മിഠായി രൂപത്തില്‍ ലഹരിമരുന്നുമായി 3 തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

മിഠായി രൂപത്തില്‍ ലഹരിമരുന്നുമായി 3 തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

നെടുമങ്ങാട്ട് മിഠായി രൂപത്തില്‍ ലഹരിമരുന്നുമായി 3 തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. പ്രശാന്ത്, ഗണേഷ്, മാര്‍ഗ്ഗ എന്നിവരെയാണു പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്‌സ് ഹോസ്റ്റലിന്റെ വിലാസത്തില്‍ എത്തിയ പാഴ്‌സലില്‍നിന്നാണു കറുപ്പു നിറത്തിലുള്ള 105 ലഹരിമിഠായികള്‍ കണ്ടെത്തിയത്. ഈ പാഴ്‌സല്‍ വാങ്ങുന്നതിനിടെ ഇന്നലെ രാത്രി എട്ടു മണിയോടെയാണു പ്രതികളെ പിടിച്ചതെന്നു പൊലീസ് പറഞ്ഞു.

ടൈല്‍സ് ജോലി ചെയ്യുന്ന പ്രതികള്‍ ബോയ്‌സ് ഹോസ്റ്റലിനു സമീപം വാടകവീട്ടിലാണു താമസം. റൂറല്‍ എസ്പിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണു ലഹരിമിഠായി പിടിച്ചത്. ടെട്രാ ഹൈഡ്രോ കനാമിനോള്‍ എന്ന ലഹരിവസ്തുവാണു മിഠായിയില്‍ അടങ്ങിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ചരസ് മിഠായി, ഗഞ്ചാ ടോഫി എന്നെല്ലാമാണ് ഇതിന്റെ വിളിപ്പേര്.

സംസ്ഥാനത്തെ ലഹരിവ്യാപനത്തിന് എതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. സ്‌കൂളുകള്‍, കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചു വില്‍പനയ്‌ക്കെത്തിച്ചതാണു മിഠായികള്‍ എന്നാണു കരുതുന്നത്. ജില്ലയിലെ പാഴ്‌സല്‍ സര്‍വീസുകളും നിരീക്ഷണത്തിലാണ്.

ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

കോഴിക്കോട്: ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
മാതാവ്: പരേതയായ ജിജിന.
സഹോദരി: ദിയ.

ബെംഗളൂരുവിൽ നിന്ന് ഗുണ്ടകൾക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ

ബെംഗളൂരുവിൽ നിന്ന് ഗുണ്ടകൾക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ

ബെംഗളൂരുവിൽ നിന്നു തലസ്ഥാനത്തെ ഗുണ്ടകൾക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിന്റെ തലവനെയും ലഹരി കടത്തിന് സാമ്പത്തിക സഹായം നൽകിയ ഗുണ്ടയെയും പൊലീസ് പിടികൂടി. ബെംഗളൂരു ബെൻസൺ ടൗൺ മുദമ്മ ഗാർഡൻസ് നമ്പർ 22ൽ ജോൺ ഹെന്നഡി (30), ആലപ്പുഴ ഹരിപ്പാട് കരുവാറ്റ ഇരട്ടക്കൊല കേസിലെ പ്രതി കരുവാറ്റ സ്വദേശി മനു (34) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്ത‌ത്.

മനുവിനെ ആലപ്പുഴയിൽ നിന്നും ജോൺ ഹെന്നഡിയെ ബെംഗളൂരുവിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം തുമ്പ സ്വദേശിയായ ഗുണ്ട ലിയോൺ ജോൺസന് എംഡിഎംഎ എത്തിച്ചു നൽകുന്നതും അതിനു പണം നൽകുന്നതും മനു ആണ്. ലിയോണും മനുവും പൂജപ്പുര ജയിലിൽ തടവുകാരായിരുന്നു. 2024 ഡിസംബറിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ ലിയോണിൽ നിന്ന് 56 ഗ്രാം എംഡിഎംഎ തമ്പാനൂർ പൊലീസ് പിടികൂടിയിരുന്നു.

എംഡിഎംഎ എത്തിയത് ബെംഗളൂരുവിൽ നിന്നാണെന്ന് മനസ്സിലായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്ത് ഗുണ്ടകൾക്ക് ജോൺ ഹെന്നഡി വഴിയാണ് എംഡിഎംഎ എത്തുന്നതെന്നു കണ്ടെത്തിയത്. തമ്പാനൂർ എസ്എച്ച്ഒ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ്, ബിനുമോഹൻ, എഎസ്ഐ രാജേഷ്, സിപിഒമാരായ സുദീപ് ലാൽ, സൂരജ്, വിഷ്ണു, അരുൺ, ഉഷ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തലമുറമാറ്റത്തിന് സിപിഎം, പോളിറ്റ് ബ്യൂറോയില്‍ പുതുമുഖങ്ങൾ എത്തും

