ഫ്‌ളൈ ഓവര്‍ കയറണ്ട, പതിനെട്ടാം പടി കയറി നേരിട്ട് ദര്‍ശനം; ശബരിമലയില്‍ പുതിയ ക്രമീകരണം ഇന്നുമുതല്‍

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തുന്ന പുതിയ ക്രമീകരണത്തിന്റെ ട്രയലും ഇന്ന് ആരംഭിക്കും.

നാളെ പുലര്‍ച്ചെ 5ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തും. തുടര്‍ന്ന് തന്ത്രിയുടെ നേതൃത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും. വൈകീട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10ന് നടയടയ്ക്കും.

വെര്‍ച്വല്‍ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്താം. പതിനെട്ടാംപടി കയറി എത്തുന്ന ഭക്തര്‍ക്ക് ഫ്‌ളൈ ഓവര്‍ കയറാതെ നേരിട്ട് കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ട്രയലാണ് ഇന്നുമുതല്‍ ആരംഭിക്കുക.

ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദര്‍ശനം നടത്താവുന്നതാണ് പുതിയ രീതി. ഫ്‌ളൈ ഓവര്‍ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കല്‍പ്പുര കയറി ദര്‍ശനം നടത്താവുന്ന തരത്തിലാണ് പുതിയ ക്രമീകരണം. ഇതിനാവശ്യമായ നിര്‍മാണം പൂര്‍ത്തിയായി.

സോപാനത്തിനുമുന്നില്‍ പല ഉയരത്തില്‍ സ്ഥാപിച്ചിരുന്ന പ്ലാറ്റ്‌ഫോം പൂര്‍ണമായി നീക്കി. കിഴക്കേ മണ്ഡപത്തിന്റെ വാതില്‍മുതല്‍ സോപാനംവരെ രണ്ടു വരിയായി കയറിപ്പോകാനുള്ള പ്ലാറ്റ്ഫോമിന്റെ നിര്‍മാണം പൂര്‍ത്തിയായി. തീര്‍ഥാടകര്‍ ബലിക്കല്ലില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേക മൂടിയും സ്ഥാപിച്ചു. ബലിക്കല്ലിന്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന് കിഴക്കേ വാതില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ദര്‍ശനം ലഭിക്കുന്ന വിധമാണ് പുതിയ സംവിധാനം.

രണ്ടു വരികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ പ്രത്യേക രീതിയില്‍ കാണിക്കവഞ്ചി സ്ഥാപിച്ചു. ഇതോടെ തീര്‍ഥാടകര്‍ക്ക് ശ്രീകോവിലിനുമുന്നില്‍ കാണിക്കയര്‍പ്പിക്കാം. 15 മീറ്ററുള്ള പുതിയ ക്യൂവില്‍ കുറഞ്ഞത് 30 സെക്കന്‍ഡ് തൊഴുത് സുഗമമായി നടന്നുനീങ്ങാനാകുമെന്നാണ് ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നത്. പുതിയ സംവിധാനത്തിലൂടെ എല്ലാ തീര്‍ഥാടകര്‍ക്കും ഒരുപോലെ ദര്‍ശനം സാധ്യമാകും. ഇരുമുടിക്കെട്ടില്ലാത്ത തീര്‍ഥാടകരെ വടക്കുഭാഗത്തുകൂടി ഇതേ ക്യൂവിലേക്കുതന്നെ കടത്തിവിട്ട് ദര്‍ശനം ഒരുക്കാനാണ് തീരുമാനം.

സ്വര്‍ണവില എങ്ങോട്ട്?, 65,000 കടന്നും റെക്കോര്‍ഡ് കുതിപ്പ്

സ്വര്‍ണവില എങ്ങോട്ട്?, 65,000 കടന്നും റെക്കോര്‍ഡ് കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

പള്ളിക്കൽ കാട്ടുപുതുശേരിയിൽ കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ട്‌ കാർ മറിഞ്ഞു

പള്ളിക്കൽ കാട്ടുപുതുശേരിയിൽ കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ട്‌ കാർ മറിഞ്ഞു

പള്ളിക്കൽ : കാട്ടുപുതുശ്ശേരി ജംഗ്ഷനു സമീപം ഇന്ന് രാവിലെയോടെ കാട്ടു പന്നി കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു.
ആളപായമില്ല

പള്ളിക്കലിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

പള്ളിക്കലിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

പള്ളിക്കൽ: പള്ളിക്കൽ പകൽക്കുറി സംഗീത് ഭവനിൽ ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ശ്രീഗീതിനെയാണ് ഏഴംഗസംഘം അകാരണമായി മർദ്ദിച്ചത്. ഈ മാസം പതിനൊന്നാം തീയതി വൈകിട്ട് 6 മണിക്കാണ് കേസിന് ആസ്പദമായ സംഭവം. പള്ളിക്കലിൽ പ്രവർത്തിക്കുന്ന ആദംസ് റസ്റ്റോറന്റിന്റെ മുന്നിൽ വെച്ച് പള്ളിക്കൽ സ്വദേശികളായ അസിം ഷാ,ബിൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ ശ്രീഗീതിനെ കളിയാക്കി ചിരിക്കുകയും അസഭ്യം പറയുകയും ചെയ്തു.

ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ അസീംഷ ബൈക്കിന്റെ ചാവി ഊരിയെടുക്കുകയും കണ്ടാലറിയാവുന്ന 7 പേർ ചേർന്ന് മാരകമായി മർദ്ദിക്കുകയും ചെയ്തു. മുഖത്തും തലയിലും പരിക്കേറ്റ ശ്രീഗീതിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന.

ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

സിറപ്പിന് പകരം നല്‍കിയത് തുള്ളിമരുന്ന്; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍, മെഡിക്കല്‍ സ്റ്റോറിനെതിരെ കേസ്

സിറപ്പിന് പകരം നല്‍കിയത് തുള്ളിമരുന്ന്; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍, മെഡിക്കല്‍ സ്റ്റോറിനെതിരെ കേസ്

കണ്ണൂര്‍: പഴയങ്ങാടിയിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെത്തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായെന്ന് പരാതി. പഴയങ്ങാടി സ്വദേശി സമീറിന്റെ ആണ്‍കുഞ്ഞാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍ എഴുതിക്കൊടുത്ത മരുന്നിന് പകരം അമിത ഡോസുള്ള മറ്റൊരു മരുന്നാണ് മെഡിക്കല്‍ സ്റ്റോറുകാര്‍ നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.

പഴയങ്ങാടിയിലാണ് സംഭവം. നല്‍കിയ മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പനിക്കുള്ള സിറപ്പാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇത് കുറിപ്പടിയില്‍ വ്യക്തമായി എഴുതിയിട്ടുമുണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ ഷോപ്പുകാര്‍ നല്‍കിയത് ഡ്രോപ്‌സ് ആണെന്നും മരുന്ന് മാറിയത് തിരിച്ചറിയാതെ രക്ഷിതാക്കള്‍ സിറപ്പ് നല്‍കാന്‍ നിര്‍ദ്ദേശിച്ച അതേ അളവില്‍ ഡ്രോപ്‌സ് നല്‍കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

മരുന്ന് നല്‍കി അല്പം കഴിഞ്ഞതോടെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. തുടര്‍ന്ന് കുറിപ്പടി എഴുതി നല്‍കിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉടന്‍ കുഞ്ഞിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെങ്കിലും അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

മരുന്ന് മാറി നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മെഡിക്കല്‍ സ്റ്റോറുകാരുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ഉണ്ടായതെന്നും കുഞ്ഞിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നാല്‍ പോയി കേസുകൊട് എന്നായിരുന്നു മെഡിക്കല്‍ സ്റ്റോറുകാര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് മരുന്ന് നല്‍കിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.