by Midhun HP News | Jul 6, 2025 | Latest News, കേരളം
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ഗവ. ടൗൺ യു .പി. സ്കൂളിൻ്റെ സ്കൂൾ കായികോത്സവം സ്‌പ്രിൻ്റ 2K25 ശനിയാഴ്ച സംഘടിപ്പിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ കായികമേള ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് ആശ എസ് എസ് അധ്യക്ഷയായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ആർ അജികുമാർ സ്വാഗതം ആശംസിച്ചു. അണ്ടർ 16 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ആറ്റിങ്ങൽ സ്വദേശിയുമായ ഇഷാൻ. എം. രാജ് മുഖ്യാതിഥി ആയി. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ സന്തോഷ് കുമാർ. പി കായികമേളയ്ക്ക് ആശംസ അറിയിച്ചു. സ്പോർട്സ് കൺവീനർ പ്രിയദർശിനി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.
സ്കൂളിലെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും നാല് ഹൗസുകളായി തിരിച്ചാണ് കായിക മത്സരങ്ങൾ നടത്തിയത്. വർണ്ണാഭമായ മാർച്ച് പാസ്റ്റും സൂംബാ നൃത്താവതരണവും കായികമേളയ്ക്ക് മാറ്റുകൂട്ടി. വ്യക്തിഗത ഇനങ്ങളിൽ മെഡലും റിലേ മത്സരങ്ങളിൽ ടീമിന് എവറോളിംഗ് ട്രോഫിയും സമ്മാനിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കായിക മത്സരങ്ങളും ഇതോടൊപ്പം നടത്തി.
by Midhun HP News | Jul 6, 2025 | Latest News, കേരളം
തൃശൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റൈ ഭാഗമായി രാവിലെ 8 മുതല്‍ പത്തു മണി വരെ വിവാഹം, ചോറൂണ്‍, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
വിവാഹം, ചോറൂണ്‍ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങള്‍ നടത്തുന്നതിനായി കൂടുതല്‍ വിവാഹം മണ്ഡപങ്ങള്‍ ഏര്‍പ്പെടുത്തും. ക്ഷേത്രം ഇന്നര്‍ റിങ്ങ് റോഡുകളില്‍ അന്നേ ദിവസം രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാന്‍ അനുവാദമില്ലെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന ക്യൂ എന്നിവ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
by Midhun HP News | Jul 6, 2025 | Latest News, കേരളം
പാലക്കാട്: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ അടുത്ത ബന്ധുവായ പത്തു വയസ്സുകാരിയുടേയും, യുവതിയുടെ മകളുടേയും സാംപിള്‍ പരിശോധനയിലാണ് നെഗറ്റീവ് ആണെന്ന റിസള്‍ട്ട് ലഭിച്ചിട്ടുള്ളത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന കുട്ടികള്‍ക്കാണ് പനി ലക്ഷണം കണ്ടത്. രോഗവ്യാപന ഭീതി കണക്കിലെടുത്ത്, സാംപിള്‍ വിശദ പരിശോധയ്ക്ക് അയക്കുകയായിരുന്നു. ഈ റിസള്‍ട്ട് നെഗറ്റീവ് അയത് ആരോഗ്യവകുപ്പിന് ആശ്വാസകരമായിട്ടുണ്ട്. നിലവില്‍ 91 പേരാണ് നിപ ബാധിച്ച് ചികിത്സയിലുള്ള 38 കാരിയുമായി നേരിട്ട് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
ഈ പട്ടികയിലുള്ളവരെയെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിപ ബാധിച്ച യുവതിയെ പെരുന്തല്‍മണ്ണയില്‍ നിന്നും കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളജിലെ നിപ വാര്‍ഡില്‍ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
കാളികാവിലെ നരഭോജി കടുവ വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കനത്ത സുരക്ഷ തുടരുകയാണ്. നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി, മൂന്ന് ജില്ലകളിലാണ് ജാഗ്രത നിലനിൽക്കുന്നത്. സമ്പർക്കപ്പട്ടികയിൽ ആകെയുള്ളത് 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ ഉള്ളത്. ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് പാലക്കാട് എത്തി അവലോകനയോഗം ചേരും. പ്രദേശത്ത് വവ്വാലുകളുടെ അടക്കം വിസർജ്യം മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം നാളെ ലഭിക്കുമെന്നാണ് സൂചന.
