മദ്യപാനത്തിടെ തര്‍ക്കം; ഒപ്പം ജോലി ചെയ്യുന്നയാളെ വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയില്‍

മദ്യപാനത്തിടെ തര്‍ക്കം; ഒപ്പം ജോലി ചെയ്യുന്നയാളെ വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയില്‍

കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്.

ഇതരസംസ്ഥാന തൊഴിലാളിയായ ഗുഡുവെന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ടെറസില്‍ വച്ചാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ തന്ത്രപരമായി പ്രതിയെ വളപട്ടണം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ഗുഡുവിനെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് പൊലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇസ്മയിലിന്റെ മൃതദ്ദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സൂരജ് വധക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

സൂരജ് വധക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂര്‍: മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പ്രസ്താവിക്കുക. കേസില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെ സൂരജിനെ കൊലപ്പെടുത്തി എന്നതാണ് കേസ്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ , ടി പി കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

കേസിലെ പ്രതികളായിരുന്ന പി കെ ഷംസുദ്ദീനും ടി പി രവീന്ദ്രനും മരിച്ചു പോയിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കുന്നത്. കൊല്ലപ്പെടുമ്പോള്‍ 32 വയസ്സായിരുന്നു സൂരജിന്റെ പ്രായം.

അതേസമയം സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. പ്രതികൾ അപരാധം ചെയ്തുവെന്നതിൽ വസ്തുതയില്ല. പാർട്ടി ശിക്ഷിക്കപ്പെട്ടവരോടൊപ്പം നിൽക്കും. നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കും. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.

സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍, കൂട്ട ഉപവാസം ഇന്നു മുതല്‍

സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍, കൂട്ട ഉപവാസം ഇന്നു മുതല്‍

തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

നാലു ദിവസത്തിനിടെ 760 രൂപയുടെ ഇടിവ്; സ്വര്‍ണവില 66,000ല്‍ താഴെ തന്നെ

നാലു ദിവസത്തിനിടെ 760 രൂപയുടെ ഇടിവ്; സ്വര്‍ണവില 66,000ല്‍ താഴെ തന്നെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8215 രൂപയാണ്.

20ന് 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വര്‍ണവില കുറയുകയാണ്. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

“ഓപ്പറേഷൻ ഡി ഹണ്ട്‌”; ലഹരി സംഘത്തലവനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി

“ഓപ്പറേഷൻ ഡി ഹണ്ട്‌”; ലഹരി സംഘത്തലവനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി

കഴിഞ്ഞ വർഷം ഡിസംബറിൽ ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും കേരളാ പോലീസ് പിടികൂടി. പത്തനംതിട്ട കരിമ്പാനക്കുഴിയിൽ പനച്ചകുഴി കുറന്തറ വീട്ടിൽ അലൻ ഫിലിപ്പ്(വയസ്സ് 25) ആണ് പിടിയിലായത്.

ലഹരിക്കെതിരെ കേരള പോലീസ് നടത്തിവരുന്ന “ഓപ്പറേഷൻ ഡി ഹണ്ടിന്റെ” ഭാഗമായി നടത്തിയ അന്വേഷണത്തിൽ ആണ് ഇയാളും ഇപ്പോൾ പിടിയിൽ ആയത്. ചിറയിൻകീഴ് പോലീസ് ഇൻസ്‌പെക്ടർ വി എസ് വിനീഷ്, ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ ബി. ദിലീപ് സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ സുനിൽരാജ്, വിഷ്ണു എന്നിവർ ബാംഗ്ലൂർ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2024 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അന്ന് 127 ഗ്രാം എം ഡി എം എ യുമായി രണ്ട് പ്രതികളെ ടാൻസാഫും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെ ആണ് ഇയാളെ ഇപ്പോൾ ബാംഗ്ലൂർ നിന്നും പിടികൂടിയത്.

ഇപ്പോൾ അറസ്റ്റിലായ

പ്രതി അലൻ ബാംഗ്ലൂരിൽ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ് നാട്ടിലേക്കും എംഡി എം എ സപ്ലൈ ചെയ്യുന്നതിലെ പ്രധാനിയാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ തമിഴ് നാട്ടിലും കേസ്സ് നിലയിൽ ഉണ്ട്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന്റെ നിർദ്ദേശാനുസരണം നർക്കോട്ടിക്ക് സെൽ ഡി വൈ എസ്സ് പി കെ. പ്രദീപ് ആറ്റിങ്ങൽ ഡി വൈ എസ്സ് പി മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിൽ അതിശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കി വരുന്നത്.

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവും; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവും; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൊടുപുഴ: കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മരണം തലച്ചോറിലേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതും മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിജുവിൻ്റെ വലത് കൈയിൽ മുറിവുണ്ട്. ഈ മുറിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതികളായ മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെ സ്ഥലത്തെത്തിച്ച് പൊലീസ് തെലിവെടുത്തു. ബിജുവിനെ ആക്രമിച്ച സ്ഥലത്തു നിന്നും പെപ്പർ സ്പ്രേ, ചെരിപ്പുകൾ എന്നിവ കണ്ടെടുത്തു.

പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ബിജു ജോസഫ് ഇരയായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചുവെന്നാണ് വിവരം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കും. ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നാളെ ഉച്ചയ്ക്കാണ് സംസ്കാരം.

തൊടുപുഴ ചുങ്കംമുളയില്‍ ബിജു ജോസഫിന്റെ മൃതദേഹം ഇന്നലെയാണ് പൊലീസ് കണ്ടെടുക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്തുള്ള ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാൻഹോളിൽ തള്ളി കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ബിജുവിന്റെ ഈവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫാണ് (51) കേസിലെ മുഖ്യ പ്രതി.

എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25), കാപ്പാ കേസ് പ്രതിയായ ആഷിക് ജോൺസൻ (27)​ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു പ്രതികൾ. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിജുവും മുന്‍ ബിസിനസ് പങ്കാളിയും കേസിലെ ഒന്നാം പ്രതിയുമായ ജോമോനും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് ഉപ്പുതറ പൊലീസിന്റെ മധ്യസ്ഥതയില്‍ കരാറിലേര്‍പ്പെട്ടത്.

വ്യവസ്ഥകള്‍ പ്രകാരം ജോമോന് ടെമ്പോ ട്രാവലര്‍, ആംബുലന്‍സ്, മൊബൈല്‍ ഫ്രീസര്‍ എന്നിവ കൈമാറണമെന്ന് നിര്‍ദേശിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ കരാര്‍ പാലിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതു പാലിക്കാത്തതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയെന്നാണ് ജോമോന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ബിജുവിനെ ലക്ഷ്യമിട്ട് പ്രതികള്‍ 15 ന് തൊടുപുഴയിലെത്തി. മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷമാണ് ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത്.