ഷെറിന് തടവറയില്‍ പ്രത്യേക കിടക്ക, തലയിണ’; വെളിപ്പെടുത്തലുമായി സഹതടവുകാരി

ഷെറിന് തടവറയില്‍ പ്രത്യേക കിടക്ക, തലയിണ’; വെളിപ്പെടുത്തലുമായി സഹതടവുകാരി

തൃശൂര്‍: ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് വിഐപി പരിഗണന ലഭിച്ചുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും ലഭിച്ചതായും, വിഐപി പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡിഐജി പ്രദീപ് ആണെന്നും സുനിത ആരോപിച്ചു. ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സുനിതയുടെ വെളിപ്പെടുത്തല്‍.

2013ന് ശേഷമാണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിന്‍. എന്നാല്‍, ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പലസൗകര്യങ്ങളും ലഭിച്ചു. പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു.

‘ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള വസ്ത്രമല്ല ഷെറിന്‍ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു. പായ, തലയണ, മൊന്ത എന്നിവയാണ് തടവുകാര്‍ക്ക് ജയിലില്‍ നല്‍കുന്നത്. എന്നാല്‍, ഷെറിന് കിടക്ക, പ്രത്യേകം തലയണ, കണ്ണാടി, നിറയെ വസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവ കിട്ടിയിരുന്നു. ഇതില്‍ സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് ജയിലിലെത്തി. ഷെറിന്റെ ഫോണ്‍ പിന്നീട് ബിന്ധ്യയ്ക്ക് കൊടുത്തു. ആ സമയത്ത് ഞാന്‍ ആ ഫോണ്‍ പിടിച്ചുവാങ്ങി അതിലെ നമ്പര്‍ എടുത്ത് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു. അതിലും നടപടിയുണ്ടായില്ല.

തുടര്‍ന്ന് സൂപ്രണ്ടും ജയില്‍ ഡിഐജി പ്രദീപും അടക്കമുള്ളവര്‍ എന്നെ ചോദ്യംചെയ്തു. ജീവിതകാലം ജയിലില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഭീഷണിപ്പെടുത്തിയതായും സുനിത പറഞ്ഞു. ‘പ്രദീപ് സര്‍ ആഴ്ചയിലൊരുദിവസമെങ്കിലും ഷെറിനെ കാണാന്‍വരും. വൈകീട്ടാണ് വരിക. ലോക്കപ്പില്‍നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്. ഒരുമാസത്തിന് ശേഷം ഞാന്‍ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെന്‍കുമാറിന് എല്ലാവിവരങ്ങളും ഉള്‍പ്പടെ പരാതി നല്‍കി. എന്നാല്‍, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്ന രീതിയില്‍ ഞാന്‍ പ്രസ്താവന നടത്തിയെന്നും എനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് എനിക്ക് കിട്ടിയത്. ഇതോടെ വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങള്‍ തേടി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവര്‍ച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഷെറിന് പരോള്‍ നല്‍കിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങള്‍ നല്‍കിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലംമാറ്റി.പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു.

വിവരാവകാശ നിയമപ്രകാരം ഞാന്‍ കാര്യങ്ങള്‍ വീണ്ടും തിരക്കിയപ്പോള്‍ ഷെറിനെ അട്ടക്കുളങ്ങരയില്‍നിന്ന് വിയ്യൂരിലേക്ക് മാറ്റി. ജയിലില്‍ പെരുമാറ്റദൂഷ്യമൊന്നും കാണിക്കാത്തവര്‍ക്കാണ് പരോളിന് പരിഗണനയുള്ളത്. 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന അഞ്ചോ ആറോ സ്ത്രീ തടവുകാരുണ്ട്. അതില്‍ കണ്ണിന് കാഴ്ചയില്ലാത്തവര്‍ വരെയുണ്ട്. അവര്‍ക്കൊന്നും ഇളവ് ലഭിച്ചില്ല. ഷെറിന്‍ ഇറങ്ങുന്നതില്‍ പരാതിയില്ല, ഇറങ്ങിക്കോട്ടെ, പക്ഷേ, 20 വര്‍ഷമായി ജയിലില്‍ കിടക്കുന്നവരും ഉണ്ട്. അവര്‍ക്കും ഇളവ് ലഭിക്കണം’, സുനിത പറഞ്ഞു.

