ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര്‍ കൊല്ലപ്പെട്ടു

ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര്‍ കൊല്ലപ്പെട്ടു

ഗസ്സയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗസ്സയില്‍ ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യവസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇസ്രായേൽ സേന തന്നെ ഗാസയിലേക്കുളള അവശ്യവസ്തുക്കള്‍ തടഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഭക്ഷണം കാത്തുനിക്കുന്നവര്‍ക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തുന്നത്. അതേസമയം മെയ് മാസം മുതല്‍ ഇസ്രായേൽ ഇത്തരത്തില്‍ നടത്തിയ ആക്രമണത്തില്‍ 450 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 3500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതിനിടെ ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടഷന്റെ സഹായ വിതരണത്തിനെതിരെ യുനിസെഫ് രംഗത്തെത്തിയിരുന്നു.

ഭക്ഷണം വാങ്ങാന്‍ സ്ത്രീകളും കുട്ടികളും തിരക്ക് കൂട്ടുന്നത് അപകടം വരുത്തിവെയ്ക്കുന്നുവെന്നാണ് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ ചൂണ്ടിക്കാണിക്കുന്നത്.ബെല്‍ജിയത്തില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തിലും ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചയായേക്കും. നിലവില്‍ ഇസ്രായേലും ഹമാസുമായി ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇടപെടുന്നുണ്ടെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി വ്യക്തമാക്കി.

കെ ഫോണ്‍ ഇനി രാജ്യ വ്യാപകം, മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും ഇന്റര്‍നെറ്റ് എത്തിക്കും

കെ ഫോണ്‍ ഇനി രാജ്യ വ്യാപകം, മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും ഇന്റര്‍നെറ്റ് എത്തിക്കും

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് ഇനി രാജ്യത്ത് എവിടെയും ഇന്റര്‍നെറ്റ് എത്തിക്കാം. ദേശീയതലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പി എ (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കാറ്റഗറി എ) ലൈസന്‍സ് കെ ഫോണ്‍ സ്വന്തമാക്കി. കേരളത്തിലുടനീളം സജ്ജീകരിച്ച നെറ്റ്‌വര്‍ക്ക് സംവിധാനത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നെറ്റ്‌വര്‍ക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ചും കെ ഫോണിന് ഇനി രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കാനാകും.

സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞനിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുക ലക്ഷ്യമിട്ടാണ് കെ ഫോണ്‍ പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി വിപുലമായ നെറ്റ്‌വര്‍ക്ക് സംവിധാനമാണ് ഒരുക്കിയത്.

മറ്റ് ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി താരതമ്യം ചെയ്താല്‍ ഏറ്റവും വലിയ നെറ്റ്‌വര്‍ക്കാണ് കെ ഫോണിനുള്ളത്. 3,1153 കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഇതിനകം കെ ഫോണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഐഎസ്പി ലൈസന്‍സും ഐപി ഇന്‍ഫ്രാസ്ട്രക്ചര്‍ ലൈസന്‍സും എന്‍എല്‍ഡി (നാഷണല്‍ ലോങ് ഡിസ്റ്റന്‍സ്) ലൈസന്‍സും നേരത്തെ സ്വന്തമാക്കിയിരുന്നു. കെ ഫോണ്‍ സംസ്ഥാനത്ത് ഇതിനകം 1,07,328 ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. 14,151 ബിപിഎല്‍ കുടുംബങ്ങളിലും 67,097 മറ്റു വീടുകളിലും 23,163 സര്‍ക്കാര്‍ ഓഫീസുകളിലുമാണ് ഇന്റര്‍നെറ്റ് എത്തിച്ചത്.

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കി, വയനാട് അടക്കം നാലു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് മുന്നറിയിപ്പ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കി, വയനാട് അടക്കം നാലു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും നാളെ മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ, ചൂരല്‍മഴ പ്രദേശങ്ങളിലൂടെ ഒഴുകുന്ന പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നത് നാട്ടുകാരുടെ ഇടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ശമ്പളം നൽകിയില്ല; ആശുപത്രി ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് കോടതി

ശമ്പളം നൽകിയില്ല; ആശുപത്രി ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് കോടതി

ദുബൈ: മാസങ്ങൾ ആയി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പളം നൽകാനായി ആശുപത്രി ഉപകരണങ്ങൾ ലേലത്തിൽ വിൽക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവർ നൽകിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിർഹമാണ് ശമ്പളമായി ജീവനക്കാർക്ക് നൽകാനുള്ളത്.

