മരട് കവര്‍ച്ച കേസ് പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമം; യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍

മരട് കവര്‍ച്ച കേസ് പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമം; യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. കൂളിമുട്ടം ആല്‍ സ്വദേശി കാഞ്ഞിരത്ത് വീട്ടില്‍ ഷാജി (31), പാപ്പിനിവട്ടം മതില്‍മൂല സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ നിഷാന (24), എറണാകുളം പറവൂര്‍ താനിപാടം വെടിമറ സ്വദേശി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മുക്താര്‍ (32) പറവൂര്‍ എസ്സാര്‍ വീട്ടില്‍ മുഹമ്മദ് ഷമീം ഖുറൈഷി (33) എന്നിവരെയാണ് ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പടിയൂര്‍ സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ അനന്തു (26)വിനെ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ട് പോയി വെടിമറയിലുള്ള ഒരു തട്ടുകടയുടെ പുറകില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 2024 ഡിസംബര്‍ 25 ന് രാവിലെ കൊമ്പിടയില്‍ വച്ചാണ് സംഭവവം നടന്നത്.

സ്വന്തം വീടുകൾക്കുള്ളിലെ അതിക്രമങ്ങൾ തടയുക പുതിയ വെല്ലുവിളി- മനോജ് എബ്രഹാം ഐ പി എസ്

സ്വന്തം വീടുകൾക്കുള്ളിലെ അതിക്രമങ്ങൾ തടയുക പുതിയ വെല്ലുവിളി- മനോജ് എബ്രഹാം ഐ പി എസ്

കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഐപി എസ് ഉദ്ഘാടനം ചെയ്തു.

വീടുകൾക്ക് പുറത്ത് നടക്കുന്ന അതിക്രമങ്ങളെക്കാൾ എത്രയോ മടങ്ങാണ് ഇന്ന് സ്വന്തം വീടുകൾക്കുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ എന്നും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ നടന്ന 65 കൊലപാതകങ്ങളിൽ 70 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടപ്പോൾ അതിൽ അമ്പതും പൊലിഞ്ഞു വീണത് വീടുകൾക്കുള്ളിൽ ആണെന്നത് അതീവ ഗൗരവാർഹമായ കാര്യമാണെന്നും ഇതിൻമേൽ ശരിയായ സുരക്ഷാ നടപടികളും ബോധവൽക്കരണവും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും എഡിജിപി പറഞ്ഞു.

സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കൊപ്പം വീടുകളില്‍ നടക്കുന്ന അതിക്രമങ്ങളും എങ്ങനെ തടയാം എന്ന വിഷയത്തെ മുൻനിർത്തിയുള്ള ചർച്ചയിൽ ജനപ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, രക്ഷകർത്താക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽ ഉള്ളവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

സംവാദത്തില്‍ ഏറെയും ലഹരിയെകുറിച്ചും കുട്ടികളിലെ കുറ്റവാസനകളെ കുറിച്ചുമായിരുന്നു ചര്‍ച്ച നടന്നത്. കുറ്റവാസന തടയുന്നതിനായി ഒട്ടനവധി പ്രതിവിധികളാണ് സംസാരിച്ചവര്‍ നിർദ്ദേശിച്ചത്. പൊതുസമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനുംപോലീസിന് സാധിക്കുമെങ്കിലും വീടുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരിമിധികളുണ്ടെന്നും. ഗൃഹനാഥന്‍മാരാണ് അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു.

പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വി സുനിൽരാജ് വിഷയാവതരണം നടത്തി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കെഎൽ നിഷാന്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.

കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നൃപൻ ചക്രവർത്തി, കെപിഒഎ സംസ്ഥാന പ്രസിഡണ്ട് ആർ പ്രശാന്ത്, നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി, കെ പി ഒ എ തിരുവനന്തപുരം സിറ്റി സെക്രട്ടറി എസ് എസ് ജയകുമാർ, കെ പി എ റൂറൽ ജില്ലാ പ്രസിഡണ്ട് ജി എസ് കൃഷ്ണലാൽ എന്നിവർ സംസാരിച്ചു. സംവാദ പരിപാടിക്ക് കെ പി ഒ എ ജില്ലാ സെക്രട്ടറി ആർ കെ ജ്യോതിഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ബി ഹരിലാൽ നന്ദിയും രേഖപ്പെടുത്തി.

ലഹരിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃകാപരമായ ബോധവത്കരണ ക്ലാസിനെ കുറിച്ച് പ്രശംസിച്ചാണ് പങ്കെടുത്തവര്‍ മടങ്ങിയത്.

പൊലീസിനെ കണ്ട് എംഡിഎംഎ പൊതിയോടെ വിഴുങ്ങി; കോഴിക്കാട് യുവാവ് മരിച്ചു

പൊലീസിനെ കണ്ട് എംഡിഎംഎ പൊതിയോടെ വിഴുങ്ങി; കോഴിക്കാട് യുവാവ് മരിച്ചു

കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് എംഡിഎംഎ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു.

സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളില്‍ 2 ചെറിയ പ്ലാസ്റ്റിക് പൊതികള്‍ സ്ഥിരീകരിച്ചു. ഈ പൊതികളില്‍ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു.

പ്രസവം വീട്ടില്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി, വിവാദം

പ്രസവം വീട്ടില്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി, വിവാദം

കോഴിക്കോട്: വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. 2024 നവംബര്‍ 2ന് ജനിച്ച തന്റെ കുഞ്ഞിന് നാല് മാസം കഴിഞ്ഞിട്ടും കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോട്ടൂളി സ്വദേശിയായ ഷറഫാത്ത് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

ഷറഫാത്തിന്റെ പരാതി ഈ വിഷയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ഒരു വിഭാഗം ആളുകള്‍ ആധുനിക വൈദ്യശാസ്ത്രത്തോടും പ്രതിരോധ കുത്തിവയ്പ്പുകളോടും മുഖം തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈദ്യപരിചരണം ഇല്ലാതെയുള്ള പ്രസവങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയുള്‍പ്പെടെ ഉയരുമ്പോഴാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.

‘ഞങ്ങള്‍ വാക്‌സിനേഷനില്‍ വിശ്വസിക്കുന്നില്ല. മരുന്നുകള്‍ കഴിക്കാന്‍ ആഗ്രഹിക്കാത്തതിനാലുമാണ് പ്രസവത്തിന് വീട് തെരഞ്ഞെടുത്തത്. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ ബ്ലേഡ് ഉപയോഗിച്ചാണ് പ്രസവശേഷം പൊക്കിള്‍ക്കൊടി മുറിച്ചത്. പ്രസവ സമയത്ത് രക്തസ്രാവമുണ്ടായിരുന്നു, കുഞ്ഞ് എളുപ്പത്തില്‍ പുറത്തുവന്നില്ല. പക്ഷേ ഞങ്ങള്‍ പരിഭ്രാന്തരായില്ല,’ ഷറഫാത്ത് പറയുന്നു.

എന്നാല്‍, വീട്ടിലെ പ്രസവം ഈ മേഖലയില്‍ ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് കരിക്കംകുളം മേഖലയിലെ ആശ വര്‍ക്കറായ സിന്ധു പറയുന്നത്. ഇത്തരത്തില്‍ പത്തിലധികം ദമ്പതികള്‍ ഇവിടെയുണ്ട്. നിയമപരമായ സങ്കീര്‍ണതകള്‍ കാരണം അവരില്‍ രണ്ടുപേര്‍ക്ക് ഇതുവരെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും സിന്ധു ചൂണ്ടിക്കാട്ടുന്നു.

