by Midhun HP News | Feb 21, 2025 | Latest News, കേരളം
കൊച്ചി: കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ ജിഎസ്ടി അഡീഷണൽ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്സിനകത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഹിന്ദിയിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്.
വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല. ശാലിനി വിജയ്‌യുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും മൃതദേഹത്തിന് 4 മുതൽ 5 ദിവസം വരെ പഴക്കമുണ്ട്. മൂവരുടെയും മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. മനീഷിന്റെയും സഹോദരി ശാലിനിയുടെയും മൃതദേഹം തൂങ്ങിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. അമ്മ ശകുന്തള അഗർവാളിന്റെ മൃതദേഹം കിടക്കയിലുമായിരുന്നു ഉണ്ടായിരുന്നത്.
അമ്മയുടെ മൃതദേഹത്തിന് മുകളിൽ വെള്ളത്തുണി വിരിച്ച് പൂക്കൾ വെച്ചിരുന്നു. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. 2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.
കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ഝാര്‍ഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽക്കാരുമായി ബന്ധം സൂക്ഷിക്കുന്നവരായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
by Midhun HP News | Feb 21, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ജാഗ്രതാ നിർദേശങ്ങൾ
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
by Midhun HP News | Feb 21, 2025 | Latest News, കേരളം
കൊച്ചി: ഇന്നലെ സര്‍വകാല റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. 64,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 8025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് വില കുറഞ്ഞത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
by Midhun HP News | Feb 20, 2025 | Latest News, കേരളം
കൊല്ലം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിയ മൂന്ന് പേര്‍ പിടിയില്‍. കൊല്ലം മുണ്ടയ്ക്കല്‍ കുന്നത്തുകാവ് നഗര്‍ ദിയ ഹൗസില്‍ ഡിവൈന്‍ (29), മേലാച്ചുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ നന്ദു (23), കച്ചിക്കടവ് മലയാറ്റുകിഴക്കതില്‍ വീട്ടില്‍ സുബിന്‍ (29) എന്നിവരാണ് പിടിയിലായത്.
കൊല്ലം എക്‌സൈസ് റെയിഞ്ച് പാര്‍ട്ടികൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ മുണ്ടയ്ക്കല്‍, പോളയത്തോട്, കോളേജ് ജങ്ഷന്‍, ഇരവിപുരം പുത്തന്‍ചന്ത തുടങ്ങിയ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ്കഞ്ചാവ് വില്പന കണ്ടെത്തുന്നത്. 50 ഗ്രാം കഞ്ചാവ് ചെറുപായ്ക്കറ്റുകളിലാക്കി ഒരു പായ്ക്കറ്റ് 2000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.
by Midhun HP News | Feb 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയില്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുമെന്ന് മന്ത്രി അറിയിച്ചു
by Midhun HP News | Feb 20, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.
ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.
ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.
എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.
ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Recent Comments