by Midhun HP News | Feb 6, 2025 | Latest News, കേരളം
കോഴിക്കോട്: പശ്ചിമ ബംഗാളിലെ നല്ലവനും കാരുണ്യവാനുമായ വ്യവസായി, കേരളത്തില്‍ പൊലീസുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ്. ഇരട്ട വേഷത്തില്‍ വിലസിയ തസ്‌കരവീരന്‍ ഒടുവില്‍ പൊലീസ് വലയിലായി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പാണ്ടിയാരപ്പിള്ളി വീട്ടില്‍ നൗഫലാണ് കേരളത്തിലും ബംഗാളിലും ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 34 വയസുകാരനായ നൗഫലിന് ‘പപ്പന്‍ നൗഫല്‍’എന്നൊരു പേരുകൂടിയുണ്ട്.
കേരളത്തില്‍ മോഷണം നടത്തിയിരുന്ന നൗഫല്‍, ബംഗാളില്‍ പാവങ്ങളുടെ വേദനകേട്ട് കയ്യയച്ചു സഹായിക്കുന്ന ‘ഖത്തര്‍ വ്യവസായി’ ‘ഷെയ്ഖ് നൗഫല്‍’ ആണ്. ഖത്തറില്‍ ബിസിനസുകാരന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന നൗഫലിനെ ഷെയ്ഖ് നൗഫല്‍ എന്നാണ് ബംഗാളികള്‍ ആദരപൂര്‍വം വിളിച്ചിരുന്നത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട്ട് മോഷണം നടത്തിയ ശേഷം ബംഗാളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കോഴിക്കോട്ടെ ലോഡ്ജില്‍വച്ചാണ് നൗഫല്‍ പിടിയിലായത്.
കഴിഞ്ഞ മാസം കൊണ്ടോട്ടി തുറക്കലില്‍ വീട് കുത്തിത്തുറന്നുള്ള മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നൗഫലിലേക്ക് എത്തിയത്. ആളില്ലാത്ത വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. മോഷ്ടിക്കുന്ന സ്വര്‍ണവുമായി നേരെ ബംഗാളിലേക്കുപോയി അവിടെ വില്‍പന നടത്തും. മൂന്ന് വര്‍ഷം മുന്‍പ് കിഴക്കന്‍ ബര്‍ധ്മാന്‍ ജില്ലയിലെ അത്താസ്പൂരില്‍ ഭൂമി വാങ്ങി ഇരുനില വീടുവച്ചു. കൃഷിയും ആരംഭിച്ചു. കൃഷിപ്പണിക്കായി ജോലിക്കെത്തിയ വിധവയായ സ്ത്രീയെ വിവാഹം കഴിച്ചതോടെ നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റി.
ഖത്തറില്‍ വ്യവസായിയാണെന്നാണ് അവിടെ സ്വയം പരിചയപ്പെടുത്തിയിരുന്നത്. വിവിധ ആവശ്യങ്ങള്‍ ചോദിച്ച് ദിവസവും ഒട്ടേറെപ്പേരാണ് നൗഫലിന്റെ വീട്ടിലെത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഗള്‍ഫില്‍ നിന്നുള്ള പണമാണ് ദാനം ചെയ്യുന്നതെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരുന്നക്. ബംഗാളില്‍ താമസമാക്കിയ ശേഷം പലതവണ കേരളത്തില്‍ പിടിയിലായിട്ടുണ്ട്. ബംഗാളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ ഖത്തറിലേക്ക് പോകുന്നെന്ന് കുടുംബത്തോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അങ്ങാടിപ്പുറത്ത് ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള നൗഫല്‍ 2019 മുതലാണ് മോഷണക്കേസുകളില്‍ പ്രതിയാകുന്നത്.
2023ല്‍ പെരിന്തല്‍മണ്ണയില്‍ നൂറുപവന്‍ മോഷ്ടിച്ചതുള്‍പ്പെടെ ഒട്ടേറെ മോഷണക്കേസുകള്‍ക്കും നൗഫലിനെ പിടിച്ചതോടെ തുമ്പായി. 2024 ഒക്ടോബറില്‍ മോങ്ങത്ത് മോഷണശ്രമത്തിനിടെ ഗൃഹനാഥനെ വെട്ടിയ കേസിലുള്‍പ്പെടെ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തെ പള്ളികളില്‍ രാത്രി നമസ്‌ക്കാരത്തിനായി ചെന്ന് പരിസരം നിരീക്ഷിക്കുന്നതാണ് ഇയാളുടെ പതിവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ നൗഫലിനെ കോടതി റിമാന്‍ഡ് ചെയ്തു.
by Midhun HP News | Feb 6, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും (വ്യാഴം, വെള്ളി) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള – തമിഴ്നാട് തീരങ്ങളില്‍ ഇന്ന് (വ്യാഴം) വൈകുന്നേരം 5.30 വരെ 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാല കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉയര്‍ന്ന താപനിലയിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍:
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Feb 6, 2025 | Latest News, കേരളം
ആലപ്പുഴ: യാത്രയ്ക്കിടയിൽ ബസ് കണ്ടക്ടർക്കു തോന്നിയ ചെറിയ സംശയം-അതുവഴി യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല. ആലപ്പുഴയിൽനിന്ന് പത്തനംതിട്ടയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസിലാണ് സംഭവം. കണ്ടക്‌ടർ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശ്.
