കാണാതായ പെണ്‍കുട്ടി’ക്കൊപ്പം കസ്റ്റഡിയിലെടുത്തു; 18 കാരന്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാണാതായ പെണ്‍കുട്ടി’ക്കൊപ്പം കസ്റ്റഡിയിലെടുത്തു; 18 കാരന്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കല്‍പറ്റ: പെണ്‍കുട്ടിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് തൂങ്ങി മരിച്ചത്. സ്റ്റേഷനിലെ ശുചിമുറിയില്‍ ഷര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏതാനും ദിവസം മുന്‍പ് മുട്ടില്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന ഗോകുലിനേയും കണ്ടെത്തി.

തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്ത് കല്‍പ്പറ്റയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ പൊലീസ് വീട്ടുകാര്‍ക്കൊപ്പം വിട്ടു. ഗോകുലിനെ പൊലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയിരുന്നു. ശുചിമുറിയില്‍ പോയ ഗോകുലിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പൊലീസുകാര്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ്യമായി 68,000 കടന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ്യമായി 68,000 കടന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

കെസിബിസിക്ക് ഒപ്പം നില്‍ക്കണോ മുന്നണിക്ക് ഒപ്പമോ; വഖഫ് ബില്ലില്‍ തീരുമാനമെടുക്കാനാകാതെ കേരള കോണ്‍ഗ്രസുകള്‍

കെസിബിസിക്ക് ഒപ്പം നില്‍ക്കണോ മുന്നണിക്ക് ഒപ്പമോ; വഖഫ് ബില്ലില്‍ തീരുമാനമെടുക്കാനാകാതെ കേരള കോണ്‍ഗ്രസുകള്‍

കോട്ടയം: ദേശീയ തലത്തില്‍ ഇതിനോടകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെട്ടിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിടുമോ? തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുന്നത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ബില്ലിനെ എതിര്‍ക്കുമെന്ന് ഇതിനോടകം വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, വഖഫ് ബില്ലിനെ പിന്തുണയ്ച്ച് കൊണ്ട് സംസ്ഥാനത്തെ ചില ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ മധ്യ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി വിഷയം മാറ്റിയെഴുതിയേക്കും എന്ന നിലയിലാണ് ചര്‍ച്ചകള്‍.

വഖഫ് (ഭേദഗതി) ബില്ലില്‍ കേരള കത്തോലിക്കാ ബിഷപ്പ് കൗണ്‍സില്‍ സ്വീകരിച്ച നിലപാടാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്നത്. വഖഫ് (ഭേദഗതി) ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്യണമെന്ന് കെസിബിസി പരസ്യമായി കേരളത്തില്‍ നിന്നുള്ള എംപിമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ നിലപാട് യുഡിഎഫിന്റെ ഭാഗമായ പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ് എമ്മിനെയും നേരിട്ട് പ്രതിസന്ധിയിലാക്കുന്നതാണ്.

ഒന്നുകില്‍ മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുക, അല്ലെങ്കില്‍ സഭയുടെ നിലപാടിന് ഒപ്പം. തെരഞ്ഞെടുപ്പ് കാലം മുന്നിലുള്ളപ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന നിര്‍ണായകമായ ഒരു വിഷയത്തില്‍ തീരുമാനം എടുക്കാനാകാത്ത അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍. സഭ മുന്നോട്ട് വയ്ക്കുന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുന്നത് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല എന്നതിനാല്‍ കെസിബിസിയുടെ ആഹ്വാനത്തില്‍ ഈ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാട് ഏറെ പ്രധാനമാണ്.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണം എന്ന കെസിബിസിയുടെ ആഹ്വാനം ഇതിനോടകം ബിജെപി നേതാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ കെസിബിസിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്നാല്‍ വിഷയത്തില്‍ വ്യക്തമായ ഒരു പ്രതികരണത്തിന് കേരള കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

വഖഫ് ബില്ലിന്റെ പൂര്‍ണചിത്രം വ്യക്തമായ ശേഷം മാത്രമാണ് പ്രതികരണം എന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയുടെ നിലപാട്.

