by Midhun HP News | Mar 23, 2025 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം. പേരാമ്പ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്. പ്രബിഷയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മറ്റി.
പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് ആക്രമണം നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയില്‍ കടന്നു കയറി പ്രതി ആക്രമിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ 18-ാം തിയ്യതി മുതൽ യുവതി ചികിത്സയിലായിരുന്നു.
പ്രബിഷയും പ്രശാന്തും തമ്മിലുള്ള ബന്ധം മുന്ന് വർഷം മുൻപ് വേർപെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 9.30 ഓടെ ആശുപത്രിയിൽ എത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടയിൽ മുഖത്ത് ആസിഡ് ഒഴിച്ചത്. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ തിരിഞ്ഞോടിയ യുവതിയുടെ പുറകിലും ഇയാൾ ആസിസ് ഒഴിച്ചു. ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
by Midhun HP News | Mar 23, 2025 | Latest News, കേരളം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.
ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.
by Midhun HP News | Mar 23, 2025 | Latest News, കേരളം
കൊല്ലം: ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം. ചടയമംഗലത്തുള്ള പേൾ ബാറിന് സമീപം വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി സുധീഷും സെക്യൂരിറ്റി ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായി. ബാറിൽ പണി നടക്കുന്നതു കൊണ്ട് വാഹനം പാർക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ജിബിൻ പറഞ്ഞു. എന്നാൽ സുധീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബാറിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെ വാഹനം പാർക്ക് ചെയ്തു.
ഇവർ ബാറിനുള്ളിൽ കയറി തിരിച്ചിറങ്ങിയതിന് ശേഷം സെക്യൂരിറ്റിയുമായി തർക്കമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ജിബിൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുധീഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിഐടിയു തൊഴിലാളിയാണ് കൊല്ലപ്പെട്ട സുധീഷ്. ഗുരുതരമായി പരിക്കേറ്റ ഷാനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുധീഷിന്റെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് സിഐടിയുവും സിപിഎമ്മും ഇന്ന് ചടയമംഗലത്ത് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു. പ്രതി ജിബിനെ (44) ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷ് അവിവാഹിതനാണ്.
by Midhun HP News | Mar 23, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. കോമറിന്‍ മേഖലയിലെ ന്യൂനമര്‍ദ്ദപാത്തി സജീവമായ സാഹചര്യത്തിലാണിത്. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് സാധ്യത.
by Midhun HP News | Mar 22, 2025 | Latest News, കേരളം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു. കേന്ദ്രമന്ത്രി സുരേഷ്ഗോപി സമരപന്തൽ സന്ദര്‍ശിച്ചപ്പോള്‍ ‘മണിമുറ്റത്താവണി പന്തൽ’ എന്നാണല്ലോ അവര്‍ പാടിയതെന്ന് മന്ത്രി ആര്‍ ബിന്ദു പരിഹസിച്ചു. കേന്ദ്രമന്ത്രിയോട് അവര്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ പറ്റില്ലേ? കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നും അതുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ ഇടതുവിരുദ്ധ സംഘടനകളും മഴവിൽ സംഖ്യമുണ്ടാക്കി പാവപ്പെട്ട ആശാ വര്‍ക്കര്‍മാരെ സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ആശമാരുടെ ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുടെ പരാമര്‍ശത്തിൽ സമരസമിതി നേതാവ് ബിന്ദു രംഗത്തെത്തി. ഞങ്ങളുടെ നട്ടെല്ലിന് അൽപം ക്ഷീണമുണ്ടെങ്കിൽ സംസ്ഥാന സര്‍ക്കാര്‍ ആദ്യം പോയി കേന്ദ്രത്തോട് ആവശ്യം പറയട്ടെയെന്നും, ആദ്യം സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്ത് കാണിക്കണമെന്നും ബിന്ദു പറഞ്ഞു.
ആശമാർക്കെതിരെയുള്ള മന്ത്രി ബിന്ദുവിന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ആശാ സമരത്തെ വനിതാ മന്ത്രിമാർ പോലും പരിഹസിക്കുകയാണ്. വനിതകളാണ് സമരം നടത്തുന്നതെന്ന പരിഗണന പോലും നൽകുന്നില്ല. തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നവർക്ക് ആശാ സമരത്തോട് പുച്ഛമാണെന്നും സതീശൻ പറഞ്ഞു.
by Midhun HP News | Mar 22, 2025 | Latest News, കേരളം
തൃശ്ശൂര്‍: പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ലിഷോയ് ആണ് അറസ്റ്റിലായത്. വീടിനടുത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കവെയാണ് മുഖ്യ പ്രതി ലിഷോയിയെ കുന്നംകുളം പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
പെരുമ്പിലാവ് ആല്‍ത്തറ നാലുസെന്റ് കോളനിയില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തില്‍ പെരുമ്പിലാവ് സ്വദേശി നിഖില്‍, ആകാശ് എന്നിവര്‍ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഘര്‍ഷത്തില്‍ ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു. ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ലിഷോയ്, ബാദുഷ എന്നിവരാണ് അക്ഷയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. നിഖിലിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളാണ് പിടിയിലായ ആകാശ്.
കൊല്ലപ്പെട്ട അക്ഷയ്, ലിഷോയ്, ബാദുഷ എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി കച്ചവടവുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ് മൂന്നുപേരും. ഇതിനിടെ അക്ഷയ് ഗാങ്ങ് മാറിയോ എന്ന സംശയം തര്‍ക്കത്തിനും കൊലപാതത്തിലും കലാശിക്കുകയായിരുന്നു. കടവല്ലൂര്‍ സ്വദേശിയായ അക്ഷയ് മരത്തംകോട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഭാര്യയോടൊപ്പം അക്ഷയ് ലിഷോയിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയിനെ ആക്രമിക്കുന്നത് കണ്ട ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.
Recent Comments