by Midhun HP News | Dec 21, 2024 | Latest News, കേരളം
കണ്ണൂർ: മലയോര പ്രദേശമായ ഉളിക്കൽ പരിക്കളത്ത് നിന്നു ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻ്റെ ടെറസിൽ നടത്തിയ തെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത് പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്.
പൊലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്. പിന്നാലെ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
by Midhun HP News | Dec 21, 2024 | Latest News, കേരളം
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യകരട് പട്ടികയില്‍ 338 കുടുംബങ്ങള്‍. ആദ്യഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ ഉള്ളവര്‍ക്ക് പതിനഞ്ച് ദിവസത്തിനകം പരാതി നല്‍കാം. 30 ദിവസത്തിനകം അന്തിമ കരട് പട്ടിക പ്രസിദ്ധികരിക്കും.
മുണ്ടക്കൈയില്‍ 201, ചൂരല്‍മലയില്‍ 121, അട്ടമലയില്‍ 66 കുടുംബങ്ങളാണ് ആദ്യകരട് പട്ടികയില്‍ ഉള്‍പ്പെട്ടത്. പട്ടികയില്‍പ്പെട്ട 17 കുടുംബങ്ങളില്‍ ആരും ജീവിച്ചിരിപ്പില്ല. വീട് ഒലിച്ചുപോയവര്‍, വീട് പൂര്‍ണമായും തകര്‍ന്നവര്‍, ഭാഗികമായി വീട് തകര്‍ന്നവര്‍, മറ്റ് എവിടെയും വിട് ഇല്ലാത്തവരെയുമാണ് ഒന്നാം ഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. പട്ടിക സംബന്ധിച്ച ചര്‍ച്ച നാളെ വയനാട് കലക്ടറേറ്റില്‍ നടക്കും/
ടൗണ്‍ഷിപ്പിനായി രണ്ട് എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളില്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങള്‍ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒന്‍പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുക്കള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. ടൗണ്‍ഷിപ്പ് ആശയത്തിന് സര്‍വകക്ഷി യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ധാരണ. ഭൂമി വില സംബന്ധിച്ച് ആശങ്കയുള്ളതിനാലാവാം എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ കാലതാമസമില്ലാതെ അനുകൂല വിധി കോടതിയില്‍ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമിയ്ക്ക് നഷ്ട പരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി അനുമതി ലഭിച്ചാല്‍ ഉടന്‍ ഭൂമി വാങ്ങാനുള്ള നടപടി സ്വീകരിക്കും. പുനരധിവാസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുപ്പത്തിയെട്ട് ഏജന്‍സികള്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്പോണ്‍സര്‍ഷിപ്പിന് സന്നദ്ധത അറിയിച്ച സംസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Dec 21, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7100 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.20 ന് 56,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
by Midhun HP News | Dec 21, 2024 | Latest News, കേരളം
ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആര്‍ സജി. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പക്ഷേ, താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നുണ്ട്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നും സജി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നിരിക്കുന്നത്.
കേസില്‍ കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ്് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും.
പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം.
സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കില്‍ എത്തിയിരുന്നു. സാബുവിന് 25 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികില്‍സാര്‍ത്ഥം പണം ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാര്‍ അപമാനിച്ചിറക്കി വിട്ടെന്ന പരാമര്‍ശം ആത്മഹത്യാക്കുറിപ്പിലുമുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നിക്ഷേപകര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കുന്നുണ്ടെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
by Midhun HP News | Dec 21, 2024 | Latest News, കേരളം
കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ ഓക്സിജന്‍ ലെവല്‍ താഴെയാണെന്നായിരുന്നു ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഓക്സിജന്‍ സപ്പോര്‍ട്ടിലാണ് എംടി ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ മാസം 15നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
by Midhun HP News | Dec 21, 2024 | Latest News, കേരളം
കൊച്ചി: മിസ് കേരള മത്സര വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശിനി മേഘ ആന്റണി 2024 ലെ മിസ് കേരള കിരീടം ചൂടി. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശിനി ഏയ്ഞ്ചൽ ബെന്നി സെക്കന്റ് റണ്ണറപ്പുമായി. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് മേഘ ആന്റണി.
വിവിധ ഘട്ടങ്ങളിലെ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു ഫൈനൽ മത്സരം. മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിബുൾ സ്മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയെയും തിരഞ്ഞെടുത്തു.
അദ്രിക സഞ്ജീവ് ആണ് മിസ് ടാലന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായാണു ‘മിസ് കേരള 2024’ ഫൈനൽ. മിസ് ബ്യൂട്ടിഫുൾ സ്കിനായി അമ്മു ഇന്ദു അരുൺ, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നിവയിൽ സാനിയ ഫാത്തിമ എന്നിവരെയും തിരഞ്ഞെടുത്തു. ഡിസംബർ ആദ്യ വാരം തുടങ്ങിയ വിവിധ ഓഡിഷനുകളിൽ 300ലധികം മത്സരാർഥികൾ പങ്കെടുത്തിരുന്നു.
Recent Comments