by Midhun HP News | Mar 10, 2025 | Latest News, കേരളം
തിരുവനന്തപുരം: ജനങ്ങള്‍ സുരക്ഷക്കായി പോല്‍ ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് വിശദീകരിക്കുന്ന കുറിപ്പുമായി കേരള പൊലീസ്. അപകടകരമായ സാഹചര്യത്തില്‍ പോല്‍ ആപ്പിലെ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഉടന്‍ പൊലീസ് സഹായം ലഭിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തുന്നു.
വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.
പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് – https://play.google.com/store/apps/details…
by Midhun HP News | Mar 10, 2025 | Latest News, കേരളം
പത്തനംതിട്ട: തിരുവല്ലയില്‍ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തിയെന്ന പിതാവിനെതിരെയുള്ള കേസില്‍ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പൊലീസ് ഇത്തരത്തില്‍ പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസിനെതിരെ യുവതി ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി.
പൊലീസ് വീട്ടിലെത്തി പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി പുറത്തുവിട്ടു. മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒളിപ്പിച്ചു വില്‍പന നടത്തിയെന്നാണ് കുട്ടിയുടെ പിതാവിനെതിരെയുള്ള കേസ്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പരാതി നല്‍കാന്‍ പൊലീസാണ് നിര്‍ദേശം നല്‍കിയതെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഡിവൈഎസ്പി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞശേഷമാണ് പൊലീസ് വീട്ടിലെത്തി പരാതി എഴുതി വാങ്ങിയതെന്നാണ് മാതാവിന്റെ ആരോപണം
പ്രതിയെ വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍ നിന്ന് എംഡിഎംഎയുമായി തിരുവല്ല പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മകനെ ഉപയോഗിച്ച് ലഹരിപ്പൊതികള്‍ വിതരണം നടത്തിയതായി തിരുവല്ല ഡിവൈഎസ്പി പറഞ്ഞത്. എന്നാല്‍ പിന്നീട് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ മകന്റെ ശരീരത്തില്‍ എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പന നടത്തിയെന്ന ഭാഗം ഒഴിവാക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് പ്രതിയുടെ ഭാര്യ തന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്. കേസില്‍ പൊലീസിന് മൈലേജ് കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കെട്ടുകഥയുണ്ടാക്കിയതെന്നാണ് പ്രതിയുടെ ഭാര്യ പറയുന്നത്. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടി ഭാര്യയും ഭര്‍ത്താവ് ചേര്‍ന്ന് നടത്തുന്ന തന്ത്രമാണെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം, പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുത്തിരുന്നു. പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. നിലവില്‍ റിമാന്‍ഡിലായ പ്രതി ആറു മാസമായി ജില്ലാ ഡാന്‍സാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ ശരീരത്തില്‍ എംഡിഎംഎ പാക്കറ്റുകള്‍ ഒട്ടിച്ചു വച്ചശേഷം മകനൊപ്പം സഞ്ചരിച്ചാണ് വില്‍പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.
by Midhun HP News | Mar 10, 2025 | Latest News, കേരളം
കൊച്ചി: ഇ- ഗവേണന്‍സില്‍ കേരളത്തില്‍ വലിയ മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്മാര്‍ട്ട് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2024 ജനുവരി ഒന്നിന് ആരംഭിച്ച് 94 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പ്ലാറ്റ്ഫോം സംവിധാനമാണ് സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകും. ഏപ്രില്‍ പത്ത് മുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെ-സ്മാര്‍ട്ട് പദ്ധതി നിലവില്‍ വന്നതിന് ശേഷം 1,709 കോടി രൂപയാണ് സര്‍ക്കാരിന് ഇതിലൂടെ ലഭിച്ചിട്ടുള്ളത്. 2025 ഫെബ്രുവരി 13 വരെയുള്ള കണക്കുകള്‍ പ്രകാരം 23.12 ലക്ഷം ഫയലുകളും ഇതിലൂടെ തീര്‍പ്പാക്കി. ആകെ ലഭിച്ച അപേക്ഷകളുടെ 75.6 ശതമാനം വരുന്നതാണ് ഈ കണക്കുകള്‍.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) ആണ് കെ-സ്മാര്‍ട്ട് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. ‘ജനന – മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസമാണ് നിലവില്‍ വേണ്ടത്. കെ-സ്മാര്‍ട്ടിലൂടെ അതേ സേവനം വെറും 25 മിനിറ്റിനുള്ളില്‍ ലഭ്യമാക്കാനാകും’ എന്ന് ഐകെഎം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ബാബു പറയുന്നു.
