by Midhun HP News | Dec 23, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7100 രൂപ നല്‍കണം.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
9 ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Dec 22, 2024 | Latest News, കേരളം
പാലക്കാട്: സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പള്ളി യുപി സ്‌കൂളിലെ അധ്യാപകരെയാണ് വിഎച്ച്പി പ്രവര്‍ത്തകരുടെ സംഘം ഭീഷണിപ്പെടുത്തിയത്.
സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആയിരുന്നെങ്കില്‍ നിങ്ങള്‍ ഇത്തരത്തില്‍ ആഘോഷം നടത്തുമായിരുന്നോയെന്നും ഇതിനുമുമ്പ് ആഘോഷിച്ചിട്ടുണ്ടോയെന്നും ചോദിച്ചായിരുന്നു അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. കുട്ടികളെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി ആഘോഷിക്കുന്നത് എന്തിനാണെന്നും, ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിച്ചത് എന്തിനാണെന്നുമാണ് അവര്‍ അധ്യാപകരെ ചോദ്യം ചെയ്തത്.
by Midhun HP News | Dec 22, 2024 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന മകൻ നീന്തിക്കയറി രക്ഷപ്പെട്ടു.
മീൻപിടിക്കാനും കുടിവെള്ളമെടുക്കാനും വേണ്ടി മകനൊപ്പമാണ് സന്ധ്യ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരാണ് സന്ധ്യയെ കരയ്ക്കെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
നീന്തൽ അറിയാവുന്നത് കൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് സന്ധ്യയുടെ ബന്ധുക്കൾ പറഞ്ഞു. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പൈപ്പിൻ്റെ പണി നടക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഒടുവിൽ കുടിവെള്ളം വന്നതെന്നും നാട്ടുകാർ പറയുന്നു.
by Midhun HP News | Dec 22, 2024 | Latest News, കേരളം
അയ്യപ്പന് മണ്ഡലപൂജയ്‌ക്ക് ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. രാവിലെ ഏഴുമണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. പുലർച്ചെ അഞ്ചുമണി മുതൽ തന്നെ വിശ്വാസികൾക്ക് തങ്കഅങ്കിദർശിക്കാനായുള്ള അവസരം ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. 7.00 മണിയോടെ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കിഴക്കേനടയില്‍നിന്നും ശബരിമലയിലേക്കുള്ള പ്രയാണം ആരംഭിക്കും.
ഡിസംബർ 25ന് ബുധനാഴ്ച പകൽ 1.30ന് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പമ്പയിലെത്തും. 3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനു ശേഷം 6.15ന് ഘോഷയാത്ര സന്നിധാനത്തെത്തും.ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. ഡിസംബര്‍ 25 ന് 54,000, 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകും.
by Midhun HP News | Dec 22, 2024 | Latest News, കേരളം
കോട്ടയം: നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ മാവിളങ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം.
അനീഷയുടെ മരുമകന്‍ നൗഷാദ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു.
അപകടത്തെ തുടര്‍ന്ന് രണ്ട് തവണ കാര്‍ റോഡിലൂടെ മറിഞ്ഞുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാക്കട സ്വദേശികള്‍ തൃശൂരിലാക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടകാരും ചിങ്ങവനം പൊലീസും സ്ഥലത്തെത്തി ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഗുരുതര പരിക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
by Midhun HP News | Dec 22, 2024 | Latest News, കേരളം
ചെന്നൈ: കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യം ഉള്‍പ്പെടെ തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണ് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ മാലിന്യമെത്തിച്ച ലോറി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പര്‍വൈസറാണ് നിഥിന്‍ ജോര്‍ജ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. കേസില്‍ നേരത്തെ തിരുനെല്‍വേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെയും (ആര്‍സിസിസി) ഉള്ളൂര്‍ ക്രെഡന്‍സ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. നേരത്തെ അറസ്റ്റിലായ മായാണ്ടി ഇടനിലക്കാരനായി നിന്നാണ് കേരളത്തില്‍നിന്ന് മാലിന്യം എത്തിച്ചിരുന്നതെന്നാണ് നിഗമനം. മീന്‍ വ്യാപാരിയായ മനോഹര്‍ മായാണ്ടിയുടെ കൂട്ടാളിയാണ്. മാലിന്യം തള്ളിയ സംഭവത്തില്‍ 5 കേസുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Recent Comments