‘ഷറഫാത്തിന്റെ കുഞ്ഞ് ജനിച്ച് നാല് ദിവസത്തിന് ശേഷം നവംബര്‍ 6 നാണ് ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച് അറിഞ്ഞത്. നേരത്തെ, വിവരങ്ങള്‍ ശേഖരിക്കാന്‍ അവരുടെ വീട്ടിലെത്തിയിരുന്നു. പക്ഷേ അപൂര്‍ണ്ണമായ വിവരങ്ങളാണ് നല്‍കിയത്. കുഞ്ഞ് ജനിച്ചപ്പോള്‍, ആവശ്യമായ വാക്‌സിനുകള്‍ എടുക്കാനും നിര്‍ദേശിച്ചു, പക്ഷേ അവര്‍ തയ്യാറായില്ല.’ ആശവര്‍ക്കര്‍ പറഞ്ഞു. ആശുപത്രി പ്രസവങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നതായും കോട്ടൂളിയിലെ മറ്റൊരു ആശാ വര്‍ക്കര്‍ ആശ ആന്‍സി പറഞ്ഞു.

അതേസമയം, ജനനം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ജനനത്തെ കുറിച്ച് ആശാ വര്‍ക്കര്‍മാരെയോ അംഗന്‍വാടി വര്‍ക്കര്‍മാരെയോ അറിയിച്ചിരുന്നില്ല. നടപടിക്രമങ്ങള്‍ പാലിച്ചില്ല, ംഭവത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തുകയാണ് എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങളിലെ അപകടസാധ്യത ചൂണ്ടിക്കാട്ടുകയാണ് ആരോഗ്യ വിദഗ്ധർ. രണ്ട് ജീവനെ അപടകടത്തിലാക്കുന്ന നടപടിയാണ് വീട്ടിലെ പ്രസവം എന്ന് ഡോ. മനോജ് വെള്ളനാട് വ്യക്തമാക്കുന്നു. കേരളത്തിലെ മാതൃ-ശിശു മരണനിരക്ക് കുറയാനുള്ള പ്രധാന കാരണം വൈദ്യ സഹായം ലഭിക്കുന്നു എന്നത് കൂടിയാണ്. ഒരു നവജാത ശിശുവിന്റെ കരച്ചില്‍ അഞ്ച് മിനിറ്റ് വൈകിയാല്‍, ശരിയായ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ അത് ഹൈപ്പോക്‌സിക് ഇസ്‌കെമിക് എന്‍സെഫലോപ്പതി എന്ന അവസ്ഥയുണ്ടാക്കിയേക്കും. ഇത് ആജീവനാന്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. ഗര്‍ഭധാരണവും പ്രസവവും വളരെ ഗൗരവമുള്ള കാര്യങ്ങളാണ്, അവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമൈന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

വീട്ടിലെ പ്രസവങ്ങള്‍ സുരക്ഷിതമല്ലെന്ന് സ്ത്രീകള്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക ഷാഹിറ എടക്കാട് ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ ചില അക്യുപങ്ചറിസ്റ്റുകള്‍ വാക്‌സിനേഷനുകള്‍ക്കും മാസ്‌കുകള്‍ക്കും എതിരെ പ്രചാരണം നടത്തിയിരുന്നു, ഇപ്പോള്‍ അവര്‍ വീട്ടില്‍ പ്രസവം പ്രോത്സാഹിപ്പിക്കുകയാണ്. അത്തരം സുരക്ഷിതമല്ലാത്ത രീതികള്‍ തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.’ എന്നും അവര്‍ ആവശ്യപ്പെട്ടു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ബ്രഹ്മകലശം; ആറ് മണിക്കൂര്‍ ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ബ്രഹ്മകലശം; ആറ് മണിക്കൂര്‍ ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവകലശങ്ങളുടെ ഭാഗമായി ശനിയാഴ്ച തത്ത്വകലശം നടക്കും. ആയിരം കലശവും വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവും ഞായറാഴ്ചയാണ്. ഈ രണ്ടുദിവസങ്ങളിലും വെളുപ്പിന് നാലരവരെ മുതല്‍ രാവിലെ 11വരെ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്കും തദ്ദേശീയര്‍ക്കും ദര്‍ശനത്തിനുള്ള പ്രത്യേക വരികളും രണ്ട് ദിവസം ഉണ്ടാകില്ല.

