കപ്പൽ മുങ്ങിയത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സിഎംഎഫ്ആർഐ പഠനം ആരംഭിച്ചു

കപ്പൽ മുങ്ങിയത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സിഎംഎഫ്ആർഐ പഠനം ആരംഭിച്ചു

മെയ് 25 കേരള തീരത്ത് കപ്പൽ മുങ്ങിയതിനെ (Shipwreck) തുടർന്ന് സമുദ്ര പരിസ്ഥിതിയിൽ ചെലുത്തുന്ന ആഘാതം വിലയിരുത്തുന്നതിനായി കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ സ്ഥാപനം (CMFRI) പഠനം ആരംഭിച്ചു. അപകടകരമായ ചരക്ക് കയറ്റിയ എം എസ് സി എൽസ 3 (MSC Elsa 3) എന്ന കപ്പൽ മെയ് 25 ന് കൊച്ചിയിൽ നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത്

പഠനത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ നാല് സംഘങ്ങളെ എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഓരോ ജില്ലയിലെയും 10 സ്റ്റേഷനുകളിൽ നിന്ന് വെള്ളം, ഫൈറ്റോപ്ലാങ്ക്ടൺ (കടലിൽ ഒഴുകി നടക്കുന്ന, നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത, പ്രകാശസംശ്ലേഷണം നടത്തുന്ന ജീവജാലം), അവശിഷ്ട സാമ്പിളുകൾ എന്നിവ പതിവായി ടീമുകൾ ശേഖരിക്കുന്നു.

വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ്, പി എച്ച്, പോഷകങ്ങൾ മുതലായവ ഉൾപ്പെടെയുള്ള ജലത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ പഠിക്കുകയും. എണ്ണ ചോർച്ച കണ്ടെത്തുന്നതിനായി വെള്ളത്തിലും മണ്ണിലും എണ്ണയുടെയും ഗ്രീസിന്റെയും സാന്നിധ്യം നിരീക്ഷിക്കുകയും തീരദേശ മണ്ണിലെ ബെന്തിക് ഓർഗാനിസം (കടൽ തടാകം തുടങ്ങിയിടങ്ങളിലെ അടിത്തട്ടിലുള്ള ജീവജാലം) എന്നിവ ശേഖരിച്ച് പരിശോധിക്കുകയും ചെയ്യും.

അപകടസ്ഥലത്തും പരിസര പ്രദേശങ്ങളിലും നിന്നുള്ള സാമ്പിളുകൾ ശേഖരിക്കാൻ ഓൺ-ബോർഡ് സർവേ ആരംഭിച്ചെങ്കിലും, പ്രതികൂല കാലാവസ്ഥ കാരണം അത് സാധ്യമായിരുന്നില്ല. വരും ദിവസങ്ങളിൽ കാലാവസ്ഥ മെച്ചപ്പെടുന്നത് അനുസരിച്ച് ഇത് ചെയ്യും. മത്സ്യബന്ധന പ്രവർത്തനങ്ങൾ നിലവിൽ സാധ്യമല്ലാത്തതിനാൽ, പ്രതികൂല കാലാവസ്ഥ തുടരുന്നത് മത്സ്യ സാമ്പിളുകൾ പരിശോധിക്കുന്നതിനും സാധ്യമായില്ല. വിശകലനത്തിനായി കടലിലെ ബെന്തിക് ഓർഗാനിസം ശേഖരിക്കും.

“കപ്പൽച്ചേതവുമായി ബന്ധപ്പെട്ട വിവിധ തരം സമുദ്ര മലിനീകരണം മനസ്സിലാക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഭാവിയിലെ മാനേജ്മെന്റ് നടപടികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തീരുമാനിക്കുകയും ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകുകയും ചെയ്യും,” ഡയറക്ടർ ഗ്രിൻസൺ ജോർജ് പറഞ്ഞു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്

കാസര്‍കോട്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാന്‍ എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.

2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും 14 വയസ്സുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്(POCSO case). ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചയിലെ കാട്ടില്‍ കൊണ്ടുപോയി ആയിരുന്നു പീഡനം. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം വിവിധ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

കാസര്‍കോട് വനിതാ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടറായിരുന്ന സി ഭാനുമതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ പ്രിയ ഹാജരായി.

എൻ.പി വിജയാംബിക (75) അന്തരിച്ചു

എൻ.പി വിജയാംബിക (75) അന്തരിച്ചു

ആറ്റിങ്ങൽ: ഡയറ്റ് സ്കൂളിന് സമീപം പാർവ്വണത്തിൽ (എ.റ്റി.ആർ.എ:141) പരേതനായ എക്സ് മിലിട്ടറി ജി സുകുമാരൻ നായരുടെ സഹധർമ്മിണി എൻ.പി വിജയാംബിക (75) അന്തരിച്ചു. മക്കൾ എസ് സന്തോഷ് (സഹകരണവകുപ്പ്, തിരുവനന്തപുരം), എസ് സജീഷ്(സോഫ്റ്റ്‌വെയർ എഞ്ചിനീയർ, സീമൻസ്, ബാംഗ്ലൂർ),വി.എസ് സംഗീത(സിറ്റി എക്സ്പ്പെർട്ട്). മരുമക്കൾ ജ്യോതി ലക്ഷ്മി പി (കെ.എസ്.എഫ്.ഇ, കല്ലമ്പലം),അമ്മു എസ് നായർ (അസിസ്റ്റന്റ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാംഗ്ലൂർ),റോബിൻ ബാബു (അജി)(റിയ മോട്ടോഴ്സ്, വഞ്ചിയൂർ).

