by Midhun HP News | Feb 6, 2025 | Latest News, കേരളം
വെള്ളറട കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രജിൻ ജോസ് വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
സംഭവ സമയത്ത് പ്രജിൻ്റെ അമ്മ സുഷമ കുമാരി വീട്ടിലുണ്ടായിരുന്നു. ബോധരഹിതയായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽ മെഡിസിൻ പഠിക്കുകയായിരുന്നു പ്രജിൻ. കൊവിഡിനെ തുടർന്ന് പഠനം നിർത്തി നാട്ടിൽ എത്തി. സ്വതന്ത്രമായി ജീവിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്നാണ് പ്രതിയുടെ മൊഴി. പ്രജിനെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്. ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
by Midhun HP News | Feb 6, 2025 | Latest News, കേരളം
കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വിദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാഗ് ചെയ്തുവെന്ന വിദ്യാർഥികളുടെ പരാതിയിലാണ് നടപടി.
സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതി. ഇതിൽ പ്രിൻസിപ്പൽ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. തുടർ നടപടിക്കായി റിപ്പോർട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി.
by Midhun HP News | Feb 6, 2025 | Latest News, കേരളം
കൊച്ചി: പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്താണ് ഗ്രീഷ്മ അപ്പീല്‍ നല്‍കിയത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിൽ കഴിഞ്ഞ ജനുവരി 20 നാണ് ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പാറശാലയ്‌ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനിൽ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ മൂന്നാം പ്രതി നിർമലകുമാരൻ നായർക്ക് 3 വർഷം തടവും കോടതി വിധിച്ചിരുന്നു. തെളിവിന്റെ അഭാവത്തിൽ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടു.
2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച് അവശനായ ഷാരോൺ ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്. 2021ലാണ് കന്യാകുമാരി ജില്ലയിലെ നെയ്യൂർ ക്രിസ്‌ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബിഎസ്‌സി റേഡിയോളജി അവസാനവർഷ വിദ്യാർഥിയായ് ഷാരോൺ ഗ്രീഷ്മയുടെ സൗഹൃദത്തിലാകുന്നത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വിശ്വസിച്ചു. എന്നാൽ ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ഗ്രീഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ്.
by Midhun HP News | Feb 6, 2025 | Latest News, കേരളം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
നികുതിയേതര വരുമാന വര്‍ധനക്കുള്ള മാര്‍ഗങ്ങളിലാകും ബജറ്റ് ഊന്നല്‍ നല്‍കുക. ക്ഷേമപെന്‍ഷന്‍ വര്‍ധനയും ശമ്പള കമ്മീഷന്‍ പ്രഖ്യാപനവുമടക്കം ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകും. മൂന്ന് വര്‍ഷം കൊണ്ട് മുഴുവന്‍ പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നില്‍ കണ്ടാകും സംസ്ഥാന ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികള്‍ക്ക് പണമെത്തിക്കാന്‍ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്‌കാരങ്ങള്‍ക്കും സാധ്യതയുണ്ട്. സമീപകാലത്തൊന്നും ഇത്ര വലിയ പ്രതിസന്ധിയുണ്ടായിട്ടില്ലാത്ത വിധത്തിലാണ് സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ്. ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് പദ്ധതി വിനിയോഗം 43.34 ശതമാനം മാത്രമാണ്.
by Midhun HP News | Feb 6, 2025 | Latest News, കേരളം
കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വനംവകുപ്പ് സംഘം മേഖലയില്‍ തുടരുകയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്.
പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. വെളിച്ചം വീണ ശേഷം തിരച്ചില്‍ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് വൈകീട്ട് ഏഴ് മണിയോടെയാണ് പുലിയെ കണ്ടെത്തിയത്.
തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ തുരങ്കത്തില്‍ വല വെച്ച് മൂടി. കഴിഞ്ഞ ഒരാഴ്ച്ചയായി പെര്‍ളടക്കം കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്. വനംവകുപ്പ് പുലിക്കായി കൂട് വെക്കാനുള്ള നീക്കത്തിലായിരുന്നു. ഇതിനിടെയാണ് പുലി തുരങ്കത്തില്‍ കുടുങ്ങിയത്.
by Midhun HP News | Feb 6, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ ക്രൂരമർദനം. ഓട്ടോ ഡ്രൈവറായ മുരളീധരരാണ് കമ്പംമെട്ട് സിഐ ഷമീർ ഖാന്റെ മർദമേറ്റത്. 2024 ഡിസംബർ 31ന് രാത്രി പതിനൊന്ന് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വഴിയിൽ നിൽക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്.
സ്ഥലത്ത് നിന്ന് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടായതെന്നാണ് പരാതി. സിഐയുടെ അടിയേറ്റ് താഴെ വീണ മുരളീധരൻ്റെ പല്ലു പൊട്ടി. വീട്ടുകാരോട് മുരളീധരൻ ഇക്കാര്യം പറഞ്ഞിരുന്നില്ല.
മുരളീധരനെ പൊലീസ് തല്ലിയതിന്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് കിട്ടിയത്. തുടർന്ന് ജനുവരി 16 നാണ് പരാതിയുമായി മുന്നോട് പോകാൻ കുടുംബം തീരുമാനിച്ചതെന്ന് മുരളീധരന്റെ മകൾ അശ്വതി പറയുന്നു. എസ്‌പി ഓഫീസിൽ പരാതി നൽകിയ ശേഷം ജനുവരി 23ന് ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ച് മൊഴിയെടുത്തെന്നും അശ്വതി പറയുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
Recent Comments