ആറു വയസുകാരന്റെ കൊലപാതകം അതിക്രൂരം; ‘ചാമ്പങ്ങാ തരാമെന്ന് പ്രലോഭിപ്പിച്ചു, ലൈംഗിക പീഡന ശ്രമം നടത്തി’

ആറു വയസുകാരന്റെ കൊലപാതകം അതിക്രൂരം; ‘ചാമ്പങ്ങാ തരാമെന്ന് പ്രലോഭിപ്പിച്ചു, ലൈംഗിക പീഡന ശ്രമം നടത്തി’

തൃശൂര്‍: ആറു വയസുകാരന്‍ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി കൊലപ്പെടുത്തിയത് അതിക്രൂരമായി വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി. പ്രതി ജോജോ കുളത്തിലേയ്ക്ക് തള്ളിയിട്ട ഏബല്‍ രണ്ട് തവണ കയറി വന്നെങ്കിലു പ്രതി വീണ്ടും തള്ളിയിട്ടു.

പിന്നീട് മരണമുറപ്പാക്കും വരെ വെള്ളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സംഭവത്തില്‍ കൈതാരത്ത് ജോജോയെ (19) അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. ലൈംഗിക പീഡന ശ്രമം ഏബല്‍ ചെറുത്തതിലെ ദേഷ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മഞ്ഞളി അജീഷിന്റേയും നീതുവിന്റേയും മകനാണ് യുകെജി വിദ്യാര്‍ഥിയായ ഏബല്‍. 10ന് വൈകിട്ട് 6.08ന് ജോജോയുടെ ഒപ്പം വീടിനു സമീപത്തുള്ള പാടശേഖരത്തിലേയ്ക്ക് പോയ ഏബല്‍ തിരിച്ചു വരാറായതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോജോയുടെ ഒപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഈ സമയത്തെല്ലാം തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ഇയാള്‍ മൊഴി നല്‍കിയതു പ്രകാരം കുളത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ചാമ്പക്ക താരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജോജോ പാടത്തിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലേയ്ക്ക് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. അവിടെ വെച്ചാണ്ഇ യാള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ചത്. കുട്ടി ഇതു തടയുകയും കരയാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഇയാള്‍ കുളത്തിലേയ്ക്ക് തള്ളിയിട്ടതും തുടര്‍ന്ന് ചവിട്ടിത്താഴ്ത്തിയതും. കൊലപാതകം, പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്നലെ ഉച്ചയോടെ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രോഷാകുലരായ നാട്ടുകാര്‍ പലവട്ടം ജോജോയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്. മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ നേരത്തെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

എം എം ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണം: പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി

എം എം ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണം: പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പെൺമക്കൾ പുനഃപരിശോധനാ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.

സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സിംഗിൾ ബെഞ്ചിനു മുൻപാകെ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി ജി അരുൺ ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും, ഇതിനെതിരെ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതിയും തള്ളിയതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹർജിക്കാർക്ക് മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതിന് തടസമില്ലെന്നും ജസ്റ്റിസ് അരുൺ വ്യക്തമാക്കിയിട്ടുണ്ട്. 2024 സെപ്റ്റംബർ 21നാണ് ലോറൻസ് അന്തരിച്ചത്. ലോറന്‍സ് അന്തരിച്ചതിനു പിന്നാലെ മകൻ എം.എൽ.സജീവൻ പിതാവിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു. ഇതിനെതിരെയാണ് പെൺമക്കൾ രം​ഗത്തു വന്നിട്ടുള്ളത്.

ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസാണ് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനേയും പിന്നീട് ഡിവിഷൻ ബെഞ്ചിനേയും സമീപിച്ചത്. ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. തുടർന്നാണ് തനിക്ക് സ്വർഗത്തിൽ പോയി യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് സംസ്കരിക്കണമെന്നും ലോറൻസ് പറയുന്ന ശബ്ദ സന്ദേശം സഹിതം ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്.

‘യൂഫേയ വയനാഡന്‍സിസ്’; വയനാട്ടില്‍ പുതിയ ഇനം തുമ്പിയെ കണ്ടെത്തി

‘യൂഫേയ വയനാഡന്‍സിസ്’; വയനാട്ടില്‍ പുതിയ ഇനം തുമ്പിയെ കണ്ടെത്തി

തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തി. വയനാടന്‍ ഭൂപ്രകൃതിയില്‍ നിന്നും കണ്ടെത്തിയ തുമ്പിക്ക്, യൂഫേയ വയനാഡന്‍സിസ് എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യമായി കണ്ടെത്തിയ വയനാടിനെ ബഹുമാനിക്കുന്നതിനായിട്ടാണ്, വയനാടിനെ കൂടി പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്.

വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് പുതിയ തുമ്പിയെ തിരിച്ചറിഞ്ഞത്. എന്റോമോണ്‍ ജേണലിന്റെ മാര്‍ച്ച് മാസത്തെ പതിപ്പില്‍ പുതിയ ഇനം തുമ്പിയെക്കുറിച്ച് ഔദ്യോഗികമായി വിവരിച്ചിട്ടുണ്ട്. യൂഫേയ്‌ഡേ കുടുംബത്തില്‍ പെട്ട പുതിയ ഇനത്തിന്, വയനാട് ടോറന്റ് ഡാര്‍ട്ട് എന്ന പൊതുനാമവും നല്‍കിയിട്ടുണ്ട്.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. 2013 ല്‍ വയനാട്ടിലെ തിരുനെല്ലിയിലെ കാളിന്ദി നദിക്കരയില്‍ നടത്തിയ സര്‍വേയില്‍ ആദ്യമായി ശ്രദ്ധയില്‍പ്പെട്ടെങ്കിലും, കണ്ണൂരിലെ ആറളം, കര്‍ണാടകയിലെ കൂര്‍ഗിന്റെ പടിഞ്ഞാറന്‍ ചരിവുകള്‍ തുടങ്ങിയ മറ്റ് സ്ഥലങ്ങളില്‍ 2023 വരെ കൂടുതല്‍ നിരീക്ഷണങ്ങള്‍ തുടര്‍ന്നു.

‘യൂഫിയ വയനാഡെന്‍സിസ് അതിന്റെ സമാനമായ ഇനങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നത് പിന്‍ചിറകുകളിലെ നീളമുള്ള കറുത്ത പാടുകള്‍, ആണ്‍വിഭാഗങ്ങളില്‍ നെഞ്ചിലെ വീതിയേറിയ വരകള്‍, പുരുഷ പ്രത്യുത്പാദന ഘടനയിലെ സവിശേഷതകള്‍ എന്നിവ മൂലമാണെന്ന് ഗവേഷകനായ അനൂജ് എസ് എസ് പറഞ്ഞു. യൂഫിയ സ്യൂഡോഡിസ്പാര്‍ എന്ന മറ്റൊരു ഇനവുമായി സാമ്യമുള്ളതിനാല്‍, ജനിതക പരിശോധന നടത്തി. എന്നാല്‍ 12.9% വ്യത്യാസം കാണിച്ചു. ഇതോടെ പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ള 191-ാമത്തെ ഇനമാണിതെന്നും ഗവേഷകനായ കലേഷ് സദാശിവന്‍ പറഞ്ഞു. പുതിയ ഇനത്തിന് പ്രത്യേക ആവാസ വ്യവസ്ഥ ആവശ്യമാണ്. മേഘവിസ്‌ഫോടനങ്ങള്‍, മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍, മനുഷ്യന്‍ മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയവ ഈ ഇനത്തിന് ഭീഷണിയാണെന്നും ഗവേഷര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റുമാറ്റിക് ഫീവര്‍ കേസുകളില്‍ 70 ശതമാനം കുറവ്

റുമാറ്റിക് ഫീവര്‍ കേസുകളില്‍ 70 ശതമാനം കുറവ്

തിരുവനന്തപുരം: പൊതുജനാരോഗ്യ രംഗത്ത് കേരളം മറ്റൊരു സുപ്രധാന ചുവടുവെപ്പിലേക്ക്. ജീവനു തന്നെ ഭീഷണിയായേക്കാവുന്ന, അതീവ ഗുരുതരമായ ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന റുമാറ്റിക് ഫീവര്‍ ( വാതപ്പനി) നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം സുപ്രധാന നേട്ടം കൈവരിക്കുന്നു. റുമാറ്റിക് ഫീവര്‍ ബാധയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2019 ല്‍ 40 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍, 2024 ല്‍ അത് 15 ആയി ചുരുങ്ങി. ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിരുന്ന പരിധിയേക്കാള്‍ വളരെ താഴെയാണിത്. ഒരു ദേശീയ തലത്തിലുള്ള നിയന്ത്രണ പരിപാടിയുടെ പിന്തുണയില്ലാതെയാണ് കേരളം ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്.

