ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാത്തതില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ താക്കീത്. കോടതിയെ മുന്‍നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി മുന്നറിയിപ്പു നല്‍കി. കഥ മെനയാന്‍ ശ്രമിക്കരുത്. ചുമ്മാ നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം എങ്ങനെ റദ്ദു ചെയ്യണമെന്ന് അറിയാം. വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള നാടകമാണോ ഇതെന്നു കോടതി പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു. വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. ബോബിയെ ജയിലിലിട്ട് വിചാരണ നടത്താന്‍ അറിയാം. ഇങ്ങനെയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണണെന്ന് കോടതിക്ക് അറിയാം. തനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ അപമാനിക്കുന്ന നടപടിയാണ് ബോബി ചെമ്മണൂര്‍ ചെയ്തത്.

വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായി സംസാരിച്ചിരുന്നു. ഇന്നലെ തന്നെ ജാമ്യ ഉത്തരവ് നല്‍കിയതായി അറിയിച്ചിട്ടുണ്ട്. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കേണ്ട. നിയമത്തിന് മുകളിലാണെന്ന് ബോബിക്ക് തോന്നുന്നുണ്ടോ? മറ്റു പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ തുടരാന്‍ ബോബി ആരാണ്? മറ്റു പ്രതികളുടെ വക്കാലത്ത് ബോബി എടുക്കേണ്ടതില്ല. അതിന് നീതിന്യായ വ്യവസ്ഥ ഇന്നാട്ടിലുണ്ട്

മുഖ്യമന്ത്രി ‘സ്തുതിഗാനം’; നാളെ നൂറ് വനിതകള്‍ ചേര്‍ന്ന് പാടും

മുഖ്യമന്ത്രി ‘സ്തുതിഗാനം’; നാളെ നൂറ് വനിതകള്‍ ചേര്‍ന്ന് പാടും

തിരുവനന്തപുരം: മുഥ്യമന്ത്രി പിണറായി വിജയനെ ‘പടയുടെ പടനായകനായി’ വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ ഗാനം ആലപിക്കും. നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചതു വിവാദമായിരുന്നു.

‘സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്‌സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാ’ണു പിണറായിയെന്നു പാട്ടില്‍ പറയുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരന്‍ എഴുതിയ പാട്ടിന് സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ ചിത്രസേനനാണ് പാട്ട് രചിച്ചത്. സംഗീതം നല്‍കിയത് റവന്യൂവകുപ്പിലെ ജീവനക്കാരനായ വിമലാണ്.

വ്യക്തിപൂജയെ എക്കാലത്തും തള്ളിപ്പറഞ്ഞിട്ടുള്ള സിപിഎമ്മിന്റ മറ്റൊരു സമ്മേളനകാലത്താണു മുഖ്യമന്ത്രി പിണറായിയെ വ്യക്തിപൂജ ചെയ്തുകൊണ്ടുള്ള സംഘഗാനാലാപനം വീണ്ടും അരങ്ങേറുന്നതെന്ന കൗതുകവുമുണ്ട്.

‘പാടവും പറമ്പും കേരമൊക്കെയും പടക്കളം

ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍

പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും

അച്ഛനെ

തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ…

കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ

കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ

ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും

കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍

ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍’ -പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍’എന്നിങ്ങനെ പോകുന്നു വരികള്‍.

കഴിഞ്ഞ സമ്മേളനകാലത്ത് പാറശാലയില്‍ അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാതിരുവാതിരയില്‍ ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്’ എന്നിങ്ങനെയായിരുന്നു പാട്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം ‘കേരള സിഎം’ എന്ന പേരില്‍ യുട്യൂബില്‍ ഒരു ഗാനം ഇറങ്ങിയിരുന്നു. ‘പിണറായി വിജയന്‍ നാടിന്റെ അജയന്‍’ എന്നു തുടങ്ങുന്ന പാട്ടില്‍ ‘തീയില്‍ കുരുത്തൊരു കുതിര’, ‘കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍’ എന്നെല്ലാമായിരുന്നു വിശേഷണം.

ബോബി ചെമ്മണൂര്‍ ഇന്ന് പുറത്തിറങ്ങിയേക്കും

ബോബി ചെമ്മണൂര്‍ ഇന്ന് പുറത്തിറങ്ങിയേക്കും

കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ മോചിതനായിരുന്നില്ല. ജാമ്യ ഉത്തരവുമായി അഭിഭാഷകര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയെങ്കിലും ബോബി സഹകരിക്കാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്ന് ഇന്നലെ അഭിഭാഷകരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങുകയായിരുന്നു. കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ബോബിയുടെ നാടകമാണിതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇന്നും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ജയില്‍മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം.

