ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും; ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീംകോടതി

ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും; ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും. 15 വര്‍ഷം നീണ്ട തര്‍ക്കത്തിന് ഒടുവില്‍ ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെയും ഭക്ഷ്യ എണ്ണയായി സുപ്രീംകോടതി അംഗീകരിച്ചു. ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക വസ്തുവായാണോ കാണേണ്ടത് എന്ന തര്‍ക്കത്തിനാണ് പരിഹാരമായത്.

ചെറിയ പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണ (സാധാരണയായി 200 മില്ലി അല്ലെങ്കില്‍ 500 മില്ലിയില്‍ താഴെ) ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക എണ്ണയായാണോ തരംതിരിക്കേണ്ടത് എന്ന കാര്യത്തില്‍ ദീര്‍ഘകാലമായി നിലനിന്ന അവ്യക്തതയാണ് സുപ്രീംകോടതിയുടെ ഉത്തരവോടെ ഇല്ലാതായത്. ഭക്ഷ്യേതര എണ്ണകളെ അപേക്ഷിച്ച് ഭക്ഷ്യ എണ്ണകള്‍ക്ക് സാധാരണയായി കുറഞ്ഞ ജിഎസ്ടി ആണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളായോ വ്യാവസായിക ഉല്‍പ്പന്നങ്ങളായോ കണ്ട് ഭക്ഷ്യേതര എണ്ണകള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നത്. നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യുന്ന തരത്തില്‍ ചെറിയ പായ്ക്കറ്റ് വെളിച്ചെണ്ണയുടെ നികുതി കുറയുന്നതിലേക്ക് ഈ തീരുമാനം നയിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഭക്ഷ്യ എണ്ണയ്ക്ക് പത്തുശതമാനത്തില്‍ താഴെയാണ് ജിഎസ്ടി.സൗന്ദര്യവര്‍ദ്ധക വസ്തുവായി കണക്കാക്കുമ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി വരിക.

ചെറിയ പായ്ക്കറ്റുകളിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ അതോ ഭക്ഷ്യേതര എണ്ണയായാണോ കാണേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെ അവ്യക്തത നിലനിന്നിരുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ അവരുടേതായ വ്യാഖ്യാനമാണ് നടത്തിയിരുന്നത്. ഇത് പ്രധാന നാളികേര ഉല്‍പ്പാദക സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വെളിച്ചെണ്ണ ഉല്‍പ്പാദകര്‍ക്ക് നിയമപരമായും സാമ്പത്തികമായും വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നികുതി അധികാരികളുമായുള്ള തര്‍ക്കങ്ങള്‍ കുറയാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാഹനം സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം

വാഹനം സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം

മലപ്പുറം: മലപ്പുറം വലമ്പൂരില്‍ വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതിന് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു.

സ്‌കൂട്ടര്‍ നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. വാഹനം പെട്ടെന്ന് നിര്‍ത്തിയത് ശരിയല്ലെന്ന് ചോദിച്ചശേഷം താന്‍ വണ്ടിയുമായി മുന്നോട്ടുപോയി. അയാള്‍ വാഹനം വേഗത്തില്‍ കൊണ്ടു വന്ന് തടസ്സം വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. കൂട്ടാളികളെയും ഇയാള്‍ വിളിച്ചു വരുത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരികില്‍ ഷംസുദീന്‍ ചോര വാര്‍ന്ന് കിടന്നത്. വഴിയിലൂടെ വന്നവര്‍ മദ്യപിച്ച് കിടക്കുകയാണോ എന്ന നിലയിലാണ് കൈകാര്യം ചെയ്തതെന്നും ഷംസുദ്ദീന്‍ പറയുന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനു തന്നെ: പെൺമക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനു തന്നെ: പെൺമക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതശരീരം വൈദ്യപഠനത്തിനായി വിട്ടു നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് പെണ്‍മക്കള്‍ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ലോറന്‍സ് മരിക്കുന്നത്. അതിനു പിന്നാലെ അതി നാടകീയ നടപടികളിലൂടെയാണ് കടന്നുപോയത്. നേരത്തെ ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നല്‍കിയതിനെതിരെ മകള്‍ ആശ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ ലോറന്‍സ് മകന്‍ സജീവനോട് പറഞ്ഞിരുന്നു. ഈ മൊഴി ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് മകളുടെ ആവശ്യം തള്ളിയത്.

