കടയ്ക്കലിൽ ബസ് ഡ്രൈവര്‍ക്കുനേരെ ആക്രമണം

കടയ്ക്കലിൽ ബസ് ഡ്രൈവര്‍ക്കുനേരെ ആക്രമണം

കൊല്ലം: കൊല്ലം കടയ്ക്കലിൽ ബസ് ഡ്രൈവര്‍ക്കുനേരെ ആക്രമണം. സ്വകാര്യ ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൊല്ലം കടയ്ക്കൽ ആല്‍ത്തറമൂട് സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് അക്രമി സംഘവും രാജേഷും തമ്മിൽ തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് രാജേഷിന്‍റെ മൊഴി. ബസ് ഓടിക്കുന്നതിനിടെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുവരും റോഡിൽ വെച്ച് തര്‍ക്കം നടന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘കുടുംബ താത്പര്യത്തിന് വിരുദ്ധം’; അഭിഭാഷകനെ മാറ്റിയതായി നവീന്‍ ബാബുവിന്റെ ഭാര്യ

‘കുടുംബ താത്പര്യത്തിന് വിരുദ്ധം’; അഭിഭാഷകനെ മാറ്റിയതായി നവീന്‍ ബാബുവിന്റെ ഭാര്യ

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റിയതായി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ അഭിഭാഷകനായ എസ് ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വക്കാലത്ത് അവസാനിപ്പിക്കുന്നതായി കുടുംബം അറിയിച്ചത്. കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമായാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതെന്ന് കുടുംബം അറിയിച്ചു.

സിബിഐ അന്വേഷണം ഇല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തില്ല. പ്രത്യേക അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐയോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണമെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.

സിബിഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് പിബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് അപ്പീല്‍ ഉത്തരവിനായി മാറ്റി.

മൂന്നാറില്‍ അവധി ആഘോഷിക്കാനെത്തി; മാലിന്യക്കുഴി റിദാന്‍റെ ജീവനെടുത്തു

മൂന്നാറില്‍ അവധി ആഘോഷിക്കാനെത്തി; മാലിന്യക്കുഴി റിദാന്‍റെ ജീവനെടുത്തു

കൊച്ചി: രാജസ്ഥാനിൽ നിന്ന് മൂന്നാറിൽ അവധി ആഘോഷിക്കാനെത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ കാത്തിരിക്കുന്നതിനിടെയാണ് മാലിന്യക്കുഴിയിൽ വീണു മൂന്ന് വയസുകാരന്‍ റിദാന്‍ ജാജു മരിച്ചത്. ജയ്പൂരിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 11.30 നാണ് ഏഴം​ഗ കുടുംബം നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.

ആഭ്യന്തര ടെർമിനലിൽ നിന്ന് പുറത്തെത്തി ടൂർ ഏജൻസിക്കായി കാത്തിരിക്കുന്നതിനിടെയാണു ഭക്ഷണം കഴിക്കാനായി സമീപത്തെ കഫറ്റീരിയയിലേക്ക് കുടുംബം കയറിയത്. ഇതിനിടെയായിരുന്നു അപകടം. നാല് വയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണു റിദാന്‍ മാലിന്യക്കുഴിയിൽ വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാലിന്യക്കുഴിയുടെ ഒരു വശത്തു കെട്ടിടവും മറ്റു മൂന്നു വശങ്ങളിലും ബൊഗേൻവില്ല ചെടികൾ കൊണ്ടുള്ള വേലിയുമാണ് ഉണ്ടായിരുന്നത്. മാലിന്യക്കുഴിക്കു മറയായി ഉണ്ടായിരുന്നതു രണ്ടടിയിൽ താഴെ ഉയരമുള്ള മതിലും. കുട്ടിയെ കാണാതായതിനു പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോഴാണു കുട്ടി വേലി കടന്നുപോയതായി തിരിച്ചറിഞ്ഞത്.

ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും വായിൽ ഉൾപ്പെടെ മാലിന്യം ഉണ്ടായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കളമശേരി മെ‍ഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

എഴുത്തുകാരിയും കഥാകൃത്തുമായ സലീന സലാവുദ്ദീനെ ആദരിച്ചു

എഴുത്തുകാരിയും കഥാകൃത്തുമായ സലീന സലാവുദ്ദീനെ ആദരിച്ചു

എഴുത്തുകാരിയും കഥാകൃത്തും നോവലിസ്റ്റുമായ സലീന സലാവുദീന് സാഹിത്യ രംഗത്തെ സംഭാവനകൾ പ്രമാണിച്ച് ആദരിച്ചു. നിലയ്ക്കാമുക്ക് വക്കം ഖാദർ അസ്സോസിയേഷൻ ഹാളിൽ വച്ച് നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടയ്ക്കാവൂർ നോർത്ത് യൂണിറ്റിന്റെ മുപ്പത്തി മൂന്നാമത് വാർഷിക സമ്മേളനത്തിൽ പെൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. തങ്കപ്പൻനായർ മൊമെൻ്റോ നൽകി ആദരിച്ചു. ഡോ. കെ. എസ്. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്. രാമദാസ്, യൂണിറ്റ് സെക്രട്ടറി പ്യാരിജ എന്നിവർ പങ്കെടുത്തു.

വാളയാർ പെൺകുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം സമർപ്പിച്ചു

വാളയാർ പെൺകുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ. മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് ഇപ്പോൾ കുറ്റപത്രം നൽകിയത്. പതിമൂന്നും ഒൻപതും വയസ്സുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം നടത്തിയത്. അമ്മയും അച്ഛനും അറിഞ്ഞുകൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികൾക്ക് പീഡനത്തിനായി ഇട്ടു കൊടുത്തെന്നാണ് സിബിഐ കണ്ടെത്തൽ.

കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ രണ്ട് പെൺകുഞ്ഞുങ്ങളും നേരിട്ട ക്രൂരമായ ദുരിതപർവ്വം അന്വേഷണസംഘം വിവരിക്കുന്നുണ്ട്. കുട്ടികളുടെ അമ്മ മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇളയകുട്ടിയെ ഒന്നാംപ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് അമ്മ തന്നെ സാക്ഷിയാണ്. മൂത്തമകളുടെ മരണത്തിന് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇളയമകളെയും ക്രൂരതയ്ക്ക് ഇട്ട് കൊടുത്തു. കുട്ടികളുടെ അവധി ദിവസങ്ങളിൽ ഒന്നാംപ്രതിയെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. മദ്യം വിളമ്പി മൂത്തകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സൗകര്യമൊരുക്കി നൽകി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അമ്മയെ രണ്ടാംപ്രതിയും അച്ഛനെ മൂന്നാംപ്രതിയുമാക്കിയാണ് സിബിഐയുടെ കുറ്റപത്രം.

2016ഏപ്രിലിൽ മൂത്തകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുന്നത് അമ്മയുടെ കൺമുന്നിൽ വെച്ചാണ്. രണ്ടാഴ്ച കഴിഞ്ഞ് അച്ഛനും ഈ ഹീനകൃത്യം കണ്ട് നിന്നു. പൊലീസ് അന്വേഷണത്തിൽ മാതാപിതാക്കൾ മറച്ച് വെച്ച ഈ കാര്യങ്ങളാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. മൂത്തകുട്ടിയ 2017 ജനുവരി 13നും, ഇളയകുട്ടിയെ മാർച്ച് നാലിനുമാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് ആരോപിച്ച് അമ്മയുടെ നേതൃത്വത്തിൽ വലിയ സമരങ്ങളാണ് പിന്നീട് നടന്നത്.

