by Midhun HP News | Dec 23, 2024 | Latest News, കേരളം
തൃശൂര്‍: അഞ്ചേരിയില്‍ രണ്ടരവര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി ‘വിലസുകയായിരുന്ന’ കൂറ്റന്‍ മൂര്‍ഖനെ സാഹസികമായി പിടികൂടി. കോണ്‍ക്രീറ്റ് സ്ലാബിനടിയിലെ പൊത്തില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. പതിനഞ്ചുവര്‍ഷമായി പാമ്പുപിടുത്തം തുടരുന്ന വനംവകുപ്പിന്റെ സ്നേക്ക് റെസ്‌ക്യൂവര്‍ ജോജു മുക്കാട്ടുകരയാണ് വീട്ടുകാരുടെ രക്ഷയ്‌ക്കെത്തിയത്. ഇത്രയും വലിപ്പമുള്ള ഒരു മൂര്‍ഖനെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു മുക്കാട്ടുകര പറഞ്ഞു.
കഴിഞ്ഞ ദിവസം അഞ്ചേരിയിലെ ഒരു വീട്ടിലാണ് സംഭവം. വീടിന് പിറകിലെ ആളനക്കമില്ലാതെ കിടന്നിരുന്ന ഷെഡ്ഡിന്റെ പരിസരത്ത് പൊത്തിലായിരുന്നു ഇതിന്റെ വാസം. പാമ്പിന്റെ ഉറയൂരിക്കിടക്കുന്നതുകണ്ട വീട്ടുകാര്‍ ജോജുവിനെ വിളിച്ചുവരുത്തുകയായിരുന്നു.
കോണ്‍ക്രീറ്റ് സ്ലാബിനടിയിലെ പൊത്തില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. നാളിതുവരേയുള്ള അനുഭവത്തില്‍ ഇത്രയും നീളവും ഭാരവുമുള്ള മൂര്‍ഖനെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു പറയുന്നു. കുതിച്ചുചാടിയ മൂര്‍ഖനെ ഏറെ പാടുപെട്ടാണ് സഞ്ചിയിലാക്കിയത്. ഇതിനെ പിന്നീട് കാട്ടില്‍ വിട്ടയച്ചു.
by Midhun HP News | Dec 23, 2024 | Latest News, കേരളം
ആലപ്പഴ: ചെങ്ങന്നൂര്‍ ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിന്‍ നിര്‍ത്താതെ പോയി. ഇന്നുമുതല്‍ സ്റ്റോപ്പ് അനുവദിച്ച കൊല്ലം – എറണാകുളം മെമു ട്രെയിന്‍ ആണ് ചെറിയനാട് നിര്‍ത്താതെ പോയത്.
രാവിലെ ട്രെയിനിനെ സ്വീകരിക്കാന്‍ എംപി കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സ്റ്റേഷനില്‍ എത്തിയിരുന്നു, ട്രെയിന്‍ നിര്‍ത്താതെ പോയതോടെ നേതാക്കളും യാത്രക്കാരും നാട്ടുകാരും നിരാശരായി മടങ്ങി.
ലോക്കോ പൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിന്‍ നിര്‍ത്താതെ പോകാന്‍ കാരണമെന്നാണ് വിവരം. തിരികെ 11.50ന് എത്തുമ്പോള്‍ സ്വീകരണം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
by Midhun HP News | Dec 23, 2024 | Latest News, കേരളം
പത്തനംതിട്ട: ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിയായ 20കാരിയാണ് ജീപ്പില്‍ പ്രസവിച്ചത്. വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ ജീപ്പില്‍ കോന്നി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് യുവതി പ്രസവിച്ചത്.
