മുളവന ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി

മുളവന ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി

കഴിഞ്ഞ ആഴ്ച പെയ്ത ചെറു വേനൽ മഴയിൽ പോലും മരപ്പാലം മുളവന ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി താമസക്കാർ ദുരിതം അനുഭവിക്കുന്ന കാഴ്ച നേരിട്ടു കണ്ടതാണ്. പട്ടം തോടിന്റെ രണ്ടു വശങ്ങളിൽ ഒരിടത്തു മാത്രം സംരക്ഷണ ഭിത്തി കെട്ടിയതു കാരണമാണ് മുളവന ബണ്ട് കോളനിക്കാർക്ക് ഇരട്ടി ദുരിതം അനുഭവിക്കേണ്ടി വരുന്നത്. കാലവർഷത്തിന് മുൻപ് ഇവരുടെ ദുരിതത്തിന് പരിഹാരമാകുമോ എന്നാണ് ഇനി അറിയേണ്ടത്.4.83 കോടി രൂപ ചെലവഴിച്ചാണ് പട്ടം തോടിന്റെ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. മുളവന പാലം വരെ മണ്ണിടിച്ചിൽ സാധ്യതയുള്ള തോടിന്റെ രണ്ടു വശത്തും സംരക്ഷണ ഭിത്തി കെട്ടുകയും ബലക്ഷയമുള്ള സംരക്ഷണ ഭിത്തികൾ ബലപ്പെടുത്തുകയും ചെയ്തു. എന്നാൽ പാലത്തിന് ഇപ്പുറം തോട് രണ്ടു വാർഡുകളുടെ പരിധിയിലാണ്. വലതു വശത്ത് പട്ടം വാർഡും ഇടതു വശത്ത് കുന്നുകുഴി വാർഡും. പട്ടം വാർഡിന്റെ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുകയാണ്. ഇതാണ് മറുവശത്തുള്ള മുളവന കോളനിയെ വെള്ളപ്പൊക്ക ഭീതിയിലാഴ്ത്തുന്നത്.

കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ കോളനിയിലെ മിക്ക വീടുകളിലും വെള്ളം കയറി. മഴ പെട്ടെന്ന് തോർന്നതിനാൽ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്ന് താമസക്കാർ പറഞ്ഞു. ജൂണിൽ കാലവർഷം വരാനിരിക്കെ, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണിവർ.

കുടപ്പനക്കുന്ന്, ചെട്ടിവിളാകം, കിണവൂർ, മുട്ടട, കേശവദാസപുരം, നന്തൻകോട്, പട്ടം, കുന്നുകുഴി, കണ്ണമ്മൂല എന്നീ വാർഡുകളിലൂടെ ഒഴുകി ആമയിഴഞ്ചാൻ തോട്ടിലാണ് പട്ടം തോട് സംഗമിക്കുന്നത്. തോട്ടിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യുക, ആവശ്യമായ ഇടങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കുക, നിലവിലുള്ള സംരക്ഷണ ഭിത്തിക്ക് ഉയരം കൂട്ടുക, കോൺക്രീറ്റ് ലൈനിങ് നൽകുക, തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് വേലി സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളാണ് തോട് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നവീകരണ ചുമതല.

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറിയായി എ ജയതിലകിനെ തെരഞ്ഞെടുത്തു. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കാനിരിക്കെ, ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

നിലവില്‍ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ജയതിലക്. 2026 ജൂണ്‍ വരെ ജയതിലകിന് ഈ സ്ഥാനത്ത് തുടരാന്‍ സാധിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് ഉയര്‍ന്നുവന്നത്. പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് കേരള കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഡല്‍ഹിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുമുളള മനോജ് ജോഷിയെയാണ് നിര്‍ദ്ദേശിച്ചത്. അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കാതെ വന്നതോടെയാണ് ജയതിലകിനെ തെരഞ്ഞെടുത്തത്.

1991 ബാച്ച് ഉദ്യോഗസ്ഥനാണ് എ ജയതിലക്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മില്‍ നിന്ന് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്സും പൂര്‍ത്തിയാക്കി. മാനന്തവാടി സബ് കളക്ടറായാണ് സിവില്‍ സര്‍വീസ് കരിയര്‍ തുടങ്ങിയത്. കൊല്ലത്തും കോഴിക്കോടും ജില്ലാ കളക്ടറായ ജയതിലക് കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമായി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോള്‍ സ്പൈസസ് ബോര്‍ഡിന്റെയും മറൈന്‍ എക്സ്പോര്‍ട്ട് ബോര്‍ഡിന്റെയും ചുമതല വഹിച്ചു. സംസ്ഥാനത്തെ ഐഎഎസ് പോരില്‍ എന്‍ പ്രശാന്ത് പരസ്യമായി പോര്‍മുഖം തുറന്നത് എ ജയതിലകുമായിട്ടാണ്.

ഇനി ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇ-സ്‌കൂട്ടര്‍

ഇനി ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇ-സ്‌കൂട്ടര്‍

കൊച്ചി: ട്രെയിനിലെത്തുന്നവര്‍ക്ക് ടാക്‌സിക്ക് കാത്ത് നിന്നുള്ള മുഷിച്ചില്‍ അവസാനിക്കുന്നു. ഇനി മുതല്‍ കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി.

