by Midhun HP News | Apr 12, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി വ്യക്തത തേടും. അതിനായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. തുടർന്ന് കേസിൽ വിധി പറയാനായി മാറ്റും.
ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിന് ഇരയായത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.
by Midhun HP News | Apr 11, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം എരുമേലിയില്‍ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
by Midhun HP News | Apr 11, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നേരത്തെ മുന്ന് ജില്ലകളില്‍ മാത്രമായിരുന്നു യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 8.30 മുതല്‍ നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Apr 11, 2025 | Latest News, കേരളം
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ. 26ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് റെസ്റ്റോറന്റിൽ നിന്നു കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
16പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്.സംഭവത്തിനു പിന്നാലെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം കട അടച്ചുപൂട്ടി.
by Midhun HP News | Apr 11, 2025 | Latest News, കേരളം
തൃശൂര്‍: മാളയ്ക്ക് സമീപം കുഴൂരില്‍ പ്രകൃതി വിരുദ്ധ ബന്ധത്തിന് എതിര്‍ത്തതിനെ തുടര്‍ന്ന് ആറു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ്. കുട്ടിക്കാലത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് പ്രതി ബോസ്റ്റല്‍ സ്‌കൂളില്‍ കിടന്നിട്ടുണ്ടെന്ന് റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുമായുള്ള പ്രകൃതി വിരുദ്ധ ബന്ധത്തിന് കുട്ടി എതിര്‍ത്തു. ഇക്കാര്യം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടാണ് പ്രതി കൊലപാതകം നടത്തിയതെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.
‘കുട്ടിയുടെ വീടിന്റെ അടുത്താണ് സംഭവം നടന്നത്. പ്രതി കസ്റ്റഡിയിലുണ്ട്. 22 വയസുള്ള ആളാണ്. ഇയാളുടെ വീടും തൊട്ടടുത്താണ്. കുട്ടികള്‍ എല്ലാം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഈ കുട്ടിയെ വിളിച്ച് ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ഇയാള്‍ കൂട്ടിക്കൊണ്ടുപോയി. കുട്ടിയോട് മോശമായി പെരുമാറി. കുട്ടി എതിര്‍ത്തു. അമ്മയോട് പറയുമെന്ന് പറഞ്ഞു. എന്നാല്‍ ആയിക്കോട്ടെ എന്ന് പറഞ്ഞ് കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ബലമായിട്ട് കുളത്തിലിട്ടാണ് കുട്ടിയെ പ്രതി കൊന്നത്.’- റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.
‘സംഭവം നടന്ന് അഞ്ചുമിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി. ഇയാളും തിരച്ചിലിന് ഉണ്ടായിരുന്നു. മൃതദേഹം കിട്ടിയ ഭാഗത്തല്ല ഇയാള്‍ തിരച്ചില്‍ നടത്തിയത്. പ്രദേശം വിശാലമായ പാടമാണ്. ഇയാള്‍ മറ്റുള്ളവരെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടത്തിയത്. പൊലീസിനെയും മറ്റുള്ളവരെയും വഴിതെറ്റിച്ച് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ ഞങ്ങള്‍ക്ക് അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു. ഇയാളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. ഒടുവില്‍ ഒരു സിസിടിവി ദൃശ്യം ലഭിച്ചു. കുട്ടിയും ഇയാളും നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്തു. തുടക്കത്തില്‍ ഇയാള്‍ കുറ്റഃസമ്മതം നടത്തിയില്ല. കുട്ടി എന്റെ കൂടെ ഉണ്ടായിരുന്നു എന്ന കാര്യം സമ്മതിച്ചെങ്കിലും കുട്ടി പിന്നീട് പോയി എന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കുട്ടിക്കാലത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് ഇയാള്‍ ബോസ്റ്റല്‍ സ്‌കൂളില്‍ കിടന്നിട്ടുണ്ട്.’- റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം വൈകീട്ട് 6.45 മുതലാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അയല്‍വാസി കൂടിയായ ജോജോ പിടിയിലായത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുട്ടി കുളത്തിലുള്ളതായി ഇയാള്‍ സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലാണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
by Midhun HP News | Apr 11, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ നഗരത്തിനടുത്തെ അഴിക്കോട് മീന്‍ കുന്നില്‍ ആണ് സംഭവം. മീന്‍കുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിന്‍ ഹൗസില്‍ ഭാമ (45) മക്കളായ ശിവനന്ദ് (15) അശ്വന്ത് (10) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എഎസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Recent Comments