ഹൈക്കോടതി നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് നടത്തിയ ഹിയറിങ്ങിലാണ് മറ്റൊരു മകളായ സുജാത സഹോദരി ആശയുടെ നിലപാടിനെ അനുകൂലിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ ആശ നല്‍കിയ അപ്പീലിനെയും സുജാത പിന്തുണച്ചു. പാര്‍ട്ടിയും മകനും ചേര്‍ന്ന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുകയായിരുന്നു. പെണ്‍മക്കളായ തങ്ങളോട് ഇക്കാര്യം ആലോചിട്ടില്ല. അതിനാല്‍ ലോറന്‍സിന്റെ സംസ്കാരം മതാചാര പ്രകാരം നടത്തണം. ലോറന്‍സിന്റെ ഭാര്യ മതവിശ്വാസിയാണ്. ലോറന്‍സും മതങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. അതിനാല്‍ ലോറന്‍സിന്റെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്നും പെണ്‍മക്കള്‍ ആവശ്യപ്പെട്ടിരുന്നു. ലോറന്‍സിന്റെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മകളുമായി സംഘര്‍ഷം അരങ്ങേറിയിരുന്നു.

കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സാം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫിനാണ് പൊള്ളലേറ്റത്. മടത്തറ സ്വദേശി സജീര്‍ ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ചിതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയാണ്. ഇതിനു കാരണം ഭാര്യാപിതാവായ അഷ്‌റഫ് ആണെന്നും ഈ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് സജീര്‍ പൊലീസിനോട് പറഞ്ഞത്. സജീര്‍ മുമ്പും വധഭീഷണി മുഴക്കുകയും അഷ്‌റഫ് താമസിക്കുന്ന സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പൊലീസിന് പരാതി ലഭിച്ചിരുന്നു.

ത്രില്ലര്‍ ‘തുടങ്ങും മുന്‍പേ’ മഴയെത്തി; ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് സമനിലയില്‍

ത്രില്ലര്‍ ‘തുടങ്ങും മുന്‍പേ’ മഴയെത്തി; ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് സമനിലയില്‍

ബ്രിസ്‌ബെയ്ന്‍: മഴ രസംകൊല്ലിയായ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് ഒടുവില്‍ സമനിലയില്‍ അവസാനിച്ചു. 275 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങി അധികം വൈകാതെ തന്നെ മഴ കളി മുടക്കി. സ്‌കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മഴ എത്തി. ഇതോടെ ഫല പ്രതീക്ഷയില്ലാത്ത മത്സരം അവസാനിപ്പിച്ചു.

യശസ്വി ജയ്സ്വാള്‍ (4), കെഎല്‍ രാഹുല്‍ (4) എന്നിവര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ മോശം വെളിച്ചവും മഴയും കാരണം ടീ ബ്രേക്ക് എടുത്തു. എന്നാല്‍ മഴ മാറാതെ നിന്നതോടെ മത്സരം തുടരേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ 89 ന് ഏഴ് എന്ന നിലയിലെത്തിയപ്പോള്‍ ഓസീസ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഇന്നിങ്സ് തുടക്കത്തിലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വേഗത്തില്‍ സ്‌കോര്‍ നേടുകയെന്നതായിരുന്നു ഓസീസിന്റെ തന്ത്രം. എന്നാല്‍ ബാറ്റര്‍മാരെ പെട്ടെന്ന് തന്നെ പുറത്താക്കി ഇന്ത്യ സ്‌കോറിങ് വേഗം കുറച്ചു. ഇതോടെ സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച മത്സരത്തില്‍ ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ബ്രിസ്ബെയ്‌നില്‍ ത്രില്ലര്‍; 89ന് ഡിക്ലയര്‍ ചെയ്ത് ഓസീസ്, 54 ഓവറില്‍ 275 അടിച്ചാല്‍ ഇന്ത്യയ്ക്കു ജയിക്കാം

ബ്രിസ്ബെയ്‌നില്‍ ത്രില്ലര്‍; 89ന് ഡിക്ലയര്‍ ചെയ്ത് ഓസീസ്, 54 ഓവറില്‍ 275 അടിച്ചാല്‍ ഇന്ത്യയ്ക്കു ജയിക്കാം

ബ്രിസ്‌ബെയ്ന്‍: ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യം വെച്ച് ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ 89 ന് ഏഴ് എന്ന നിലയിലെത്തിയപ്പോള്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഇന്നിങ്‌സ് തുടക്കത്തിലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വേഗത്തില്‍ സ്‌കോര്‍ നേടുകയെന്നതായിരുന്നു ഓസീസിന്റെ തന്ത്രം. എന്നാല്‍ ബാറ്റര്‍മാരെ പെട്ടെന്ന് തന്നെ പുറത്താക്കി ഇന്ത്യ സ്‌കോറിങ് വേഗം കുറച്ചു. ഇതോടെ സമനിലയിലേക്ക് പോകുമെന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മുന്‍ നിര ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങിയപ്പോള്‍ ഹെഡ്(17), അലക്‌സ് കറെ(20),കമ്മിന്‍സ്(22) എന്നിവരാണ് ഓസീസിനായി ഭേദപ്പെട്ട റണ്‍സ് നേടിയത്.

ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 260 റണ്‍സിന് അവസാനിച്ചിരുന്നു. രാഹുലിന്റെയും(84) ജഡേജയും(77), 31 റണ്‍സെടുത്ത ആകാശ് ദീപിന്റെയും ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്.