കൊടും ചൂട് തുടരും, ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്

കൊടും ചൂട് തുടരും, ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.

പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.

അതേസമയം കടുത്ത ചൂടിന് ആശ്വാസമായി ഏതാനും ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകലില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; നയരേഖയിന്മേലുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; നയരേഖയിന്മേലുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന വികസന നയരേഖയിന്മേലുള്ള ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും. ശനിയാഴ്ച ആറ് വനിതകള്‍ ഉള്‍പ്പെടെ 27 പേര്‍ വികസനരേഖയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നിലവിലുള്ള സെക്രട്ടറി എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നേക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട്, വയനാട് മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന കമ്മിറ്റിയില്‍ എത്തും. നിലവിലെ കമ്മിറ്റിയില്‍ നിന്നും പ്രായം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കണക്കിലെടുത്ത് 25 പേരെങ്കിലും മാറിയേക്കുമെന്നാണ് സൂചന.

വൈകീട്ട് കാല്‍ലക്ഷം പേരുടെ റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയുമോടെയാണ് സമ്മേളനത്തിന് കൊടിയിറങ്ങുക. വൈകിട്ട് നാലിന് കൊല്ലം ആശ്രാമം മൈതാനത്ത് പൊതുസമ്മേളനം ആരംഭിക്കും. പൊളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കും.

മകന്‍റെ ശരീരത്തില്‍ സെല്ലോ ടേപ്പ് കൊണ്ട് എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പ്പന; യുവാവ് പിടിയില്‍

മകന്‍റെ ശരീരത്തില്‍ സെല്ലോ ടേപ്പ് കൊണ്ട് എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പ്പന; യുവാവ് പിടിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തുന്നയാള്‍ പിടിയില്‍. ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചാണ് ഇയാള്‍ കൂടുതലായും ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഇയാള്‍ ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ നിരവധി തവണ വില്‍പന നടത്തിയതായി പ്രതി സമ്മതിച്ചെന്നും തിരുവല്ല പൊലീസ് പറഞ്ഞു.

മകനെ പൊലീസ് പരിശോധിക്കില്ലെന്ന ഉറപ്പാണ് ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. മറ്റു ജോലികള്‍ ഒന്നും പോകാതിരുന്ന ഷമീറിന്റെ ഉപജീവന മാര്‍ഗം ലഹരി വില്‍പ്പനയായിരുന്നെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

ലോഡ്ജില്‍ മയക്കുമരുന്നുമായി എത്തി; കണ്ണൂരില്‍ കമിതാക്കള്‍ അറസ്റ്റില്‍

ലോഡ്ജില്‍ മയക്കുമരുന്നുമായി എത്തി; കണ്ണൂരില്‍ കമിതാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ക്യാപിറ്റോള്‍ മാള്‍ ലോഡ്ജില്‍ മയക്കുമരുന്നുമായി കമിതാക്കള്‍ അറസ്റ്റില്‍. താവക്കര ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശിനി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎ യും, 9 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കണ്ണൂര്‍ – തലശേരി ദേശീയപാതയിലെ കാപ്പിറ്റോള്‍ മാളിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ലഹരി വില്‍പന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ പി. നിധിന്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നഗരത്തില്‍ വ്യാപക റെയ്ഡ് നടത്തിയത്.

കനത്ത ചൂട്: കാസര്‍കോട് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

കനത്ത ചൂട്: കാസര്‍കോട് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

കാസര്‍കോട്: കയ്യൂരില്‍ സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു. കയ്യൂര്‍ വലിയ പൊയിലില്‍ കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.50ഓടെ വീടിന് സമീപത്തു വച്ചാണ് സൂര്യാഘാതമേറ്റത്. ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയാണ് അത്യാഹിതം. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.എന്നാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യയുടേത് അസൂത്രിത നീക്കം

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യയുടേത് അസൂത്രിത നീക്കം

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍. കലക്ട്രേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ അസൂത്രിത നീക്കം നടത്തിയതായാണ് മൊഴികള്‍. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോള്‍ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വിഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂര്‍ വിഷന്‍ പ്രതിനിധികള്‍ നല്‍കിയ മൊഴി. പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നവീന്‍ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് വിജിലന്‍സ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെതിരെ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ കിട്ടിയിട്ടില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു നേരത്തെ പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്ത് ഉയര്‍ത്തിയ വാദം. ഇത് വ്യാജ പരാതിയെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെ മറുപടിയും. നവീന്‍ ബാബുവിനെതിരെ റവന്യു വകുപ്പിലും പരാതികളില്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഒരു പരാതിയും എഡിഎമ്മിനെതിരെ കിട്ടിയിട്ടില്ലെന്ന് റവന്യു സെക്രട്ടറിയും കണ്ണൂര്‍ കലക്ടറേറ്റും മറുപടി നല്‍കിയിരുന്നു.