സമാനമായ നിലപാടായിരുന്നു വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടയം എംപിയും കേരള കോണ്‍ഗ്രസ് (ജോസഫ്) ഡെപ്യൂട്ടി ചെയര്‍മാനുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ് സ്വീകരിച്ചതും. ബില്‍ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയുടെ (ജെ.പി.സി) ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പുതിയ ബില്ലിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അഭിപ്രായം പങ്കുവെക്കും. യു.ഡി.എഫും ഇന്ത്യാ ബ്ലോക്കും ഉചിതമായ തീരുമാനം എടുക്കും,’ അദ്ദേഹം പറഞ്ഞു.

മുന്നണിയും കെസിബിസിയും വിരുദ്ധ നിലപാടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ തീരുമാനം കൈക്കൊള്ളുക ബുദ്ധമുട്ടുള്ള കാര്യമാണെന്നാണ് പല നേതാക്കളും നല്‍കുന്ന പ്രതികരണം. കെ.സി.ബി.സിയുടെ നിലപാടിനോട് കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൂര്‍ണമായ എതിര്‍പ്പില്ല. എന്നാല്‍ ഉള്‍പ്പെടുന്ന മുന്നണികളുടെ നിലപാടിന് വിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കുക എന്നത് വെല്ലുവിളിയാണ്. ‘ സാഹചര്യം ഏറെ വെല്ലുവിളി നിറഞ്ഞതാണ്, ഞങ്ങള്‍ ഒരു തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഉടന്‍ യോഗം വിളിക്കും,’ കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് മീഡിയയോട് പ്രതികരിച്ചു.

കെ.സി.ബി.സിയുടെ നിലപാടിന് വിരുദ്ധമായ ഒരു നിലപാട് യുഡിഎഫ് സ്വീകരിക്കില്ലെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിനുള്ളത്. മറിച്ചൊരു നിലപാട് ഏടുത്താന്‍ മധ്യ തിരുവിതാംകൂര്‍ പോലുള്ള ക്രിസ്ത്യന്‍ ആധിപത്യ പ്രദേശങ്ങളില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടേക്കാം എന്നും ഇവര്‍ വിലയിരുത്തുന്നു.

വഖഫ് ബില്ലിനെ അനുകൂലിക്കാനുള്ള കെസിബിസിയുടെ ആഹ്വാനത്തിന്റെ പ്രധാന കാരണം മുനമ്പം ഭൂമി തര്‍ക്കമാണെന്നാണ് കേരള കോണ്‍ഗ്രസ് (എം) വിലയിരുത്തുന്നത്. മുനമ്പം വിഷയത്തില്‍ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.

‘മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി ബില്ലില്‍ ഭേദഗതി കൊണ്ടുവരാന്‍ നിയമപരമായ സാധ്യത പരിശോധിക്കും, ബില്ലിന് മുന്‍കാല പ്രാബല്യമില്ല. നിലവിലെ നിയമത്തില്‍ ജനാധിപത്യവിരുദ്ധ വശങ്ങള്‍ വ്യക്തമായാല്‍ നിയമനിര്‍മ്മാണത്തെ ഞങ്ങള്‍ പിന്തുണയ്ക്കും,’ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നത നേതാവ് പറഞ്ഞു.

അതേസമയം, പ്രകൃതി-റബ്ബര്‍ വിലയിടിവ്, മനുഷ്യ-വന്യജീവി സംഘര്‍ഷം, ബഫര്‍-സോണ്‍ പ്രശ്‌നം, മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നിവയുള്‍പ്പെടെ സഭ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സമീപിക്കാമെന്ന് പ്രതീക്ഷയും കേരള കോണ്‍ഗ്രസ് എമ്മിനുണ്ട്.

ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ശാരീരിക ബന്ധത്തിനു താത്പര്യമില്ല; യുവതിക്ക് വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി

ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ശാരീരിക ബന്ധത്തിനു താത്പര്യമില്ല; യുവതിക്ക് വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കുടുംബജീവിതത്തോടുള്ള ഭര്‍ത്താവിന്റെ താല്‍പ്പര്യമില്ലായ്മയും ഭാര്യയോടുള്ള അടുപ്പമില്ലായ്മയും ദാമ്പത്യ കടമകള്‍ നിറവേറ്റുന്നതില്‍ ഭര്‍ത്താവ് പരാജയമാണെന്ന് വിലയിരുത്താം എന്ന് കേരള ഹൈക്കോടതി. ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിനും കുടുംബജീവിതത്തോടും താത്പര്യമില്ലെന്നും ആത്മീയ വിഷയങ്ങളും ക്ഷേത്ര സന്ദര്‍ശനങ്ങളുമാണ് ഇഷ്ടമെന്നും ആരോപിച്ചുള്ള യുവതിയുടെ പരാതിയില്‍ വിവാഹ മോചനം ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