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ്

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ്

മലപ്പുറം: പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കേസ്. എംഎല്‍എയെ ഒന്നാം പ്രതിയാക്കിയാണ് പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുലാമന്തോള്‍ തിരുനാരായണപുരം കുന്നുമ്മല്‍പ്പടി അനുപമ നല്‍കിയ പരാതിയിലാണ് വഞ്ചനാക്കുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തത്.

50 ശതമാനം തുക നല്‍കിയാല്‍ ലാപ്ടോപ്പ് നല്‍കാമെന്ന് എംഎല്‍എ വാര്‍ത്താക്കുറിപ്പിലൂടെയും വാട്സ് ആപ്പിലൂടെയും പരസ്യം നല്‍കി വിശ്വസിപ്പിച്ച് പണം വാങ്ങിയെന്നാണ് പരാതി. എംഎല്‍എ ഓഫീസില്‍ നേരിട്ടെത്തി 21,000 രൂപ കൈമാറിയത്, 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ്പ് ലഭിച്ചില്ലെന്നും പണം തിരിച്ചു നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

മുദ്ര ഫൗണ്ടേഷന്‍ വഴി മണ്ഡലത്തിലെ നൂറുകണക്കിന് പേരില്‍ നിന്ന് പണം കൈപ്പറ്റിയത്. പകുതി വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തിയ കേസില്‍ അനന്തു കൃഷ്ണന്‍ അറസ്റ്റിലായതോടെയാണ് എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് പുറത്തായത്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍, സൈക്കിള്‍ എന്നിവ പണമടച്ച് 40 ദിവസത്തിനകം നല്‍കുമെന്നായിരുന്നു വാഗ്ദാനം. പണമടച്ചവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉല്‍പ്പന്നങ്ങള്‍ ലഭിച്ചില്ല. സമാന തട്ടിപ്പില്‍ അനന്തു കൃഷ്ണന്‍ അറസ്റ്റിലായതോടെയാണ് ഗുണഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.

ബ്രൂവറി പ്ലാന്റിനായി ഒയാസീസ് സമര്‍പ്പിച്ച ഭൂമി തരംമാറ്റ അപേക്ഷ റവന്യൂവകുപ്പ് തള്ളി

ബ്രൂവറി പ്ലാന്റിനായി ഒയാസീസ് സമര്‍പ്പിച്ച ഭൂമി തരംമാറ്റ അപേക്ഷ റവന്യൂവകുപ്പ് തള്ളി

പാലക്കാട്: ബ്രൂവറി പ്ലാന്റിനായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട നാല് ഏക്കറില്‍ നിര്‍മ്മാണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ പാലക്കാട് ആര്‍ഡിഒയാണ് തള്ളിയത്.

ഭൂവിനിയോഗ നിയമത്തിൽ ഇളവ് അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയിരുന്നത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.

നിർദ്ദിഷ്ട ഭൂമിയില്‍ കൃഷി ചെയ്യണമെന്നും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ആര്‍ഡിഒ ഉത്തരവില്‍ വ്യക്തമാക്കി. നെല്‍വയല്‍-നീര്‍ത്തട നിയമപ്രകാരം ഭൂമി തരംമാറ്റം അനുവദിക്കാനാവില്ലെന്നും ആര്‍ഡിഒ അറിയിച്ചു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും, നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഒയാസീസ് കമ്പനി അപേക്ഷിച്ച ഭൂമി കൃഷിഭൂമിയാണെന്നും, അത് തരംമാറ്റം അനുവദിക്കാനാവില്ലെന്നും ജില്ലാ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപേക്ഷ തള്ളിക്കൊണ്ടുള്ള ആര്‍ഡിഒയുടെ ഉത്തരവില്‍ ഇക്കാര്യവും എടുത്തു പറഞ്ഞിട്ടുണ്ട്. പാലക്കാട് ബ്രൂവറി പ്ലാന്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ആര്‍ഡിഒയുടെ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി ഒയാസിസ് കമ്പനി രംഗത്തെത്തി. കൃഷിസ്ഥലം ഒഴിവാക്കിയാണ് പ്ലാന്റിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചത്. കൃഷിസ്ഥലത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തില്ല.

