by Midhun HP News | Mar 10, 2025 | Latest News, കേരളം
തിരുവനന്തപുരം: മലയാള സിനിമ മേഖലയെ പിടിച്ചുലച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ അവസാനിക്കാന്‍ നീക്കം. കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ പൊലീസിന് മൊഴി നല്‍കാനോ സഹകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എഴുതി തള്ളിയേക്കും. ഇതിനായി ഈ മാസം അവസാനത്തോടെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. പരാതിപ്രകാരമുള്ള ഒന്‍പത് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ നാല്‍പതോളം കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുമായി സഹകരിക്കാന്‍ ഇരകള്‍ ആരും തയ്യാറായില്ല. ഈ കേസുകളില്‍ ഭൂരിഭാഗത്തിലും നടപടികള്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പന്ത്രണ്ടോളം കേസുകളില്‍ ഇരകള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കേണ്ട രഹസ്യമൊഴി പോലും നല്‍കാന്‍ തയ്യാറായില്ല. ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കും. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ച യോഗം ചേരുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ലഭിച്ച പരാതികളില്‍ നടപടി തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉയര്‍ന്ന പരാതികളില്‍ മുകേഷ്, സിദ്ദീഖ്, ജയസൂര്യ തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിപ്രകാരം കേസുകളെടുക്കുകയുമായിരുന്നു.
by Midhun HP News | Mar 10, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.
by Midhun HP News | Mar 9, 2025 | Latest News, കേരളം
കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റുകള്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച മൈക്കാവ് സ്വദേശി ഷാനിദിന്റെ വയറ്റില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി. സ്‌കാന്‍ പരിശോധനയിലാണ് മൂന്നു പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇവയില്‍ രണ്ട് പാക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളും ഒന്നില്‍ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്.
ഇല പോലെ കണ്ടെത്തിയത് കഞ്ചാവ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാനിദിന്റെ ഇന്‍ക്വസ്റ്റ് നടത്തി. താമരശ്ശേരി തഹസില്‍ദാരുടെയും കുന്നമംഗലം ജുഡീഷ്യന്‍ മജിസ്‌ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടത്തിയത്.
എംഡിഎംഎ ശരീരത്തില്‍ കലര്‍ന്നതാണോ മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെയേ വ്യക്തമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്.
by Midhun HP News | Mar 9, 2025 | Latest News, കേരളം
കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയും യുവാവും മരിച്ച നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 നാണ് 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതായത്.
പ്രദേശവാസിയായ പ്രദീപ് എന്ന 42 കാരനെയും കാണാതായിരുന്നു. മണ്ടേക്കാപ്പ് എന്ന സ്ഥലത്തെ ഗ്രൗണ്ടിന് സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. 26 ദിവസത്തിന് ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഏഴു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് തിരച്ചിലില്‍ പങ്കെടുത്തത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.
മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നും ഇരുവരുടേയും മൊബൈല്‍ഫോണുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമീപം ഒരു കത്തിയുമുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന മകളെ ഫെബ്രുവരി 12 ന് രാവിലെ തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ കാണാതായെന്നാണ് വീട്ടുകാര്‍ പറയുന്നത്.
by Midhun HP News | Mar 9, 2025 | Latest News, കേരളം
മൂലമറ്റം: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സിനിമ മേക്കപ്പ്മാന്‍ പിടിയില്‍. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങളിലെ മേക്കപ്പ്മാന്‍ ആയിരുന്ന ആര്‍ ജി വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് കഞ്ചാവുമായി പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷും സംഘവുമാണ് രഞ്ജിത്തിനെ പിടികൂടിയത്.
ഇയാളില്‍ നിന്ന് 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ലഹരി ഉപയോഗം, അക്രമം എന്നിവയുടെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആവേശം ഉള്‍പ്പെടെയുള്ള സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് ഗോപിനാഥ്. പൈങ്കിളി , സൂക്ഷമ ദര്‍ശ്ശിനി , രോമാഞ്ചം, ജാനേമന്‍ തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെ, അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വിആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
by Midhun HP News | Mar 9, 2025 | Latest News, കേരളം
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിൽ യാർഡ് ക്രെയിനുകളുടെ ചലനം നിയന്ത്രിച്ച് വിഴിഞ്ഞത്തെ വനിതകൾ. ഇന്ത്യയിൽ ഇതാദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സി.ആർ.എം.ജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
കഴിഞ്ഞദിവസം വരെ ഇവിടെയെത്തിയ 200 കണ്ടെയ്നർ കപ്പലുകളിൽനിന്നും 4ലക്ഷത്തോളം ചരക്കുകൾ തുറമുഖ യാർഡിൽ യഥാസ്ഥാനങ്ങളിൽ ക്രമീകരിച്ച ക്രെയിൻ ഓപ്പറേറ്റർമാരിൽ ഒൻപതുപേരും വനിതകളാണ്. ഇതിൽ ഏഴുപേരും വിഴിഞ്ഞം സ്വദേശിനികൾ. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി ചെയ്യുന്നത്. സ്ത്രീശാക്തീകരണത്തിന്റെ മാതൃക സൃഷ്ടിക്കുകയാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാരെന്ന് തുറമുഖ അധികൃതർ പറഞ്ഞു.
വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി.പ്രിനു, എസ്.അനിഷ, എൽ.സുനിത രാജ്,ഡി.ആർ.സ്റ്റെഫി, റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി.ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി.നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. പോർട്ട് യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപ്പറേഷൻ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് ഇവർ നിയന്ത്രിക്കുന്നത്. വിഴിഞ്ഞം പോർട്ടിൽ അദാനി ഫൗണ്ടേഷന് കീഴിലുള്ള അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ വിദഗ്ദ്ധ പരിശീലനം പൂർത്തിയാക്കിയാണിവർ ജോലിയിൽ പ്രവേശിച്ചത്.
Recent Comments