by Midhun HP News | Mar 28, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണ സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചു. നവംബര്‍ മുതല്‍ നാല് മാസമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിളെ പ്രതികള്‍ തുടര്‍ച്ചയായി ആക്രമിച്ചത്. ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
റാഗിങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ അന്വേഷണ സംഘം പറയുന്നു. ആതുര സേവനത്തിന് മാതൃകയാകേണ്ടവര്‍ ചെയ്തത് കൊടിയ പീഡനമാണ്. പ്രതികളായ വിദ്യാര്‍ത്ഥികളുടെ കൈവശം മാരക ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ്. ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവാണ്. പ്രതികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് റാഗിങിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. റാഗിംഗ് സംബന്ധിച്ചുള്ള വിവരം കോളജ് അധികൃതര്‍ക്കോ ഹോസ്റ്റല്‍ ചുമതലക്കാര്‍ക്കോ അറിയില്ലായിരുന്നു. റാഗിങ്് കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. കേസിലെ അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ചതാണ്. പ്രതികള്‍ ആന്റി റാഗിങിന് കോളജില്‍ നല്‍കിയ സത്യവാങ്മൂലം തെളിവാകും.
by Midhun HP News | Mar 28, 2025 | Latest News, കേരളം
കൊല്ലം: കരുനാഗപ്പള്ളിയിലെ സന്തോഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമെന്ന് സൂചന. ആലപ്പുഴ വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. വള്ളികുന്നം സ്വദേശി ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശിയായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘമാണ് വീട്ടില്‍ കയറി ആക്രമിച്ചത്. കൊലയ്ക്ക് കാരണം രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. സന്തോഷിനെ കൊലപ്പെടുത്താന്‍ ഇതിന് മുന്‍പും ശ്രമം നടന്നതായി സന്തോഷിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വള്ളികുന്നം സ്വദേശിയിലേക്ക് അന്വേഷണം നീണ്ടത്.
by Midhun HP News | Mar 28, 2025 | Latest News, കേരളം
തിരുവനന്തപുരം: ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം അഞ്ചുശതമാനവുമാണ് വര്‍ധിക്കുക. സര്‍ചാര്‍ജ് ആയ ഏഴുപൈസ കൂടി വരുന്നതോടെ ഫലത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന യൂണിറ്റിന് 19 പൈസയായി ഉയരും. വെള്ളക്കരം പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ കൂടാം.
ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ച നിരക്കാണ് യൂണിറ്റിന് 12 പൈസ. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും ഫിക്‌സഡ് നിരക്ക് പ്രതിമാസം പത്തുരൂപയുമാണ് കൂടുന്നത്. ഇതിനുപുറമെയാണ് യൂണിറ്റിന് ഏഴുപൈസയുടെ സര്‍ചാര്‍ജ് കൂടി വരുന്നത്.
പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ഇന്ധന സര്‍ചാര്‍ജ് കൂടി കൂട്ടിയാല്‍ 39 രൂപയാകും. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂണിറ്റിന് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടത്. ഇരുപത്തഞ്ചു പൈസവരെയാണ് വര്‍ധന. നിരക്ക് വര്‍ധനയിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമാണ് വെള്ളക്കരത്തില്‍ അഞ്ചുശതമാനം വര്‍ധന വരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇത് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഇത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവൊന്നും വന്നിട്ടില്ല എന്നാണ് വിവരം. അതിനാല്‍ നിരക്ക് വര്‍ധിക്കുമെന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വില കൂടാം.
by Midhun HP News | Mar 28, 2025 | Latest News, കേരളം
കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴല്‍നാടന്‍ എം എല്‍ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജി. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎം ആര്‍ എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് വാദം. ഹര്‍ജിയില്‍ മാസങ്ങള്‍ക്കുമുമ്പ് വാദം പൂര്‍ത്തിയാക്കിയിരുന്നു.
by Midhun HP News | Mar 28, 2025 | Latest News, കേരളം
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി സെപ്റ്റംബറോടെ ആലപ്പുഴ ജില്ലയെ ദാരിദ്ര്യമുക്തമാക്കുമെന്നു കൃഷി മന്ത്രി പി പ്രസാദ്. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ജില്ലയിലെ അതിദാരിദ്ര്യ നിർമാർജനത്തിനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഭൂരഹിതർക്കും ഭവനരഹിതർക്കും വേണ്ടിയുള്ള വീടുകൾ സെപ്റ്റംബറോടെ പൂർത്തീകരിക്കാൻ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഭവനരഹിതർക്കുള്ള വീടുകളുടെ നിർമാണം മെയ് മാസത്തോടെ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. അതേസമയം വീട് നവീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 15 നകം പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിൽ പദ്ധതിയുടെ 90.78% ഇതിനകം പൂർത്തിയായതായി ദാരിദ്ര്യ നിർമാർജന വകുപ്പ് അറിയിച്ചു. 2021 ൽ ആരംഭിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതി ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നിവയിലെ പോരായ്മകൾ പരിഹരിച്ച് സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴയിൽ ഏറ്റവും ദരിദ്രരായ 3,613 കുടുംബങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മിക്കവർക്കും ഇതിനകം സേവനങ്ങൾ നൽകി. 333 കുടുംബങ്ങൾക്ക് മാത്രമാണ് ഇനി സഹായങ്ങൾ ലഭിക്കാനുള്ളത്. തിരിച്ചറിഞ്ഞ എല്ലാ കുടുംബങ്ങൾക്കും ഭക്ഷണം, ആരോഗ്യം, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പൂർണമായും പരിഹരിച്ചു. കൂടാതെ, ആവശ്യമുള്ള 208 പേർക്ക് വാടക വീട് ഒരുക്കി നൽകിയിട്ടുണ്ട്.
മൊത്തം 466 കുടുംബങ്ങൾക്ക് വീട് പുതുക്കിപ്പണിയേണ്ടതുണ്ട്. 39 കുടുംബങ്ങളുടെ കാര്യത്തിലാണ് ഇനി നടപടി ആവശ്യമുള്ളത്. ശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് ഭൂമിയും വീടും നൽകുന്ന പ്രക്രിയ അവസാന ഘട്ടത്തിലാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
by Midhun HP News | Mar 28, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്. നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് കൂടിയത്. 8340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
20ന് 66,480 രൂപയായി ഉയര്‍ന്നതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
Recent Comments