബിടിഎം ലേഔട്ട് റോഡില്‍ വച്ചാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്.

റോഡിലൂടെ നടക്കുകയായിരുന്ന യുവതികളെ പിന്തുടര്‍ന്ന ഇയാള്‍ അവരില്‍ ഒരാളുടെ സ്വകാര്യഭാഗത്ത് കടന്നുപിടിക്കുകയായിരുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ കേസന്വേഷണത്തില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ 800 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സന്തോഷിലേക്ക് എത്തിയത്.

യുവതികളെ ആക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ബംഗളൂരുവില്‍നിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് പ്രതി സന്തോഷ് ആദ്യം കടന്നത്. തുടര്‍ന്ന് സേലത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും രക്ഷപ്പെടുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ബംഗളൂരു പൊലീസ് സന്തോഷിനെ പിടികൂടിയത്.

അയ്യപ്പന്റെ സ്വര്‍ണ ലോക്കറ്റ് വിതരണം തുടങ്ങി, വില നിരക്കുകള്‍ അറിയാം, ആദ്യം വാങ്ങിയത് ആന്ധ്ര സ്വദേശി

അയ്യപ്പന്റെ സ്വര്‍ണ ലോക്കറ്റ് വിതരണം തുടങ്ങി, വില നിരക്കുകള്‍ അറിയാം, ആദ്യം വാങ്ങിയത് ആന്ധ്ര സ്വദേശി

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് വിഷു കൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം ആരംഭിച്ചു. ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്‌നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. ശ്രീകോവിലില്‍ പൂജിച്ച സ്വര്‍ണ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാര്‍ എന്നിവര്‍ ഭക്തര്‍ക്ക് ലോക്കറ്റുകള്‍ വിതരണം ചെയ്തു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ആണ് ലോക്കറ്റുകള്‍ ലഭിക്കുക.

രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകള്‍ ആണ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുക.ഓണ്‍ലൈനിലൂടെ ആദ്യം ബുക്ക് ചെയ്ത ഭക്തരില്‍ നിന്നും തെരെഞ്ഞെടുത്തവര്‍ക്കാണ് വിഷു പുലരിയില്‍ ലോക്കറ്റ് കൈമാറിയത്. രണ്ട് ഗ്രാം സ്വര്‍ണത്തിലുള്ള ലോക്കറ്റിന് 19,300/ രൂപയും നാല് ഗ്രാം സ്വര്‍ണ ലോക്കറ്റിന് 38,600/ രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ ലോക്കറ്റ് 77,200/ രൂപയുമാണ് നിരക്ക്.

WWW.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ലോക്കറ്റുകള്‍ ശബരിമല സന്നിധാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തര്‍ക്ക് കൈപ്പറ്റാവുന്നതാണ്. ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ 100 ഭക്തര്‍ ലോക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

തൃശൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ തേൻ ശേഖരിക്കാൻ വനത്തിൽ പോയ യുവാവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. അതിരപ്പിള്ളി അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാൻ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. ‘ഇന്നലെ രാത്രി 9:30 യോടു കൂടിയായിരുന്നു സംഭവം.

ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ സെബാസ്റ്റ്യൻ തൽക്ഷണം മരണപ്പെട്ടു. കാട്ടാനയെ കണ്ട് സെബാസ്റ്റ്യന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ ഓടി മാറിയിരുന്നു. തേൻ എടുക്കാൻ ഉന്നതിക്ക് അരകിലോമീറ്റർ അകലെയുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്കു മുന്നിൽ പെടുകയായിരുന്നു. യുവാവിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.