ശമ്പളം കൃത്യമായി നൽകുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റി എന്ന് കോടതിക്കു ബോധ്യമായതോടെയാണ് സാധനങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ടത്. അടുത്ത മാസം 8ന് റാസ് അൽ ഖോർ ( Ras Al Khor ) പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടക്കും. നേരത്തെ ആശുപത്രി ഉപകരണങ്ങൾ കണ്ടു കെട്ടാൻ കോടതി ഉത്തരവിട്ടിരുന്നു.2024 മാർച്ചിൽ കോടതി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു ആശുപത്രയിൽ കണക്കെടുപ്പ് നടത്തിയിരുന്നു. 16.65 മില്യൺ ദിർഹം വിലമതിക്കുന്ന ആശുപത്രി ഉപകരണങ്ങൾ ഉണ്ടെന്നാണ് ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നത്.

എക്സ്-റേ മെഷീനുകൾ, ഓട്ടോമേറ്റഡ് അനലൈസറുകൾ, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങൾ, രോഗി കിടക്കകൾ, ഇൻഫ്യൂഷൻ പമ്പുകൾ എന്നിവയുൾപ്പെടെ മുഴുവൻ ഉപകരണങ്ങളും ലേലത്തിലൂടെ വിൽക്കും. ലേലത്തിൽ ഏതെങ്കിലും തരത്തിൽ എതിർപ്പുള്ളവർക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ അനുബന്ധ രേഖകൾ സമർപ്പിക്കാമെന്നും കോടതി അറിയിച്ചു.

‘ഒരു വലിയ ചിത്രമാണിത്’; ഒടുവിൽ മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ

‘ഒരു വലിയ ചിത്രമാണിത്’; ഒടുവിൽ മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിലിടം നേടിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്ക് പുറമേ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്റണി അടക്കം നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ എട്ടാം ഷെഡ്യൂള്‍ ചിത്രീകരണം ശ്രീലങ്കയില്‍ തുടങ്ങിയിരുന്നു.

ചിത്രത്തിന്റെ പേര് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനെ ചുറ്റിപ്പറ്റി ഏറെ നാളായി ചര്‍ച്ചകള്‍ തുടരുകയാണ്. രാജ്യത്ത് എത്തിയ മോഹന്‍ലാലിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള ശ്രീലങ്കന്‍ ടൂറിസത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റും വൈറലായി മാറിയിരുന്നു. അവരുടെ പോസ്റ്റില്‍ ‘പേട്രിയറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര് എന്ന് പരാമര്‍ശിച്ചിരുന്നു. ഇതിപ്പോള്‍ മോഹന്‍ലാല്‍ തന്നെ സ്ഥിരീകരിക്കുകയാണ്.

ഒരു ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. ഷൂട്ടിങ്ങിനെത്തിയ മോഹന്‍ലാലിന് വൻ സ്വീകരണമാണ് ശ്രീലങ്കയില്‍ ലഭിച്ചത്. ശ്രീലങ്കന്‍ പാര്‍ലമെന്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു ശ്രീലങ്കന്‍ മാധ്യമത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖം വന്നത്. ഇതിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.

ശ്രീലങ്കയില്‍ എത്തിയതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ഇതെന്റെ രണ്ടാമത്തെ സന്ദര്‍ശനമാണ്. നേരത്തെ ഒരു ഷെഡ്യൂളിന് ഇവിടെ വന്നിരുന്നു. ഒരു വലിയ ചിത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. താരനിരയുടെ കാര്യത്തിലാണ് ചിത്രം വലുതാവുന്നത്. ഞാന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ അടക്കം നിരവധിപ്പേര്‍.

‘പേട്രിയറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രം സംഭവിക്കുന്നത്. ഇന്ത്യ, ബാക്കു, യുകെ, ഗള്‍ഫ് എന്നിവിടങ്ങളിലും ഏതാനും ഭാഗങ്ങള്‍ ശ്രീലങ്കയിലുമായാണ് ചിത്രീകരണം’, എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മോഹന്‍ലാൽ പറഞ്ഞത്. എന്തായാലും മോഹൻലാലിന്റെ ഈ വാക്കുകൾ ആരാധകരെ തെല്ലൊന്നുമല്ല സന്തോഷത്തിലാക്കിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ്, പട്ടികയിൽ മുന്‍ ജില്ലാ ജഡ്ജിയും; എന്‍ഐഎ കോടതിയില്‍

പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ്, പട്ടികയിൽ മുന്‍ ജില്ലാ ജഡ്ജിയും; എന്‍ഐഎ കോടതിയില്‍

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ പി, സഹീര്‍ കെ വി എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തു.

