by Midhun HP News | Jan 15, 2025 | Latest News, കേരളം
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആടിനെ മേയ്ക്കന്‍ പോയപ്പോഴായിരുന്നു അപകടം.
വനമേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്. ആദിവാസി വീട്ടമ്മയുടെ മരണവിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവരം അറിഞ്ഞ് കോളനി വാസികള്‍ സ്ഥലത്ത് എത്തിയപ്പോഴെക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം ഉച്ചക്കുളം കോളനിയിലെ വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല.
കഴിഞ്ഞയാഴ്ച മലപ്പുറം കരുളായില്‍ കാട്ടാന ആക്രമണത്തില്‍ പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
by Midhun HP News | Jan 15, 2025 | Latest News, കേരളം
കൊച്ചി: ബോബി ചെമ്മണൂര്‍ നിയമത്തിനും മുകളിലാണോയെന്ന് ഹൈക്കോടതി. ഇന്നലെ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാതിരുന്നതില്‍ കൃത്യമായ മറുപടി വേണം. ബോബിയുടെ അഭിഭാഷകരുടെ വാദങ്ങള്‍ സ്വീകാര്യമല്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഉച്ചയ്ക്ക് 12 ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ബോബി ചെമ്മണൂരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം തുടര്‍ന്നത്.
കോടതി ഇന്നലെ മൂന്നരയ്ക്ക് ജാമ്യ ഉത്തരവ് പുറത്തിറക്കിയതാണ്. എന്നിട്ടും ഇന്നലെ എന്തുകൊണ്ട് പുറത്തിറങ്ങിയില്ല. പുറത്തിറങ്ങാത്തതിന്റെ കാരണം പ്രതിഭാഗം വ്യക്തമായി വിശദീകരിക്കണം. ഇതു ശരിയായ നടപടിയല്ല. കോടതിയെ വെല്ലുവിളിക്കുകയാണോ?. കോടതിക്ക് ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജയിലില്‍ നിന്നും പുറത്തിയപ്പോള്‍ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് എന്താണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. മറ്റു തടവുകാരുടെ കാര്യം ബോബി നോക്കുന്നത് എന്തിനാണ്. അതിന് അയാൾ ആരാണ്?. നിയമത്തിനും മുകളിലാണെന്ന തോന്നല്‍ വേണ്ട. എല്ലാം വിലയ്ക്ക് വാങ്ങാമെന്ന വിചാരം വേണ്ട. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ ജാമ്യം റദ്ദാക്കി നോട്ടീസ് അയക്കുമെന്ന് കോടതി പറഞ്ഞു.
ബോബി ചെമ്മണൂരിനോട് സംസാരിച്ച് നിലപാട് അറിയിക്കാന്‍ പ്രതിഭാഗത്തിനോട് കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകനെ അപമാനിക്കുകയാണ് ബോബി ചെയ്തത്. ജയിലിന് പുരത്തിറങ്ങിയ വേളയില്‍ ബോബി ചെമ്മണൂര്‍ നടത്തിയ പ്രതികരണം കോടതി പരിശോധിക്കും. കേസ് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കാനായി മാറ്റി. അപ്പോള്‍ ബോബിയോട് സംസാരിച്ച് നിലപാട് അറിയിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
by Midhun HP News | Jan 15, 2025 | Latest News, കേരളം
സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ ഗതാഗത വകുപ്പിന് സമർപ്പിക്കും.
ജിഎസ്ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കാസർകോട് പെർള മുതൽ തിരുവനന്തപുരം അമരവിള വരെ കേരളത്തിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ടാക്‌സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളില്‍ കാണിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്. ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്നാണ് പരാതികള്‍.
