by Midhun HP News | Oct 25, 2025 | Latest News
തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും പഠിപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഇരുവരെയും ഉള്‍പ്പെടുത്തുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ടെന്ന് ശിവന്‍ കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.
ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ആര്‍ക്കും മായ്ക്കാന്‍ കഴിയില്ല. കേരള സിലബസിന്റെ അടിസ്ഥാനത്തില്‍, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ തുടര്‍ന്നും നല്‍കുക.
സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രസ്താവനകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ല.


by Midhun HP News | Oct 25, 2025 | Latest News, കേരളം
കൊച്ചി: സാമൂഹ്യമാധ്യമങ്ങള്‍ വഴി വാടക ഗര്‍ഭധാരണത്തിന് ദാതാക്കളെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിക്കുന്ന സംഘം കേരളത്തിലും. പണം നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇത്തരത്തില്‍ അണ്ഡദാതാക്കളാക്കാന്‍ എത്തുന്ന സ്ത്രീകള്‍ പലരും കബളിക്കപ്പെടുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കൊച്ചി, ഇടപ്പള്ളിയിലെ ക്ലിനിക്കില്‍ നടത്തിയ പരിശോധന സംസ്ഥാനത്ത് തഴച്ചുവളരുന്ന നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ആര്‍ടി) റാക്കറ്റിലേക്കാണ് എത്തിയത്.
കൊച്ചിയിലെ മമാമിയ ലൈഫ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നടന്ന റെയ്ഡില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ അഞ്ച് സ്ത്രീകളെയും തമിഴ്നാട്ടില്‍ നിന്നുള്ള ഒരു അമ്മയെയും കുട്ടിയെയുമാണ് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഏകദേശം 25 വയസ്സ് പ്രായമുള്ള സ്ത്രീകളെ പണ വാഗ്ദാനം ചെയ്ത് എത്തിച്ച് ‘വാടക അമ്മമാരോ’ അണ്ഡദാതാക്കളോ ആകാന്‍ പ്രേരിപ്പിപ്പിക്കുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്ലിനിക്കുകള്‍ സ്ത്രീകള്‍ക്ക് 30,000 മുതല്‍ 40,000 രൂപ വരെ വാഗ്ദാനം ചെയ്താണ് എത്തിക്കുന്നത്. എന്നാല്‍ ക്ലിനിക്കല്‍ എത്തിയ ഇവര്‍ക്ക് വളരെ തുച്ഛമായ തുക മാത്രമെ നല്‍കൂവെന്നുമാണ് കളമശ്ശേരി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പരാതികള്‍ ഉണ്ടായിനെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെ കൊച്ചിയിലെ മമാമിയ ലൈഫ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. സ്ത്രീകളെ പ്രതിഫലം വാഗ്ദാനം ചെയ്ത് കേരളത്തില്‍ എത്തിച്ചതായും നിയമവിരുദ്ധമായി തടവിലാക്കുകയും വാടക ഗര്‍ഭധാരണം നടത്തിതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, അഡീഷണല്‍ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നയിരുന്നു പൊലീസ് റെയ്ഡ്.
തട്ടിപ്പ് സംഘത്തെ കുറിച്ച് വിശദ വിവരങ്ങള്‍ അറിയുന്നതിന് ഇരകളെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന മറ്റ് ആശുപത്രികളും നിരീക്ഷണത്തിലാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതേസമയം സ്ത്രീകള്‍ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ കണ്ട് എത്തിയതാണെന്ന കൊച്ചിയിലെ സ്ഥാപനത്തിന്റെ വാദം സംശയകരമാണെന്ന് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനം പരസ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇംഗ്ലീഷിലാണ് നല്‍കിയത്. ഇരകളായ സ്ത്രീകള്‍ക്ക് അവരുടെ മാതൃഭാഷ മാത്രമേ അറിയൂ. ഇതര സംസ്ഥാനക്കാരായ സ്ത്രീകള്‍ എങ്ങനെയാണ് കൊച്ചിയിലെ സ്ഥാപനത്തിലെത്തിയതെന്നടക്കമുള്ളവ വിശദമായ അന്വേഷണത്തിലെ വ്യക്തമാക്കുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളില്ലാത്ത ദമ്പതികളെ സഹായിക്കുന്ന വാടക ഗര്‍ഭധാരണം ഇന്ത്യയില്‍ വളരെക്കാലമായി നടന്നുവരുന്നുവെന്ന് അങ്കമാലിയിലെ രാജഗിരി മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സ്മിതി ജോര്‍ജ് പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങളുടെ അഭാവം കാലക്രമേണ അഴിമതിക്കും ചൂഷണത്തിലേക്കും എത്തിക്കുന്നു.
ഇത് പരിഹരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ വാടക ഗര്‍ഭധാരണ (നിയന്ത്രണ) ബില്‍ അവതരിപ്പിച്ചത്. വാണിജ്യ വാടക ഗര്‍ഭധാരണം നിരോധിക്കുകയും നിസ്വാര്‍ത്ഥമായ വാടക ഗര്‍ഭധാരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇവിടെ വാടക ഗര്‍ഭധാരണം ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ അടുത്ത ബന്ധുവാണ് ദാതാവാണെന്നും ഇവര്‍ക്ക് പണം ലഭിക്കുന്നില്ല. ഒരു സ്ത്രീക്ക് ഒരിക്കല്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താന്‍ കഴിയൂ,’ ഡോ.സ്മിതി ജോര്‍ജ് എന്നും പറഞ്ഞു.