തലമുറമാറ്റത്തിന് സിപിഎം, പോളിറ്റ് ബ്യൂറോയില്‍ പുതുമുഖങ്ങൾ എത്തും

തിരുവനന്തപുരം: പ്രായപരിധിയുള്‍പ്പെടെ കര്‍ശനമായി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി 24-മത് പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുങ്ങുമ്പോള്‍ സിപിഎമ്മില്‍ തലമുറമാറ്റം തന്നെയുണ്ടാകുമെന്ന് സൂചനകള്‍. സിപിഎമ്മിലെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലെ പകുതിയോളം പേര്‍ ഇത്തവണ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പകരം പുതുമുഖങ്ങള്‍ പിബിയില്‍ ഇടം പിടിക്കും.

സിപിഎം ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരി, പ്രായപരിധി നിബന്ധന മൂലം പുറത്താകുന്നവര്‍ എന്നിവര്‍ക്ക് പകരമായി 17 അംഗ പി ബിയില്‍ എട്ട് പുതുമുഖങ്ങള്‍ ഇത്തവണ ഇടം പിടിച്ചേക്കും. ഇതില്‍ ചിലര്‍ക്കെങ്കിലും പ്രത്യേക പരിഗണന നല്‍കിയാലും അഴിച്ചുപണി ബൃഹത്താകുമെന്നാണ് സൂചനകള്‍.

യെച്ചൂരിയുടെ മരണത്തിന് ശേഷം പി ബി കോഡിനേറ്റര്‍ പദവി വഹിക്കുന്ന പ്രകാശ് കാരാട്ട്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, പശ്ചിമ ബംഗാളില്‍ നിന്നുള്ള സുര്‍ജ്യ കാന്ത മിശ്ര തമിഴ്‌നാട്ടില്‍ നിന്നുള്ള ജി രാമകൃഷ്ണന്‍ എന്നിവരാണ് പ്രായപരിധി പിന്നിടുന്ന പ്രമുഖ നേതാക്കള്‍.

രാജ്യത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ചില മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കണം എന്ന് കേന്ദ്ര കമ്മിറ്റിയില്‍ നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതുപരിഗണിച്ചാല്‍ പിണറായി വിജയന്‍, ബൃന്ദ കാരാട്ട് എന്നിവര്‍ക്ക് ഇളവ് ലഭിച്ചേക്കും. പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രി എന്ന പരിഗണന കൂടിയാകുമ്പോള്‍ പിണറായി വിജയന്റെ കാര്യത്തില്‍ ഇക്കാര്യം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരം ക്ഷണിതാവ് എന്ന നിലയിലെങ്കിലും പിണറായി പിബിയില്‍ തുടരും. ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളുടെ വിഷയത്തില്‍ പ്രായ പരിധി ഇളവുണ്ടാകുമെന്ന് കരുതുന്നില്ല. പ്രകാശ് കാരാട്ടും മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതായും സൂചനകളുണ്ട് ഒരു കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടുന്നു.

ജനറല്‍ സെക്രട്ടറി പുതുമുഖം

സിപിഎം ജനറല്‍ സെക്രട്ടറി ചുമതലയിലിരിക്കെ അന്തരിച്ച സിതാറാം യെച്ചൂരിയുടെ പിന്‍ഗാമിയാര് ? ഒരു പുതുമുഖമായിരിക്കും പുതിയ ജനറല്‍ സെക്രട്ടറി എന്നാണ് സൂചനകള്‍. ആന്ധ്ര പ്രദേശില്‍ നിന്നുള്ള ബി വി രാഘവലു, കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചകളിലുള്ളത്. കിസാന്‍ സഭ നേതാവ് അശോക് ധാവാലെയുടെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍.

അതേസമയം, മുതിര്‍ന്ന വനിതാ അംഗം ബൃന്ദ കാരാട്ടിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് താത്പര്യമുണ്ട്. ‘യെച്ചൂരിയുടെ മരണശേഷം ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ആ സമയത്ത് മറ്റൊരാള്‍ക്ക് പൂര്‍ണ ചുമതല നല്‍കുന്നത് തെറ്റായ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. അതിനാലാണ് പ്രകാശ് കാരാട്ടിനെ കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തത്’ എന്ന് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പറയുന്നു.

സിപിഎം പോളിറ്റ് ബ്യൂറോയില്‍ പുനഃസംഘടന നടപ്പാക്കുന്നതോടെ പുതിയ നേതാക്കളുടെ ഒരു നിര തന്നെ ഉയരാന്‍ ഇടയുണ്ട്. മാനദണ്ഡങ്ങള്‍ ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ക്ക് പകരം എഐഡിഡബ്ല്യുഎ ജനറല്‍ സെക്രട്ടറി മറിയം ധവാലെ, സിഐടിയു ദേശീയ സെക്രട്ടറി എ ആര്‍ സിന്ധു, തമിഴ്നാട് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് യു വാസുകി, മുന്‍ മന്ത്രി കെ കെ ശൈലജ എന്നിവരുടെ പേരുകള്‍ പുതിയ പട്ടികയില്‍ സജീവമാണ്.