മദ്യ നിര്‍മ്മാണ പ്ലാന്റില്‍ നിന്നും കമ്പനി പിന്നോട്ടില്ല. റവന്യൂ വകുപ്പിന്റെ നടപടി മദ്യനിര്‍മ്മാണശാല പ്ലാന്റിനെ ബാധിക്കില്ല. 25 ഏക്കര്‍ കൈവശമുണ്ട്. പദ്ധതിക്കായി 15 ഏക്കര്‍ മതിയാകും. കൃഷിഭൂമിയില്‍ ഒരു തരംമാറ്റവും നടത്തില്ലെന്നും ഒയാസിസ് കമ്പനി വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയില്‍ വീണ് കുഞ്ഞ് മരിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയില്‍ വീണ് കുഞ്ഞ് മരിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയില്‍ വീണ മൂന്ന് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ റിദാന്‍ ആണ് മരിച്ചത്. ആഭ്യന്തര ടെര്‍മിനലിന് സമീപമാണ് അപകടം ഉണ്ടായത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മെഡിസെപ്പ് തുടരുന്നതില്‍ ചര്‍ച്ച; ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി

മെഡിസെപ്പ് തുടരുന്നതില്‍ ചര്‍ച്ച; ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ചികിത്സാ പദ്ധതിയായ മെഡിസെപ്പ് തുടരുന്നത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനിയുമായും ജീവനക്കാരുടെ പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവില്‍ 11 ലക്ഷത്തോളം പേര്‍ അംഗങ്ങളായിട്ടുള്ള മെഡിസെപ്പ് പദ്ധതിയിലൂടെ പണരഹിത ചികിത്സാ സേവനം ലഭിക്കുന്നത് 30 ലക്ഷത്തോളം പേര്‍ക്കാണ്. യാതൊരു പ്രീ- മെഡിക്കല്‍ പരിശോധനകളും ഇല്ലാതെ ഏത് പ്രായത്തിലുള്ളവരെയും അംഗങ്ങളാക്കുന്ന മെഡിസെപ്പ് പദ്ധതിയിലൂടെ നാളിത് വരെ 8.79 ലക്ഷം ക്ലെയിമുകളിലായി 1668 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ 1564 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് വേണ്ടിയാണ് അനുവദിച്ചതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് രണ്ടുശതമാനം പലിശയിളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം അഞ്ചുശതമാനം വര്‍ധിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ ക്ഷമാശ്വാസം 2025 ഏപ്രില്‍ മാസം നല്‍കും. കഴിഞ്ഞ ബജറ്റില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം , ഇതര സംസ്ഥാനങ്ങളിലെ സമാനമായ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ കൂടി പരിശോധിച്ച് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു

പഴക്കം ചെന്ന വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങളുടെയും മോട്ടോര്‍ കാറുകളുടെയും നികുതിയിലാണ് മാറ്റം വരുത്തുന്നത്. ഇതിലൂടെ 55 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ സ്‌ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്താന്‍ നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ എട്ടു ശതമാനം നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 ശതമാനം നികുതിയും ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനം നികുതിയും ഈടാക്കുന്നതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. നിലവില്‍ അഞ്ചുശതമാനമാണ് നികുതി.

ഈ നികുതി വര്‍ധനയിലൂടെ 30 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതിയായി 15 വര്‍ഷത്തേയ്ക്ക് ഈടാക്കി വരുന്ന അഞ്ചു ശതമാനം നികുതിയാണ് പുനഃക്രമീകരിച്ചത്. നാല് ചക്രങ്ങളുള്ള സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയാണ് വര്‍ധിപ്പിച്ചത്.

ഭൂനികുതി വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഭൂനികുതി വര്‍ധിപ്പിച്ചു. ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂമിയുടെ വരുമാന സാധ്യതകളും മൂല്യവും പതിന്മടങ്ങ് വര്‍ധിച്ചു. എന്നാല്‍ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി നാമമാത്രമാണ്. ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ഇതിനെ തുടര്‍ന്ന് അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആര്‍ ഒന്നിന് പ്രതിവര്‍ഷം അഞ്ച് രൂപ എന്നത് 7.5 രൂപയാക്കി ഉയര്‍ത്തി. ഏറ്റവും ഉയര്‍ന്ന സ്ലാബ് നിരക്കായ 30 എന്നത് 45 രൂപയാക്കിയും ഉയര്‍ത്തിയതായും ധനമന്ത്രി അറിയിച്ചു.