കേസിലെ 51-ാം പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത എട്ട് രേഖകളില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ള 240 പേരുടെ പട്ടികയാണുള്ളതെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആലുവയിലെ പെരിയാര്‍ വാലി കാമ്പസില്‍ നടത്തിയ പരിശോധനയില്‍, നിലവില്‍ ഒളിവില്‍ കഴിയുന്ന 15-ാം പ്രതി അബ്ദുള്‍ വഹാദിന്റെ പഴ്സില്‍ നിന്ന് ലക്ഷ്യമിട്ട അഞ്ച് പേരുടെ വിവരങ്ങള്‍ കണ്ടെടുത്തു. ഈ പട്ടികയില്‍ ഒരു മുന്‍ ജില്ലാ ജഡ്ജിയുടെ പേരും ഉള്‍പ്പെടുന്നു.

പ്രതികളില്‍ ഒരാളില്‍ നിന്ന് പിടിച്ചെടുത്ത രേഖയില്‍ 232 പേരുടെ പേരുകള്‍ അടങ്ങിയ ഹിറ്റ് ലിസ്റ്റ് ഉണ്ടായിരുന്നു. ഇയാള്‍ പിന്നീട് മാപ്പുസാക്ഷിയായി. 69-ാം പ്രതിയായ അയൂബ് ടി എയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 500 പേരുടെ പേരുകള്‍ അടങ്ങിയ ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. ആലുവയിലെ പെരിയാര്‍ വാലി കാമ്പസ് പി.എഫ്.ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നു. അത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കണ്ടുകെട്ടിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെതിരായ ആദ്യ കേസ്, 2022-ല്‍ ബിഹാറിലെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ്. ആ കേസിലെ പ്രതിയായ മുഹമ്മദ് ജമാലുദ്ദീനില്‍ നിന്ന് ‘ഇന്ത്യ 2047’ എന്ന ആറ് പേജുള്ള ഒരു രേഖ, കേസ് അന്വേഷിച്ച എന്‍ഐഎ ന്യൂഡല്‍ഹി യൂണിറ്റ് കണ്ടെടുത്തിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് ആ രേഖയിലെ മുഖ്യ അജണ്ടയെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഇന്ത്യ 2047 പദ്ധതിയെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകള്‍ ഓഡിയോ ക്ലിപ്പുകളിലൂടെ പ്രചരിച്ചതായി വെളിപ്പെടുത്തുന്ന ശബ്ദ ക്ലിപ്പുകളും സാക്ഷി മൊഴികളും തങ്ങളുടെ കൈവശമുണ്ടെന്നും എന്‍ഐഎ അവകാശപ്പെട്ടു.

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം ഈ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എന്‍ഐഎ വാദിച്ചു. രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം, 2022 മെയ് മാസത്തിലാണ് പിഎഫ്ഐയ്ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഡിസംബറില്‍ പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക അന്വേഷണവും എന്‍ഐഎ ഏറ്റെടുത്തു.

പിന്നീട് കൊലപാതക കേസ് പിഎഫ്ഐ കേസുമായി ലയിപ്പിക്കുകയായിരുന്നു. പിഎഫ്ഐക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ സംഘടനയുടെ ‘റിപ്പോര്‍ട്ടര്‍ വിങ്’ കണ്ടെത്തുന്നു. സംഘടനയുടെ സര്‍വീസ് വിങ്/ഹിറ്റ് ടീമുകള്‍ എതിരാളികളെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നു. അതിനായി കേഡര്‍മാര്‍ക്ക് ശാരീരിക, ആയുധ പരിശീലനം നല്‍കുന്നതിനുള്ള വിഭാഗവും പോപ്പുവര്‍ ഫ്രണ്ടിനുണ്ട് എന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. തങ്ങള്‍ നിരപരാധികളാണ്. മൂന്ന് വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. വിചാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നതിനാല്‍, ജാമ്യം അനുവദിക്കണമെന്ന് നാലു ഹര്‍ജിക്കാരും ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച കോടതി, ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിച്ചു.

ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് വിചാരണയ്ക്ക് മാറ്റിവെച്ചിരിക്കുന്നു. യുഎപിഎയിലെ സെക്ഷന്‍ 43ഉ(5) പ്രകാരമുള്ള വ്യവസ്ഥ ഈ കേസില്‍ ബാധകമാണ്. ആയതിനാല്‍ ഈ ഘട്ടത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ല. അതിനാല്‍ ഹര്‍ജി തള്ളിക്കളയുന്നതായി എന്‍ഐഎ കോടതി ഉത്തരവിട്ടു.