by Midhun HP News | Feb 8, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ മുന്നേറ്റം തുടരുന്നു. പവന് 120 രൂപ ഉയര്‍ന്ന് 63,560ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 15 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7945 രൂപ.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ഉണ്ടായ അനിശ്ചിതത്വം കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ പ്രവണത തുടരുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യ അറുപതിനായിരം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നേറ്റം തുടരുകയായിരുന്നു.
by Midhun HP News | Feb 8, 2025 | Latest News, കേരളം
നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത മമ്മൂട്ടി നായകനാകുന്ന ബസൂക്കയുടെ റിലീസ് നീട്ടി വച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രിൽ 10 ന് വേൾഡ് വൈൽഡ് ആയി ചിത്രം തിയറ്ററുകളിലെത്തും. പുതിയ റിലീസ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
സ്റ്റൈലിഷ് ലുക്കിൽ കാറിനടുത്ത് നിൽക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാനാവുക. മുൻപ് ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു വിവരം. ബസൂക്കയുടെ സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം വിഷുക്കാലത്ത് റിലീസിനെത്തുന്നത്.
അതേസമയം മോഹൻലാൽ ചിത്രം എംപുരാൻ മാർച്ച് 27 നാണ് തിയറ്ററുകളിലെത്തുക. കഴിഞ്ഞ വർഷം പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ.
സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയ്ക്ക് ശേഷം സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
by Midhun HP News | Feb 8, 2025 | Latest News, കേരളം
മലപ്പുറം: ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിൽ ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്.
വിദ്യാർഥികളുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ ഷാനിദിന്റെ മുൻവശത്തെ പല്ലുകള്‍ പൊട്ടി. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ പരിക്കേറ്റതിനെ തുടർന്ന് മൂന്ന് സ്റ്റിച്ചിട്ടു. ശരീരത്തിലാകെ പരിക്കേറ്റിട്ടുണ്ട്. ഷാനിദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനിദിന്റെ രക്ഷിതാക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Feb 8, 2025 | Latest News, കേരളം
കൊച്ചി: പ്രായമായ മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ സ്വന്തം കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടുപോയാലും മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എഴുപത്തിനാലുകാരന് ആണ്‍മക്കള്‍ മാസം തോറും 20,000 രൂപ നല്‍കണമെന്ന ഉത്തരവിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരന് വിവിധ അസുഖങ്ങള്‍ ഉണ്ടെന്നതും കോടതി കണക്കിലെടുത്തു.
പിതാവിനെ സംരക്ഷിക്കുകയെന്നത് സ്‌നേഹം, നന്ദി, ബഹുമാനം തുടങ്ങിയവയില്‍ നിന്നുമുളവാകുന്ന ധാര്‍മിക ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. മക്കളെ കഷ്ടപ്പട്ടു വളര്‍ത്തുന്ന പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ്. ധാര്‍മിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്തവുമാണിത്. മതഗ്രന്ഥങ്ങളും സാംസ്‌കാരിക പാരമ്പര്യവും നിയമവ്യവസ്ഥയും മക്കള്‍, പ്രത്യേകിച്ച് ആണ്‍ മക്കള്‍, വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന അടിവരയിടുന്നു. ഇക്കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി.
പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂര്‍ കുടുംബക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രായാധിക്യം മൂലം ജോലി ചെയ്യാനാവുന്നില്ലെന്നും കുവൈത്തില്‍ നല്ല രീതിയില്‍ ജീവിക്കുന്ന മക്കളില്‍ നിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം. 2013ല്‍ ആദ്യഭാര്യയെ തലാഖ് ചൊല്ലിയ ഇദ്ദേഹം രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് താമസം.
by Midhun HP News | Feb 8, 2025 | Latest News, കേരളം
ആലപ്പുഴ: സ്വർണക്കടയിൽ മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി. മുഹമ്മ ജങ്ഷന് സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം.
മോഷണക്കേസിൽ കടുത്തുരുത്തി പൊലീസ് പിടികൂടിയ കോലാനി സെൽവകുമാർ (50) മോഷ്ടിച്ച ഇരുപതര പവൻ രാജി ജ്വല്ലറിയിൽ വിറ്റതായി മൊഴി നൽകിയിരുന്നു. ഇതിൽ തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയുമായി മുഹമ്മയിൽ എത്തിയത്. തെളിവെടുപ്പിന് എത്തിയപ്പോൾ കട അടഞ്ഞുകിടക്കുകയായിരുന്നതിനാൽ രാധാകൃഷ്ണനെയും മകനെയും പൊലീസ് വിളിച്ചു വരുത്തി തുറപ്പിച്ചു.
by Midhun HP News | Feb 8, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം കടയ്ക്കലിൽ ബസ് ഡ്രൈവര്‍ക്കുനേരെ ആക്രമണം. സ്വകാര്യ ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൊല്ലം കടയ്ക്കൽ ആല്‍ത്തറമൂട് സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് അക്രമി സംഘവും രാജേഷും തമ്മിൽ തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് രാജേഷിന്‍റെ മൊഴി. ബസ് ഓടിക്കുന്നതിനിടെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുവരും റോഡിൽ വെച്ച് തര്‍ക്കം നടന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Recent Comments