by Midhun HP News | Mar 13, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബദല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് പാര്‍ലമെന്ററി സമിതി. തൊഴിലാളികള്‍ക്കുള്ള ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം (എപിബിഎസ്) ഓപ്ഷണലായി നിലനിര്‍ത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
2025-26 കാലത്തെ ഗ്രാന്റുകള്‍ക്കായുള്ള ആവശ്യങ്ങള്‍ സംബന്ധിച്ച് ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമിതിയുടെ ശുപാര്‍ശ. സാങ്കേതിക വിദ്യ നിര്‍ബന്ധമാക്കരുത്. ഇതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ മൂലം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് എംപി സപ്തഗിരി ശങ്കര്‍ ഉലകയുടെ നേതൃത്വത്തിലുള്ള സമിതി ചൂണ്ടിക്കാട്ടി.
ആധാറും ജോബ് കാര്‍ഡ് രേഖകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ മൂലം പലപ്പോഴായി തൊഴിലാളികള്‍ തെറ്റായി നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി. 2024 ജനുവരി ഒന്നു മുതലാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള അവിദഗ്ധ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വേതനം കൈമാറാന്‍ എബിപിഎസ് സൗകര്യമൊരുക്കുന്നു. ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകള്‍ മാറ്റുകയോ ബന്ധപ്പെട്ട വിവരം പ്രോഗ്രാം ഓഫീസറെ അറിയിച്ചില്ലെങ്കില്‍പ്പോലും എബിപിഎസ് വഴി പണം അക്കൗണ്ടുകളിലെത്തുന്നു.
അതിനാല്‍, എബിപിഎസ് ഓപ്ഷണലായി തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനും ബദല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കാനുംസമിതി ഗ്രാമവികസന വകുപ്പിനോട് ആവശ്യപ്പെട്ടു. ആധാര്‍ ഇല്ലാത്ത തൊഴിലാളികള്‍ക്കോ ബയോമെട്രിക് ഓതന്റിഫിക്കേഷന്‍ പ്രശ്‌നം നേരിടുന്നവരോ വേതനം ലഭിക്കാതെ പോകുന്നത് ഇതു മൂലം ഒഴിവാക്കാനാകും.
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തിദിനങ്ങളുടെ എണ്ണം 100 ല്‍ നിന്നും 150 ആയി ഉയര്‍ത്തണം. MGNREGA പ്രകാരമുള്ള പ്രവൃത്തികളുടെ സ്വഭാവം കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നടന്നു കൊണ്ടിരിക്കുന്ന ഗ്രാമവികസന പദ്ധതികള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ കുടിശ്ശികയുള്ള പേയ്മെന്റുകള്‍ കാലതാമസമില്ലാതെ നല്‍കണമെന്നും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
by Midhun HP News | Mar 13, 2025 | Latest News, കേരളം
തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി.
95.83 ശതമാനം മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന്‍ കടകളില്‍ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്.
പരമാവധി പേര്‍ക്ക് മസ്റ്ററിങ്ങ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എന്‍ആര്‍കെ സ്റ്റാറ്റസ് നല്‍കി റേഷന്‍ കാര്‍ഡില്‍ നിലനിര്‍ത്തും. ഇവര്‍ക്ക് തല്‍ക്കാലം റേഷന്‍ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിങ്ങിന് ശേഷം ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
by Midhun HP News | Mar 13, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 65,000ന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് 440 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000ന് തൊട്ടരികില്‍ എത്തി പുതിയ ഉയരം കുറിച്ചത്. 64,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.
by Midhun HP News | Mar 13, 2025 | Latest News, കേരളം
പത്തനംതിട്ട: സന്നിധാനത്തെ പുതിയ ദർശന രീതി നാളെ മുതൽ നടപ്പാക്കും. പുതിയ ദർശന രീതിയിൽ ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്കാണ് മുൻഗണന. മീന മാസ പൂജയ്ക്ക് നാളെ വൈകിട്ട് 5 ന് നട തുറക്കും. നാളെ മുതൽ തീർഥാടകരെ കടത്തിവിട്ട് പുതിയ ദർശന രീതി പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരുമുടിക്കെട്ട് ഇല്ലാതെ വരുന്നവർ നെയ്യഭിഷേകത്തിന് വരി നിൽക്കുന്നതിന് സമീപത്തു കൂടി മേൽപാലം കയറി പഴയ രീതിയിൽ സോപാനത്ത് എത്തി ദർശനം നടത്തണം.
