‘ഒരുപാട് കാലത്തെ സ്വപ്നം, ഇപ്പോൾ സന്തോഷമായി’; വൈപ്പിൻ – കൊച്ചി ബസ് യാത്രയിൽ അന്ന ബെൻ

‘ഒരുപാട് കാലത്തെ സ്വപ്നം, ഇപ്പോൾ സന്തോഷമായി’; വൈപ്പിൻ – കൊച്ചി ബസ് യാത്രയിൽ അന്ന ബെൻ

കൊച്ചി: ഗോശ്രീ ബസുകളുടെ നഗരപ്രവേശ ഉദ്‌ഘാടനച്ചടങ്ങിനെത്തി നടി അന്ന ബെൻ. അന്നയ്ക്കൊപ്പം അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലവും നടി പൗളി വത്സനുമുണ്ടായിരുന്നു. വൈപ്പിൻ ബസുകൾ കൊച്ചി നഗരത്തിലേക്ക്‌ സർവീസ്‌ ആരംഭിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത അത്രയും സന്തോഷമുണ്ടെന്ന്‌ ആദ്യ ബസ്‌ യാത്രയിൽ പങ്കെടുത്ത്‌ അന്ന ബെൻ പറഞ്ഞു.

“സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ ഞാനും ബസിൽ തന്നെയാണ് യാത്ര ചെയ്തിരുന്നത്. ബസ് സൗകര്യമില്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് വ്യക്തിപരമായി അനുഭവിച്ച ആളാണ് ഞാനും. സമരത്തിന് വന്നപ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് വന്നത്. എന്തായാലും ആ പ്രശ്നം പരിഹരിച്ചു.

അതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ബസുകൾ വരണമെന്നാണ് ആ​ഗ്രഹം. മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദിയുണ്ട്. ഒരുപാട് കാലത്തെ സ്വപ്നമാണിത്. ഞാൻ സെന്റ് തെരേസാസിലാണ് പഠിച്ചത്. വൈപ്പിനിൽ നിന്ന്‌ ബസ്‌ കയറി ഹൈക്കോടതിയുടെ സമീപത്തിറങ്ങി മറ്റൊരു ബസ്‌ പിടിച്ച്‌ വേണമായിരുന്നു അന്ന് കോളജിലെത്താൻ. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇത് എല്ലാവരുടെയും വിജയമാണ്”.- അന്ന ബെൻ പറഞ്ഞു. മന്ത്രി കെ ബി ഗണേഷ്‌കുമാർ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌ത കെഎസ്‌ആർടിസി ബസിലായിരുന്നു എല്ലാവരുടെയും യാത്ര.

കുഞ്ഞുങ്ങളേ സൂക്ഷിക്കുക! അപരിചിതർ വച്ചു നീട്ടുന്ന ആ ചോക്ലേറ്റിൽ മയക്കുമരുന്നുണ്ടാകും

കുഞ്ഞുങ്ങളേ സൂക്ഷിക്കുക! അപരിചിതർ വച്ചു നീട്ടുന്ന ആ ചോക്ലേറ്റിൽ മയക്കുമരുന്നുണ്ടാകും

കൊച്ചി: ലഹരിമരുന്ന് കടത്തും ഉപയോ​ഗവും തടയുന്നതിനായി വ്യാപകമായ പരിശോധനകളടക്കമുള്ള നടപടികൾ പൊലീസടക്കം കർശനമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടികളെ വലയിലാക്കാൻ ലക്ഷ്യമിട്ടുള്ള ലഹരിമരുന്നു സംഘത്തിന്റെ ശ്രമങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, മയക്കുമരുന്നു കലർന്ന പാനീയങ്ങൾ എന്നിവയുമായാണ് സംഘങ്ങൾ കുട്ടികളെ വലയിലാക്കുന്നത്. ബസ് സ്റ്റാന്റുകൾ, മറ്റ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമാണ് ഇത്തരം സംഘങ്ങൾ പെൺകുട്ടികൾ അടക്കമുള്ളവരെ പിന്തുടരുന്നത്.

നടന്നു പോകുന്ന, സൈക്കിളിൽ പോകുന്ന, പൊതു ​ഗതാ​ഗതം ഉപയോ​ഗിക്കുന്ന വിദ്യാർഥികളെയാണ് ഇവർ കെണിയിലാക്കാൻ നോക്കുന്നത്. തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു മറയായും വിദ്യാർഥികളെ സംഘം ഉപയോ​ഗപ്പെടുത്തുന്നു. കോട്ടയം മണർകാട്ട് നാല് വയസുള്ള ഒരു ആൺകുട്ടി സ്കൂളിൽ വച്ച് ലഹരി ചേർത്ത ചോക്ലേറ്റ് കഴിച്ചതായി റിപ്പോർട്ട് ചെയ്തതോടെയാണ് പ്രശ്നത്തിന്റെ ​ഗൗരവം പുറത്തറിയുന്നത്.

കൊച്ചിയിലെ ഒരു റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അവരുടെ അപ്പാർട്ട്മെന്റ് വാട്സ്ആപ്പ് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിൽ അപ്പാർട്ട്മെന്റിലെ ആറാം ക്ലാസ് വിദ്യാർഥി ഇത്തരമൊരു കെണിയിൽപ്പെട്ടത് വിശദീകരിക്കുന്നുണ്ട്. സൈക്കിളിൽ സ്കൂളിലേക്ക് പോകുകയായിരുന്നു ഒരു ആൺകുട്ടിക്ക് എസ്ആർഎം റോഡിനു സമീപത്തു വച്ച് ബൈക്കിൽ എത്തിയ ടീഷർട്ട് ധരിച്ച രണ്ട് യുവാക്കൾ ചോക്ലേറ്റ് സമ്മാനിച്ചു. എന്നാൽ കുട്ടി ഇതു വാങ്ങാൻ തയ്യാറായില്ല.

അപരിചിതരിൽ നിന്നു ഒന്നും വാങ്ങരുതെന്നു മാതാപിതാക്കൾ പറഞ്ഞുവെന്നു വ്യക്തമാക്കിയാണ് അവൻ ചോക്ലേറ്റ് വാങ്ങാൻ തയ്യാറാകാതിരുന്നത്. സംഭവം വിട്ടു കളയുന്നതിനു പകരം വിദ്യാർഥി അധ്യാപകരേയും മാതാപിതാക്കളേയും അറിയിച്ചു. വിഷയം തങ്ങളുടെ ശ്രദ്ധയിലും വന്നു. ആ വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമം തങ്ങളും നടത്തുന്നതായി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വ്യക്തമാക്കി.

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ (എൻഡിപിഎസ്) നിയമ ലംഘനങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെട്ട ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ന​ഗരത്തിൽ കുട്ടികളെ ലക്ഷ്യമിട്ട് ​ഗുണ്ടാ സംഘങ്ങൾ ഇത്തരത്തിൽ ലഹരി കലർന്ന മധുരപലഹാരങ്ങൾ ഉപയോ​ഗിച്ചതായി ഒരു സംഭവവും കണ്ടെത്തിയിട്ടില്ലെന്നു കൊച്ചി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറയുന്നു.

കുട്ടികൾക്കിടയിലെ മയക്കുമരുന്നു ഉപയോ​ഗം സംബന്ധിച്ച വിഷയം വളരെ ​ഗൗരവമായി കാണുന്നു. ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തടയാനും ശ്രമിക്കുന്നുണ്ട്. കുട്ടികളെ ഭക്ഷണ സാധനങ്ങൾ നൽകി വലയിലാക്കാൻ ശ്രമിക്കുന്നതായി തെളിവുകൾ ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി.

ന​ഗര പരിധിയിൽ ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ അല്ലെങ്കിൽ മയക്കുമരുന്നു കലർന്ന പാനീയങ്ങൾ വ്യാപകമാണെന്നു റിപ്പോർട്ടുകളില്ലെന്നു കൊച്ചി ടൗൺ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എകെ അബ്ദുൽ സലാം പറഞ്ഞു. വിദ്യാർഥികൾ ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അപൂർവം സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥികൾ, പൊലീസ്, രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ അധികാരികൾ എന്നിവരെല്ലാം ജാ​ഗ്രത പാലിക്കേണ്ടതുണ്ട്. ‘ഉറപ്പ് @ സ്കൂൾ’ എന്ന പരിപാടി ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികളിലൂടെയും പരിശോധനകളിലൂടെയും എറണാകുളം റൂറൽ പൊലീസ് നിലവിലെ സ്ഥിതി​ഗതികൾ നിരീക്ഷിക്കുന്നുണ്ട്.

വിശാലമായ സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!

വിശാലമായ സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!

കൊച്ചി: വിശാലമായ സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം! കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലാണ് ഇത്തരമൊരു പരിപാലന സ്ഥലമുള്ളത്. രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും ഇത്തരമൊരു പക്ഷി സങ്കേതം. 2013ലാണ് ക്യാംപസിൽ ഇത്തരമൊരു സംവിധാനം സ്ഥാപിച്ചത്. വിവിധതര പ്രാണികളും സസ്യങ്ങളും ഒപ്പം 120ഓളം വ്യത്യസ്ത പക്ഷികളുടേയും ആവാസ കേന്ദ്രമാണ് ഇന്ന് പൂർണ എന്നു പേരുള്ള പക്ഷി സങ്കേതം. 67 ഏക്കറായി കിടക്കുന്ന സർവകലാശാലയുടെ വിശാല ഭൂമിയിൽ ഏതാണ്ട് 5 ഏക്കറിനടുത്താണ് ഈ ആവാസ കേന്ദ്രം.

‘2013ൽ സുകൃതി ഫോറസ്റ്റ് ക്ലബാണ് പക്ഷികൾക്കായി ഒരു ആവാസ സങ്കേതമെന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. സോഷ്യോളജി വിഭാ​ഗം മുൻ മേധാവിയായ ഡോ. ദിലീപ് കെജിയാണ് ഇതിന്റെ പദ്ധതി തയ്യാറാക്കിയത്. ഈ പ്രദേശങ്ങളിൽ മാത്രം കാണു്ന കറുത്ത കിരീടമുള്ള നൈറ്റ് ഹെറോണുകളുടെ ആവസ വ്യവസ്ഥ സംരക്ഷിക്കുകയായിരുന്നു ഈ പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. അതിനായി മരങ്ങളും ഒരു കുളവും ഉൾപ്പെടുന്ന 5 ഏക്കർ സ്ഥലമാണ് അതിനായി നീക്കി വച്ചത്. പത്ത് വർഷം മുൻപ് ബ്ലാക്ക് ക്രൗൺഡ് നൈറ്റ് ഹെറോണുകൾ ഈ പ്രദേശത്ത് കൂടുകൂട്ടാൻ തുടങ്ങിയതായി ഒരു പഠനത്തിൽ വ്യക്തമാകുകയും ചെയ്തു. കുറച്ചു പക്ഷികളിൽ നിന്നു ഇന്ന് അവയുടെ എണ്ണം 200നും മുകളിലായിട്ടുണ്ട്’- ലൈബ്രറി അസിസ്റ്റന്റായ മനോജ് പൈനുങ്കൽ പറയുന്നു.

സർവകലാശാലയുടെ പ്രവേശന കവാടത്തിൽ നിന്നു ബാസ്കറ്റ്ബോൾ കോർട്ടിലേക്കുള്ള റോഡിന്റെ ഇടതു വശത്താണ് ഈ പക്ഷി സങ്കേതമുള്ളത്. നീർമരുത്, മണിമരുത്, വെങ്ങ തുടങ്ങിയ നദീതീര വൃക്ഷങ്ങൾ ഇവിടെയുണ്ട്. പോണ്ട് ഹെറോൺ, പർപ്പിൾ ഹെറോൺ, ചെസ്റ്റ്നട്ട് ബിറ്റേൺ, വൈറ്റ്-ബ്രെസ്റ്റഡ് വാട്ടർഹെൻ, പർപ്പിൾ മൂർഹെൻ, ലെസ്സർ വിസിലിങ് ടീൽ, കോട്ടൺ ടീൽ, ലിറ്റിൽ കോർമറാന്റ്, ഓപ്പൺ-ബിൽഡ് സ്റ്റോർക്ക്, വൂളി- നെക്ക്ഡ് സ്റ്റോർക്ക് തുടങ്ങിയ പക്ഷികൾ നിലവിൽ സങ്കേതത്തിലുണ്ട്. കൂടാതെ പൈഡ് ക്രെസ്റ്റഡ് കുക്കൂ, സ്പോട്ടഡ് സാൻഡ്പൈപ്പർ, കോമൺ സാൻഡ്പൈപ്പർ, ബ്ലാക്ക്-വിങ്ഡ് സ്റ്റിൽറ്റ് തുടങ്ങിയ ദേശാടന ഇനങ്ങളെയും സങ്കേതത്തിൽ കാണാൻ കഴിയും.

‘വനം വകുപ്പിന്റെ സഹായത്തോടെയാണ് ആദ്യ ഘട്ടത്തിൽ മരങ്ങൾ നട്ടത്. അനുയോജ്യമായ മരങ്ങൾ കണ്ടെത്തി. ചതുപ്പു നിലങ്ങൾ ഉള്ളതിനാൽ തീരപ്രദേശങ്ങളിലെ മരങ്ങൾ നട്ടുപിടിപ്പിച്ചു. മരങ്ങൾ വളരുന്നതു വരെ വനം വകുപ്പാണ് അവയെ പരിപാലിച്ചത്. പിന്നീട് പ്രദേശം സുകൃതി ഫോറസ്റ്റ് ക്ലബിനു കൈമാറുകയായിരുന്നു.’

‘അതിനു ശേഷം അതിന്റെ സംരക്ഷണം വിദ്യാർഥികളും ഫാക്കൽറ്റി അം​ഗങ്ങളും ഏറ്റെടുക്കുകയായിരുന്നു. നിലവിൽ കൺവീനർമാരായ ആദർശ്, ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലാണ് ഫോറസ്റ്റ് ക്ലബ് പ്രവർത്തിക്കുന്നത്. ഇ ബേർഡ് മൊബൈൽ ആപ്പിലൂടെ സങ്കേതത്തിൽ വസിക്കുന്ന പക്ഷികളുടെ പട്ടിക സൂക്ഷിക്കുന്നുണ്ട്. കാമ്പസിലുള്ള ആർക്കും പക്ഷികളുടെ ഫോട്ടോയെടുത്ത് ആപ്പിൽ അപ്‍ലോഡ് ചെയ്യാം.’

‘വിദ്യാർഥികൾ, സർവകലാശാലയിലെ മറ്റു ജീവനക്കാർ പക്ഷി നിരീക്ഷകരടക്കമുള്ളവർ കാമ്പസിലെ ഈ ജൈവ വൈവിധ്യത്തെ അറിയാനും നിരീക്ഷിക്കാനും ഉത്സാഹം കാണിക്കാറുണ്ട്. പക്ഷികൾ സങ്കേതത്തെ അവരുടെ സുരക്ഷിത കേന്ദ്രമായാണ് കാണുന്നതെന്നു അവയുടെ ഇവിടുത്തെ സ്വൈര വിഹാരങ്ങളിൽ നിന്നു വ്യക്തമാണ്’- മനോജ് കൂട്ടിച്ചേർത്തു.

കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട, മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട, മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ലഹരിക്ക് പിന്നില്‍ ആരെല്ലാം ഉണ്ട് എന്ന കാര്യം അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 10.30 ഓടേയാണ് പരിശോധന ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടുദിവസം മുന്‍പ് പ്രദേശത്ത് നിന്ന് ഒരു വിദ്യാര്‍ഥിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഹോളി ലക്ഷ്യമിട്ട് വന്‍തോതില്‍ കഞ്ചാവ് ഹോസ്റ്റലില്‍ എത്തുമെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്നാണ് കൃത്യമായ ക്രമീകരണത്തോടെ പൊലീസ് പരിശോധന ആരംഭിച്ചത്.

രണ്ടു മുറികളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിനൊപ്പം കഞ്ചാവ് തൂക്കിവില്‍ക്കുന്നതിനുള്ള ത്രാസ് അടക്കമുള്ള സാധനസാമഗ്രികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് എത്തിയതിന് പിന്നാലെ മറ്റു വിദ്യാര്‍ഥികള്‍ ഇറങ്ങിയോടി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹോസ്റ്റലിലെ അലമാരയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിന് പുറമേ മദ്യക്കുപ്പികള്‍, കോണ്ടം എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യം വെച്ചാണോ കഞ്ചാവ് എത്തിച്ചത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. പോളിടെക്‌നിക് നില്‍ക്കുന്ന എച്ച്എംടി ജംഗ്ഷ്‌നിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഇവിടെയുള്ള വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണോ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് എന്നടക്കം അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

കൊല്ലത്തു നിന്നും കാണാതായ 13 കാരി തിരൂരില്‍; കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷനില്‍

കൊല്ലത്തു നിന്നും കാണാതായ 13 കാരി തിരൂരില്‍; കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷനില്‍

കൊല്ലം: കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടെന്നുള്ളതായാണ് വിവരം ലഭിച്ചത്. കുട്ടി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഒരു യാത്രക്കാരിയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയായിരുന്നു.

റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും, സുരക്ഷിതയാണെന്നും കുട്ടി വീട്ടുകാരെ അറിയിച്ചു. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. റെയില്‍വേ പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതലാണ് കുട്ടിയെ കാണാതായത്. കാണാതായ സമയത്ത് വീട്ടില്‍ മുത്തശ്ശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിച്ച് വന്‍തോതില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ട്രെയിനില്‍ കയറി പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയായിരുന്നു. അമ്മ വഴക്കുപറഞ്ഞതാണ് കുട്ടി വീടു വിട്ടുപോകാന്‍ കാരണമെന്നാണ് വിവരം.

പാലക്കാട് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

പാലക്കാട് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവിന് വിഷ്ണു 5000 രൂപ നല്‍കിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇന്നലെ പണം തിരികെ തരാമെന്ന് പറഞ്ഞ് മനു വിഷ്ണുവിനെ വിളിക്കുകയായിരുന്നു. പറഞ്ഞത് അനുസരിച്ച് വീടിന് സമീപമുള്ള പ്രദേശത്ത് എത്തിയ വിഷ്ണുവിനെ മനു ആക്രമിച്ചു. ഈ ആക്രമണത്തിനിടെ വിഷ്ണു കത്തി ഉപയോഗിച്ച് മനുവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ മനുവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.