ഡിജിറ്റല്‍ ഫയല്‍ മാനേജ്‌മെന്റ്, വസ്തു നികുതി, കെട്ടിട നിര്‍മാണ അനുമതി, പൊതുജന പരാതി സ്വീകരിക്കല്‍, കൗണ്‍സില്‍, പഞ്ചായത്ത് യോഗ നടപടികള്‍, വ്യാപാര ലൈസന്‍സ്, വാടക, പാട്ടം, തൊഴില്‍ നികുതി, പാരാമെഡിക്കല്‍, ട്യൂട്ടോറിയല്‍ രജിസ്‌ട്രേഷന്‍, പെറ്റ് ലൈസന്‍സ്, ഭൂമി സംബന്ധിച്ച വിവരങ്ങള്‍, മൊബൈല്‍ ആപ്പ്, കോണ്‍ഫിഗറേഷന്‍ മൊഡ്യൂള്‍, സിവില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് കെ-സ്മാര്‍ട്ട് ലഭ്യമാക്കുന്ന സേവനങ്ങള്‍.
അപേക്ഷകളുടെ പുരോഗതിയും സ്ഥിതിവിവരവും പൊതുജനങ്ങള്‍ക്ക് അറിയാനാകും. ക്ഷേമപെന്‍ഷനുള്ള നടപടിയുള്‍പ്പെടെ ഓണ്‍ലൈനാകും. ജൂണില്‍ പരിഷ്‌കരിച്ച സുലേഖ സോഫ്റ്റ്വെയറും കെ സ്മാര്‍ട്ടുമായി സംയോജിപ്പിക്കുന്നതോടെ സേവനം കൂടുതല്‍ വിപുലീകരിക്കും. വോട്ടവകാശമുള്ളവര്‍ക്ക് ലോകത്ത് എവിടെ നിന്നും ലോഗിന്‍ ചെയ്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ഗ്രാമസഭകളില്‍ പങ്കെടുക്കാനാകുമെന്നതും കെ-സ്മാര്‍ട്ട് പദ്ധതിയുടെ മികവാണ്.
ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അഞ്ച് രൂപ വീതവും സ്വത്ത് നികുതി അടയ്ക്കല്‍, കെട്ടിട പ്രായ സര്‍ട്ടിഫിക്കറ്റുകള്‍, താമസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് 10 രൂപ വീതവും സര്‍വീസ് ചാര്‍ജ് മാത്രമാണ് കെ-സ്മാര്‍ട്ട് സേവനത്തിലൂടെ നല്‍കേണ്ടിവരിക. ഇതേ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തേണ്ട ചെലവിനേക്കാള്‍ വളരെ കുറവാണ് ഈ നിരക്ക് എന്ന് ഐകെഎം എംഡി വ്യക്തമാക്കുന്നു.
ഐകെഎം പങ്കുവച്ച കണക്കുകള്‍ പ്രകാരം അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ കെ-സ്മാര്‍ട്ട് 1.50 ലക്ഷം ഫയലുകള്‍ നീക്കുകളും പതിവ് ഓഫീസ് സമയത്തിന് പുറത്ത് മാത്രം 7.25 ലക്ഷം ഫയലുകള്‍ ക്ലിയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവന വിതരണത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് ഇതിലൂടെ വെളിപ്പെടുന്നത് എന്നും ഐകെഎം പറയുന്നു.
by Midhun HP News | Mar 10, 2025 | Latest News, കേരളം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പാരിസ്ഥിതിക അനുമതിയായി. രണ്ടും, മൂന്നും, നാലും ഘട്ട നിർമാണം നടത്തുന്നതിനാണ് അനുമതി. പരിസ്ഥിതി ക്ലിയറൻസിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കാൻ സാധിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാം ഘട്ടം പൂർത്തിയാക്കി വിജയകരമായ രീതിയിൽ വാണിജ്യതലത്തിൽ അടക്കം പ്രവർത്തനം പുരോഗമിക്കുന്ന ഘട്ടത്തിലാണ് രണ്ടും മൂന്നും നാലും ഘട്ട നിർമാണത്തിനുള്ള പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചത്.
