കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: മുഖ്യപ്രതി പങ്കജ് മേനോന്‍ പിടിയില്‍

കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: മുഖ്യപ്രതി പങ്കജ് മേനോന്‍ പിടിയില്‍

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോനെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. മറ്റൊരു പ്രതിയായ അലുവ അതുല്‍ ഇപ്പോഴും ഒളിവിലാണ്.

സന്തോഷിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ക്വട്ടേഷന്‍ നല്‍കുകയും ചെയ്തത് പങ്കജ് മേനോന്‍ ആണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പങ്കജ് മേനോനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

കരുനാഗപ്പള്ളിയിലെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുമായി പങ്കജ് മേനോന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പങ്കജ് മേനോനെ സംരക്ഷിച്ചത് ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ ആണെന്ന് മറുവിഭാഗം ആരോപിച്ചു. ഇതിന് പിന്നാലെയാണ് പങ്കജ് മേനോന്റെ അറസ്റ്റ്.

പങ്കജ് ആണ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് പൊലീസിന്റെ അനുമാനം. അലുവ അതുല്‍ എന്നയാളാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.

സന്തോഷിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ കൊലയാണെന്ന രീതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 2024 നവംബറില്‍ പങ്കജിനെ ആക്രമിച്ച കേസില്‍ സന്തോഷ് ജയിലിലായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സന്തോഷിന് ഭീഷണി ഉണ്ടായിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

പത്തു കോടി രൂപയുടെ ഭാഗ്യശാലിയെ ഇന്നറിയാം; സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

പത്തു കോടി രൂപയുടെ ഭാഗ്യശാലിയെ ഇന്നറിയാം; സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: പത്തു കോടി രൂപ ഒന്നാം സമ്മാനമായുള്ള സംസ്ഥാന സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (ബുധനാഴ്ച) പകല്‍ രണ്ടിന്. 250 രൂപയുടെ ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ പാലക്കാടാണ്. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.

50 ലക്ഷം രൂപ രണ്ടാം സമ്മാനമായുള്ള ബമ്പറിന് 500 രൂപയില്‍ വരെ അവസാനിക്കുന്ന ആകര്‍ഷകമായ സമ്മാന ഘടനയാണുള്ളത്. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നല്‍കുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

‘പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകും?’; ദിലീപിനോട് ഹൈക്കോടതി

‘പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകും?’; ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസിലെ പ്രതിയായ നടന്‍ ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുക എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

2017-ല്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഈ കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതയും, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായ ഗൂഢാലോചനയും, വെളിച്ചത്തു കൊണ്ടു വരാന്‍, നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സിബിഐ കേസ് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു ദിലീപിന്റെ വാദം.

2017 ഏപ്രില്‍ 17-ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, ലൈംഗികാതിക്രമം പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല. ഇതു കണ്ടെത്തുന്നതിനായി അന്വേഷണം തുടരണമായിരുന്നുവെന്നും ദിലീപ് വാദിച്ചു.

‘നിങ്ങള്‍ ഈ റിട്ട് ഹര്‍ജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നു’ എന്ന് ഡിവിഷന്‍ ബെഞ്ച് ദിലീപിനോട് പറഞ്ഞു. വിചാരണ പൂര്‍ത്തിയായെന്നും പ്രോസിക്യൂഷന്റെ വാദങ്ങള്‍ അവസാനിച്ചുവെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. വര്‍ഷങ്ങളായി കേസ് ആവര്‍ത്തിച്ച് മാറ്റിവയ്ക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി, അന്തിമ വാദം കേള്‍ക്കലിനായി കേസ് ഏപ്രില്‍ 7 ലേക്ക് മാറ്റിവച്ചു.

തുടര്‍ച്ചയായി 18 ദിവസം ദര്‍ശനം; ശബരിമല ഉത്സവം കൊടിയേറ്റ് ഇന്ന്

തുടര്‍ച്ചയായി 18 ദിവസം ദര്‍ശനം; ശബരിമല ഉത്സവം കൊടിയേറ്റ് ഇന്ന്

പത്തനംതിട്ട: പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു- മേട മാസപൂജകള്‍ക്കുമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് ശബരിമല നടതുറന്നു. ഉത്സവത്തിന് ഇന്ന് രാവിലെ 9.45നും 10.45നും മധ്യേ കൊടിയേറും. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും.

3 മുതല്‍ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകീട്ട് ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉത്സവമായ 6 മുതല്‍ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്. 10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പു പൂര്‍ത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ടയ്ക്കു ശേഷം മടങ്ങി എത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണു ദേവന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച് 11ന് ഉച്ചയ്ക്ക് പമ്പയില്‍ ആറാട്ട് നടക്കും.

ഇത്തവണത്തെ വിഷുക്കണി ദര്‍ശനം 14ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ്. മണ്ഡല മകരവിളക്കു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് വിഷുവിനാണ്. ഇത്തവണ 10 ദിവസത്തെ ഉത്സവവും വിഷുവും ഒരുമിച്ചു വന്നതിനാല്‍ 18 വരെ ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ട്. വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനം. പമ്പയില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉത്സവത്തിനുള്ള കൊടിക്കൂറ, കയര്‍ എന്നിവയുമായി കൊല്ലം ശക്തികുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട ഘോഷയാത്ര സന്നിധാനത്ത് എത്തി. പതിനെട്ടാംപടി കയറി ശ്രീകോവിലിനു വലംവച്ചു കൊടിക്കൂറ ദേവനു സമര്‍പ്പിച്ചു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്.

ചൊവ്വ: എറണാകുളം, പാലക്കാട്, വയനാട്

ബുധന്‍ : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്

വ്യാഴം : പാലക്കാട്, മലപ്പുറം, വയനാട്

വെളളി : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എംപുരാന്‍ പ്രദര്‍ശനം തടയണം; ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി

കൊച്ചി: വിവാദങ്ങള്‍ക്കിടെ എംപുരാന്‍ സിനിമക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി വി വിജീഷ് ആണ് കോടതിയെ സമീപിച്ചത്. സിനിമ രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ടീം എംപുരാന്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. പ്രതിരോധമന്ത്രാലയത്തിന്റേയും കേന്ദ്ര ഏജന്‍സികളുടേയും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളും പരാമര്‍ശങ്ങളും സിനിമയിലുണ്ട്.

​ഗുജറാത്ത് കലാപവും അനാവശ്യമായി സിനിമയില്‍ ഉള്‍പ്പെടുത്തി. ഇത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നതാണ്. സിനിമക്കെതിരെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് അടക്കം പരാതി നല്‍കിയിരുന്നു എന്നാല്‍ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ കോടതി ഇടപെട്ട് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കണമെന്ന് ബിജെപി നേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സിനിമയില്‍ മതവിദ്വേഷ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഡിജിപി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിന് ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പൃഥ്വിരാജ് തുടര്‍ച്ചയായി തന്റെ സിനിമകളിലൂടെ കേന്ദ്രസര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ബിജെപി നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു.