കാസര്‍ക്കോട് വനംവകുപ്പിന്റെ കൂട്ടില്‍ വീണ്ടും പുലി കുടങ്ങി

കാസര്‍ക്കോട് വനംവകുപ്പിന്റെ കൂട്ടില്‍ വീണ്ടും പുലി കുടങ്ങി

കാസര്‍ക്കോട്: കാസര്‍ക്കോട് ബേഡടുക്ക പഞ്ചായത്തിലെ കൊളത്തൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിട്ടു വോട്ടെ എ ജനാര്‍ദനന്റെ റബ്ബര്‍ തോട്ടത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ നാട്ടുകാര്‍ പുലിയെ കണ്ടെത്തിയത്.

കുറച്ചു മാസമായി പുലി ഭീഷണിയേ തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്. അഞ്ചു വയസ്സുള്ള ആണ്‍പുലിയാണ് ഇന്നു കുടുങ്ങിയത്. പുലിയെ പള്ളത്തുങ്കാലിലെ ഫോറസ്റ്റ് ഓഫിസിലേക്കു മാറ്റി. ഫെബ്രുവരി 23ന് നെടുവോട്ട് സ്ഥാപിച്ച കൂട്ടില്‍ പെണ്‍പുലി കുടുങ്ങിയിരുന്നു.

‘ വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത്’…മുന്നറിയിപ്പുമായി എംവിഡി

‘ വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത്’…മുന്നറിയിപ്പുമായി എംവിഡി

വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി. മധ്യവേനൽ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.

കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 -ൽ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ മരണപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനൈൽ ഡ്രൈവിങ്ങിനാണ്, എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്‍റെ ഗൗരവം ഇനിയും മനസിലായിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു.

ജുവനൈൽ ഡ്രൈവിംഗിന്‍റെ ശിക്ഷകൾ

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും. നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കിൽ ഇരുപത്തിയഞ്ച് വയസ് തികയുമ്പോൾ മാത്രമേ സാധ്യമാകുകയുള്ളൂ. 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കും.

പലരും സത്യം പറയുന്നില്ല, കേരളം ജനാധിപത്യ രാജ്യമല്ലാതാവുന്നു; വിമര്‍ശിച്ച് സച്ചിദാനന്ദന്‍

പലരും സത്യം പറയുന്നില്ല, കേരളം ജനാധിപത്യ രാജ്യമല്ലാതാവുന്നു; വിമര്‍ശിച്ച് സച്ചിദാനന്ദന്‍

തൃശൂര്‍: കേരളം ഒരു ജനാധിപത്യ രാജ്യമല്ലാതാവുന്നുവോ എന്ന ഉത്കണ്ഠ തനിക്കുണ്ടെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദന്‍. എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള വിഡിയോ സന്ദേശത്തിലാണ് സച്ചിദാനന്ദന്റെ വിമര്‍ശനം.

കേരളത്തിലെ അല്‍പ്പമെങ്കിലും ഹൃദയശാലിത്വമുള്ള എല്ലാ മനുഷ്യരും ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് അനുഭാവമുള്ളവരാണ്. അനുഭാവം പരസ്യമായി പ്രകടിപ്പിക്കാത്ത ആളുകള്‍ പോലും ഉള്ളില്‍ അവരോടൊപ്പമാണെന്ന് സംസാരിച്ചാല്‍ അറിയാനാവും. പലയാളുകളും പല കാരണങ്ങളാല്‍ സത്യങ്ങള്‍ പറയുന്നില്ല എന്നേയുള്ളൂ.

കേരളം ഒരു ജനാധിപത്യ രാജ്യമല്ലാതാവുന്നുവോ എന്ന ഉത്കണ്ഠ തനിക്കുണ്ടെന്ന് സച്ചിദാനന്ദന്‍ പറയുന്നു. ഇന്ത്യയെപ്പോലെ തന്നെയുള്ള അവസ്ഥ കേരളത്തിലും സംജാതമാവുന്നുണ്ടോ എന്നു സംശയിക്കണം. ഒരു സമരം നടക്കുമ്പോള്‍ അത് ആരു തന്നെ നടത്തിയാലും, അവരുടെ ആവശ്യങ്ങളില്‍ അല്‍പ്പമെങ്കിലും ന്യായമുണ്ടെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും കഴിയുന്ന രീതിയിലുള്ള ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയുമാണ് സ്വാഭാവിക ജനാധിപത്യ രീതി.

ഓണറേറിയം കൂട്ടിയത് കേരള സര്‍ക്കാരാണ് എന്ന് അവകാശപ്പെടുകയും ഇനി കൂട്ടേണ്ടത് കേന്ദ്രമാണ് എന്നു പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ഏതു സാധാരണക്കാരനും മനസ്സിലാവും. മറ്റു സംസ്ഥാനങ്ങളിലെ പ്രതിഫലവുമായി താരതമ്യപ്പെടുത്തുന്നതിന്റെ അര്‍ത്ഥശൂന്യതയും സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. കാരണം കേരളം യുപിയോ ബിഹാറോ ആവണമെന്ന് നാം ആഗ്രഹിക്കുന്നില്ല. യുപിയും ബിഹാറും പോലുള്ള അനേകം സംസ്ഥാനങ്ങളുടെ അവസ്ഥ പിന്നിട്ടാണ് നാം മുന്നേറിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കേരളം ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. കേരളത്തില്‍ ജീവിത നിലവാരം ഉയര്‍ന്നതാണ്, ജീവിതച്ചെലവും കൂടുതലാണ്. കൂലി മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താനാവാത്ത വിധം പത്തിരട്ടിയും ഇരുപത് ഇരട്ടിയും വരെ കൂടുതലാണ്. അത്തരമൊരു സംസ്ഥാനത്തെ തൊഴിലാളികള്‍ ചെറിയ ഓണറേറിയം വര്‍ധന ആവശ്യപ്പെടുമ്പോള്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്നതില്‍ വല്ലാത്ത അസംബന്ധമുണ്ട്.

നാം കേരളത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും ആയുര്‍ ദൈര്‍ഘ്യത്തെക്കുറിച്ചുമൊക്കെ അഭിമാനം കൊള്ളുവന്നവരാണ്. അതു ന്യായവുമാണ്. ഈ രീതിയിലുള്ള വളര്‍ച്ചയ്ക്കു വലിയ സംഭാവന നല്‍കിയവരാണ് ആശ വര്‍ക്കര്‍മാര്‍. അത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെന്ന് അറിയാത്ത ആരും ഇവിടെയുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ഓണറേറിയം നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. കേരളത്തില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം വലുതും മഹത്തുമാണ്. പലപ്പോഴും സമയനിഷ്ഠയൊന്നും നോക്കാതെ അവര്‍ക്കു സേവനം ചെയ്യേണ്ടി വരുന്നുണ്ട്. അവര്‍ സഹതാപമല്ല, ബഹുമാനവും പരിഗണനയുമാണ് അര്‍ഹിക്കുന്നത്. അവരെ അധിക്ഷേപിക്കുകയോ പരുഷമായ പുരുഷ ഭാഷയില്‍ ശകാരിക്കുകയോ ന്യൂനപക്ഷമാണെന്നു ചൂണ്ടിക്കാണിച്ച് അപഹസിക്കുകയോ ചെയ്യാതെ യഥാര്‍ഥമായ ചര്‍ച്ചയ്ക്കു ക്ഷണിക്കുകയാണ് വേണ്ടത്.

ഹിന്ദുക്കളാണ് ഭൂരിപക്ഷം, അതുകൊണ്ടു ഹിന്ദുക്കളുമായേ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്ന യുക്തി തന്നെയാണ് ഇവര്‍ ന്യൂനപക്ഷമാണ് എന്നു പറഞ്ഞു തള്ളുന്നതിലുമുള്ളത്. ന്യൂനപക്ഷത്തിന്റെ സമരമാണ് എന്നത് ഒരു ഇടതു പക്ഷ സര്‍ക്കാര്‍ ഒരിക്കലും പറയരുതാത്ത വാദമാണ്- സച്ചിദാനന്ദന്‍ പറഞ്ഞു.

സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്കു വിളിച്ച് സ്വന്തം സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തണം. ആശ വര്‍ക്കാര്‍മാര്‍ ആവശ്യപ്പെടുന്നത്ര കഴിയില്ലെങ്കിലും കഴിയുന്നത് അനുസരിച്ചുള്ള വര്‍ധനയെങ്കിലും അവര്‍ക്കു നല്‍കണമെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

‘പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി’; ഇന്നസെന്റിനെ ഓര്‍ത്ത് സത്യന്‍ അന്തിക്കാട്‌

‘പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി’; ഇന്നസെന്റിനെ ഓര്‍ത്ത് സത്യന്‍ അന്തിക്കാട്‌

മലയാളികളുടെ ചിരിയിടങ്ങളിൽ‌ എന്നും മായാതെ നിൽക്കുന്ന ഒരു പേരാണ് നടൻ ഇന്നസെന്റിന്റേത്. തമാശകളുടെ തമ്പുരാൻ വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. തനിനാടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളായിരുന്നു ഇന്നസെന്റിനെ മലയാളികളുടെ ഹൃദയത്തിലേക്ക് പെട്ടെന്ന് അടുപ്പിച്ചത്. സിനിമയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു പലപ്പോഴും മലയാളികൾക്ക് മതിമറന്നു ചിരിക്കാന്‍.