ബോബി ചെമ്മണൂരിന്റെ നടപടി പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. ഇന്നലെ രാവിലെ ബോബിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, വൈകീട്ട് ജാമ്യ ഉത്തരവ് പുറത്തിറക്കിയിരുന്നു. നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ഈ മാസം 9 നാണ് കോടതി ബോബിയെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലില്‍ അടച്ചത്.

കലൂരിലെ വിവാദ നൃത്ത പരിപാടി; ജിസിഡിഎ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

കലൂരിലെ വിവാദ നൃത്ത പരിപാടി; ജിസിഡിഎ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കലൂരിലെ വിവാദ നൃത്ത പരിപാടിയില്‍ സ്റ്റേഡിയത്തിനുള്ളിലെ നിയമലംഘനം കണ്ടെത്താത്തതില്‍ ജിസിഡിഎ എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. സ്റ്റേഡിയത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ്.എസ് ഉഷയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉഷയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ജനുവരി 4ന് തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാത്തത് വിവാദമായതോടെയാണ് നടപടി.

ഇതിനിടെ സ്റ്റേഡിയം നൃത്തപരിപാടിക്ക് വിട്ടുനല്‍കരുതെന്ന നിലപാടെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൃദംഗവിഷന്റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നതിന്റെ പേരിലാണ് നോട്ടീസ്. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ തീരുമാനം വന്ന് 10 ദിവസം കഴിഞ്ഞിട്ടും കലൂര്‍ സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അസി.എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറങ്ങാത്തത്തില്‍ വിമര്‍ശനം ശക്തമായിരുന്നു.

എസ്റ്റേറ്റ് ഓഫീസര്‍ ശ്രീദേവി സിബി, സൂപ്രണ്ട് സിനി കെ.എ, സീനിയര്‍ ക്ലര്‍ക്ക് രാജേഷ് രാജപ്പന്‍ എന്നിവര്‍ക്കാണ് ജിസിഡിഎ സെക്രട്ടറി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പരിപാടിയുടെ അലോട്ട്‌മെന്റ് ഫയലില്‍ നിന്നും രേഖകളുടെ കളര്‍ ഫോട്ടോകള്‍ ജനുവരി നാല് മുതല്‍ ദൃശ്യമാധ്യമങ്ങളില്‍ വരാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

കടയ്ക്കലിൽ തീ പൊള്ളലേറ്റ് യുവതി മരിച്ചു

കടയ്ക്കലിൽ തീ പൊള്ളലേറ്റ് യുവതി മരിച്ചു

കരീല വാരിക്കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ ധരിച്ചിരുന്ന വസ്ത്രത്തിൽ തീപിടിച്ചതിനെ തുടർന്ന് 31 കാരിക്കു ദാരുണാന്ത്യം. കടയ്ക്കൽ മണലുവട്ടം ദേർഭകുഴിവീട്ടിൽ ബാബുരാജിന്റെ ഭാര്യ പ്രമിതയാണ് മരണപ്പെട്ടത്.

ഇന്നലെ രാവിലെ 11 മണിയോടുകൂടി വീടിന്റെ മുന്നിലെകരിയില തൂത്തു കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീ പിടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി തീ അണച്ചെങ്കിലും ദേഹത്ത് വലിയ രീതിയിൽ പൊള്ളലേറ്റിരുന്നു. പ്രമിതയെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ഇന്നലെ രാത്രി 11 മണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. പ്രമിതയുടെ ഭർത്താവ് ബാബുരാജ് വിദേശത്താണ്.

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രാദേശിക സമിതി, സംസ്ഥാനതല സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മറ്റ് സഹായങ്ങള്‍ നല്‍കുകയെന്നതാണ് സമിതി രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും എസ്എച്ച്ഒയും അടങ്ങുന്നതാണ് പ്രാദേശിക സമിതി. ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലും ഇതിന്റെ മേല്‍ നടത്തിയ തിരച്ചിലല്‍ അവരെ കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന തലസമിതിക്ക് നല്‍കും.

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍. റവന്യൂ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെ സെകട്ട്രറിമാരും സമിതിയിലുണ്ട്.. ഇവര്‍ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് മറ്റ് നടപടിക്രമങ്ങളിലേക്ക് നീങ്ങും. അതിന് പിന്നാലെ അടുത്ത ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കും, അതിന് പിന്നാലെ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വീട് ഉള്‍പ്പടെ മറ്റ് സഹായങ്ങള്‍ അര്‍ഹരാക്കി കൊണ്ടുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര്‍ ഇനിയും കാണാമറയത്താണ്.