പ്രസവ വേദനയുണ്ടായതോടെ യുവതിയുടെ ബന്ധുക്കള്‍ ട്രൈബല്‍ പ്രമോട്ടര്‍ ഹരിതയെ വിവരമറിയിച്ചു. ഇവരെത്തി യുവതിയെ ജീപ്പില്‍ കല്ലേലി-ആവണിപ്പാറ വനപാതിയിലൂടെ കോന്നിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് മണ്ണാറപ്പാറ ഭാഗത്തുവെച്ച് പ്രസവിച്ചത്. കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക സജീദയും കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയുമായ മകളുമാണ് പ്രസവ സമയത്ത് യുവതിയെ പരിചരിച്ചത്.
തുടര്‍ന്ന് കോന്നി മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സ് എത്തിച്ച് ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഖമായിരിക്കുന്നുവെന്ന് സജീദ പറഞ്ഞു
by Midhun HP News | Dec 23, 2024 | Latest News, കേരളം
കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കുക അത്ര എളുപ്പമായിരിക്കില്ല. റോഡപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തുന്നു. ഈ കാലയളവില്‍ ഡ്രൈവിങ് സംബന്ധമായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യുകയും പിന്നീട് ലേണേഴ്‌സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും ആദ്യം മുതല്‍ നടത്തേണ്ടി വരും.
സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി. റോഡ് അപകടങ്ങള്‍ താരതമ്യേന കുറവായ ബ്രിട്ടനിലെ രീതി സംസ്ഥാനത്ത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
അപകടങ്ങള്‍ കുറയ്ക്കുന്നതിനാനായുള്ള വിപുലമായ മാറ്റങ്ങളുടെ ഭാഗമാണ് പ്രൊബേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി നാഗരാജു ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്‌നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുന്നതിന് പുറമേയാണിത്. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ കൂടുതലായിരിക്കും. ലേണേഴ്സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.
അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഞങ്ങള്‍ മാറ്റം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Dec 23, 2024 | Latest News, കേരളം
തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നതായും സുന്ദര്‍ മേനോന്‍, ഗിരീഷ്, വിജയമേനോന്‍, ഉണ്ണികൃഷ്ണന്‍, രവി എന്നിവര്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി ഇവര്‍ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. ചില രാഷ്്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരായി ഇത് ഉപയോഗിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി എന്നിവരുടെ പേരുകള്‍ മൊഴിയുടെ രൂപത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചെന്നും തല്‍പ്പരകക്ഷികളുമായി ഗൂഢാലോചന നടത്തി ഉത്സവം അട്ടിമറിച്ചുവെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ അനുവദിക്കാതിരുന്നാല്‍ പൂരം അട്ടിമറിക്കണമെന്ന തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തിരുവമ്പാടി ദേവസ്വം ആദ്യം മുതല്‍ തന്നെ നിയമവിരുദ്ധവും നടപ്പാക്കാന്‍ സാധിക്കാത്തതുമായ ആവശ്യങ്ങള്‍ ഉന്നയിച്ചും ചെറിയ വിഷയങ്ങള്‍ ഊതിപ്പെരുപ്പിച്ചും പൂരം പൂര്‍ത്തിയാകാതിരിക്കാനുള്ള ശ്രമം നടത്തി പൂരം നിര്‍ത്തിവയ്പിച്ചു. സംസ്ഥാന ഭരണകൂടത്തിനും ജില്ലാ ഭരണകൂടത്തിനും എതിരെ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളും തല്‍പ്പരകക്ഷികളും ചേര്‍ന്ന് സ്ഥാപി താത്പര്യത്തിനായി പൂരം അട്ടിമറിച്ചതു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഷയലാഭത്തിനായി തല്‍പ്പരകക്ഷികള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്ന് കമ്മീഷണര്‍ അങ്കിത് അശോകന്റെ പ്രവര്‍ത്തനത്തോടുള്ള നീരസം ചില പൊലിസുകാര്‍ പൂരക്കാര്യത്തില്‍ ഉപയോഗപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പൂരം നടത്തുകയല്ല, തൊടുന്യായം പറഞ്ഞ് പൂരം അട്ടിമറിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
by Midhun HP News | Dec 23, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7100 രൂപ നല്‍കണം.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
9 ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Recent Comments