കിസാന്‍ സഭ നേതാവ് വിജൂ കൃഷ്ണനും ഇത്തവണ പിബിയില്‍ എത്തിയേക്കും. തമിഴ്‌നാട്ടില്‍ നിന്നും യു വാസുകി യെ പരിഗണിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണ സി സിയില്‍ ഉള്‍പ്പെടുത്തിയ തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം ജി രാമകൃഷ്ണന്‍ പിബിയില്‍ ഇടം നേടിയേക്കും. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അരുണ്‍ കുമാര്‍, മുന്‍ പശ്ചിമ ബംഗാള്‍ എംപി സമിക് ലാഹിരി തുടങ്ങിയ പേരുകളും ചര്‍ച്ചയിലുണ്ട്. കേരളത്തില്‍ നിന്നും കൂടുതല്‍ നേതാക്കളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഇ പി ജയരാജന്‍, ടി എന്‍ തോമസ് ഐസക് തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിച്ചേക്കും.

പാര്‍ട്ടി നേതൃത്വത്തില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഊര്‍ജസ്വലത നിലനിര്‍ത്താനാണ് സിപിഎം പ്രായ പരിധി ഏര്‍പ്പെടുത്തിയത് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പറയുന്നു. ’22-ാം പാര്‍ട്ടി കോണ്‍ഗ്രസ് 80 വയസ്സ് പ്രായപരിധി കൊണ്ടുവന്നു. പിന്നീട്, 23-ാം കോണ്‍ഗ്രസ് അത് 75 വയസ്സായി പരിഷ്‌കരിച്ചു. ഇപ്പോള്‍, ഇത് മാറ്റത്തിന്റെ ഘട്ടമാണ്. ഒരുപാട് നേതാക്കള്‍ ഒരേസമയം പിബിയില്‍ നിന്നും പുറത്തുപോകുമ്പോള്‍ ഉണ്ടാകുന്ന വിടവിനെ പാര്‍ട്ടി ഗൗരവമായി ഉള്‍ക്കൊള്ളുമെന്നും എ കെ ബാലന്‍ പറഞ്ഞു.

പ്രായപരിധി വിരമിക്കലല്ല, മറിച്ച് ഒരു ആശ്വാസമാണ്. സംഘടനാപരമായ ചുമതലകളില്ലാതെ പ്രവര്‍ത്തിക്കാനുള്ള അവസരം. ആരോഗ്യമുള്ളവരും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഫലപ്രദമായി സംഭാവന ചെയ്യാന്‍ കഴിയുന്ന നേതാക്കളെ പാര്‍ട്ടി തുടര്‍ന്നും ഉപയോഗിക്കും,’ അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്തില്‍ ഇന്ന് നിര്‍ണായകം; വിജിഎഫ് വായ്പയായി സ്വീകരിക്കണോ എന്നതില്‍ തീരുമാനമെടുക്കും

വിഴിഞ്ഞത്തില്‍ ഇന്ന് നിര്‍ണായകം; വിജിഎഫ് വായ്പയായി സ്വീകരിക്കണോ എന്നതില്‍ തീരുമാനമെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതില്‍ ഇന്ന് മന്ത്രിസഭായോഗം തീരുമാനമെടുക്കും. വിജിഎഫ് ഇനത്തില്‍ ലഭിക്കേണ്ടത് 817 കോടി രൂപയാണ്. ദീര്‍ഘകാല വായ്പയായി തുക അനുവദിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

കേന്ദ്രം അനുവദിക്കുന്ന വിജിഎഫ് തുക ലാഭവിഹിതമായി തിരികെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ വെച്ചിട്ടുള്ളത്. വ്യവസ്ഥകളോടെ ഫണ്ട് സ്വീകരിക്കുന്നതിന് സംസ്ഥാനത്തിന് കടുത്ത എതിര്‍പ്പുണ്ട്. കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

കേന്ദ്ര വ്യവസ്ഥകള്‍ അംഗീകരിച്ച് തുക സ്വീകരിക്കണോയെന്നതില്‍ മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുത്തേക്കും. കേരളം സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ സാധ്യതകളും ആരായും. ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2028നകം നാലുഘട്ടങ്ങളും പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി ലഭിച്ചതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വർധിപ്പിക്കും. തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു.

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് മിക്കയിടങ്ങളിലും വേനല്‍ മഴ ലഭിക്കുന്നുണ്ട്. കൊച്ചിയില്‍ പലയിടങ്ങളിലും ഇന്നലെയും മഴ പെയ്തു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.