തത്ത്വകലശം നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലത്തെ ശീവേലി ഒരുമണിക്കൂര്‍ നേരത്തെയാക്കും. ഉത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന എല്ലാ കലശങ്ങളുടെയും സമാപനമാണ് ഞായറാഴ്ചത്തെ ബ്രഹ്മകലശം.

രാവിലെ ശീവേലി കഴിഞ്ഞാല്‍ ആയിരും കലശമാടാന്‍ തുടങ്ങും. അതിനുശേഷമായിരിക്കും ബ്രഹ്മകലശാഭിഷേകം. ശ്രീലകത്തുനിന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഓതിക്കന്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ബ്രഹ്മകലശം എഴുന്നള്ളിക്കും.

ആയിരം കലശങ്ങള്‍ക്കും ബ്രഹ്മകലശത്തിനും മുന്നോടിയായി ക്ഷേത്രം കൂത്തമ്പലത്തില്‍ കലശകുംഭങ്ങള്‍ കീഴ്ശാന്തിമാര്‍ വെള്ളിയാഴ്ച തയ്യാറാക്കി വച്ചു. 976 വെള്ളിക്കുംഭങ്ങളും 25 സ്വര്‍ണ്ണക്കുംഭങ്ങളുമാണ് ഒരുക്കി വച്ചത്‌

കായംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ

കായംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ

കഴിഞ്ഞ രാവിലെ 10.30 മണിക്കും 11.50 മണിക്കും ഇടയിൽ കായംകുളം KPAC ജംഗ്ഷന് സമീപമുള്ള വടിയാടി അജീഷ് നിവാസ് വീടിൻ്റെ മുൻവശം ഗ്രില്ലിൻ്റെ താഴും വീടിൻ്റെ പ്രധാന വാതിലിൻ്റെ പൂട്ടും തകർത്ത് വീടിനുള്ളിൽ കയറി ബെഡ്റൂമിൽ കബോഡിൽ സൂക്ഷിച്ചിരുന്ന 6000 രൂപ മോഷ്ടിച്ച
കേസിലാണ് ഉത്തർ പ്രദേശ് സംസ്ഥാനത്ത് ബിഞ്ജോർ ജില്ലയിൽ സ്വാലകാല പി.ഒ. യിൽ ഫൈസൽ ( 29), ഉത്തർപ്രദേശ് സംസ്ഥാനത്ത് ബിഞ്ജോർ ജില്ലയിൽ ശിവാലകാലൻ പി.ഒ. യിൽ അക്ഷയ് കുമാർ (19) എന്നിവരാണ് കായംകുളം പോലീസിൻ്റെ പിടിയിലായത്.

മോഷണം നടന്ന വീടിൻ്റെ സമീപത്തുള്ള CCTV ക്യാമറകൾ പരിശോധിച്ചതിൽ രണ്ട് ചെറുപ്പക്കാർ വീടിന്റെപരിസരത്തു നിന്നും ഓടി പോകുന്നത് ദൃശ്യങ്ങളിൽ കാണുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആ KPAC ജംഗ്ഷനിൽ നിന്നും ഒരു ഓട്ടോറിക്ഷയിൽ കയറി പോയതായി കണ്ടെത്തുകയും തുടർന്ന് ഓട്ടോറിക്ഷാക്കാരനെ കണ്ട് അന്വേഷണം നടത്തിയതിൽ അവരെ കരുനാഗപ്പള്ളി മൈനാഗപ്പള്ളി ജംഗ്ഷനിൽ കൊണ്ടു വിട്ടതായി വിവരം ലഭിക്കുകയും മൈനാഗപ്പള്ളിയിലെത്തി അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരുടെ കൈയ്യിലുള്ള ബാഗിൽ നിന്നും വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധങ്ങളും, 4000 രൂപയും കണ്ടെടുത്തു.

കായംകുളം ഡി. വൈ.എസ്.പി. ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്. ഐ.മാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ സബീഷ്, സജീവ് കുമാർ, അരുൺ, ലിമു മാത്യു, റിൻ്റിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.