by Midhun HP News | Jan 17, 2025 | Latest News, കേരളം
കണ്ണൂര്‍: തലശ്ശേരിയില്‍ കാര്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് യഥാസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചു. മട്ടന്നൂര്‍ കളറോഡ് ടി പി ഹൗസില്‍ പരേതനായ ടി പി സൂപ്പിയുടെ ഭാര്യ ഇ കെ റുഖിയ (61) ആണ് ദാരുണമായി മരിച്ചത്. ഉടന്‍ ചികിത്സ കിട്ടാനായി രോഗിയുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ കാര്‍ ആംബുലന്‍സിന് വഴിമുടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
എരഞ്ഞോളി നായനാര്‍ റോഡില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ സൈഡ് നല്‍കാതിരുന്നത്.
അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തിച്ച റുഖിയയ്ക്ക് അല്‍പസമയത്തിനകം തന്നെ മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കാര്‍ ഡ്രൈവര്‍ക്കെതിരെ ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
by Midhun HP News | Jan 17, 2025 | Latest News, കേരളം
ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ കുറ്റക്കാരനാണെന്നും കോടതി നിരീക്ഷിച്ചു. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.
ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്.
2022 ഒക്ടോബർ 25. തിരുവന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ ഷാരോൺ രാജ് മരണത്തിന് കീഴങ്ങി. പതിനൊന്ന് ദിവസം മുൻപ് ഒക്ടോബർ 14-നാണ് അവശനിലയിൽ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേദിവസം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു
by Midhun HP News | Jan 17, 2025 | Latest News, കേരളം
വയനാട്: പുൽപ്പള്ളിയിലെ അമരക്കുനിയിൽ നാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ കൂട്ടിലാക്കി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 11.30ഓടെയാണു കടുവ കൂട്ടിൽ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്.
അഞ്ച് കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതിൽ ഒന്നായിരുന്നു തൂപ്രയിലേത്. കടുവയുടെ ആരോഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എട്ട് വയസോളം പ്രായമുണ്ട് കടുവയ്ക്ക്. ഇന്നലെ രാത്രി തന്നെ കടുവയെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
കടുവയ്ക്ക് എന്തെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ കൃത്യമായ പരിചരണവും ഉറപ്പാക്കും. ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. കടുവ ആദ്യത്തെ ആടിനെ പിടികൂടിയത് കഴിഞ്ഞ ഏഴാം തീയതിയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ അമരക്കുനിയിൽ കടുവയെ കൂട്ടിലാകുന്നതിനായി സജ്ജമായിരിക്കുകയായിരുന്നു.
by Midhun HP News | Jan 17, 2025 | Latest News, കേരളം
പാലക്കാട്: കൂടത്തായി കേസിന് സമാനതയുള്ള മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ ഇന്ന് വിധി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയെന്നാണ് കേസ്. നബീസയുടെ മകളുടെ മകനും കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍ മുഹമ്മദ് എന്ന മമ്മുവിന്റെ മകനുമായ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവരാണ് പ്രതികള്‍.
2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി.
22-ാം തീയതി രാത്രി ചീരക്കറിയില്‍ ചിതലിനുള്ള മരുന്നു ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു.
തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ആക്രമിക്കാന്‍ ഉദ്ദേശിച്ചത് ജിതിനെ, തടയാന്‍ വന്നപ്പോള്‍ മൂന്നുപേരെയും അടിച്ചു വീഴ്ത്തി; ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതിയുടെ മൊഴി
ഭർത്താവിന്റെ പിതാവിന് മെത്തോമൈൻ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തറയിൽ പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും, 2018 ൽ കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും ഫസീല പ്രതിയാണ്.
by Midhun HP News | Jan 17, 2025 | Latest News, കേരളം
കൊച്ചി : ലഹരി മരുന്നുമായി ദന്ത ഡോക്ടർ കൊച്ചിയിൽ പിടിയിൽ. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശി ഡോക്ടർ രഞ്ജു ആന്റണിയാണ് പിടിയിലായത്. പേട്ടയിലെ ഫ്ലാറ്റിൽ നിന്ന് ഹിൽപാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഡോക്ടറുടെ പക്കൽ നിന്നും രണ്ടു ഗ്രാം എംഡിഎംഎ, 18 ഗ്രാം എൽ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈൽ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ രഞ്ജു ആന്റണി.
by Midhun HP News | Jan 17, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥിയുടെ അച്ഛന്‍ പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസമാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റിയ ശേഷം നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാട്‌സ്ആപ്പ് വഴി ഇത് മറ്റു കുട്ടികള്‍ക്ക് ഷെയര്‍ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. മുന്‍പും സമാനമായ നിലയില്‍ കുട്ടി അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അച്ഛന്‍ പരാതിയില്‍ പറയുന്നു.
Recent Comments