പഞ്ചായത്തുകളില്‍ 8.1 ആര്‍ വരെ (20 സെന്റ് വരെ) ആര്‍ ഒന്നിന് പ്രതിവര്‍ഷം 7.50 രൂപയാകും പുതിയ നിരക്ക്. 8.6ന് മുകളില്‍ ആര്‍ ഒന്നിന് പ്രതിവര്‍ഷം എട്ടുരൂപയാണ് നിലവിലെ നിരക്ക്. ഇത് ആര്‍ ഒന്നിന് 12 രൂപയാകും. മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 2.4 ആര്‍ വരെ ആര്‍ ഒന്നിന് പ്രതിവര്‍ഷം പത്തു രൂപയായിരുന്നു നിരക്ക്. ഇത് ആര്‍ ഒന്നിന് പതിനഞ്ച് രൂപയാകും. 2.6ന് മുകളില്‍ നിലവില്‍ ആര്‍ ഒന്നിന് പതിനഞ്ച് രൂപയായിരുന്നു. ഇത് ആര്‍ ഒന്നിന് 22.5 രൂപയാകും. കോര്‍പ്പറേഷന്‍ മേഖലയിലും ഭൂനികുതി വര്‍ധിപ്പിച്ചു. 1. 62 ആര്‍ വരെ ആര്‍ ഒന്നിന് പ്രതിവര്‍ഷം 20 രൂപയായിരുന്നു നിരക്ക്. ഇത് ആര്‍ ഒന്നിന് 30 രൂപയാക്കി വര്‍ധിപ്പിച്ചു. 1. 62 ആറിന് മുകളില്‍ ആര്‍ ഒന്നിന് 30 രൂപയായിരുന്നത് 45 രൂപയായാണ് വര്‍ധിപ്പിച്ചതെന്നും ധനമന്ത്രി അറിയിച്ചു. ഇതിലൂടെ നൂറ് കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എംടി വാസുദേവന്‍ നായര്‍ക്ക് ആദരം

സംസ്ഥാന ബജറ്റില്‍ അന്തരിച്ച എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ആദരം. തിരൂര്‍ തുഞ്ചന്‍ പറമ്പിന് സമീപം എംടി സ്മാരകമായി പഠന കേന്ദ്രം സ്ഥാപിക്കും. ഇതിനായി ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.

കെ ഹോംസ് പദ്ധതി

ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ ആള്‍താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍നിന്ന് നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

കൊല്ലത്ത് ഐടി പാര്‍ക്ക്

കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.

വന്യജീവി ആക്രമണം തടയാന്‍ 50 കോടിയുടെ പാക്കേജ്

വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക പാക്കേജിന് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനില്‍ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്നും ധനമന്ത്രി പറഞ്ഞു. റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നല്‍കുന്ന വിഹിതവും വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി കേരളാ ബജറ്റില്‍ അനുവദിച്ചു. വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും അനുവദിച്ചു. കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടിയും തെരുവുനായ അക്രമം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്ക് രണ്ട് കോടിയും അനുവദിച്ചതായും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി വ്യക്തമാക്കി

സഹകരണ ഭവന പദ്ധതി

നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഭവനം യാഥാര്‍ഥ്യമാക്കാന്‍ സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നഗരങ്ങളില്‍ ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. വലിയ തോതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് പ്രയോജനം ചെയ്യും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നി നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയില്‍ ബഹുനില അപ്പാര്‍ട്ടുമെന്റുകളും സമുച്ചയങ്ങളും കുറഞ്ഞത് 20 ഭവനങ്ങളുള്ള റെഡിസന്‍ഷ്യല്‍ ക്ലസ്റ്ററുകളുമാണ് നിര്‍മ്മിക്കുക. ഉപഭോക്താക്കളുടെ സഹകരണ സൊസൈറ്റികള്‍ക്ക് ഡവലപ്പര്‍മാരുടെ ചുമതലയാണ് ഇതില്‍ ഉണ്ടാവുക.തദ്ദേശ സ്വയംഭരണ, ഹൗസിങ്, സഹകരണ വകുപ്പുകള്‍ സഹകരിച്ച് വിശദമായ പദ്ധതി രൂപീകരിക്കും. ഭവന വായ്പയ്ക്കായി പലിശയിളവ് നല്‍കുന്നതിന് ബജറ്റില്‍ ഈ വര്‍ഷം 20 കോടി നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍

വാര്‍ധക്യകാലത്തെ സജീവമാക്കുന്നതിനായി സംസ്ഥാനത്തെ നിലവിലുള്ള പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ കൂടി സജ്ജീകരിച്ച് മള്‍ട്ടി ജനറേഷന്‍ പാര്‍ക്കുകളാക്കി മാറ്റും. ഇതിനായി അഞ്ചുകോടി നീക്കിവെച്ചു.