ചൊവ്വാഴ്ച എട്ടുമണിക്കാണ് എ.സി. റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. നാലു കിലോമീറ്റർ അകലെയുള്ള കൈതവനയിലെത്തിയപ്പോൾ കുറച്ചു സ്ത്രീകൾ കയറി. രണ്ടു തമിഴ് നാടോടി സ്ത്രീകളുമുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ ആദ്യംമുതൽ പ്രകാശിനു പന്തികേടു തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോൾ അടുത്ത സ്റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് പറഞ്ഞു. എന്നാൽ, മങ്കൊമ്പ് എത്തുംമുൻപ് കൈനകരിയെത്തിയപ്പോൾ തിടുക്കത്തിൽ ഇറങ്ങി.
‘ബസിലെ ആരുടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ’ എന്നു പരിശോധിക്കാൻ പ്രകാശ് വിളിച്ചുപറഞ്ഞു. തൻ്റെ മാല കാണുന്നില്ലെന്ന് ഒരു വയോധിക വിളിച്ചുപറഞ്ഞു. നാടോടികൾ കയറിയ അതേ സ്റ്റോപ്പിൽനിന്നു കയറിയതായിരുന്നു. ഈ സ്ത്രീക്കു സമീപത്താണ് നാടോടികളുണ്ടായിരുന്നത്. പ്രകാശ് ഉടൻ ബസിൽ നിന്നിറങ്ങി തമിഴ് സ്ത്രീകൾക്ക് പിന്നാലെ പാഞ്ഞു. ഒപ്പം യാത്രക്കാരും കൂടി. സ്ത്രീകൾ ബസിറങ്ങി ഓട്ടോയിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എല്ലാവരും ചേർന്ന് തടഞ്ഞു. ഒരു യുവതി മാല കൈയിൽ ചുരുട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ഉടൻ നെടുമുടി പോലീസിനെ വിളിച്ച് സ്ത്രീകളെ കൈമാറി. സ്വർണമാല വീണ്ടെടുത്തു. പ്രതികളെ റിമാൻഡു ചെയ്‌തു. പ്രകാശിനെത്തേടി ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നടക്കം അഭിനന്ദന വിളികളെത്തി.
by Midhun HP News | Feb 6, 2025 | Latest News, കേരളം
കാസര്‍കോട്: നീലേശ്വരത്ത് വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം ചുറ്റിച്ച് കൃഷ്ണ പരുന്ത്. നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പരുന്ത് തിരിച്ചെത്തി. ഇരുപതോളം പേരെയാണ് ഇതുവരെ പരുന്ത് ആക്രമിച്ചത്.
ആളുകളെ ആക്രമിക്കുന്നതിന് പുറമേ വാഹനങ്ങളുടെ താക്കോലടക്കം കൊത്തിക്കൊണ്ട് പറന്നു പോകുന്ന സാഹചര്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പരുന്തിനെ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് വനം വകുപ്പ്. പ്രദേശത്തെ നാട്ടുകാരിലാരോ വളർത്തിയ പരുന്താണിത്. വീട്ടുകാർക്ക് ശല്യമായപ്പോൾ അവർ പരുന്തിനെ പറത്തി വിട്ടു. പിന്നീട് നാട്ടുകാർക്കാകെ ശല്യമാകുന്ന സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ്.
by Midhun HP News | Feb 6, 2025 | Latest News, കേരളം
കൊച്ചി: ഓഫര്‍ തട്ടിപ്പില്‍ അന്വേഷണം പുരോഗമിക്കെ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ഇടുക്കിയില്‍ വാങ്ങിക്കൂട്ടിയ കോടികളുടെ ഭൂസ്വത്തുക്കള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.
പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആവശ്യം. അതിനിടെ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിന്റെ ഭാഗമായി അനന്തു കൃഷ്ണന്‍ രൂപീകരിച്ച ട്രസ്റ്റിലെ അംഗമാണ് ആനന്ദകുമാര്‍
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്താണ് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. സംസ്ഥാനത്താകെ ഇതുവരെ 40 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വിവിധ ജില്ലകളില്‍നിന്നു കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന വിഭാഗത്തെ കേസുകള്‍ ഏല്‍പ്പിക്കാനുള്ള തീരുമാനം വരുന്നത്. പരിപാടിയുമായി സഹകരിച്ച കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെതിരെ ഉള്‍പ്പെടെ കേസെടുത്തിട്ടുണ്ട്.
by Midhun HP News | Feb 6, 2025 | Latest News, കേരളം
തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. മറയൂര്‍ കാന്തല്ലൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗോത്രവര്‍ഗ കോളനി നിവാസിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചായിരുന്നു സംഭവം. കാട്ടുതീ പടര്‍ന്നു പിടിക്കുന്നത് തടയാനായി ഫയര്‍ലൈന്‍ തെളിക്കുന്ന ജോലിക്കായി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തിനുള്ളില്‍ വെച്ചായിരുന്നു ആക്രമണം. ജോലിക്കായി പോകുന്നതിനിടെ അവിടെയെത്തിയ കാട്ടാന വിമലിനെ ആക്രമിക്കുകയായിരുന്നു.
വനംവകുപ്പിന്റെ ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ആദിവാസി വിഭാഗങ്ങളെക്കൂടി ഒപ്പം കൂട്ടാറുണ്ട്. മുമ്പും ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിമല്‍ പോയിട്ടുണ്ട്. രണ്ടു സ്ത്രീകള്‍ അടക്കം 9 അംഗ സംഘമാണ് ഫയര്‍ലൈന്‍ ജോലികള്‍ക്കായി പോയിരുന്നത്. ഏറ്റവും പിന്നിലായി പോയ വിമലിനെ, മരത്തിന് പിന്നില്‍ മറഞ്ഞിരുന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് പിടിച്ച് നിലത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Recent Comments