by Midhun HP News | Jul 5, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആലംകോട് കരിമ്പുവിള വീട്ടിൽ കെ. ബാലകൃഷ്ണപിള്ള (81) (റിട്ടയേർഡ് അധ്യാപകൻ,തേമ്പാമൂട് എച്ച്.എസ്.എസ്,കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ മുൻ പ്രസിഡൻ്റ്,) അന്തരിച്ചു.
ഭാര്യ: തങ്കമണി അമ്മ പി.
മക്കൾ: വിപിൻ ബി.റ്റി, വീണ ബി.റ്റി (അധ്യാപിക, നവഭാരത് എച്ച്.എസ്.എസ്)
മരുമകൻ: ആദർശ് സി (സെക്രട്ടറിയേറ്റ്)
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്
by Midhun HP News | Jul 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എട്ടിന് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം 22 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസുടമകൾ അറിയിച്ചു. അതേസമയം സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തും. ആ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രിതല ചർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Jul 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കുടുംബശ്രീ. സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കുന്നതിന് വിജ്ഞാന കേരളവുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ കാംപയിന്‍ ആരംഭിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. മന്ത്രിയുടെ അധ്യക്ഷതയില്‍ വിജ്ഞാനകേരളം മുഖ്യ അഡൈ്വസര്‍ ഡോ. ടി എം തോമസ് ഐസക്ക്, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗങ്ങളില്‍ തൊഴില്‍ കാംപയിന്‍ സംബന്ധിച്ച നടപടികള്‍ ആരംഭിക്കാന്‍ ധാരണയായി.
കേരളത്തിലെ തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 20 ശതമാനം പേര്‍ മാത്രമേ വീട്ടിനു പുറത്തുള്ള ജോലികളില്‍ ഏര്‍പ്പെടുന്നുള്ളൂ. ഇത് ഏതാനും വര്‍ഷംകൊണ്ട് 50 ശതമാനമായി ഉയര്‍ത്തുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണത്തിന് ഒരു ലക്ഷം തൊഴില്‍ എന്ന കാംപയിനിലൂടെ ഇതിന് തുടക്കമാകും. കാംപയിനിന്റെ മുന്നോടിയായി ഒരു ലക്ഷം സ്ത്രീകള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിജ്ഞാനകേരളം ക്യാമ്പയിന്‍ നിര്‍വഹണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിക്കും. പ്രാദേശിക സാമ്പത്തിക വികസന സമീപനത്തിന്റെ ഭാഗമായി തൊഴില്‍ കാംപയിനെ ഉള്‍പ്പെടുത്തും. ഇതിനായി, കുടുംബശ്രീ മുഖേന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കര്‍മപരിപാടി രൂപപ്പെടുത്തും. പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ ഇതുമായി സംയോജിപ്പിക്കും. വിജ്ഞാന കേരളം തൊഴില്‍ ക്യാമ്പയിന്റെ നിര്‍വഹണ സംവിധാനം എന്ന നിലയില്‍ കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളില്‍ ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും.
പ്രാദേശിക തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സംരംഭക സംഘടനകളുമായി ജില്ലാതല യോഗങ്ങള്‍ സംഘടിപ്പിക്കും. സംരംഭകരെ നേരിട്ട് ബന്ധപ്പെടുന്നതിന് മൂന്നു തലങ്ങളിലും പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കും. ഓരോ പ്രദേശത്തുമുള്ള തൊഴിലുകള്‍ക്ക് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി സ്ത്രീ തൊഴിലാളികളെ കണ്ടെത്തും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എല്ലാ ബ്ലോക്കുകളിലും, മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും. തൊഴില്‍ ലഭിക്കുന്നവര്‍ക്കുള്ള പരിശീലനം നല്‍കുന്നതിന് അസാപ്, കെ.എ.എസ്.ഇ. തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും അക്രഡിറ്റഡ് ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ വിജ്ഞാനകേരളം ഏകോപിപ്പിക്കും.