ഇതിനായി ആദ്യ രണ്ടു നിരയാണ് ഉദ്ദേശിക്കുന്നത്. പൂജകളും വഴിപാടുകളും ഉള്ള സമയത്ത് ഒന്നാം നിരയിൽ വഴിപാടുകാർക്കാണ് സ്ഥാനം. പതിനെട്ടാം പടി കയറി വരുന്നവരെ മാത്രം ബലിക്കൽപുര വഴി കടത്തി വിടാനാണ് തീരുമാനം. ഇവർക്ക് കുറഞ്ഞത് 20 മുതൽ 25 സെക്കന്റ് ദർശനം ലഭിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.
പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം, ബാരിക്കേഡ്, രണ്ട് വശത്തെ ക്യൂവിൽ ഉള്ളവരെ വേർതിരിക്കാനുള്ള കാണിക്ക വഞ്ചി എന്നിവയുടെ പണികൾ പൂർത്തിയാകുന്നു. 15 മുതൽ 19 വരെയാണ് മീന മാസ പൂജ. ദിവസവും ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, 25 കലശം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. 19ന് രാത്രി 10ന് നട അടയ്ക്കും.
by Midhun HP News | Mar 13, 2025 | Latest News, കേരളം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. നിവേദ്യം ഉച്ചയ്ക്ക് 1.15 ന്.
ഇന്നലെ വൈകിട്ട് ദേവി ദർശനത്തിനായി നീണ്ട ക്യൂ ആണ് ആറ്റുകാൽ ക്ഷേത്രത്തിൽ ഉണ്ടായത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്.
അതേസമയം സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്പാദനത്തിന് കാരണവുമാകുന്ന ഉല്പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
by Midhun HP News | Mar 12, 2025 | Latest News, കേരളം
കൊച്ചി: പെണ്‍കുട്ടികളുടെ കല്യാണത്തെക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. 25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികള്‍ വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ആണ്‍ തലമുറ കുറെക്കൂടി ഉത്തരവാദിത്വോടെ ജീവിതത്തെ നോക്കി കാണണമെന്നും അദ്ദേഹം പറഞ്ഞു. ശാലോം ടിവിയിലെ അഭിമുഖത്തിനിടെയാണ് പാംപ്ലാനി കെസിബിസിയുടെ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്.
ചില തെറ്റായ സദാചാരബോധങ്ങള്‍ തിരുത്തിയെഴുതേണ്ടതുണ്ട്. മാതാപിതാക്കള്‍ മാത്രം വിചാരിച്ചാല്‍ ഇന്ന് ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാര്‍ അവരവര്‍ക്ക് വേണ്ട ജീവിത പങ്കാളിയെ കുറിച്ച് സ്വപ്‌നങ്ങള്‍ ഉള്ളവരാവണം. അവര്‍ അന്വേഷിക്കണം. അനുയോജ്യരായ കണ്ടെത്തിയാല്‍ മാതാപിതാക്കളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആണ്‍പിള്ളേരുടെ കാര്യത്തില്‍ ‘അവന്‍ ചെറുക്കനല്ലേ അവന്റെ കാര്യമങ്ങ് നടക്കുമെന്നാണ് പറയുക. അങ്ങനെ നടക്കുകേല എന്ന് മനസിലായി. ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികളുടെ കല്യാണത്തേക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
Recent Comments