ന്യൂ ഇന്നിംഗ്‌സ്

മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക ശേഷിയും അനുഭവപരിചയവും പ്രയോജനപ്പെടുത്തി പുതുസംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ന്യൂ ഇന്നിംഗ്‌സ് എന്ന് ധനമന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഇതുവഴി സാധിക്കും. ഇതിനായി അഞ്ചുകോടി വകയിരുത്തി.

മെഗാ ജോബ് എക്‌സ്‌പോ

പഠിത്തം കഴിഞ്ഞ തൊഴില്‍ അന്വേഷകര്‍ക്കായി മെഗാ ജോബ് എക്‌സ്‌പോ 2025 ഫെബ്രുവരിയില്‍ നടക്കും. ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും സംഘടിപ്പിക്കും. രണ്ട് മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം.

മൂന്ന് മുതല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു ആള്‍ക്കും ജോലിക്ക് അപേക്ഷിക്കാം. മുന്‍സിപ്പാലിറ്റിയിലും ബ്ലോക്കിലും ജോബ് സ്‌റ്റേഷന്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി

വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ഭൂമി നേരിട്ട് വാങ്ങുന്നതിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ലോകത്തെ പ്രധാന ട്രാന്‍സ്്ഷിപ്പ്‌മെന്റ് ഹബ്ബ് തുറമുഖമായ സിംഗപ്പൂര്‍ മാതൃകയില്‍ വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. എന്‍എച്ച് 66, പുതിയ ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് 744, നിലവിലെ കൊല്ലം -കൊട്ടാരക്കര -ചെങ്കോട്ട എന്‍എച്ച് 744, എംസി റോഡ്, മലയോര തീരദേശ ഹൈവേകള്‍ , തിരുവനന്തപുരം- കൊല്ലം റെയില്‍പാത, കൊല്ലം- ചെങ്കോട്ട റെയില്‍പാത എന്നിങ്ങനെ പ്രധാന ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി കാരണമാകും. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴിയില്‍ ഉടനീളം വിവിധോദ്ദേശ പാര്‍ക്കുകള്‍ , ഉല്‍പ്പാദന കേന്ദ്രങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇടനാഴിക്ക് സമീപമുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് പൊതു സ്വകാര്യ എസ്പിവി മാതൃകയില്‍ വികസിപ്പിക്കും. പദ്ധതി നിര്‍വഹണം ഉറപ്പാക്കാന്‍ എസ്പിവി രൂപീകരിച്ച് ഭൂവികസന, നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തും. നേരിട്ടുള്ള ഭൂമി വാങ്ങലിനായി 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെ സംസ്ഥാനത്തിനും കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം മെട്രോ

തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

സിഎം റിസര്‍ച്ചേഴ്സ് സ്‌കോളര്‍ഷിപ്പ്; ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ

സിഎം റിസര്‍ച്ചേഴ്സ് സ്‌കോളര്‍ഷിപ്പ്; ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ

തിരുവനന്തപുരം: ബജറ്റില്‍ വിദ്യാഭ്യസ, തൊഴില്‍ രംഗത്ത് വിവിധങ്ങളായ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് നല്‍കുന്ന പദ്ധതിയുള്‍പ്പെടെ ധനമന്ത്രിയുടെ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലെയും റഗുലര്‍-ഫുള്‍ടൈം ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ധനസാഹയം നല്‍കുന്ന പദ്ധതിയാണ് സിഎം റിസര്‍ച്ചേഴ്സ് സ്‌കോളര്‍ഷിപ്പ്. പ്രതിമാസം 10,000 രൂപവെച്ച് ഫെലോഷിപ്പ് നല്‍കുന്നതാണ് പദ്ധതി. മറ്റു ഫെലോഷിപ്പുകളോ ധനസഹായമോ ലഭിക്കാത്ത വിദ്യാര്‍ഥികളാകും പദ്ധതിയുടെ ഭാഗമാകുക. ഈ സാമ്പത്തിക വര്‍ഷം(2025-26-ല്‍) ഇതിനായി 20 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

