by Midhun HP News | Feb 20, 2025 | Latest News, കേരളം
കൊല്ലം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിയ മൂന്ന് പേര്‍ പിടിയില്‍. കൊല്ലം മുണ്ടയ്ക്കല്‍ കുന്നത്തുകാവ് നഗര്‍ ദിയ ഹൗസില്‍ ഡിവൈന്‍ (29), മേലാച്ചുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ നന്ദു (23), കച്ചിക്കടവ് മലയാറ്റുകിഴക്കതില്‍ വീട്ടില്‍ സുബിന്‍ (29) എന്നിവരാണ് പിടിയിലായത്.
കൊല്ലം എക്‌സൈസ് റെയിഞ്ച് പാര്‍ട്ടികൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ മുണ്ടയ്ക്കല്‍, പോളയത്തോട്, കോളേജ് ജങ്ഷന്‍, ഇരവിപുരം പുത്തന്‍ചന്ത തുടങ്ങിയ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ്കഞ്ചാവ് വില്പന കണ്ടെത്തുന്നത്. 50 ഗ്രാം കഞ്ചാവ് ചെറുപായ്ക്കറ്റുകളിലാക്കി ഒരു പായ്ക്കറ്റ് 2000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.
by Midhun HP News | Feb 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയില്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുമെന്ന് മന്ത്രി അറിയിച്ചു
by Midhun HP News | Feb 20, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.
ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.
ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.
എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.
ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
by Midhun HP News | Feb 20, 2025 | Latest News, കേരളം
തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കാലോചിതമായ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സര്‍ക്കാര്‍ നല്‍കിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 47 പരിഷ്‌കരണ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഈ ഇടപെടല്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സേവന ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞു. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസില്‍ 60%വരെ കുറവ് വരുത്തുകയും ചെയ്തു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കെ സ്മാര്‍ട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഫാക്ടറികള്‍ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി 1 വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2 വിഭാഗമായും തിരിക്കും. നിലവില്‍ വീടുകളില്‍ പ്രവര്‍ത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല. ചെറുകിട സംരംഭങ്ങള്‍ക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനാണ് അനുവാദമുള്ളത്. ഇത് സംരംഭങ്ങള്‍ക്ക് ബാങ്ക് ലോണ്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍ കിട്ടാനുള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളുണ്ട്. ഇത് പരിഹരിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ഉപയോഗ ഗണം നോക്കാതെ വീടുകളിലുള്‍പ്പെടെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ല. ആവശ്യമെങ്കില്‍ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അനുമതി നല്‍കണം. ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ അനുമതി സംരംഭകന്‍ മാറുമ്പോള്‍ സംരംഭകത്വത്തില്‍ മാറ്റമില്ലെങ്കില്‍ ആ അനുമതി കൈമാറാം. സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഫാസ്റ്റ് ട്രാക്ക് ആയി ലൈസന്‍സ് റിന്യൂവല്‍ സാധ്യമാക്കും. നിലവിലുള്ള ഒരു ലൈസന്‍സ് പുതുക്കുന്നതിന് അന്നുതന്നെ സാധിക്കും.
ലൈസന്‍സ് ഫീസ് പൂര്‍ണ്ണമായും മൂലധനനിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ആക്കും. സ്ഥാപനങ്ങള്‍ക്കെതിരെ വരുന്ന പരാതികളില്‍ ബന്ധപ്പെട്ട വിദഗ്ധ സ്ഥാപനങ്ങളുടെ ഉപദേശം തേടി സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. പഞ്ചായത്തുകളുടെയോ സെക്രട്ടറിമാരുടെയോ ചുമതലകളില്‍പെട്ട വിഷയങ്ങള്‍ക്ക് മാത്രമേ പരിശോധന നടത്താന്‍ പാടുള്ളൂ. എന്തിനും ഏതിനും കയറി പരിശോധിക്കുന്ന രീതി അനുവദിക്കില്ലെന്നും നല്‍കുന്ന ലൈസന്‍സില്‍ ലൈസെന്‍സിയുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Feb 20, 2025 | Latest News, കേരളം
കൂടുതൽ ചർച്ചയും വ്യക്തതയും വേണമെന്നു സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് മന്ത്രിസഭാ യോഗം മാറ്റിവച്ചു. പുതിയ കള്ളുഷാപ്പുകൾ അനുവദിക്കുന്നതു സംബന്ധിച്ചും ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നു ഷാപ്പുകൾക്കു നിശ്ചയിച്ചിരിക്കുന്ന ദൂരപരിധിയുടെ കാര്യത്തിലും വ്യക്തത വേണമെന്ന് സിപിഐ നിലപാടെടുത്തു. ദൂരപരിധി സംബന്ധിച്ച നിയന്ത്രണത്തിൽ ഇളവു വേണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യത്തിൽ ഉചിത തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സിപിഐയും ജനതാദളും (എസ്) ചൂണ്ടിക്കാട്ടി.
നിയമത്തിലെ നിയന്ത്രണങ്ങൾ മൂലം ആയിരത്തിലധികം ഷാപ്പുകൾ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകൾ രംഗത്തുവന്നിരുന്നു.കള്ളുഷാപ്പുകളുടെ ദൂരപരിധി നിയന്ത്രണം പൂർണമായി എടുത്തുകളയണമെന്ന് പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് വിളിച്ച യോഗത്തിൽ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Feb 20, 2025 | Latest News, കേരളം
പാതിവില തട്ടിപ്പിൽ ഇന്നലെ വരെ 400 കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറി. 8 കോടി രൂപയുടെ ക്രമക്കേടാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ന് 250 കേസുകൾ കൂടി കൈമാറും. പത്തോളം കേസുകൾ പുതിയതായി ലോക്കൽ പൊലീസ് റജിസ്റ്റർ ചെയ്യുന്നുണ്ട്. അനന്തു കൃഷ്ണൻ, കെ.എൻ.ആനന്ദകുമാർ എന്നിവരാണു ഭൂരിപക്ഷം കേസിലും മുഖ്യപ്രതികൾ. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ 4 കേസിൽ പ്രതിയാണ്. ഏതാനും എൻജിഒ സംഘടനകളുടെ ഭാരവാഹികളും പല കേസിലും പ്രതിസ്ഥാനത്തുണ്ട്.
കെ.എൻ.ആനന്ദകുമാർ രൂപീകരിച്ച നാഷനൽ എൻജിഒ കോൺഫെഡറേഷൻ അഡ്വൈസറി ചെയർമാനായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ നായർ. ഇദ്ദേഹം ഇവരുടെ 2 പരിപാടികൾ ഉദ്ഘാടനം ചെയ്തെന്നും എന്നാൽ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടില്ലെന്നുമാണു പൊലീസ് പറയുന്നത്.
അനന്തുകൃഷ്ണൻ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്കു വേണ്ടി ‘ഇ കൊമേഴ്സ് സൈറ്റ്’ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. വിമൻ ഓൺ വീൽസ് എന്ന പേരിൽ ആരംഭിച്ച സൈറ്റിന്റെ ഭാഗമായി ഇ– പേയ്മെന്റുകൾ നടത്താനും ചില ഓൺലൈൻ ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. എറണാകുളം ജില്ലയിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി അനന്തുകൃഷ്ണനെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കോടതിയിൽ ഹാജരാക്കി. ഈ മാസം 28 വരെ റിമാൻഡ് ചെയ്തു. ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലുള്ള അനന്തുകൃഷ്ണനെ മറ്റു ജില്ലകളിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
Recent Comments