അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു; അയല്‍വാസിയേയും ആക്രമിച്ചു

അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു; അയല്‍വാസിയേയും ആക്രമിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ മകന്‍ തീ കൊളുത്തി കൊലപ്പെടുത്തി. വോര്‍ക്കാട് സ്വദേശി ഫില്‍ഡ ഡിസൂസ (60) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. പ്രതി മെല്‍വിന്‍ ഒളിവിലാണ്. അമ്മ ഉറങ്ങിക്കിടക്കുന്നതിനിടെ മകന്‍ തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. അമ്മയെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ ലോലിതയേയും പ്രതി ആക്രമിച്ചു. പൊള്ളലേറ്റ ലോലിത ചികിത്സയിലാണ്.

അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് പ്രതി ലോലിതയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വസ്ത്രങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍; നേട്ടം കൈവരിച്ച് കാരിത്താസ് ആശുപത്രി

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍; നേട്ടം കൈവരിച്ച് കാരിത്താസ് ആശുപത്രി

കോട്ടയം: നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി അതുല്യ നേട്ടം കൈവരിച്ച് കാരിത്താസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് & റോബോട്ടിക് ഹിപ്പ് ആന്‍ഡ് നീ റീപ്ലേസ്മെന്റ് സെന്റര്‍. ഇടുപ്പ്, മുട്ട് എന്നിവ മാറ്റിവെക്കുന്ന റോബോട്ടിക് ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത് .

റോബോട്ടിക് ശസ്ത്രക്രിയകളുടെ വിജയത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാരിത്താസ് ആശുപത്രിയില്‍ ‘റോബോട്ടിക് സെഞ്ചുറി’ എന്ന പരിപാടി സംഘടിപ്പിച്ചു. കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സിഇഒ യുമായ ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കുര്യന്‍ ഫിലിപ്പ്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ദിലീപ് ഐസക്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ആനന്ദ് കുമരോത്ത് എന്നിവര്‍ സംസാരിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ ജിനു കാവില്‍ , ഫാ ജോയിസ് നന്ദിക്കുന്നേല്‍ ,ഫാ ജിസ്‌മോന്‍ മഠത്തില്‍ , ഫാ സ്റ്റീഫന്‍ തേവര്‍പറമ്പില്‍ എന്നിവരും പങ്കെടുത്തു. കാരിത്താസ് ഹോസ്പിറ്റലില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ മറിയാമ്മ ജോസ് ചടങ്ങില്‍ തന്റെ അനുഭവം പങ്കുവച്ചു .

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് കാരിത്താസ് ഹോസ്പിറ്റലിന്റെ ആതുരസേവന രംഗത്തെ മികച്ച നേട്ടമാണെന്ന് ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെയും മറ്റു നഴ്‌സിങ്, ടെക്‌നിക്കല്‍ ജീവനക്കാരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിന്റെയും സാങ്കേതിക മികവിന്റെയും ഫലമാണ് ചുരുങ്ങിയ കാലയളവിലുള്ള ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റോബോട്ടിക് സെഞ്ചുറി’ എന്ന പരിപാടിയുടെ ഭാഗമായി ‘ഗോള്‍ ചലഞ്ച്’ മത്സരവും ഫ്‌ലാഷ്‌മോബും നടന്നു . റോബോട്ടിക് ഇടുപ്പ് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ , ആര്‍ത്രോസ്‌കോപി & സ്‌പോര്‍ട്‌സ് മെഡിസിന്‍ ശസ്ത്രക്രിയകള്‍ – ഷോള്‍വാര്‍, മുട്ട്, ഇടുപ്പ്, കണങ്കാല്‍, കൈത്തണ്ട, കൈമുട്ട്, താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ , ബോണ്‍ ട്യൂമര്‍ ശസ്ത്രക്രിയകള്‍ , പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ മറ്റു ചികിത്സകളും ഓര്‍ത്തോപീഡിക് വകുപ്പിലൂടെ കാരിത്താസ് ആശുപത്രി നല്‍കുന്നുണ്ട്.

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കി

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കി

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് എതിരെ നടപടി. ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ മാനേജ്‌മെന്റ് പുറത്താക്കി. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദ (14)യുടെ മരണത്തിന് കാരണം സ്‌കൂളധികൃതരുടെ മാനസികപീഡനമാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കുട്ടിയുടെ മരണത്തിന് പിന്നാലെ രക്ഷിതാക്കളും വിദ്യാര്‍ഥി, രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു.

തിങ്കളാഴ്ച സ്‌കൂള്‍ വിട്ടുവന്നതിന് പിന്നാലെ ആയിരുന്നു ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയെ വീടിന്റെ രണ്ടാംനിലയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുന്നതായും ഇതേത്തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പരാതി. എന്നാല്‍, ആരോപണം തള്ളി ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രംഗത്തെത്തി. വിദ്യാര്‍ഥികള്‍ക്ക് മാനസികസംഘര്‍ഷമുണ്ടാകുന്ന ഒരു നടപടിയും സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

അതിനിടെ, ശ്രീക്യഷ്ണപുരം സെന്റ് ഡോമിനിക് എച്ച്. എസ്. എസിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അത്മഹത്യ ചെയ്ത സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുകയാണ്. നിയമപരമായി ശക്തമായ നടപടികള്‍ ഉണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ അല്ലെങ്കിലും കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി എസ് ഇ നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് എന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു.

കേരളത്തില്‍ ഞായറാഴ്ച രാവിലെ വരെ മഴ ശക്തമായി തുടരുമെന്നാണ് വിലയിരുത്തല്‍. വടക്കന്‍ ജില്ലകളില്‍ കണ്ണൂര്‍ കാസര്‍ഗോഡ് വയനാട് ജില്ലകളിലും കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളുടെ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീരിച്ചും മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വയനാട് ഇന്നലെ രാത്രിയുള്‍പ്പെടെ മഴ ശക്തമായി തുടരുകയാണ്. ജില്ലയിലെ നദികള്‍ കരകവിഞ്ഞൊഴുകുന്ന നിലയാണ്. കനത്ത മഴയില്‍ കല്ലൂര്‍ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. കര്‍ണ്ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടലുകള്‍ ഉള്ളതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വര്‍ധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകള്‍ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാല്‍ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഫയല്‍ തീര്‍പ്പാക്കാന്‍ അദാലത്ത്; ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ

ഫയല്‍ തീര്‍പ്പാക്കാന്‍ അദാലത്ത്; ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും മെയ് 31 വരെയുള്ള ഫയലുകള്‍ രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇതിനായി ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ അദാലത്ത് സംഘടിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ആദ്യ ഘട്ടത്തില്‍ ഓരോ വകുപ്പിന്റെയും സെക്രട്ടറി/ ഡയറക്ടര്‍/ സ്ഥാപന മേധാവികള്‍ ജീവനക്കാരുടെ യോഗം വിളിച്ച് അദാലത്തിന്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും വിശദീകരിക്കും. അധിക നിര്‍ദേശങ്ങള്‍ സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പുതലത്തില്‍ വകുപ്പ് സെക്രട്ടറിമാരും തയ്യാറാക്കി നല്‍കും.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 73,000ല്‍ താഴെ തന്നെ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 73,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9070 രൂപ നല്‍കണം. മൂന്ന് ദിവസത്തിനിടെ 1300 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.