വിജ്ഞാനകേരളത്തിന്റെ പരിശീലനപരിപാടികളുടെ ഏകോപനം കിലയാണ് നിര്‍വഹിക്കുക. കെ-ഡിസ്‌കില്‍ നിന്നുള്ള വിദഗ്ദ്ധരാണ് ജില്ലകളിലെ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. കാംപയിന് ആവശ്യമായ സോഫ്റ്റ്വെയര്‍ കെ-ഡിസ്‌ക് ലഭ്യമാക്കും. നാഷണല്‍ സര്‍വീസ് സ്‌കീം സന്നദ്ധപ്രവര്‍ത്തകര്‍ കാംപയിനില്‍ സജീവ പങ്കാളികളായിരിക്കും.
വീട്ടമ്മമാര്‍ക്ക് ജോലി ചെയ്യുന്നതിലുള്ള സാമൂഹിക പിന്തുണ നല്‍കുക എന്നത് ക്യാമ്പയിനിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. ഓരോ തരം ജോലിക്കും പ്രത്യേകം നൈപുണ്യ പരിശീലന കോഴ്‌സുകള്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംയുക്ത പ്രൊജക്ട് ആയിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള ചിലവിലേക്കായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജൂലൈയില്‍ പദ്ധതിയില്‍ പ്രൊജക്ടുകള്‍ ഉള്‍ക്കൊള്ളിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
വിജ്ഞാനകേരളത്തിന്റെ പ്രാദേശിക ജോബ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ഇനിമുതല്‍ തൊഴില്‍കേന്ദ്രം എന്ന പേരില്‍ സിഡിഎസ് ഓഫീസുകളിലായിരിക്കും പ്രവര്‍ത്തിക്കുക. ബ്ലോക്ക്-നഗരസഭാ തലത്തില്‍ ജോബ് സ്റ്റേഷനുകളായിരിക്കും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക. ജില്ലാതലത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും വിജ്ഞാനകേരളം പിഎംയുവും സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
എല്ലാ ജില്ലകളിലും മന്ത്രിമാര്‍ അധ്യക്ഷരായി വിജ്ഞാന കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ജൂലൈയില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ബ്ലോക്ക്-നഗരസഭാ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരും മുന്‍കൈ എടുക്കും. അതുപോലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വിജ്ഞാനകൗണ്‍സില്‍ രൂപീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കും.
സംസ്ഥാനത്തിന്റെ വികസനത്തെയും സ്ത്രീപദവിയെയും ഗാഢമായി സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ദൗത്യമാണ് വിജ്ഞാനകേരളത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 25 വര്‍ഷം പിന്നിടുമ്പോള്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ദിശാബോധം വേതനാധിഷ്ഠിത തൊഴില്‍ ക്യാമ്പയിനിലൂടെ ലഭിക്കുകയാണ്. സാമ്പത്തികവും സാമൂഹികവുമായ വലിയ ചലനം ഉണ്ടാക്കാന്‍ ഈ ക്യാമ്പയിനിലൂടെ കഴിയും. സംസ്ഥാനത്തെ ജിഡിപിയിലും വലിയ മാറ്റം ഉണ്ടാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
തൊഴിലന്വേഷകരുടെ പ്രായപരിധി നിശ്ചയിക്കുന്നത് സംരംഭകരായിരിക്കുമെന്ന് വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി. എം. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാലും 30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം നല്‍കുക. ഓണക്കാലത്ത് ജോലി കിട്ടിയവരെയും തൊഴില്‍ ദാതാക്കളെയും തദ്ദേശസ്വയംഭരണസ്ഥാപനതലത്തില്‍ ആദരിക്കും. ഇതൊരു സാമൂഹിക ദൗത്യമായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ കിലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, കില ഡയറക്ടര്‍ ജനറല്‍ എ നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Recent Comments