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം, നിയമ നിര്‍മാണത്തിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം, നിയമ നിര്‍മാണത്തിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുന്നതിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി(High Court ) നിര്‍ദേശം നല്‍കി. പ്രത്യേക നിയമം രൂപീകരിക്കുന്നതിന് മുന്നോടിയായി നടത്തുന്ന സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റിലേയ്ക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഡോ.എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

കോണ്‍ക്ലേവ് ഏപ്രിലില്‍ നടത്തുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഡ്വ.ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. തുടര്‍ന്ന് ഇത് നിയമനിര്‍മാണം വൈകുന്നതിന് ഇടയാക്കുമെന്ന് ഹര്‍ജിക്കാര്‍ അടക്കം ചൂണ്ടിക്കാട്ടിയതോടെയാണ് സമയക്രമം അറിയിക്കാന്‍ നിര്‍ദേശിച്ചത്.

നടപടിക്രമങ്ങളുള്ളതിനാല്‍ നിയമനിര്‍മാണം നടത്താന്‍ സാധ്യതയുള്ള സമയക്രമം 9ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. സിനിമാ വ്യവസായ മേഖലയില്‍ കൃത്യമായ മോണിറ്ററിങ് കമ്മിറ്റികളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിനായി സമഗ്രമായ മാര്‍ഗനിര്‍ദേശം രൂപീകരിക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പോഷ് നിയമം നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സി വനിതാ ശിശുക്ഷേമ വകുപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നതും നിയമനിര്‍മാണം വൈകുന്നതിനിടയാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ പ്രവേശനോത്സവ ഗാനം; പത്താം ക്ലാസുകാരിക്കിത് അഭിമാന നേട്ടം

‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ പ്രവേശനോത്സവ ഗാനം; പത്താം ക്ലാസുകാരിക്കിത് അഭിമാന നേട്ടം

തിരുവനന്തപുരം: ഇത്തവണത്തെ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ സ്‌കൂളുകളില്‍ മുഴങ്ങാന്‍ പോകുന്ന പ്രവേശനോത്സവ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു കൊച്ചുമിടുക്കിയുടെ മനസ്സില്‍ത്തെളിഞ്ഞ വരികളാണ് വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം കേള്‍ക്കാന്‍ പോകുന്നത്. പത്തനംതിട്ട സ്വദേശി ഭദ്ര ഹരിക്കും കുടുംബത്തിനും ഇത് അഭിമാനത്തിന്റെ നാളുകള്‍.

ഭദ്രയെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരിചയപ്പെടുത്തിയത്. വിദ്യാര്‍ഥിനിക്ക് പ്രശംസപത്രം സമ്മാനിച്ചുകൊണ്ട് ചേര്‍ത്തുപിടിച്ച മന്ത്രി ഗാനം മനോഹരമായിരുന്നുവെന്നും പറഞ്ഞു. ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററിയില്‍ വെച്ചുനടക്കുന്ന സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനത്തിലേക്ക് ഭദ്രയെ മന്ത്രി ശിവന്‍കുട്ടി ക്ഷണിച്ചിട്ടുമുണ്ട്.

ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥിയുടെ വരികള്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ഗാനമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ‘വിജ്ഞാപനം കണ്ടാണ് ഭദ്ര വരികള്‍ എഴുതി അയച്ചത്. കേരളത്തിന്റെ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസ ചരിത്രം ഉള്‍ക്കൊള്ളിച്ച് എഴുതാന്‍ ആയിരുന്നു വിജ്ഞാപനത്തിലുണ്ടായിരുന്നത്.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ എന്ന ഗാനം ഭദ്ര രചിച്ചത്. പ്രവേശനോത്സവ ഗാനത്തിന്റെ(school entrance ceremony song) വീഡിയോയില്‍ കുറച്ച് രംഗത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും വിദ്യാര്‍ഥിനിയെ തേടിയെത്തി. എസ്‌വിവി എച്ച്എസ്എസ് താമരക്കുടിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഭദ്ര മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി വിജയം കരസ്ഥമാക്കി. അതേ സ്‌കൂളിലെ ബയോളജി അധ്യാപികയായ അമ്മ സുമയും അടൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ആയ ഹരീന്ദ്രനാഥും മകള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. മൂന്നാം ക്ലാസുകാരി ധ്വനി ഹരിയാണ് സഹോദരി. കൊട്ടാരക്കരയിലാണ് താമസം. ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം. ഭദ്രയുടെ ഗാനം സ്‌കൂളുകളില്‍ മുഴങ്ങുന്നത് കാണാന്‍ ആകാംക്ഷയോടെ കാതോര്‍ത്തിരിക്കുകയാണ് സഹപാഠികളും കുടുംബവും.

കനത്ത മഴ; ഇന്ന് 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; ഇന്ന് 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (School Holiday) പ്രഖ്യാപിച്ചു. കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

കണ്ണൂർ
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു

എറണാകുളം
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എൻഎസ്‌കെ ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

കാസർകോട്
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട്ടെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് ജില്ലാ കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

കോട്ടയം
ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെളളിയാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

തൃശൂർ
തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

ഇടുക്കി
ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ വി വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവ പാടില്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

വയനാട്
ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല.

പത്തനംതിട്ട
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

പാലക്കാട്
പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, കിന്റർ​ഗാർഡൻ, മദ്രസ, സ്വകാര്യ ട്യൂഷൻ സെന്റർ, സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വെക്കേഷൻ ക്ലാസുകൾക്കും അവധി ബാധകം.