വിവിധ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തീകരിച്ചവരെ നൈപുണി പരിശീലനം നല്‍കി തൊഴില്‍ പ്രാപ്തരാക്കാന്‍ വിജ്ഞാനകേരളം ജനകീയ കേരളം ക്യാംപയിനും പ്രഖ്യാപനങ്ങളിലുണ്ടായി. വിവിധ കോഴ്സുകളില്‍ അവസാന വര്‍ഷം പഠിക്കുന്ന അഞ്ചുലക്ഷം വിദ്യാര്‍ഥികളാകും പദ്ധയിതുടെ ഭാഗമാകുക. 2025-26-ലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തിനും അഭിരുചിക്കും അനുയോജ്യമായതും തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ളതുമായ സ്‌കില്‍ കോഴ്സുകള്‍ ലഭ്യമാക്കും. പദ്ധതിയില്‍ മെന്റര്‍മാര്‍ക്കു പുറമേ, 50,000 സന്നദ്ധ പ്രൊഫഷണല്‍ മെന്റര്‍മാരെയും അണിനിരത്തും. പരമാവധി കുട്ടികള്‍ക്ക് ക്യംപസ് പ്ലേസ്മെന്റ് ഉറപ്പാക്കും. പഠനം പൂര്‍ത്തീകരിച്ച തൊഴിലന്വേഷകര്‍ക്കുള്ള ആദ്യത്തെ മെഗാജോബ് എക്സ്പോ 2025 ഫെബ്രുവരിയില്‍ നടക്കും. തുടര്‍ന്ന് ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്സ്പോ വീതവും സംഘടിപ്പിക്കും. മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്സ്പോ വഴിയും ലഭ്യമാവുക. ക്യാംപയിന്റെ പ്രചാരണത്തിനും പരിശീലനത്തിനും തൊഴില്‍മേളയുടെ സംഘാടനത്തിനും മറ്റുമായി 20 കോടി രൂപ അധികമായി അനുവദിക്കുമെന്നും ധമനന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരള സര്‍വകലാശാലയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 37.2 കോടി രൂപ, കോഴിക്കോട് സര്‍വകലാശാല-33.8 കോടി, മഹാത്മാഗാന്ധി സര്‍വകലാശാല-38.4 കോടി, ശങ്കരാചാര്യ സര്‍വകലാശാല-22.05 കോടി, കണ്ണൂര്‍ സര്‍വകലാശാല-34 കോടി, മലയാളം സര്‍വകലാശാല-11.35 കോടി എന്നിങ്ങനെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.വിവിധ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തീകരിച്ചവരെ നൈപുണി പരിശീലനം നല്‍കി തൊഴില്‍ പ്രാപ്തരാക്കാന്‍ വിജ്ഞാനകേരളം ജനകീയ കേരളം ക്യാംപയിനും പ്രഖ്യാപനങ്ങളിലുണ്ടായി. വിവിധ കോഴ്സുകളില്‍ അവസാന വര്‍ഷം പഠിക്കുന്ന അഞ്ചുലക്ഷം വിദ്യാര്‍ഥികളാകും പദ്ധയിതുടെ ഭാഗമാകുക. 2025-26-ലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തിനും അഭിരുചിക്കും അനുയോജ്യമായതും തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ളതുമായ സ്‌കില്‍ കോഴ്സുകള്‍ ലഭ്യമാക്കും. പദ്ധതിയില്‍ മെന്റര്‍മാര്‍ക്കു പുറമേ, 50,000 സന്നദ്ധ പ്രൊഫഷണല്‍ മെന്റര്‍മാരെയും അണിനിരത്തും. പരമാവധി കുട്ടികള്‍ക്ക് ക്യംപസ് പ്ലേസ്മെന്റ് ഉറപ്പാക്കും. പഠനം പൂര്‍ത്തീകരിച്ച തൊഴിലന്വേഷകര്‍ക്കുള്ള ആദ്യത്തെ മെഗാജോബ് എക്സ്പോ 2025 ഫെബ്രുവരിയില്‍ നടക്കും. തുടര്‍ന്ന് ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്സ്പോ വീതവും സംഘടിപ്പിക്കും. മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്സ്പോ വഴിയും ലഭ്യമാവുക. ക്യാംപയിന്റെ പ്രചാരണത്തിനും പരിശീലനത്തിനും തൊഴില്‍മേളയുടെ സംഘാടനത്തിനും മറ്റുമായി 20 കോടി രൂപ അധികമായി അനുവദിക്കുമെന്നും ധമനന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരള സര്‍വകലാശാലയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 37.2 കോടി രൂപ, കോഴിക്കോട് സര്‍വകലാശാല-33.8 കോടി, മഹാത്മാഗാന്ധി സര്‍വകലാശാല-38.4 കോടി, ശങ്കരാചാര്യ സര്‍വകലാശാല-22.05 കോടി, കണ്ണൂര്‍ സര്‍വകലാശാല-34 കോടി, മലയാളം സര്‍വകലാശാല-11.35 കോടി എന്നിങ്ങനെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.