വിവാഹം പങ്കാളിയുടെ വ്യക്തിഗതമായ വിശ്വാസങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള അധികാരമല്ല. ആത്മീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇതുപരിഗണിക്കണം. ആത്മീയകാര്യങ്ങളില്‍ ഉള്‍പ്പെടെ സ്വന്തം താത്പര്യങ്ങള്‍ പങ്കാളിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ഇത് അവരോട് ചെയ്യുന്ന ക്രൂരതയാണ്. ഇത്തരം നടപടികള്‍ വൈകാരിക പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കും. അതേസമയം, കുടുംബ ബന്ധത്തില്‍ താല്‍പര്യമില്ലാത്ത ഭര്‍ത്താവ് വൈവാഹിക ബന്ധത്തിലെ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നതില്‍ പരാജയമാണ്. കോടതി ചൂണ്ടിക്കാട്ടി.

തന്റെ ഭര്‍ത്താവ് അന്ധവിശ്വാസിയാണെന്നും ലൈംഗിക ബന്ധത്തിനും കുട്ടികള്‍ ഉണ്ടാകുന്നതിനും താല്‍പ്പര്യമില്ലെന്നും ആരോപിച്ച് വിവാഹമോചനം തേടിയാണ് യുവതി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ മനോഭാവം കടുത്ത മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയെന്നും തന്നെ തനിച്ചാക്കി തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നുമായിരുന്നു ആയുര്‍വേദ ഡോക്ടര്‍ കൂടിയായ യുവതിയുടെ ആരോപണം. തന്നെ ഉപരിപഠനത്തിന് അനുവദിച്ചില്ല അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആക്ഷേപങ്ങളും യുവതി ഉന്നയിച്ചിരുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച ഭര്‍ത്താവ്, താന്‍ അന്ധവിശ്വാസിയല്ലെന്നും ഭാര്യയെ പീഡിപ്പിച്ചട്ടില്ലെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര സ്‌നേഹം, വിശ്വാസം, കരുതല്‍ എന്നിവ നഷ്ടപ്പെട്ടുവെന്നും വിവാഹം ബന്ധം വീണ്ടെടുക്കാനാവാത്തവിധം തകര്‍ന്നുവെന്നും നിരീക്ഷിച്ച കോടതി വിവാഹമോചനം അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവും കോടതി ശരിവെയ്ക്കുകയായിരുന്നു.

കഞ്ചാവ് കേസിലെ പ്രതി അറസ്റ്റു ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു

കഞ്ചാവ് കേസിലെ പ്രതി അറസ്റ്റു ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു

കാസർകോട് : കഞ്ചാവ് കേസിലെ പ്രതി, അറസ്റ്റു ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു. കുമ്പള ബംബ്രാണിയിലെ അബ്ദുൾ ബാസിത് ആണ് അക്രമിച്ചത്. കാസർകോട് നാർക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരായ കെ പ്രജിത്, കെ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ബാസിത് 100 കിലോ കഞ്ചാവ് കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ അബ്ദുൾ ബാസിത് ഇരുമ്പ് വടി കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കി.

ഉത്തരക്കടലാസുകള്‍ കാണാതായി: കേരള സര്‍വകലാശാല വിസി വിളിച്ച യോഗം ഇന്ന്

ഉത്തരക്കടലാസുകള്‍ കാണാതായി: കേരള സര്‍വകലാശാല വിസി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വൈസ് ചാന്‍സലര്‍ വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 10.30 നാണ് യോഗം. പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും.

ഉത്തരക്കടലാസ് നഷ്ടമായ വിവരം നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതിലും മൂല്യനിര്‍ണയം വൈകിയതിലും വീഴ്ചയുണ്ടായോ എന്ന് യോഗം പരിശോധിക്കും. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ പാലക്കാട്ടെ അധ്യാപകനെതിരായ നടപടിയിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. 2022-24 ഫിനാന്‍സ് സ്ട്രീം എംബിഎ ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ബൈക്ക് യാത്രയ്ക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി എന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. വിദ്യാര്‍ത്ഥികളോട് പുനഃപരീക്ഷയ്ക്ക് ഹാജരാകാന്‍ സര്‍വകലാശാല നിര്‍ദേശിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.