ഇതിലൂടെ ബർത്തിന്‍റെ നീളം 1200 മീറ്റർ കൂടി വർധിക്കും. നിലവിൽ 800 മീറ്ററാണ് നീളം. പുലിമുട്ടിന്‍റെ നീളം 3 കിലോമീറ്ററിൽ നിന്നും ഒരു കിലോമീറ്റർ കൂടി വർധിപ്പിക്കും. ഇതുവഴി ഒരേ സമയം 5 വലിയ മദർഷിപ്പുകൾക്ക് തുറമുഖത്ത് ബർത്ത് ചെയ്യാനാവും. നിലവിൽ രണ്ടു മദർഷിപ്പുകൾക്ക് മാത്രമാണ് ഒരേസമയം ബർത്ത് ചെയ്യാൻ സാധിക്കുക.
2028 ൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള നിർദ്ദേശമാണ് അദാനി ഗ്രൂപ്പിന് സർക്കാർ നൽകിയിട്ടുള്ളത്. ഇതിന്‍റെ ഫണ്ട് അദാനി തന്നെയാണ് വഹിക്കുക. ഇതുവരെ 203 ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്. 4 ലക്ഷം ടിഇയു ചരക്കും കൈകാര്യം ചെയ്തു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന എം എസ് സി ഷിപ്പിങ്ങ് കമ്പനിയുടെ ജേഡ് സർവീസിൽ വിഴിഞ്ഞം തുറമുഖത്തെയും ഉൾപ്പെടുത്തിയതും നേട്ടമായി.
ജേഡ് സര്‍വീസിലെ ആദ്യത്തെ കപ്പലായ എം എസ് സി മിയ, ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് നിന്ന് യാത്ര ആരംഭിച്ച്, ദക്ഷിണ കൊറിയയിലെ ബുസാന്‍ തുറമുഖം, ചൈനയിലെ നിങ്ബോ-ഷൗഷാന്‍ തുറമുഖം, ചൈനയിലെ ഷാങ്ഹായ്, യാന്റിയന്‍ തുറമുഖം, സിംഗപ്പൂര്‍ തുറമുഖം വഴി വിഴിഞ്ഞത്തേക്ക് എത്തിച്ചേർന്നിരുന്നു.
by Midhun HP News | Mar 10, 2025 | Latest News, കേരളം
സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്ന വിപണിയിൽ ഇന്ന് 80 രൂപയുടെ നേരിയ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവൻ്റെ വില 64,400 രൂപയായി ഉയർന്നു. ഇന്നലെ സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 8000 കടന്നു. ഒരു ഗ്രാം സ്വർണത്തിന് 8050 രൂപയാണ് ഇന്ന് നൽകേണ്ടത്.
അതേസമയം വെള്ളിവില കുറഞ്ഞിട്ടുണ്ട്. 106 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,06,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
by Midhun HP News | Mar 10, 2025 | Latest News, കേരളം
ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയതിന് യുവാവിന്റെ വീടിന് നേരെ ആക്രമണം. ലഹരിക്കേസ് പ്രതിയും സഹോദരനും ചേര്‍ന്ന് കാസര്‍ഗോഡ് മാസ്തിക്കുണ്ട് സ്വദേശി സിനാന്റെ വീട് ആക്രമിച്ചു. സിനാനും മാതാവ് സല്‍മയ്ക്കും പരുക്കേറ്റു.
കാസര്‍ഗോഡ് മാസ്തിക്കുണ്ട് ഒരു വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാകുന്നുവെന്ന പരാതി നാട്ടുകാര്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ഒരു ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പരാതിയും നല്‍കി. പരാതി നല്‍കിയ ക്ലബ്ബിന്റെ പ്രവര്‍ത്തകനാണ് സിനാന്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരില്‍ നിന്ന് ലഹരി പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ജാമ്യത്തില്‍ വിടേണ്ടി വന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് സിനാന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
Recent Comments