മാന്നാര്‍ മത്തായി സ്പീക്കിങിലെ മത്തായിച്ചന്‍, കല്യാണ രാമനിലെ പോഞ്ഞിക്കര, മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍ അങ്ങനെ അദ്ദേഹത്തിന്റെ എത്ര എത്ര കഥാപാത്രങ്ങളിലൂടെ മലയാളികൾ പൊട്ടിച്ചിരിച്ചു. എന്നാല്‍ കാബൂളിവാല പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം കണ്ണുനനയിക്കുകയും ചെയ്തു. എണ്ണം പറഞ്ഞ ചില വില്ലന്‍ കഥാപാത്രങ്ങളിലും ഇന്നസെന്റ് തിളങ്ങി.

പൊന്‍മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോന്‍ പോലുള്ള കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവ തന്നെ. 2023 മാര്‍ച്ച് 26 നാണ് മലയാള സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി ഇന്നസെന്റ് കടന്നു പോയത്.

ഇപ്പോഴിതാ ഇന്നസെന്റ് വിയോ​ഗത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. നടൻ ശ്രീനിവാസനുമായി ഏറെ നേരം കഴിഞ്ഞ ദിവസം ഇന്നസെന്റിനെ കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞാണ് സംവിധായകൻ കുറിപ്പ് തുടങ്ങുന്നത്.

“സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാ പ്രതിസന്ധികൾ തരണം ചെയ്യാൻ”- എന്നും സത്യൻ അന്തിക്കാട് കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.

സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാ പ്രതിസന്ധികൾ തരണം ചെയ്യാൻ. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു –

“ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?”. “അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി.”എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതിരാവിലെ ഫോൺ റിങ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്.

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും; യോഗ്യരായവരെ കണ്ടെത്താൻ സമിതി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും; യോഗ്യരായവരെ കണ്ടെത്താൻ സമിതി

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആകും സംസ്ഥാനതല സമിതിയുടെ ചെയർമാൻ.

സംസ്ഥാനതല സമിതി നിയമനം സംബന്ധിച്ച് അവലോകനം നടത്തും. യോഗ്യരായവരെ കണ്ടെത്തുക ജില്ലാതല സമിതികളായിരിക്കും. ജില്ലാതല സമിതികൾ ഉദ്യോഗർഥികളുടെ പട്ടിക തയ്യാറാക്കി നിയമനത്തിന് ശുപാർശ ചെയ്യും. കമ്മിറ്റി കണ്ടെത്തുന്നവരെ നിയമിക്കാൻ മാനേജർക്ക് ബാധ്യതയുണ്ട്. യോഗ്യരായ കിട്ടുന്നില്ലെന്ന് പറഞ്ഞു മാനേജ്മെന്റുകൾ നിയമനം വൈകിപ്പിച്ചിരുന്നു.

എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മറ്റ് അധ്യാപകരുടെ നിയമനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപക നിയമനം പ്രതിസന്ധിയിലായിരുന്നു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കാനും യോഗ്യരായവരെ കണ്ടെത്താനും ബുദ്ധിമുട്ടായിരുന്നുവെന്നാണ് മാനേജ്‌മെന്റ് സ്‌കൂളുകള്‍ പറയുന്നത്.

എന്‍എസ്എസ് അടക്കമുള്ള മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് അനുകൂലമായി ഉത്തരവ് പുറത്തിറക്കിയിരുന്നു. മൂന്ന് ശതമാനം സംവരണം മാറ്റിവെച്ച് മറ്റ് അധ്യാപക നിയമനം നടത്താന്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനം നടത്താന്‍ സംസ്ഥാനതലത്തില്‍ സമിതി രൂപീകരിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പൊന്നിന്റെ വില ദിവസംതോറും കൂടിക്കൂടി പോവുകയാണ്. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,560 രൂപയായി. ഒരു ഗ്രാമിന് 10 രൂപയാണ് കൂടിയത്. 8195 രൂപയാണ് ഒരു ഗ്രാമിന്റെ വില.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.