2025 ആകുമ്പോഴേക്കും 25 വയസ്സിന് താഴെയുള്ളവരില്‍ അക്യൂട്ട് റുമാറ്റിക് ഫീവര്‍ (ARF) കേസുകളില്‍ 25 ശതമാനം കുറവ് വരുത്തുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കേരളം ഈ ലക്ഷ്യം മറികടന്നു. 2019 നും 2024 നും ഇടയില്‍ രോഗബാധയില്‍ 70 ശതമാനമാണ് കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ഉയര്‍ന്ന മനുഷ്യ വികസന സൂചികയാണ് ഈ ശ്രദ്ധേയമായ കുറവിന് കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. റുമാറ്റിക് ഫീവര്‍ നിയന്ത്രിക്കുന്നതിലും RHD ( റുമാറ്റിക് ഹാര്‍ട്ട് ഡിസീസ്) കേസുകള്‍ കുറയ്ക്കുന്നതിലും കേരളം രാജ്യത്തിന് മാതൃക സൃഷ്ടിച്ചു. ഇപ്പോള്‍ നമ്മള്‍ രോഗ നിര്‍മാര്‍ജനത്തിന്റെ കൊടുമുടിയിലാണ്. കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം മുന്‍ പ്രൊഫസറും, റുമാറ്റിക് ഹാര്‍ട്ട് ക്ലബ് കേരള സ്ഥാപകനുമായ ഡോ. എസ് അബ്ദുള്‍ ഖാദിര്‍ പറഞ്ഞു.

1997 മുതല്‍ RF, RHD എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഒരു NGO ആണ് റുമാറ്റിക് ഹാര്‍ട്ട് ക്ലബ് കേരള. പോളിയോ നിര്‍മാര്‍ജനം ചെയ്തതു പോലെ, നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും വഴി റുമാറ്റിക് ഫീവര്‍ ഇല്ലാതാക്കുന്നതില്‍ RHCK ശ്രദ്ധ കേന്ദ്രീകരിക്കുന്നു. RF ഏറ്റവും സാധാരണയായി 5 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയ മൂലമാണ് രോഗബാധയുണ്ടാകുന്നതെന്ന് SAT ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി എസ് പറഞ്ഞു.

കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍, ഇത് RHD-യിലേക്ക് നയിച്ചേക്കാം. ഇത് പലപ്പോഴും കുടുംബങ്ങളെ അനാഥരാക്കുകയോ ഇരകളെ ജീവിതകാലം മുഴുവന്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇരയാക്കുകയോ ചെയ്യും. ഡോ. ലക്ഷ്മി പറഞ്ഞു. കേസുകള്‍ നേരത്തെ തിരിച്ചറിയുന്നതിനും, റുമാറ്റിക് ഫീവര്‍ തടയുന്നതിനുമായി അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ കേന്ദ്രീകരിച്ച് സ്‌ക്രീനിംഗ് ആരംഭിക്കാനുള്ള ആര്‍എച്ച്‌സികെയുടെ നിര്‍ദ്ദേശത്തോട് മന്ത്രി വി ശിവന്‍കുട്ടി ക്രിയാത്മകമായി പ്രതികരിച്ചെന്നും ഡോ. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി, 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം; അന്വേഷണം

കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി, 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം; അന്വേഷണം

പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് നിന്ന് കാണാതായ 17 കാരിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. രണ്ട് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. വെണ്ണിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാ റാമിന്റെ മകള്‍ റോഷ്‌നി റാവത്തിനെ വ്യാഴാഴ്ച രാവിലെ പത്തുമണി മുതലാണ് കാണാതായത്.

കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷര്‍ട്ട് ആണ് ധരിച്ചിരുന്നത്. പെണ്‍കുട്ടിയെ കുറച്ചു വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പൊലീസുമായോ കോയിപ്രം പൊലീസുമായോ ബന്ധപ്പെടണമെന്നാണ് പൊലീസ് അറിയിച്ചിട്ടുണ്ട്. കോയിപ്രം പൊലീസ്:+919497947146. വെണ്ണിക്കുളത്തെ മില്ലിലെ തൊഴിലാളിയാണ് ഗംഗാ റാം.

പ്ലസ്ടു പരീക്ഷാ ഫലം കാത്തിരിക്കുകയാണ് കുട്ടി. ഹിന്ദി,ഇംഗ്ലീഷ്,മലയാളം ഭാഷകള്‍ സംസാരിക്കും. തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിന്‍ കയറിപ്പോയെന്ന് സ്ഥിരീകരിക്കാനാകാത്ത റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടിയെ കാണുന്നവര്‍ വിവരം അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

വയനാട് പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു

വയനാട് പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു. എസ്‌റ്റേറ്റ് ഭൂമിയില്‍ ജില്ലാ കലക്ടര്‍ നോട്ടീസ് പതിച്ചു. 64.4705 ഹെക്ടര്‍ ഭൂമിയാണ് ദുരന്തനിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്.

ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കലക്ടറുടെ നടപടി. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ തുടങ്ങുമെന്ന് കലക്ടര്‍ സൂചിപ്പിച്ചു.

എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്നുണ്ടായത് സര്‍ക്കാരിന് ആശ്വാസമായ വിധിയാണ്. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഉടന്‍ തന്നെ ശിലാഫലകം സ്ഥാപിക്കുമെന്നും മന്ത്രി അഭിപ്രായപ്പെടട്ടിരുന്നു.