by Midhun HP News | Feb 7, 2025 | Latest News, കേരളം
തിരുവനന്തപുരം: ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ ആള്‍താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍നിന്ന് നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.
കൊല്ലത്ത് ഐടി പാര്‍ക്ക്
കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.
വന്യജീവി ആക്രമണം തടയാന്‍ 50 കോടിയുടെ പാക്കേജ്
വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക പാക്കേജിന് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനില്‍ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്നും ധനമന്ത്രി പറഞ്ഞു. റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നല്‍കുന്ന വിഹിതവും വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി കേരളാ ബജറ്റില്‍ അനുവദിച്ചു. വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും അനുവദിച്ചു. കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടിയും തെരുവുനായ അക്രമം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്ക് രണ്ട് കോടിയും അനുവദിച്ചതായും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി വ്യക്തമാക്കി
സഹകരണ ഭവന പദ്ധതി
നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഭവനം യാഥാര്‍ഥ്യമാക്കാന്‍ സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നഗരങ്ങളില്‍ ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. വലിയ തോതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് പ്രയോജനം ചെയ്യും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നി നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയില്‍ ബഹുനില അപ്പാര്‍ട്ടുമെന്റുകളും സമുച്ചയങ്ങളും കുറഞ്ഞത് 20 ഭവനങ്ങളുള്ള റെഡിസന്‍ഷ്യല്‍ ക്ലസ്റ്ററുകളുമാണ് നിര്‍മ്മിക്കുക. ഉപഭോക്താക്കളുടെ സഹകരണ സൊസൈറ്റികള്‍ക്ക് ഡവലപ്പര്‍മാരുടെ ചുമതലയാണ് ഇതില്‍ ഉണ്ടാവുക.തദ്ദേശ സ്വയംഭരണ, ഹൗസിങ്, സഹകരണ വകുപ്പുകള്‍ സഹകരിച്ച് വിശദമായ പദ്ധതി രൂപീകരിക്കും. ഭവന വായ്പയ്ക്കായി പലിശയിളവ് നല്‍കുന്നതിന് ബജറ്റില്‍ ഈ വര്‍ഷം 20 കോടി നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.
ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍
വാര്‍ധക്യകാലത്തെ സജീവമാക്കുന്നതിനായി സംസ്ഥാനത്തെ നിലവിലുള്ള പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ കൂടി സജ്ജീകരിച്ച് മള്‍ട്ടി ജനറേഷന്‍ പാര്‍ക്കുകളാക്കി മാറ്റും. ഇതിനായി അഞ്ചുകോടി നീക്കിവെച്ചു.
ന്യൂ ഇന്നിംഗ്‌സ്
മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക ശേഷിയും അനുഭവപരിചയവും പ്രയോജനപ്പെടുത്തി പുതുസംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ന്യൂ ഇന്നിംഗ്‌സ് എന്ന് ധനമന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഇതുവഴി സാധിക്കും. ഇതിനായി അഞ്ചുകോടി വകയിരുത്തി.
മെഗാ ജോബ് എക്‌സ്‌പോ
പഠിത്തം കഴിഞ്ഞ തൊഴില്‍ അന്വേഷകര്‍ക്കായി മെഗാ ജോബ് എക്‌സ്‌പോ 2025 ഫെബ്രുവരിയില്‍ നടക്കും. ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും സംഘടിപ്പിക്കും. രണ്ട് മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം.
മൂന്ന് മുതല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു ആള്‍ക്കും ജോലിക്ക് അപേക്ഷിക്കാം. മുന്‍സിപ്പാലിറ്റിയിലും ബ്ലോക്കിലും ജോബ് സ്‌റ്റേഷന്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി
വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ഭൂമി നേരിട്ട് വാങ്ങുന്നതിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
ലോകത്തെ പ്രധാന ട്രാന്‍സ്്ഷിപ്പ്‌മെന്റ് ഹബ്ബ് തുറമുഖമായ സിംഗപ്പൂര്‍ മാതൃകയില്‍ വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. എന്‍എച്ച് 66, പുതിയ ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് 744, നിലവിലെ കൊല്ലം -കൊട്ടാരക്കര -ചെങ്കോട്ട എന്‍എച്ച് 744, എംസി റോഡ്, മലയോര തീരദേശ ഹൈവേകള്‍ , തിരുവനന്തപുരം- കൊല്ലം റെയില്‍പാത, കൊല്ലം- ചെങ്കോട്ട റെയില്‍പാത എന്നിങ്ങനെ പ്രധാന ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി കാരണമാകും. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴിയില്‍ ഉടനീളം വിവിധോദ്ദേശ പാര്‍ക്കുകള്‍ , ഉല്‍പ്പാദന കേന്ദ്രങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇടനാഴിക്ക് സമീപമുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് പൊതു സ്വകാര്യ എസ്പിവി മാതൃകയില്‍ വികസിപ്പിക്കും. പദ്ധതി നിര്‍വഹണം ഉറപ്പാക്കാന്‍ എസ്പിവി രൂപീകരിച്ച് ഭൂവികസന, നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തും. നേരിട്ടുള്ള ഭൂമി വാങ്ങലിനായി 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെ സംസ്ഥാനത്തിനും കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
by Midhun HP News | Feb 7, 2025 | Latest News, കേരളം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അത് പിഎഫില്‍ ലയിപ്പിക്കുന്നതാണ്. ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇന്‍ പീരീഡ് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുമെന്ന ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് ബജറ്റ് അവതരണം തുടങ്ങിയത്.സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചതായി ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ധനഞെരുക്കം കേരളത്തെ ബാധിച്ചിരുന്നു. ധനഞെരുക്കത്തിന്റെ ഘട്ടത്തിലും ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോള്‍ ധനസ്ഥിതി മെച്ചപ്പെട്ടു. കേരളം വളര്‍ച്ചയുടെ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു.
by Midhun HP News | Feb 7, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളിലെ അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. യഥാക്രമം 27,500, 22,500 രൂപ എന്നിങ്ങനെ വര്‍ധിപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഓള്‍ കേരള പ്രീ പ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരുമുള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണു ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ഉത്തരവ്.
വര്‍ധന അടുത്തമാസം തന്നെ നടപ്പാക്കി ഏപ്രില്‍ മുതല്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 2012ല്‍ അധ്യാപകര്‍ക്കും ആയമാര്‍ക്കും യഥാക്രമം 5000 രൂപ, 3500 രൂപ എന്നിങ്ങനെ കോടതി തുക നിശ്ചയിച്ചിരുന്നു. സര്‍ക്കാര്‍ പിന്നീട് പലപ്പോഴായി തുക വര്‍ധിപ്പിച്ച് ഇപ്പോള്‍ 12,500, 7500 രൂപ വീതമാണു കിട്ടുന്നത്.
ജീവിതച്ചെലവിലെ വര്‍ധന കണക്കാക്കിയാല്‍ തുക കൂട്ടിയേ തീരൂവെന്നു കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന് അടിത്തറയിടുന്നതു പ്രീ പ്രൈമറി തലത്തിലാണെന്നും ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ എത്രയും വേഗം സേവന വ്യവസ്ഥകള്‍ തയാറാക്കണം. മുന്‍ ഉത്തരവുണ്ടായ 2012 ഓഗസ്റ്റ് 1 മുതല്‍ പുതിയ നിരക്കില്‍ കുടിശിക കണക്കാക്കി ആറു മാസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചു.
by Midhun HP News | Feb 7, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും (വെള്ളി) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍:
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ആഴക്കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി അനധികൃത മത്സ്യബന്ധനം: രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴചുമത്തി
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Feb 7, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബംപർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും നൽകും.
250 രൂപ വിലയുള്ള ടിക്കറ്റിനു മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിനു നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും.കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഏപ്രിൽ രണ്ടിനാണ് നറുക്കെടുപ്പ്.
by Midhun HP News | Feb 6, 2025 | Latest News, കേരളം
ഡല്‍ഹി: വിദേശത്ത് ജോലി ചെയ്യുന്ന 1.5 കോടി ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പുതിയ നിയമം കൊണ്ടുവരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ലോക്സഭയില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
‘ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍)’ ബില്‍ കൊണ്ടുവരുന്നതു മന്ത്രാലയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നു പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്ലിന്റെ കരട് രൂപം മന്ത്രാലയങ്ങള്‍ക്കു കൈമാറിയെന്നും പ്രതികരണം ലഭിച്ച ശേഷം പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ പ്രസിദ്ധീകരിക്കുമെന്നുമാണു വിവരം.
ഓവര്‍സീസ് മൊബിലിറ്റേഷന്‍ (ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്‍, 2024 എന്ന പേരില്‍ പുതിയ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് മന്ത്രാലയം ഗൗരവമായി ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
അവിദഗ്ധ തൊഴിലാളികള്‍, വിദഗ്ധ തൊഴിലാളികള്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 1.5 കോടി ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് ജോലി ചെയ്യുന്നുതായും ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതായി ഓഗസ്റ്റില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ലോക്സഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞിരുന്നു.
Recent Comments