സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും; സര്‍ച്ചാര്‍ജ് പത്തുപൈസ

സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും; സര്‍ച്ചാര്‍ജ് പത്തുപൈസ

തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്.

മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റില്‍ ഈടാക്കിയിരുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാല്‍ ജൂലൈയില്‍ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സര്‍ച്ചാര്‍ജ്. ഈ കണക്ക് അനുസരിച്ച് യഥാര്‍ഥത്തില്‍ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാല്‍ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്ളൂ.

കുതിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 1200 രൂപ, സര്‍വകാല റെക്കോര്‍ഡില്‍

കുതിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 1200 രൂപ, സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. പവന് ഇന്ന് 1200 വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിലയില്‍ എത്തിയത്. 76,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസം കൊണ്ട് 3700 രൂപയാണ് വര്‍ധിച്ചത്. എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

വ്യാജ ഐഡി കാര്‍ഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

വ്യാജ ഐഡി കാര്‍ഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. രാഹുല്‍ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തി. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.

തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. പ്രവര്‍ത്തകരുടെ ഫോണുകളും, സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന് മുന്‍പ് മെമ്പര്‍ഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു പരിശോധന.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി അടുത്തബന്ധമുള്ള ഫെനി നൈനാന്‍ ആണ് ഒന്നാംപ്രതി. നിലവില്‍ രാഹുല്‍ കേസിലെ പ്രതിയല്ല. എന്നാല്‍, മുന്‍പ് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ രാഹുലിനെതിരായ ചില തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തുരം മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മ്യൂസിയം പൊലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് സൂചിപ്പിച്ചിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

നാളെയും ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ

നാളെയും ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.

ശബരിമല ആചാര സംരക്ഷണത്തില്‍ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്

ശബരിമല ആചാര സംരക്ഷണത്തില്‍ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എന്‍എസ് എസ്. പിണറായി സര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാര്‍ പറഞ്ഞു. അവിശ്വാസികള്‍ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബിജെപി ആരോപണവും സംഗീത് കുമാര്‍ തള്ളി.

എന്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ആചാര സംരക്ഷണമാണെന്ന് എന്‍ സംഗീത് കുമാര്‍ പറഞ്ഞു. ശബരിമലയിലെ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനുമെല്ലാം സര്‍ക്കാര്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്നാണ് വിശ്വാസം. ഇക്കാര്യത്തില്‍ എന്‍എസ്എസിന് സര്‍ക്കാരില്‍ പൂര്‍ണവിശ്വസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയിലെ പരിപൂര്‍ണവികസനത്തിനും ഭക്തന്‍മാര്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും വേദിയാകും. അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമെന്ന വിഡി സതീശന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സംഗീത് കുമാര്‍ പറഞ്ഞു.

അനര്‍ഹമായി റേഷന്‍ വാങ്ങി, പിഴയീടാക്കിയത് 9.63 കോടി രൂപ

അനര്‍ഹമായി റേഷന്‍ വാങ്ങി, പിഴയീടാക്കിയത് 9.63 കോടി രൂപ

സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് ഉപയോഗിച്ചവര്‍ക്കെതിരേ സിവില്‍സപ്ലൈസ് വകുപ്പിന്റെ നടപടി. ഒന്നരവര്‍ഷത്തിനിടെ പിഴയീടാക്കിയത് 9.63 കോടിരൂപ. 1.31 ലക്ഷം റേഷന്‍കാര്‍ഡുടമകളെയാണ് അനര്‍ഹമായി ആനുകൂല്യങ്ങള്‍ ka കൈപ്പറ്റിയതായി കണ്ടെത്തിയത്. പിഴയീടാക്കിയതിന് പുറമേ ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ഓഫീസില്‍നിന്നുള്ള വിവരാവകാശരേഖ പ്രകാരമാണ് ഈ കണക്ക്. അപേക്ഷിച്ചവര്‍ക്കെല്ലാം മുന്‍ഗണനാ റേഷന്‍കാര്‍ഡ് നല്‍കാനുള്ള നടപടി തുടങ്ങിയതിനൊപ്പമാണ് അനര്‍ഹര്‍ക്കെതിരേ പിഴചുമത്തലും നടക്കുന്നത്.

2024 ജനുവരി ഒന്നുമുതല്‍ 2025 മേയ് 31-വരെയുള്ള കണക്കുപ്രകാരമാണ് ഇത്രയും പേരെ അനര്‍ഹരെന്ന് കണ്ടെത്തിയിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തിലും നേരിട്ടുള്ള പരിശോധനയിലും അനര്‍ഹരെന്ന് കണ്ടെത്തിയവരും സ്വമേധയാ അനര്‍ഹരാണെന്ന് അറിയിച്ചവരുമുണ്ട്. 77,170 പേര്‍ സ്വമേധയാ ഞങ്ങള്‍ മുന്‍ഗണനയ്ക്ക് അര്‍ഹരല്ലെന്ന് അറിയിച്ച് പൊതുവിഭാഗത്തിലേക്ക് മാറി. 48,903 പേരെ പരിശോധനയിലൂടെ കണ്ടെത്തി പിഴചുമത്തിയാണ് മാറ്റിയത്.

പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 5,564 പേര്‍ക്കെതിരെ നടപടിയെടുത്തു. 23,143 അന്ത്യോദയ അന്നയോജന കാര്‍ഡുകളും 1.08 ലക്ഷ്യം പിഎച്ച്എച്ച് കാര്‍ഡുകളുമാണ് മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹമായുള്ളത്. ഓപ്പറേഷന്‍ െയല്ലോ പദ്ധതിയുള്‍പ്പെടെ നടത്തിയായിരുന്നു അനര്‍ഹരെ കണ്ടെത്തിയത്. ഇത്രയും പേരെ മാറ്റിയ ഒഴിവിലേക്കാണ് ഇനി അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നത്.

മുക്കാല്‍ ലക്ഷംവരെ പിഴകിട്ടിയവര്‍

ഒരാള്‍ക്ക് മുക്കാല്‍ലക്ഷത്തോളംരൂപ പിഴചുമത്തിയ കേസുമുണ്ട്. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ 76,005 രൂപയാണ് ഒരു ഉടമയില്‍നിന്ന് പിഴയീടാക്കിയത്. തളിപ്പറമ്പില്‍ 70,596 രൂപയും ആലുവയില്‍ 70,565 രൂപയും വടകരയില്‍ 67,121 രൂപയും ഒരാളില്‍നിന്ന് പിഴയായി ഈടാക്കി. ഇവരില്‍നിന്ന് ഇതുവരെ വാങ്ങിയ സാധനങ്ങളുടെ വിപണമൂല്യവും ഒപ്പം പിഴയുമുള്‍പ്പെടെയാണ് ഈടാക്കിയിട്ടുള്ളത്.