കോഴിക്കോട്, എറണാകുളം ടൗണ്‍ തുടങ്ങിയ വലിയ റെയില്‍വേ സ്റ്റേഷനുകളും ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്കു പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും.

കരാറുകാരാണ് സംരംഭം ഒരുക്കേണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം ഡിവിഷനില്‍ എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ വലിയ സ്റ്റേഷനുകളില്‍ ബൈക്ക് വാടകയ്ക്ക് നല്‍കുന്നുണ്ട്. ഹെല്‍മറ്റുകളും ഇതിനോടൊപ്പം നല്‍കും. വേഗപരിധി, ജിയോഫെന്‍സിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി വരുന്നത്. 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഇ-സ്‌കൂട്ടറുകള്‍ വരുന്ന സ്റ്റേഷനുകള്‍:

പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, കോഴിക്കോട്, തിരൂര്‍, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, എറണാകുളം ടൗണ്‍

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സിപിഐ ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സമ്മേളനം 2025 ഏപ്രിൽ 25 26 തീയതികളിൽ കരിച്ചിയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എസ്കെയ്സ് വെൽനസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ജീവിതശൈലി രോഗ നിർണയമാണ് പ്രധാനമായും നടന്നത് .

നൂറുകണക്കിന് പേർ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി രോഗനിർണയം നടത്തി. മഹാദേവ തമ്പോല കലാസമിതി ഓഫീസിൽ സംഘടിപ്പിച്ച ക്യാമ്പിൽ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അവനവഞ്ചേരി രാജു എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എസ് ആന്റസ്, ലോക്കൽ കമ്മറ്റി സെക്രട്ടറി എല്‍ നസീർ ബാബു, ബ്രാഞ്ച് സെക്രട്ടറി ജഗൻ ജെ, അസിസ്റ്റന്റ് സെക്രട്ടറി വിഷ്ണു വേണു കുമാർ, പ്രതീഷ് എന്നിവർ നേതൃത്വം കൊടുത്തു

പെഹൽഗാം: രണ്ട് ഭീകരരെ തിരിച്ചറിഞ്ഞു

പെഹൽഗാം: രണ്ട് ഭീകരരെ തിരിച്ചറിഞ്ഞു

ജമ്മു: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണെന്ന് സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിട്ടുണ്ട്. ഇത് പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) യുടെ നിഴൽ ​ഗ്രൂപ്പെന്നാണ് റിപ്പോർട്ട്.

ലഷ്കർ ഇ തയ്ബ, തെഹ്രീക്-ഇ-മില്ലത്ത് ഇസ്ലാമിയ, ഗസ്‌നവി ഹിന്ദ് എന്നിവയുൾപ്പെടെ നിരവധി ഭീകര സംഘടനകളുടെ സംയോജനമായ ഇതിന്റെ നേതൃത്വത്തിൽ സാജിദ് ജാട്ട്, സജ്ജാദ് ഗുൽ, സലിം റഹ്മാനി എന്നിവരാണ് പ്രധാനികൾ. ഇവരെല്ലാം ലഷ്കറുമായി ബന്ധമുള്ളവരാണ്. കശ്മീരിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കൽ, നിരോധിത ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനായി ആയുധ വിതരണം, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവരുടെ നേതൃത്വത്തിൽ നടക്കുന്നത്. 2020-ൽ ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങി. 2023 ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെയും അതിന്റെ എല്ലാ ഘടകങ്ങളെയും നിരോധിച്ചിരുന്നു.

ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ല, മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് കമ്മിഷണര്‍

ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ല, മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് കമ്മിഷണര്‍

കൊച്ചി: ലഹരി മരുന്നു കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ടോമിനെതിരെ പൊലീസ് ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് കമ്മിഷണര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

”ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മൊഴി എടുക്കുകയും ചെയ്തു. നടപടിക്രമത്തിന്റെ ഭാഗമായി ഷൈന്‍ ടോമിന് നോട്ടീസ് നല്‍കി വിട്ടയയ്ക്കുകയാണ് ചെയ്തത്”- കമ്മിഷണര്‍ പറഞ്ഞു.

എന്‍ഡിപിഎസ് ആക്ട് 27-ാം വകുപ്പ് (ലഹരി ഉപയോഗം), 29-ാം വകുപ്പ് (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമാണ് ഷൈനിന് എതിരെ കേസെടുത്തിട്ടുള്ളത്. ഇവ രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണെന്ന് കമ്മിഷണര്‍ അറിയിച്ചു.

പരിശോധനാ ഫലം കാത്ത് പൊലീസ്

ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നത് രാസപരിശോധനാ ഫലം ലഭിച്ച ശേഷമാവുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവിലെ മൊഴി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം നടത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിച്ചതായി ഷൈന്‍ ടോം ചാക്കോ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിനു പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ഷൈനിന്റെ മുടി ഉള്‍പ്പെടെ രാസപരിശോധനയ്ക്കു വിധേയമാക്കും.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പൊലീസ് പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഷൈന്‍ സിനിമ സ്‌റ്റൈലില്‍ ചാടി ഓടി രക്ഷപ്പെട്ടത്.