ഷെറിന് തടവറയില്‍ പ്രത്യേക കിടക്ക, തലയിണ’; വെളിപ്പെടുത്തലുമായി സഹതടവുകാരി

ഷെറിന് തടവറയില്‍ പ്രത്യേക കിടക്ക, തലയിണ’; വെളിപ്പെടുത്തലുമായി സഹതടവുകാരി

തൃശൂര്‍: ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് വിഐപി പരിഗണന ലഭിച്ചുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും ലഭിച്ചതായും, വിഐപി പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡിഐജി പ്രദീപ് ആണെന്നും സുനിത ആരോപിച്ചു. ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സുനിതയുടെ വെളിപ്പെടുത്തല്‍.

2013ന് ശേഷമാണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിന്‍. എന്നാല്‍, ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പലസൗകര്യങ്ങളും ലഭിച്ചു. പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു.

‘ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള വസ്ത്രമല്ല ഷെറിന്‍ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു. പായ, തലയണ, മൊന്ത എന്നിവയാണ് തടവുകാര്‍ക്ക് ജയിലില്‍ നല്‍കുന്നത്. എന്നാല്‍, ഷെറിന് കിടക്ക, പ്രത്യേകം തലയണ, കണ്ണാടി, നിറയെ വസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവ കിട്ടിയിരുന്നു. ഇതില്‍ സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് ജയിലിലെത്തി. ഷെറിന്റെ ഫോണ്‍ പിന്നീട് ബിന്ധ്യയ്ക്ക് കൊടുത്തു. ആ സമയത്ത് ഞാന്‍ ആ ഫോണ്‍ പിടിച്ചുവാങ്ങി അതിലെ നമ്പര്‍ എടുത്ത് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു. അതിലും നടപടിയുണ്ടായില്ല.

തുടര്‍ന്ന് സൂപ്രണ്ടും ജയില്‍ ഡിഐജി പ്രദീപും അടക്കമുള്ളവര്‍ എന്നെ ചോദ്യംചെയ്തു. ജീവിതകാലം ജയിലില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഭീഷണിപ്പെടുത്തിയതായും സുനിത പറഞ്ഞു. ‘പ്രദീപ് സര്‍ ആഴ്ചയിലൊരുദിവസമെങ്കിലും ഷെറിനെ കാണാന്‍വരും. വൈകീട്ടാണ് വരിക. ലോക്കപ്പില്‍നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്. ഒരുമാസത്തിന് ശേഷം ഞാന്‍ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെന്‍കുമാറിന് എല്ലാവിവരങ്ങളും ഉള്‍പ്പടെ പരാതി നല്‍കി. എന്നാല്‍, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്ന രീതിയില്‍ ഞാന്‍ പ്രസ്താവന നടത്തിയെന്നും എനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് എനിക്ക് കിട്ടിയത്. ഇതോടെ വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങള്‍ തേടി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവര്‍ച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഷെറിന് പരോള്‍ നല്‍കിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങള്‍ നല്‍കിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലംമാറ്റി.പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു.

വിവരാവകാശ നിയമപ്രകാരം ഞാന്‍ കാര്യങ്ങള്‍ വീണ്ടും തിരക്കിയപ്പോള്‍ ഷെറിനെ അട്ടക്കുളങ്ങരയില്‍നിന്ന് വിയ്യൂരിലേക്ക് മാറ്റി. ജയിലില്‍ പെരുമാറ്റദൂഷ്യമൊന്നും കാണിക്കാത്തവര്‍ക്കാണ് പരോളിന് പരിഗണനയുള്ളത്. 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന അഞ്ചോ ആറോ സ്ത്രീ തടവുകാരുണ്ട്. അതില്‍ കണ്ണിന് കാഴ്ചയില്ലാത്തവര്‍ വരെയുണ്ട്. അവര്‍ക്കൊന്നും ഇളവ് ലഭിച്ചില്ല. ഷെറിന്‍ ഇറങ്ങുന്നതില്‍ പരാതിയില്ല, ഇറങ്ങിക്കോട്ടെ, പക്ഷേ, 20 വര്‍ഷമായി ജയിലില്‍ കിടക്കുന്നവരും ഉണ്ട്. അവര്‍ക്കും ഇളവ് ലഭിക്കണം’, സുനിത പറഞ്ഞു.