by Midhun HP News | Oct 25, 2025 | Latest News, കേരളം
കണ്ണൂര്‍: എന്തു ത്യാഗം സഹിച്ചും യുഡിഎഫിന് ഒപ്പം നില്‍ക്കുമെന്ന മുന്‍ എംഎല്‍എയും ടിഎംസി നേതാവുമായ പിവി അന്‍വര്‍. കണ്ണൂര്‍ ബ്രോഡ് ബീന്‍ ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘പിന്തുണയ്ക്കാന്‍ ഒരു കണ്ടീഷനും തൃണമൂല്‍ കോണ്‍ഗ്രസിനില്ല. പിണറായിസത്തെ തടയാന്‍ എന്തു ചെയ്യും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തുണ്ടായ നിലപാടല്ല. സതീശനത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്. പി.എം ശ്രീ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് പിണറായി വിജയന്‍ കുടുംബത്തെ കേസുകളില്‍ നിന്ന് രക്ഷിക്കാനെന്നും പി. വി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ബന്ധത്തിലാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) എന്താണ് കുഴപ്പമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിക്കുന്നത്. കുഴപ്പമുണ്ടെന്ന് പറഞ്ഞത് ഇവര്‍ തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു. ‘മുമ്പ് ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോള്‍ ശരിയായി മാറി. ബഡ്ജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത പണം നേടാനാണോ ഒപ്പിട്ടത്. മതേതരത്വത്തെ പിണറായി സര്‍ക്കാര്‍ തൂക്കി വിറ്റു. പിണറായിയുടെ വ്യക്തപരമായ ആവശ്യത്തിനാണിതെന്നും’, പി വി അന്‍വര്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സത്കാരം സ്വീകരിക്കാനാണ് പിണറായി അദ്ദേഹത്തിന്റെ വസതിയില്‍ പോയതെന്നും അന്‍വര്‍ ആരോപിച്ചു. ബിജെപി പിണറായി ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിലിട്ട ഒപ്പെന്നും പി വി അന്‍വര്‍ പറഞ്ഞു.വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി എഫിന് അനുകൂലമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുക. പിഎംശ്രീയില്‍ സിപിഐഎന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യം27 ന് അറിയാം. അതിനു ശേഷം അക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അന്‍വര്‍ പറഞ്ഞു.


by Midhun HP News | Oct 25, 2025 | Latest News, ജില്ലാ വാർത്ത
പട്ടികജാതി വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ടി.ടി.സി പോളിടെക്നിക്, ബിരുദതല കോഴ്സുകൾ, പ്രൊഫഷണൽ ബിരുദതല കോഴ്സുകൾ, ബിരുദാനന്തര ബിരുദം, അതിനുമുകളിലുള്ള കോഴ്സുകൾ തുടങ്ങിയ പൊതുപരീക്ഷകളിൽ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിങ്ഷൻ നേടി വിജയിച്ച പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
പൊതു പരീക്ഷകളിൽ ഗ്രേഡ് ആണെങ്കിൽ എ പ്ലസ് മുതൽ ബി ഗ്രേഡ് വരെയും മാർക്ക് ആണെങ്കിൽ 60 ശതമാനമോ അതിന് മുകളിലോ നേടിയവർക്ക് അപേക്ഷിക്കാം. ഇ-ഗ്രാൻ്റ്സ് 3.0 എന്ന വെബ്സൈറ്റിലൂടെ ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക് സഹിതം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കോഴ്സ് പൂർത്തിയാക്കിയ അപേക്ഷകർ കൺസോളിഡേറ്റ് മാർക്ക് ലിസ്റ്റ് കൂടാതെ പ്രൊവിഷണൽ അല്ലെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയും ബന്ധപ്പെട്ട ബ്ലോക്ക് മുൻസിപ്പാലിറ്റി/ കോപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിർബന്ധമായും ഹാജരാക്കണം.
ഡിസംബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ/ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ : 0487 2360381.


by Midhun HP News | Oct 25, 2025 | Latest News, ജില്ലാ വാർത്ത
തൃശ്ശൂര്‍: ചായക്കടയിലിരിക്കുകയായിരുന്ന ആളിന്റെ കൈയിലുള്ള 75ലക്ഷം രൂപ കാറിലെത്തിയ സംഘം കവര്‍ന്നു. മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബംഗളൂരുവില്‍നിന്നുള്ള സ്വകാര്യബസ്സിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസ്സിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു. കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്നും മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.


by Midhun HP News | Oct 25, 2025 | Latest News, കേരളം
തൊടുപുഴ: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം. കട്ടപ്പന കാഞ്ചിയാറിന് സമീപം വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐ ബിജുമോൻ ഓടിച്ച കാറാണ് മറ്റൊരു കാറിലും രണ്ട് ബൈക്കുകളിലും ഇടിച്ച് അപകടമുണ്ടാക്കിയത്.
സംഭവത്തിൽ കാൽനട യാത്രക്കാരൻ കാഞ്ചിയാർ സ്വദേശി സണ്ണിക്കും പരിക്കേറ്റു. സണ്ണിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ല.
നാട്ടുകാരന് പരിക്കേറ്റത് നേരിയ സംഘർഷത്തിന് ഇടയാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥനെയും വാഹനവും നാട്ടുകാർ തടഞ്ഞുവച്ചു. കട്ടപ്പന പൊലീസ് എത്തി ഇയാളെ പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


Recent Comments