മുമ്പ് ടാക്സ് ഒടുക്കുന്നതും, പെർമിറ്റ് നൽകുന്നതടക്കമുള്ള കാര്യങ്ങളാണ് ചെക്ക് പോസ്റ്റിൽ നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലി പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നത്. നിർദേശ ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പിന് ഉടൻ കൈമാറും. പിന്നീട് ഗതാഗത വകുപ്പ് സർക്കാരിലേക്ക് നിർദേശം അയക്കും. സർക്കാരാണ് ഇതിൽ അന്തിമ തീരുമാനം എടുക്കുക.
by Midhun HP News | Jan 15, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. നിരക്കിൽ ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7340 രൂപ നൽകണം. പവന് 80 രൂപ കൂടി വില 58,720 രൂപയിലെത്തി. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സ്വർണവില വർധന ഇന്നലെയാണ് നിന്നത്. ചൊവ്വാഴ്ച പവന് 58,640 രൂപയിലാണ് വ്യാപാരം നടന്നത്. 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7330 രൂപയിലെത്തിയിരുന്നു. അതാണ് ഇന്ന് വീണ്ടും കൂടിയത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
by Midhun HP News | Jan 15, 2025 | Latest News, കേരളം
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാത്തതില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ താക്കീത്. കോടതിയെ മുന്‍നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി മുന്നറിയിപ്പു നല്‍കി. കഥ മെനയാന്‍ ശ്രമിക്കരുത്. ചുമ്മാ നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം എങ്ങനെ റദ്ദു ചെയ്യണമെന്ന് അറിയാം. വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള നാടകമാണോ ഇതെന്നു കോടതി പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു. വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. ബോബിയെ ജയിലിലിട്ട് വിചാരണ നടത്താന്‍ അറിയാം. ഇങ്ങനെയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണണെന്ന് കോടതിക്ക് അറിയാം. തനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ അപമാനിക്കുന്ന നടപടിയാണ് ബോബി ചെമ്മണൂര്‍ ചെയ്തത്.
വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായി സംസാരിച്ചിരുന്നു. ഇന്നലെ തന്നെ ജാമ്യ ഉത്തരവ് നല്‍കിയതായി അറിയിച്ചിട്ടുണ്ട്. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കേണ്ട. നിയമത്തിന് മുകളിലാണെന്ന് ബോബിക്ക് തോന്നുന്നുണ്ടോ? മറ്റു പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ തുടരാന്‍ ബോബി ആരാണ്? മറ്റു പ്രതികളുടെ വക്കാലത്ത് ബോബി എടുക്കേണ്ടതില്ല. അതിന് നീതിന്യായ വ്യവസ്ഥ ഇന്നാട്ടിലുണ്ട്
by Midhun HP News | Jan 15, 2025 | Latest News, കേരളം
തിരുവനന്തപുരം: മുഥ്യമന്ത്രി പിണറായി വിജയനെ ‘പടയുടെ പടനായകനായി’ വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ ഗാനം ആലപിക്കും. നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചതു വിവാദമായിരുന്നു.
‘സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്‌സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാ’ണു പിണറായിയെന്നു പാട്ടില്‍ പറയുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരന്‍ എഴുതിയ പാട്ടിന് സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ ചിത്രസേനനാണ് പാട്ട് രചിച്ചത്. സംഗീതം നല്‍കിയത് റവന്യൂവകുപ്പിലെ ജീവനക്കാരനായ വിമലാണ്.
വ്യക്തിപൂജയെ എക്കാലത്തും തള്ളിപ്പറഞ്ഞിട്ടുള്ള സിപിഎമ്മിന്റ മറ്റൊരു സമ്മേളനകാലത്താണു മുഖ്യമന്ത്രി പിണറായിയെ വ്യക്തിപൂജ ചെയ്തുകൊണ്ടുള്ള സംഘഗാനാലാപനം വീണ്ടും അരങ്ങേറുന്നതെന്ന കൗതുകവുമുണ്ട്.
‘പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും
അച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ…
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍
ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍’ -പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍’എന്നിങ്ങനെ പോകുന്നു വരികള്‍.
കഴിഞ്ഞ സമ്മേളനകാലത്ത് പാറശാലയില്‍ അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാതിരുവാതിരയില്‍ ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്’ എന്നിങ്ങനെയായിരുന്നു പാട്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം ‘കേരള സിഎം’ എന്ന പേരില്‍ യുട്യൂബില്‍ ഒരു ഗാനം ഇറങ്ങിയിരുന്നു. ‘പിണറായി വിജയന്‍ നാടിന്റെ അജയന്‍’ എന്നു തുടങ്ങുന്ന പാട്ടില്‍ ‘തീയില്‍ കുരുത്തൊരു കുതിര’, ‘കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍’ എന്നെല്ലാമായിരുന്നു വിശേഷണം.
Recent Comments